Image

ബീഹാറിന്റെ പുത്രിയെ പിന്തുണക്കാത്തത്‌ ചരിത്രപരമായ വിഡ്‌ഢിത്തം; നിതീഷിനോട്‌ ലാലു പ്രസാദ്‌

Published on 22 June, 2017
ബീഹാറിന്റെ പുത്രിയെ പിന്തുണക്കാത്തത്‌ ചരിത്രപരമായ വിഡ്‌ഢിത്തം; നിതീഷിനോട്‌ ലാലു പ്രസാദ്‌


ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബീഹാറിന്റെ പുത്രിയെ പിന്തുണക്കാത്തത്‌ ചരിത്രപരമായ മണ്ടത്തരമാണെന്ന്‌ ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌.

ഇന്നലെ മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ്‌ കോവിന്ദിന്‌ പിന്തുണ പ്രഖ്യാപിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനോട്‌ പിന്തുണ പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

മീരാകുമാറിന്‌ പിന്തുണ തേടി നിതീഷ്‌ കുമാറിനെ കാണുമെന്ന്‌ ലാലുപ്രസാദ്‌ അറിയിച്ചു. ചരിത്രപരമായ മണ്ടത്തരമാണ്‌ ചെയ്യുന്നതെന്ന്‌ അദ്ദേഹത്തെ ഞങ്ങള്‍ അറിയിക്കും. ഇത്‌ പ്രത്യയശാസ്‌ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്‌. പ്രതിപക്ഷ കൂട്ടായ്‌മയില്‍ നിന്നും പുറത്ത്‌ പോയ നിതീഷിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാംനാഥ്‌ കോവിന്ദിനുളള പിന്തുണ പിന്‍വലിക്കില്ലെന്നാണ്‌ ജെഡിയു വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദളിത്‌ വിഭാഗക്കാരനായതിനാലാണ്‌ നിതീഷ്‌കുമാര്‍ രാംനാഥ്‌ കോവിന്ദിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌. ദളിത്‌ വിഭാഗക്കാരിയും ബീഹാര്‍ സ്വദേശിയും, ജഗ്‌ജീവന്‍ റാമിന്റെ മകളുമായ മീരാ കുമാറിന്‌ പിന്തുണ നല്‍കാന്‍ നിതീഷ്‌ തയ്യാറാകണമെന്നാണ്‌ ലാലു പ്രസാദ്‌ അടക്കമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം.

നിലവിലെ വോട്ടിംങ്‌ ശതമാനം വെച്ചു നോക്കിയാല്‍ ബിജെപിയുടെ രാംനാഥ്‌ കോവിന്ദ്‌ വിജയിക്കാനാണ്‌ സാധ്യത. ദളിത്‌ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലൂടെ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നേടാന്‍ ബിജെപിക്ക്‌ സാധിച്ചിട്ടുണ്ട്‌. എന്നാല്‍ മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലൂടെ ശക്തമായ മത്സരത്തിന്‌ തയ്യാറാണെന്നാണ്‌ പ്രതിപക്ഷം വ്യക്തമാക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക