Image

പള്‍സര്‍ സുനിയുടെ സഹ തടവുകാരനെതിരെ ദിലീപും നാദിര്‍ ഷായും പരാതി നല്‍കി

Published on 24 June, 2017
പള്‍സര്‍ സുനിയുടെ സഹ തടവുകാരനെതിരെ ദിലീപും നാദിര്‍ ഷായും പരാതി നല്‍കി


കൊച്ചി:   യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കൊപ്പം കാക്കനാട്‌ ജില്ലാ ജയിലില്‍ കഴിഞ്ഞ വിഷ്‌ണുവിനെതിരെ നടന്‍ ദിലീപും സംവിധായകന്‍ സംവിധായകന്‍ നാദിര്‍ ഷായും പരാതി നല്‍കി. 

കേസില്‍ തങ്ങള്‍ക്കെതിരെ മൊഴി നല്‍കാതിരിയ്‌ക്കാന്‍ ഫോണില്‍ ഭീഷണിപ്പെടുത്തി എന്നാണു പരാതി. ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ കേസില്‍പെടുത്തുമെന്നായിരുന്നു ഭീഷണി എന്ന്‌ പരാതിയിലുണ്ട്‌. ഫോണ്‍ സംഭാഷണത്തിന്റെ രേഖയും കൈമാറിയതായാണ്‌ വിവരം .

പള്‍സര്‍ സുനിക്കൊപ്പം കാക്കനാട്‌ ജില്ലാ ജയിലില്‍ കഴിഞ്ഞ മോഷണക്കേസ്‌ പ്രതി ജിന്‍സില്‍നിന്ന്‌ കേസിലെ ഗൂഢാലോചന സംബന്ധിച്ച്‌ പോലീസിനു മൊഴി ലഭിച്ചിരുന്നു. അതിനുപിന്നാലെ മറ്റൊരു തടവുകാരന്‍ വിഷ്‌ണുവും മൊഴിനല്‍കിയതായി വാര്‍ത്ത വന്നിരുന്നു.

 വിഷ്‌ണുവിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നതായി ദിലീപ്‌ പറയുന്നു. ഏപ്രില്‍ 20നു ഡിജിപിയ്‌ക്ക്‌ പരാതി നല്‍കിയിരുന്നു. തന്നെ നേരിട്ടല്ല സഹായിയെ ആണു വിളിച്ചതെന്നു ദിലീപ്‌ പറഞ്ഞു. വിഷ്‌ണു വിളിച്ചതായി നാദിര്‍ ഷാ പറഞ്ഞു. 

ദിലീപിന്റെ മാത്രമല്ല പല പ്രമുഖ നടന്മാരുടെ പേരുകള്‍ വിഷ്‌ണു ഫോണില്‍ പറഞ്ഞു. ദിലീപിന്റെ പേരു പറയാന്‍ ചിലര്‍ രണ്ടുകോടി വാഗ്‌ദാനം ചെയ്‌തെന്നും വിഷ്‌ണു പറഞ്ഞിരുന്നുവെന്ന്‌
നാദിര്‍ഷാ വ്യക്തമാക്കി

ദിലീപിനും നാദിര്‍ഷായ്‌ക്കും ഇതുസംബന്ധിച്ച അറിവുണ്ടെന്ന്‌ ജിന്‍സ്‌ പറഞ്ഞതായാണ്‌ ആദ്യം വന്ന സൂചന. കഴിഞ്ഞദിവസം എഡിജിപി ബി സന്ധ്യ നടിയെ ആലുവ ഗസ്റ്റ്‌ഹൌസില്‍ വിളിച്ചുവരുത്തി വീണ്ടും മൊഴിയെടുത്തിരുന്നു. ജിന്‍സിന്റെ പുതിയ വെളിപ്പെടുത്തല്‍ ബ്‌ളാക്ക്‌മെയിലിങ്ങിന്റെ ഭാഗമാണോയെന്നും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. അതിനിടെയാണ്‌ ദിലീപും നാദിര്‍ഷായും വിഷ്‌ണുവിനെതിരെ പരാതി നല്‍കിയത്‌.

പൊലീസില്‍നിന്നു മറച്ചുവച്ച വിവരങ്ങള്‍ എന്ന മട്ടിലാണ്‌ ചാലക്കുടി സ്വദേശി ജിന്‍സിനോട്‌ പള്‍സര്‍ സുനി കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. സിനിമാരംഗത്തുള്ള ഒരാള്‍ ഏല്‍പ്പിച്ചതനുസരിച്ചാണ്‌ നടിയെ ആക്രമിച്ചതെന്നാണ്‌ സുനി വെളിപ്പെടുത്തിയതെന്നു ജിന്‍സ്‌ പറഞ്ഞു.

ഈ വിവരം ലഭിച്ച പൊലീസ്‌ എറണാകുളം സിജെഎം കോടതിയില്‍ ജിന്‍സിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അപേക്ഷനല്‍കി. കോടതി ഇത്‌ അനുവദിച്ചിട്ടുണ്ട്‌. തീയതി പിന്നീട്‌ തീരുമാനിക്കും.

ക്വട്ടേഷനാണെന്നും അതിനോട്‌ സഹകരിക്കണമെന്നും ആക്രമിക്കുന്നതിനുമുമ്പ്‌ പള്‍സര്‍സുനി പറഞ്ഞതായി നടി പൊലീസില്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍, ഈ വിവരം പള്‍സര്‍ സുനി നിഷേധിച്ചു. ഏഴുപേരെ പ്രതികളാക്കി ആദ്യകുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുമെന്ന്‌ പൊലീസ്‌ അന്ന്‌ അറിയിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക