Image

ദിലീപിനെ രക്ഷിയ്‌ക്കാനെന്നു പറഞ്ഞാണ്‌ വിഷ്‌ണു എന്നപേരില്‍ ഒരാള്‍ വിളിച്ചതെന്നു നാദിര്‍ ഷാ

Published on 24 June, 2017
ദിലീപിനെ രക്ഷിയ്‌ക്കാനെന്നു പറഞ്ഞാണ്‌ വിഷ്‌ണു എന്നപേരില്‍ ഒരാള്‍ വിളിച്ചതെന്നു നാദിര്‍ ഷാ


കൊച്ചി: ദിലീപിനെ രക്ഷിയ്‌ക്കാനെന്നു പറഞ്ഞാണ്‌ വിഷ്‌ണു എന്നപേരില്‍ ഒരാള്‍ തന്നെ വിളിച്ചതെന്ന്‌ സംവിധായകന്‍ നാദിര്‍ ഷാ പറഞ്ഞു. യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കൊപ്പം കാക്കനാട്‌ ജില്ലാ ജയിലില്‍ കഴിഞ്ഞതായി അവകാശപ്പെട്ട ഇയാള്‍ക്കെതിരെ നാദിര്‍ ഷായും നടന്‍ ദിലീപും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു നാദിര്‍ ഷാ.

ഒരാള്‍ വിളിച്ചു നേരിട്ടുകാണണമെന്ന്‌ പറഞ്ഞു. കഥ പറയാനാണെന്ന്‌ കരുതി ഒഴിവാക്കാന്‍ നോക്കി. അപ്പോള്‍ പള്‍സര്‍ സുനി പറഞ്ഞിട്ട്‌ വിളിക്കുകയാണെന്ന്‌ പറഞ്ഞു. നടിയുടെ കേസിന്റെ പ്രശ്‌നമാണെന്നു പറഞ്ഞു. പന്തികേട്‌ തോന്നി കട്ടാക്കി. വീണ്ടും വിളിച്ചപ്പോള്‍ റെക്കോര്‍ഡിംഗ്‌ സൌകര്യമുള്ള സുഹൃത്തിന്റെ  ഫോണില്‍ നിന്ന്‌ തിരിച്ചുവിളിച്ചു. സംഭാഷണം രേഖയാക്കി.

വിഷ്‌ണു എന്നാണു അയാള്‍ പറഞ്ഞത്‌. 'ദിലീപ്‌ പലരുടെയും ടാര്‍ജെറ്റാണ്‌. കേസില്‍ കുടുക്കാന്‍ പലരും നോക്കുന്നുണ്ട്‌. ദിലീപ്‌ നിരപരാധിയാണെന്നറിയാം.' എന്നൊക്കെ ആദ്യം പറഞ്ഞു. ആരാണ്‌ കുടുക്കാന്‍ ശ്രമിയ്‌ക്കുന്നത്‌ എന്ന്‌ ചോദിച്ചപ്പോള്‍ പലരുടെയും പേരുപറഞ്ഞു. 

അവരില്‍ നടികളും നടന്മാരും നിര്‍മ്മാതാക്കളുമുണ്ട്‌. പലപേരും കേട്ടപ്പോള്‍ ചിരിവന്നു. ഒട്ടും വിശ്വസനീയമാകാത്ത കാര്യങ്ങള്‍. 'ദിലീപിന്റെ പേര്‌ പറഞ്ഞാല്‍ കാശുതരാം എന്ന്‌ പറയുന്നുണ്ട്‌. ഞങ്ങള്‍ അകത്താണല്ലോ. ദിലീപിന്റെ പേരു പറഞ്ഞാല്‍ സപ്പോര്‍ട്ട്‌ ചെയ്യാം എന്നവര്‍ പറയുന്നു. പറഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ അവര്‍ കാശുതരും. പറയാതിരിക്കാന്‍ ദിലീപ്‌ ചേട്ടന്‍ കാശുതരണം.' എന്നായി പിന്നെ. ദിലീപിനെ വിളിച്ചു കിട്ടാത്തതിനാല്‍ കാര്യങ്ങള്‍ ദിലീപിലെത്തിക്കാനാണ്‌ വിളിച്ചതെന്നും പറഞ്ഞു.

ഓഡിയോ ക്ലിപ്പ്‌ ദിലീപിന്‌ അയച്ചുകൊടുത്തു. ദിലീപ്‌ ഡിജിപിയ്‌ക്ക്‌ അത്‌ കൈമാറുകയും ചെയ്‌തു. പോലീസ്‌ അന്വേഷിച്ച്‌ചിട്ടുണ്ടാകും എന്ന്‌ കരുതുന്നു. കാര്യമില്ലെന്ന്‌ തോന്നിയതിനാലാകാം കൂടുതല്‍ നടപടി ഉണ്ടാകാത്തതെന്നു നാദിര്‍ ഷാ പറയുന്നു.

അതേസമയം പള്‍സര്‍ സുനി എഴുതിയതെന്ന പേരില്‍ ഒരു കത്തും വാട്ട്‌സ്‌ ആപ്പ്‌ വഴി കിട്ടിയിരുന്നതായി ദിലീപ്‌ ചാനലുകളോട്‌ പറഞ്ഞു. ഈ കത്തിലും ബ്ലാക്ക്‌ മെയില്‍ നീക്കമുണ്ടായിരുന്നു. ആ കത്തും പോലീസിനു കൈമാറിയതായി ദിലീപ്‌ പറഞ്ഞു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക