Image

ടാബ്‌ലെറ്റ് സങ്കല്‍പങ്ങളെ അട്ടിമറിക്കാന്‍ സോണിയുടെ ടാബ്‌ലറ്റ്-പി വരുന്നു; ഏഷ്യയിലെ ശക്തരായ 50 വനിതാ വ്യവസായികളില്‍ ഒമ്പത് ഇന്ത്യക്കാര്‍

Published on 01 March, 2012
ടാബ്‌ലെറ്റ് സങ്കല്‍പങ്ങളെ അട്ടിമറിക്കാന്‍ സോണിയുടെ ടാബ്‌ലറ്റ്-പി വരുന്നു;  ഏഷ്യയിലെ ശക്തരായ 50 വനിതാ വ്യവസായികളില്‍ ഒമ്പത് ഇന്ത്യക്കാര്‍
ന്യൂയോര്‍ക്ക്: നിലവിലുള്ള ടാബ്‌ലെറ്റ് സങ്കല്‍പങ്ങളെ അട്ടിമറിക്കാന്‍ പുതിയ ടാബ്‌ലറ്റുമായി സോണി വരുന്നു. ടാബ്‌ലറ്റ്-പി എന്ന് പേരിട്ടിരിക്കുന്ന ടാബ്‌ലറ്റിന് ഒന്നല്ല രണ്ടു സ്ക്രീനാനുള്ളത്. 5.5 ഇഞ്ച് വലിപ്പമുള്ള രണ്ടു സ്ക്രീനുകളും കൂട്ടായോ ഒരുമിച്ചോ പ്രവര്‍ത്തിപ്പിക്കാം. ഒരു ജിബി ഇന്റേണല്‍ മെമ്മറിയുള്ള ടാബ്‌ലറ്റ്-പിയില്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും യുഎസ്ബി പോര്‍ട്ടുമുണ്ട്. വൈ ഫൈയും സപ്പോര്‍ട്ട് ചെയ്യും. ആന്‍ഡ്രോയ്ഡ് 3.2 ഹണി കോംബ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റ്-പിയ്ക്ക് ഏഴു മണിക്കൂര്‍ ബാറ്ററി ബാക്കപ്പാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്്. ഈ മാസം നാലു മുതല്‍ യുഎസ് വിപണിയില്‍ ലഭ്യമാവുന്ന ടാബ്‌ലറ്റ്-പിയ്ക്ക് 399.99 ഡോളറാണ് സോണി വിലയിട്ടിരിക്കുന്നത്. യുഎസ് വിപണിയില്‍ എടിആന്‍ഡ് ടിയുടെ എച്ച്എസ്പിഎ പ്ലസ് നെറ്റ്‌വര്‍ക്കുമായി സഹകരിച്ചാണ് ടാബ്‌ലറ്റ്-പി സോണി വിപണിയിലെത്തിക്കുന്നത്.

ഏഷ്യയിലെ ശക്തരായ 50 വനിതാ വ്യവസായികളില്‍ ഒമ്പത് ഇന്ത്യക്കാര്‍

വാഷിംഗ്ടണ്‍: ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ഏഷ്യയിലെ ശക്തരായ 50 വ്യവസായികളുടെ പട്ടികയില്‍ ഒമ്പത് ഇന്ത്യന്‍ വനിതകളും. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എംഡി വിനീത ബാലി, എച്ച്ടി മീഡിയ ചെയര്‍മാനും എഡിറ്റോറിയല്‍ ഡയറക്ടറുമായ ശോഭന ബാര്‍തിയ, ഐസിഐസിഐ ബാങ്ക് സിഇഒ ഛന്ദ കൊച്ചാര്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മജൂംദാര്‍ ഷാ, ബോളിവുഡ് പ്രൊഡ്യൂസര്‍ ഏക്താ കപൂര്‍, എഇസഡ്ബി ആന്‍ഡ് പാര്‍ടണേഴ്‌സ് സ്ഥാപക സിയാ മോഡി, ആക്‌സിസ് ബാങ്ക് സിഇഒയും എംഡിയുമായ ഷിഖ ശര്‍മ, ട്രാക്‌ടേഴ്‌സ് ആന്‍ഡ് ഫാം എക്യുപ്‌മെന്റ് ചെയര്‍പേഴസണ്‍ മല്ലിക ശ്രീനിവാസ എന്നിവരാണ് പട്ടികയില്‍ നേടിയ ഇന്ത്യന്‍ വനിതകള്‍. തങ്ങളുടേതായ മേഖലകളിലെ പുത്തന്‍ ആശയങ്ങള്‍ ആവിഷ്കരിക്കുന്നതിനൊപ്പം പ്രതിഭാധനരായ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് മാതൃകയാകാനും ഇവര്‍ക്ക് കഴിഞ്ഞുവെന്ന് മാഗസിന്‍ പറയുന്നു.

പ്രശസ്ത പോപ് ഗായകന്‍ ഡേവി ജോണ്‍സ് അന്തരിച്ചു

ഫ്‌ളോറിഡ: പ്രശസ്ത പോപ് ഗായകന്‍ ഡേവി ജോണ്‍സ് (66)അന്തരിച്ചു. ഫ്‌ളോറിഡയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് അദ്ദേഹത്തിന്റെ പിആര്‍ഒ ഡിബോറ റോബിച്ചോ അറിയിച്ചു. അറുപതുകളില്‍ തിളങ്ങിനിന്ന അമേരിക്കന്‍ പോപ് ഗായക സംഘമായ ദി മങ്കീസിലെ അംഗമായിരുന്നു.

യുഎസില്‍ ചുഴലിക്കാറ്റ്: 12 മരണം

ഇല്ലിനോയി: യു.എസില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഇല്ലിനോയി, മിസൗറി, കാന്‍സാസ്, ടെന്നസ്സി എന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. നിരവധി വീടുകള്‍ തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടുപോയവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കാന്‍സാസിലും മിസൗറിലും ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ പ്രസിഡന്റിനെതിരായ കേസ് യു.എസ് കോടതി തള്ളി

വാഷിംഗ്ടണ്‍: ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയ്‌ക്കെതിരെ യു.എസ് കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസ് കോടതി തള്ളി. രാഷ്ട്രത്തലവനെന്ന നിലയില്‍ നിയമപരമായ പരിരക്ഷയുണെ്ടന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്. രജപക്‌സെയ്‌ക്കെതിരായ കേസ് തള്ളണമെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയവും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

യു.എസില്‍ മുന്‍ എല്‍ടിടിഇ സംഘവുമായി ബന്ധമുണെ്ടന്ന് ആരോപണ വിധേയനായ അറ്റോര്‍ണി ബ്രൂസ് ഫെയിന്‍ ആണ് രജപക്‌സെയ്‌ക്കെതിരെ പരാതി നല്‍കിയത്. 1992ല്‍ കോണ്‍ഗ്രസ് പാസാക്കിയ ടോര്‍ച്ചര്‍ വിക്ടിം പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം രജപക്‌സെയെ വിചാരണ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ തലവനെ നയതന്ത്ര ബന്ധം തകര്‍ക്കുന്ന വിധത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് യുഎസ് ജില്ലാ കോടതി ജഡ്ജി കോളര്‍ കോട്ട്‌ലി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക