Image

ഇന്‍ഫോസിസിനെതിരെ മുന്‍ ജീവനക്കാരന്റെ കേസ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 22 June, 2017
ഇന്‍ഫോസിസിനെതിരെ മുന്‍ ജീവനക്കാരന്റെ കേസ് (ഏബ്രഹാം തോമസ്)
ഷെര്‍മന്‍ (ഈസ്റ്റ് ടെക്‌സസ്): ഇന്ത്യയില്‍ ആസ്ഥാനമുള്ള വിവര സാങ്കേതിക സ്ഥാപനം ഇന്‍ഫോസിസിനെതിരെ ഒരു മുന്‍ സൂപ്പര്‍ വൈസറായ എറിന്‍ ഗ്രീന്‍ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ടെക്‌സസ് ഇന്‍ ഷെര്‍മന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ്സില്‍ ആരോപിച്ചിരിക്കുന്നത് ഇന്‍ഫോസിസിന്റെ ടെക്‌സസിലെ പ്ലേനോയിലെ സ്ഥാപനത്തില്‍ റിവേഴ്‌സ് ഡിസ്‌ക്രിമിനേഷന്‍ നടക്കുന്നു എന്നാണ്. മുന്‍പ് ധാരാളമായി ഡിസ്‌ക്രിമിനേഷന് (വിവേചനത്തിന്) എതിരെ കേസ്സുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇവയ്‌ക്കൊപ്പം റിവേഴ്‌സ് ഡിസ്‌ക്രിമിനേഷന്‍ കേസ്സുകളും ഉണ്ടായിക്കൊണ്ടിരിക്കയാണ്.

കേസ്സില്‍ ആരോപിക്കുന്നത് ഇന്‍ഫോസിസ് ഇന്ത്യാക്കാര്‍ക്കും സൗത്ത് ഏഷ്യാക്കാര്‍ക്കും അനുകൂല നിലപാടെടുക്കുകയും മറ്റുള്ളവര്‍ക്കെതിരെ  പ്രതികൂല നടപടികള്‍ സ്വീകരിക്കുന്നു എന്നുമാണ്. തനിക്കും തന്റെ ടീമിലുള്ള കറുത്തവര്‍ഗ്ഗക്കാരും വെളുത്ത വര്‍ഗ്ഗക്കാരുമായ സ്റ്റാഫംഗങ്ങള്‍ക്ക് വേതന വര്‍ധനയും പ്രമോഷനും നിഷേധിച്ചു, തങ്ങളെ തരം താഴ്ത്തി കാണിക്കുവാന്‍ കമ്പനി ഉടമകള്‍ ശ്രമിച്ചു എന്നും ആരോപണം തുടരുന്നു.

ഫ്രിസ് കോയില്‍ താമസിക്കുന്ന വെളുത്ത വര്‍ഗ്ഗക്കാരനായ ഗ്രീന്‍ കമ്പനിയില്‍ ഹെഡ് ഓഫ് ഗ്ലോബല്‍ ഇമിഗ്രേഷന്‍ തസ്തികയിലേക്ക് ഉയര്‍ന്നിരുന്നു. പ്ലേനോ ഓഫീസില്‍ നിന്ന് 2016 ജൂണില്‍ പിരിച്ചുവിടപ്പെട്ടു. കാരണമായി പറഞ്ഞത് കമ്പനിയുടെ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചു, കമ്പിനിയുടെ കമ്പ്യൂട്ടര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു എന്നാണ്. ഇന്ത്യന്‍ ഔട്ട് സോഴ്‌സിംഗ് കമ്പനിയായ ഇന്‍ഫോസിസ് ഏതാനം ആഴ്ചകള്‍ക്ക് മുന്‍പാണ് 10000 അമേരിക്കക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചത്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പിന്റെ അമേരിക്ക ഫസ്റ്റ് നയത്തോട് നിശ്ചയദാര്‍ഡ്യം പ്രകടിപ്പിച്ചാണ് കൂടുതല്‍ തൊഴില്‍ അമേരിക്കക്കാര്‍ക്ക് നല്‍കുന്നതെന്ന് കമ്പനി പറഞ്ഞിരുന്നു.

ഇന്‍ഫോസിസ് വക്താവ് കേസ്സിനെകുറിച്ച് പ്രതികരിക്കുവാന്‍ തയ്യാറായില്ല. ഗ്രീനിന്റെ അറ്റേണിയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.

മുന്‍പും പല ഉദ്യോഗാര്‍ത്ഥികളും ജീവനക്കാരും വിപരീത വിവേചനം ആരോപിച്ച് കമ്പനിക്കെതിരെ വിവിധ കോടതികളില്‍ കേസുകള്‍ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്‍ഫോസിസിന് അമേരിക്കയിലെ വിവിധ സ്ഥാപനങ്ങളിലായി 2 ലക്ഷം ജീവനക്കാരുണ്ടെന്ന് ഗ്രീന്‍ പെറ്റീഷനില്‍ പറയുന്നു. അമേരിക്കയുടെ ജനസംഖ്യയുടെ 5% മാത്രമാണ് ഇന്ത്യക്കാരും സൗത്ത് ഏഷ്യന്‍ വംശജരും. ഇന്‍ഫോസിസ് ജീവനക്കാരില്‍ 93.94% സൗത്ത് ഏഷ്യന്‍ വംശജര്‍ (പ്രത്യേകിച്ച് ഇന്ത്യാക്കാര്‍) ആണ്. ഈ പ്രതികൂല അനുപാതം ഉണ്ടായത് ഇന്‍ഫോസിസി മനഃപ്പൂര്‍വ്വം ജോലി നല്‍കുന്നതില്‍ കാട്ടുന്ന വിവേചനം മൂലമാണ്. ജോലി നല്‍കുന്നതിലും പ്രമോഷനിലും വേതനത്തിലും പിരിച്ചുവിടുന്നതിലുമെല്ലാം ഈ വിവേചനം ഉണ്ട്. എച്ച് വണ്‍ വര്‍ക്ക് വിസയും സൗത്ത് ഏഷ്യക്കാര്‍ക്ക് (പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക്) ജോലി നല്‍കുന്നതിന് വേണ്ടി വളരെ പരിശ്രമിച്ച് കമ്പനി നേടുകയും ഇങ്ങനെ കൊണ്ടുവന്നവര്‍ക്ക് കണ്‍സള്‍ട്ടിംഗ് തസ്തികകള്‍ നല്‍കുകയും ചെയ്തു. ഗ്രീനിന്റെ 22 പേജുള്ള പരാതി പറയുന്നു. തന്നെക്കാള്‍ വളരെ വേഗം കരിയറില്‍ ഉയര്‍ന്ന ഒരു ഇന്ത്യാക്കാരന്റെ ഉദാഹരണവും വിവരിക്കുന്നു.

2013 ല്‍ 24 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഒരു ഫെഡറല്‍ അന്വേഷണം അവസാനിപ്പിച്ചതായി കമ്പനി പറഞ്ഞിരുന്നു. ഇമിഗ്രേഷന്‍ നിയമങ്ങള്‍ മറികടന്ന് ജീവനക്കാരെ അമേരിക്കയില്‍ കൊണ്ടുവന്നതിനെ കുറിച്ചായിരുന്നു ഫെഡറല്‍ അന്വേഷണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക