Image

ഓക്‌സിജന്‍ വിതരണം മുടങ്ങി: ഇന്‍ഡോറിലെ ആശുപത്രിയില്‍ 11 പേര്‍ക്ക്‌ ദാരുണാന്ത്യം

Published on 23 June, 2017
ഓക്‌സിജന്‍ വിതരണം മുടങ്ങി: ഇന്‍ഡോറിലെ ആശുപത്രിയില്‍ 11 പേര്‍ക്ക്‌ ദാരുണാന്ത്യം
ഭോപ്പാല്‍: ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന്‌ മധ്യപ്രദേശില്‍ 11 മരണം. കുട്ടികളുള്‍പ്പെടെ 11 പേരാണ്‌ മരിച്ചത്‌. ഇന്‍ഡോറിലെ എംവൈ സര്‍ക്കാര്‍ ആശുപത്രിയിലാണ്‌ സംഭവം. വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലുള്ള 15 മിനിറ്റ്‌ നേരത്തേയ്‌ക്ക്‌ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ്‌ 11 പേര്‍ മരണമടഞ്ഞത്‌.

സംഭവത്തെത്തുടര്‍ന്ന്‌ രോഗികളുടെ ബന്ധുക്കള്‍ തിരക്കിയപ്പോള്‍ ഇതെല്ലാം പതിവാണെന്ന പ്രതികരണമാണ്‌ ആശുപത്രി അധികൃതരില്‍ നിന്ന്‌ ലഭിച്ചത്‌. എന്നാല്‍ 11 പേര്‍ മരിച്ചത്‌ ഓക്‌സിജന്‍ കിട്ടാതെയോ അവഗണന മൂലമോ ആണെന്ന ആരോപണം എംജിഎം മെഡിക്കല്‍ കോളേജ്‌ അധ്യക്ഷന്‍ കൂടിയായ ഡിവിഷണല്‍ കമ്മീഷണര്‍ സഞ്‌ജയ്‌ ദൂബെ നിരസിച്ചു.

നിലവില്‍ സ്വയം ഭരണാധികാരമുള്ള എംജിഎം മെഡിക്കല്‍ കോളേജുമായി ചേര്‍ന്നാണ്‌ എംവൈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ സംഭവമറിഞ്ഞ്‌ ആശുപത്രിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മരിച്ചവരുടെ ഓക്‌സിജന്‍ വിതരണ രേഖകള്‍ നല്‍കിയില്ലെന്നും രേഖകള്‍ അപ്രത്യക്ഷമായെന്നുമാണ്‌ മാധ്യമപ്രവര്‍ത്തകരുടെ പക്ഷം.

  11 രോഗികളുടെ മരണം സംഭവിച്ച സമയത്ത്‌ ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടിരുന്നുവെന്നാണ്‌ ആശുപത്രി ജീവനക്കാര്‍ നല്‍കുന്ന വിവരം. എന്നാല്‍ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ ഓക്‌സിജന്‍ വിതരണം സംബന്ധിച്ച രേഖകള്‍ കൂട്ടത്തോടെ കാണാതായത്‌ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്‌.

ആശുപത്രിയില്‍ ഒരു ദിവസം 10- 20 മരണങ്ങള്‍ വരെ ഉണ്ടാകാറുണ്ടെന്നും ആശുപത്രി അധികൃതര്‍ വാദിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക