Image

രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ : സോണിയയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം

Published on 22 June, 2017
രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ : സോണിയയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം


ന്യൂ ഡല്‍ഹി: ബിജെപി സര്‍ക്കാരിനെതിരെ ഒന്നിച്ച്‌ നില്‍ക്കാന്‍ തീരുമാനിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്ന്‌ യോഗം ചേരും. നേരത്തെ പ്രതിപക്ഷ ഐക്യത്തിന്‌ ഉറപ്പ്‌ നല്‍കിയ നിതീഷ്‌ കുമാര്‍ എന്‍ഡിഎയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ചതോടെയാണ്‌ പ്രതിപക്ഷ നിര യോഗം ചേരുന്നത്‌. ഒന്നിച്ച്‌ നില്‍ക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയ 17 പാര്‍ട്ടികളില്‍ 16ഉം യോഗത്തിനെത്തുമെന്ന്‌ ഇടതുപക്ഷം ഉറപ്പ്‌ പറയുന്നു. 

ബിഹാര്‍ മുഖ്യമന്ത്രി കാലുമാറിയ സാഹചര്യത്തിലാണ്‌ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കുറിച്ച്‌ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷം യോഗം ചേരുന്നത്‌.

ബിജെപി ഏകപക്ഷീയമായി ബിഹാര്‍ ഗവര്‍ണറായിരുന്ന രാംനാഥ്‌ കോവിന്ദിനെ തെരഞ്ഞെടുത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ അതൃപ്‌തിയുണ്ട്‌. സമവായമെന്ന പേര്‌ പറഞ്ഞിട്ട്‌ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്‌ 15 മിനിട്ട്‌ മുമ്പ്‌ മാത്രമാണ്‌ സ്ഥാനാര്‍ത്ഥിയെ കുറിച്ച്‌ പാര്‍ട്ടികളെ അറിയിച്ചത്‌. 

ദളിത്‌ സ്ഥാനാര്‍ത്ഥിയെ ആണ്‌ ബിജെപി മുന്നോട്ട്‌ വെച്ചതെന്നതാണ്‌ പലരും എതിരഭിപ്രായം പറയാന്‍ മടിക്കുന്നതിന്‌ പിന്നില്‍. ദളിത്‌ സ്ഥാനാര്‍ത്ഥി ആയതിനാല്‍ പോസിറ്റീവായി കാണുന്നുവെന്നും പിന്തുണയുടെ കാര്യം ചിന്തിക്കുമെന്നും ബജെപിയെ കണിശമായി എതിര്‍ക്കുന്ന മായാവതിയുടെ ബിഎസ്‌പി പറഞ്ഞതും ശ്രദ്ധേയമാണ്‌.

ഈ സാഹചര്യത്തില്‍ ദളിത്‌ സ്ഥാനാര്‍ത്ഥിയെ തന്നെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ ചിന്തിക്കുന്നുണ്ട്‌. മുന്‍ ലോക്‌സഭാ സ്‌പീക്കര്‍ മീരാ കുമാര്‍, മുന്‍ കേന്ദ്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, അംബേദ്‌കറുടെ കൊച്ചുമകന്‍ പ്രകാശ്‌ അംബേദ്‌കര്‍ എന്നിവരാണ്‌ ചര്‍ച്ചകളിലുള്ളത്‌. എന്നാല്‍ കോണ്‍ഗ്രസ്‌ ഇതുവരെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച്‌ സൂചനകള്‍ പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക