Image

സൂപ്പര്‍സോണിക് വിമാനം കോണ്‍കോഡ് യാത്രയ്ക്കായി തിരികെ വരുന്നു

Published on 21 June, 2017
സൂപ്പര്‍സോണിക് വിമാനം കോണ്‍കോഡ് യാത്രയ്ക്കായി തിരികെ വരുന്നു
  ബര്‍ലിന്‍: ശബ്ദത്തെക്കാള്‍ വേഗത്തിലുള്ള വിമാനയാത്ര പുനരാരംഭിക്കാന്‍ പദ്ധതി തയാറാകുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കാനാണ് ബൂം സൂപ്പര്‍സോണിക് ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷം ഇതിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണവും പ്രതീക്ഷിക്കാം.

55 സീറ്റുള്ള വിമാനങ്ങളാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അനുമതികള്‍ കൃത്യമായി ലഭിച്ചാല്‍ 2023ല്‍ സര്‍വീസ് പുനരാരംഭിക്കും. അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെയായിരിക്കും ആദ്യ പറക്കല്‍.

കോണ്‍കോര്‍ഡ് വിമാനങ്ങളാണ് മുന്‍പ് ശബ്ദത്തെക്കാള്‍ വേഗത്തില്‍ യാത്രക്കാരുമായി പറന്നിരുന്നത്. പല പോരായ്മകള്‍ ഉണ്ടായിരുന്ന ഈ വിമാനങ്ങള്‍ക്കു പകരമാണ് ബൂം വിമാനങ്ങള്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.

വിമാനത്തിന് ഇതിനകം 76 ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞതായി ബൂം അധികൃതര്‍ അറിയിച്ചു. ബ്രിട്ടീഷ് ഫ്രഞ്ച് സംരംഭമായാണ് കോണ്‍കോര്‍ഡ് നിര്‍മിച്ചത്. ഇതില്‍ ഉപയോഗിച്ചിരുന്ന തരം എന്‍ജിന്‍ ആയിരിക്കില്ല പുതിയതില്‍. പരിധിക്കു മുകളില്‍ ശബ്ദമുണ്ടാക്കുന്നതും തീരെ ഇന്ധനക്ഷമം അല്ലാത്തതുമായിരുന്നു കോണ്‍കോര്‍ഡ് എന്‍ജിന്‍.

ബോയിങ്ങിലും എയര്‍ബസിലും ഉപയോഗിക്കുന്ന ടര്‍ബോഫാന്‍ എന്‍ജിന്റെ മാതൃകയിലാണ് പുതിയന്‍ എന്‍ജിന്‍. ഇതുവഴി ശബ്ദം കുറയ്ക്കാനും ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും സാധിക്കും. സാധാരണ വിമാനങ്ങളിലെ ബിസിനസ് ക്ലാസ് നിരക്കില്‍ സര്‍വീസ് നടത്താന്‍ സാധിക്കുമെന്നാണ് കന്പനി കണക്കുകൂട്ടുന്നത്. എന്നാല്‍, കോണ്‍കോര്‍ഡിലെ ടിക്കറ്റ് നിരക്ക് ബിസിനസ് ക്ലാസ് നിരക്കിന്റെ മൂന്നു മടങ്ങായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക