Image

മെട്രോയിലെ കോണ്‍ഗ്രസിന്‍റെ ജനകീയ യാത്ര: കെഎംആര്‍എല്‍ അന്വേഷണം തുടങ്ങി

Published on 22 June, 2017
മെട്രോയിലെ കോണ്‍ഗ്രസിന്‍റെ ജനകീയ യാത്ര: കെഎംആര്‍എല്‍ അന്വേഷണം തുടങ്ങി
കൊച്ചി: ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നടത്തിയ ജനകീയ മെട്രോ യാത്രയെക്കുറിച്ച്‌ കെഎംആര്‍എല്‍ അന്വേഷണം ആരംഭിച്ചു. മൂന്ന്‌ ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ്‌ കെഎംആര്‍എല്ലിന്‍റെ തീരുമാനം.

ഗുരുതരമായ പിഴവുകളാണ്‌ കോണ്‍ഗ്രസിന്‍റെ ജനകീയ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതെന്നാണ്‌ കെഎംആര്‍എല്ലിന്‍റെ പ്രാഥമിക കണ്ടെത്തല്‍. അനിയന്ത്രിതമായി പ്രവര്‍ത്തകര്‍ സുരക്ഷ പരിശോധന ഒഴിവാക്കി സ്‌റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറുകയായിരുന്നു. 

ആലുവയില്‍ നിന്നും ടിക്കറ്റെടുത്ത്‌ നിരവധി പ്രവര്‍ത്തകര്‍ ആദ്യം തന്നെ പാലാരിവട്ടത്തേക്ക്‌ പോയി. എന്നാല്‍ ഉമ്മന്‍ ചാണ്ടി തങ്ങള്‍ കയറിയ ട്രെയിനില്‍ ഇല്ലെന്ന്‌ മനസിലാക്കിയ ചില പ്രവര്‍ത്തകര്‍ പാലാരിവട്ടത്തിന്‌ മുന്‍പായി പല സ്‌റ്റേഷനുകളിലും ഇറങ്ങി. മെട്രോ യാത്രാചട്ടങ്ങള്‍ പ്രകാരം ഇതെല്ലാം നിയമവിരുദ്ധമാണ്‌.

മാത്രമല്ല ഒരു ട്രെയിനില്‍ പരമാവധി യാത്ര ചെയ്യാവുന്ന ആളുകളുടെ എണ്ണം 1,000 ആണ്‌. എന്നാല്‍ നേതാക്കള്‍ കയറിയ ട്രെയിനില്‍ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയതോടെ പരിധിയില്‍ കൂടുതല്‍ ആളുകളെ വഹിക്കേണ്ടി വന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതെല്ലാം ഗുരുതര വീഴ്‌ചയായാണ്‌ കെഎംആര്‍എല്‍ കാണുന്നത്‌. 

കനത്ത തിരക്ക്‌ കാരണം മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്ററിനും ട്രെയിനുള്ളില്‍ സംവിധാനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ്‌ കെഎംആര്‍എല്‍ പറയുന്നത്‌. ഇതും അന്വേഷണ വിധേയമാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക