Image

'തരാമെന്നേറ്റ പണം അഞ്ച്‌ മാസംകൊണ്ട്‌ തന്നാല്‍ മതി; പള്‍സര്‍ സുനി ദിലീപിനയച്ച കത്ത്‌

Published on 24 June, 2017
'തരാമെന്നേറ്റ പണം അഞ്ച്‌ മാസംകൊണ്ട്‌ തന്നാല്‍ മതി; പള്‍സര്‍ സുനി ദിലീപിനയച്ച കത്ത്‌

നടിയെ ആക്രമിച്ച കേസില്‍ കാക്കനാട്‌ സബ്‌ ജയിലില്‍ തടവിലുള്ള മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ദിലീപിനയച്ച കത്ത്‌ പുറത്ത്‌. 

ഇത്രയുംകാലം തന്റെ കാര്യമറിയാന്‍ ഒരു വക്കീലിനെയെങ്കിലും അയയ്‌ക്കാഞ്ഞത്‌ മോശമാണെന്നും സുനില്‍കുമാറിന്റെ കത്തില്‍ പറയുന്നു. വാഗ്‌ദാനം ചെയ്‌ത തുക ഒരുമിച്ച്‌ വേണ്ടെന്നും അഞ്ച്‌ മാസം കൊണ്ട്‌ തന്നാല്‍മതിയെന്നും കത്തില്‍. കാക്കനാട്‌ ജയിലിന്റെ സീലോട്‌ കൂടിയതാണ്‌ കത്ത്‌.
സുനില്‍കുമാര്‍ ദിലീപിനയച്ച കത്തിന്റെ പ്രധാന ഭാഗങ്ങള്‍

`ചേട്ടന്‍ എന്റെ കാര്യമറിയാന്‍ ഒരു വക്കീലിനെയെങ്കിലും എന്റെയടുത്തേക്ക്‌ വിടണമായിരുന്നു. ഞാന്‍ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ മാത്രം പറഞ്ഞാല്‍ മതി. എന്നെ ഇനി ശത്രുവായിട്ടാണോ മിത്രമായിട്ടാണോ കാണുന്നതെന്ന്‌ എനിക്കറിയേണ്ട കാര്യമില്ല. 

എനിക്കിപ്പോള്‍ പൈസയാണ്‌ ആവശ്യം. ചേട്ടന്‌ എന്റെ കത്ത്‌ കിട്ടിക്കഴിഞ്ഞ്‌ മൂന്ന്‌ ദിവസം ഞാന്‍ നോക്കും. ചേട്ടന്റെ തീരുമാനം അതിനുമുന്‍പ്‌ എനിയ്‌ക്കറിയണം. സൗണ്ട്‌ തോമ മുതല്‍ ജോര്‍ജേട്ടന്‍സ്‌ പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത്‌ എഴുതാനുള്ള സാഹചര്യം എന്താണെന്ന്‌ മനസിലാക്കുമല്ലോ? നാദിര്‍ഷയെ ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന്‌ ഈ കത്ത്‌ വായിച്ചശേഷം ദിലീപേട്ടന്‍ പറയുക. ഞാന്‍ ഒരാഴ്‌ച കഴിഞ്ഞാല്‍ നിലവിലെ വക്കീലിനെ മാറ്റും.

എനിയ്‌ക്ക്‌ ചേട്ടന്‍ തരാമെന്ന്‌ പറഞ്ഞ പൈസ ഫുള്‍ ആയിട്ട്‌ ഇപ്പോള്‍ വേണ്ട. അഞ്ച്‌ മാസം കൊണ്ട്‌ തന്നാല്‍ മതി. ഞാന്‍ നേരിട്ട്‌ നാദിര്‍ഷയെ വിളിക്കും. അപ്പോള്‍ എനിക്ക്‌ തീരുമാനം അറിയണം. നാദിര്‍ഷയെ വിളിക്കുന്നത്‌ ചേട്ടന്‌ ഇഷ്ടമല്ലെങ്കില്‍ എന്റെയടുത്തേക്ക്‌ ആളെ വിടുക. അല്ലെങ്കില്‍ എന്റെ ജയിലിലെ നമ്പരിലേക്ക്‌ 300 രൂപ മണിയോര്‍ഡര്‍ അയയ്‌ക്കുക.

 മണിയോര്‍ഡര്‍ കിട്ടിയാല്‍ ഞാന്‍ വിശ്വസിച്ചോളാം ചേട്ടന്‍ എന്നെ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന്‌. ഒരുപാട്‌ കാര്യങ്ങള്‍ നേരിട്ട്‌ പറയണമെന്നുണ്ട്‌. ഇനി എപ്പോള്‍ അത്‌ പറയാന്‍ പറ്റുവെന്ന്‌ എനിക്കറിയില്ല. എനിയ്‌ക്ക്‌ ഇനിയും സമയം കളയാനില്ല. ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടുമില്ല. ഇനി എല്ലാം ചേട്ടന്‍ ആലോചിച്ച്‌ ചെയ്യുക. ചേട്ടന്റെ തീരുമാനം എന്തായാലും എന്നെ നേരിട്ട്‌ അറിയിക്കാന്‍ നോക്കണം. ഞാന്‍ ജയിലിലാണെന്നുള്ള കാര്യം ഓര്‍മ്മ വേണം. 

ഈ കത്ത്‌ വായിക്കുന്നത്‌ വരെ ഞാന്‍ ചേട്ടനെ സേഫ്‌ ആക്കിയിട്ടേയുള്ളൂ. എനക്കിപ്പോള്‍ പൈസ ആവശ്യമായതുകൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്‌. എനിക്ക്‌ ചേട്ടന്‍ അനുകൂലമാണെങ്കില്‍ കത്തുമായി വരുന്ന ആളോട്‌ പറയുക. ബാക്കി കാര്യങ്ങള്‍ ഞാന്‍ അടുത്ത കത്തില്‍ അറിയിക്കാം..`

നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ സഹതടവുകാരന്‍ മുഖേന തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ദിലീപ്‌ രംഗത്ത്‌. 

ഇപ്പോഴത്തെ അന്വേഷമം പ്രധാനമായും തന്റെ പരാതിയിന്മേലാണ്‌ നടക്കുന്നതെന്നും വിഷ്‌ണു എന്ന സഹതടവുകാരന്‍ മുഖേന തന്റെ പേര്‌ പറയാതിരിക്കാന്‍ സുനില്‍കുമാര്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടുവെന്നും ദിലീപ്‌ പറയുന്നു.

`സുനില്‍കുമാറിന്റെ സഹതടവുകാരനായ വിഷ്‌ണു എന്നയാള്‍ എന്നെയല്ല വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്‌. നാദിര്‍ഷയെയും അദ്ദേഹത്തിന്റെ സഹായിയെയുമാണ്‌. അതിന്റെ റെക്കോര്‍ഡ്‌ ചെയ്‌ത ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായി കഴിഞ്ഞ ഏപ്രില്‍ 20നാണ്‌ ഡിജിപിക്ക്‌ പരാതി നല്‍കിയത്‌. അതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. എന്റെ അമേരിക്കന്‍ ഷോയ്‌ക്ക്‌ മുന്‍പായിരുന്നു ഇത്‌. 

പലരും തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ കാര്യങ്ങളെ വളച്ചൊടിക്കുകയാണ്‌. അന്വേഷണോദ്യോഗസ്ഥര്‍ക്ക്‌ മുന്നില്‍ എന്റെ പേര്‌ തന്നെ പറയണമെന്ന്‌ കുറേപ്പേര്‍ നിര്‍ബന്ധിക്കുന്നുവെന്നാണ്‌ വിഷ്‌ണു പറഞ്ഞത്‌. പൈസ കിട്ടിയില്ലെങ്കില്‍ പേര്‌ പറയുമെന്നും പറഞ്ഞു. ഒന്നരക്കോടി തരുന്നില്ലെങ്കില്‍ രണ്ട്‌ കോടി നല്‍കാന്‍ ആളുകളുണ്ടെന്നും പറഞ്ഞു..`

`അന്വേഷണത്തിനുവേണ്ടി എവിടെ വരാനും ഞാന്‍ തയ്യാറാണ്‌. കാരണം ഇനിയിത്‌ വേറോരാള്‍ക്ക്‌ സംഭവിക്കരുത്‌. ഇത്‌ വെള്ളരിക്കാപ്പട്ടണമൊന്നുമല്ലല്ലോ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍. എന്റെ ഏത്‌ സിനിമ വരുന്നതിനും ഒരാഴ്‌ച മുന്‍പേ തുടങ്ങുമല്ലോ ഇപ്പോള്‍ 'കലാപരിപാടികള്‍'. 

എന്റെ സിനിമയുടെ റിലീസ്‌ ആളുകള്‍ ഇപ്പോള്‍ അങ്ങനെയാണ്‌ അറിയുന്നതുതന്നെ. എനിക്കെതിരേ ഗൂഢാലോചനയുണ്ടെന്ന്‌ വ്യക്തമാണ്‌. അതുകൊണ്ടുതന്നെ നിയമപരമായി നേരിടും. ആര്‍ക്കും ആരെയും എന്തും ചെയ്യാമെന്ന്‌ പറയുന്നത്‌ ശരിയല്ല. അന്വേഷണം ഇപ്പോള്‍ നല്ല രീതിയിലാണ്‌ പുരോഗമിക്കുന്നത്‌. ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. പൊലീസ്‌ അന്വേഷണത്തിലുള്ള കാര്യമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ല. പൊലീസിലും നിയമത്തിലും പൂര്‍ണവിശ്വാസമുണ്ട്‌. കാര്യങ്ങളെ വളച്ചൊടിക്കരുതെന്നാണ്‌ മാധ്യമങ്ങളോടുള്ള അപേക്ഷ..` 

ബ്ലാക്ക്‌മെയില്‍ സ്വഭാവമുള്ള പള്‍സര്‍ സുനിയുടെ പേരിലുള്ള കത്തും തനിക്ക്‌ ലഭിച്ചിട്ടുണ്ടെന്നും ഇയാളുമായി ഇതുവരെ യാതൊരു തരത്തിലുള്ള ബന്ധവുമുണ്ടായിട്ടില്ലെന്നും ദിലീപ്‌ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ചിത്രീകരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലാണ്‌ ദിലീപ്‌. 

ദിലീപിനെ രക്ഷിയ്‌ക്കാനെന്നു പറഞ്ഞാണ്‌ വിഷ്‌ണു എന്നപേരില്‍ ഒരാള്‍ തന്നെ വിളിച്ചതെന്ന്‌ സംവിധായകന്‍ നാദിര്‍ ഷാ പറഞ്ഞു. യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കൊപ്പം കാക്കനാട്‌ ജില്ലാ ജയിലില്‍ കഴിഞ്ഞതായി അവകാശപ്പെട്ട ഇയാള്‍ക്കെതിരെ നാദിര്‍ ഷായും നടന്‍ ദിലീപും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു നാദിര്‍ ഷാ.

ഒരാള്‍ വിളിച്ചു നേരിട്ടുകാണണമെന്ന്‌ പറഞ്ഞു. കഥ പറയാനാണെന്ന്‌ കരുതി ഒഴിവാക്കാന്‍ നോക്കി. അപ്പോള്‍ പള്‍സര്‍ സുനി പറഞ്ഞിട്ട്‌ വിളിക്കുകയാണെന്ന്‌ പറഞ്ഞു. നടിയുടെ കേസിന്റെ പ്രശ്‌നമാണെന്നു പറഞ്ഞു. പന്തികേട്‌ തോന്നി കട്ടാക്കി. വീണ്ടും വിളിച്ചപ്പോള്‍ റെക്കോര്‍ഡിംഗ്‌ സൌകര്യമുള്ള സുഹൃത്തിന്റെ  ഫോണില്‍ നിന്ന്‌ തിരിച്ചുവിളിച്ചു. സംഭാഷണം രേഖയാക്കി.

വിഷ്‌ണു എന്നാണു അയാള്‍ പറഞ്ഞത്‌. 'ദിലീപ്‌ പലരുടെയും ടാര്‍ജെറ്റാണ്‌. കേസില്‍ കുടുക്കാന്‍ പലരും നോക്കുന്നുണ്ട്‌. ദിലീപ്‌ നിരപരാധിയാണെന്നറിയാം.' എന്നൊക്കെ ആദ്യം പറഞ്ഞു. ആരാണ്‌ കുടുക്കാന്‍ ശ്രമിയ്‌ക്കുന്നത്‌ എന്ന്‌ ചോദിച്ചപ്പോള്‍ പലരുടെയും പേരുപറഞ്ഞു. 

അവരില്‍ നടികളും നടന്മാരും നിര്‍മ്മാതാക്കളുമുണ്ട്‌. പലപേരും കേട്ടപ്പോള്‍ ചിരിവന്നു. ഒട്ടും വിശ്വസനീയമാകാത്ത കാര്യങ്ങള്‍. 'ദിലീപിന്റെ പേര്‌ പറഞ്ഞാല്‍ കാശുതരാം എന്ന്‌ പറയുന്നുണ്ട്‌. ഞങ്ങള്‍ അകത്താണല്ലോ. ദിലീപിന്റെ പേരു പറഞ്ഞാല്‍ സപ്പോര്‍ട്ട്‌ ചെയ്യാം എന്നവര്‍ പറയുന്നു. പറഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ അവര്‍ കാശുതരും. പറയാതിരിക്കാന്‍ ദിലീപ്‌ ചേട്ടന്‍ കാശുതരണം.' എന്നായി പിന്നെ. ദിലീപിനെ വിളിച്ചു കിട്ടാത്തതിനാല്‍ കാര്യങ്ങള്‍ ദിലീപിലെത്തിക്കാനാണ്‌ വിളിച്ചതെന്നും പറഞ്ഞു.

ഓഡിയോ ക്ലിപ്പ്‌ ദിലീപിന്‌ അയച്ചുകൊടുത്തു. ദിലീപ്‌ ഡിജിപിയ്‌ക്ക്‌ അത്‌ കൈമാറുകയും ചെയ്‌തു. പോലീസ്‌ അന്വേഷിച്ച്‌ചിട്ടുണ്ടാകും എന്ന്‌ കരുതുന്നു. കാര്യമില്ലെന്ന്‌ തോന്നിയതിനാലാകാം കൂടുതല്‍ നടപടി ഉണ്ടാകാത്തതെന്നു നാദിര്‍ ഷാ  പറയുന്നു.

അതേസമയം പള്‍സര്‍ സുനി എഴുതിയതെന്ന പേരില്‍ ഒരു കത്തും വാട്ട്‌സ്‌ ആപ്പ്‌ വഴി കിട്ടിയിരുന്നതായി ദിലീപ്‌ ചാനലുകളോട്‌ പറഞ്ഞു. ഈ കത്തിലും ബ്ലാക്ക്‌ മെയില്‍ നീക്കമുണ്ടായിരുന്നു. ആ കത്തും പോലീസിനു കൈമാറിയതായി ദിലീപ്‌ പറഞ്ഞു. 
പള്‍സര്‍ സുനിക്കൊപ്പം കാക്കനാട്‌ ജില്ലാ ജയിലില്‍ കഴിഞ്ഞ വിഷ്‌ണുവിനെതിരെ നടന്‍ ദിലീപും സംവിധായകന്‍ സംവിധായകന്‍ നാദിര്‍ ഷായും പരാതി നല്‍കി. 

പള്‍സര്‍ സുനിക്കൊപ്പം കാക്കനാട്‌ ജില്ലാ ജയിലില്‍ കഴിഞ്ഞ മോഷണക്കേസ്‌ പ്രതി ജിന്‍സില്‍നിന്ന്‌ കേസിലെ ഗൂഢാലോചന സംബന്ധിച്ച്‌ പോലീസിനു മൊഴി ലഭിച്ചിരുന്നു. അതിനു പിന്നാലെ മറ്റൊരു തടവുകാരന്‍ വിഷ്‌ണുവും മൊഴി നല്‍കിയതായി വാര്‍ത്ത വന്നിരുന്നു.

ദിലീപിന്റെ മാത്രമല്ല പല പ്രമുഖ നടന്മാരുടെ പേരുകള്‍ വിഷ്‌ണു ഫോണില്‍ പറഞ്ഞു. ദിലീപിന്റെ പേരു പറയാന്‍ ചിലര്‍ രണ്ടുകോടി വാഗ്‌ദാനം ചെയ്‌തെന്നും വിഷ്‌ണു പറഞ്ഞിരുന്നുവെന്ന്‌ നാദിര്‍ഷാ വ്യക്തമാക്കി

ദിലീപിനും നാദിര്‍ഷായ്‌ക്കും ഇതുസംബന്ധിച്ച അറിവുണ്ടെന്ന്‌ ജിന്‍സ്‌ പറഞ്ഞതായാണ്‌ ആദ്യം വന്ന സൂചന. കഴിഞ്ഞ ദിവസം എഡിജിപി ബി സന്ധ്യ നടിയെ ആലുവ ഗസ്റ്റ്‌ഹൌസില്‍ വിളിച്ചു വരുത്തി വീണ്ടും മൊഴിയെടുത്തിരുന്നു. ജിന്‍സിന്റെ പുതിയ വെളിപ്പെടുത്തല്‍ ബ്‌ളാക്ക്‌മെയിലിങ്ങിന്റെ ഭാഗമാണോയെന്നും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. അതിനിടെയാണ്‌ ദിലീപും നാദിര്‍ഷായും വിഷ്‌ണുവിനെതിരെ പരാതി നല്‍കിയത്‌.

പൊലീസില്‍ നിന്നു മറച്ചുവച്ച വിവരങ്ങള്‍ എന്ന മട്ടിലാണ്‌ ചാലക്കുടി സ്വദേശി ജിന്‍സിനോട്‌ പള്‍സര്‍ സുനി കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. സിനിമാ രംഗത്തുള്ള ഒരാള്‍ ഏല്‍പ്പിച്ചതനുസരിച്ചാണ്‌ നടിയെ ആക്രമിച്ചതെന്നാണ്‌ സുനി വെളിപ്പെടുത്തിയതെന്നു ജിന്‍സ്‌ പറഞ്ഞു.

ഈ വിവരം ലഭിച്ച പൊലീസ്‌ എറണാകുളം സിജെഎം കോടതിയില്‍ ജിന്‍സിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കി. കോടതി ഇത്‌ അനുവദിച്ചിട്ടുണ്ട്‌. തീയതി പിന്നീട്‌ തീരുമാനിക്കും.

ക്വട്ടേഷനാണെന്നും അതിനോട്‌ സഹകരിക്കണമെന്നും ആക്രമിക്കുന്നതിനുമുമ്പ്‌ പള്‍സര്‍സുനി പറഞ്ഞതായി നടി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ വിവരം പള്‍സര്‍ സുനി നിഷേധിച്ചു. ഏഴുപേരെ പ്രതികളാക്കി ആദ്യകുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുമെന്ന്‌ പൊലീസ്‌ അന്ന്‌ അറിയിച്ചിരുന്നു. 

സുനി നടിയെ ആക്രമിച്ചത്‌ ക്വട്ടേഷന്‍ ആണെന്നാണ്‌ ജിംസണ്‍ പൊലീസിനെ അറിയിച്ചത്‌. പണത്തിനുവേണ്ടിയാണ്‌ സുനി ഇങ്ങനെ ചെയ്‌തതെന്നും ജിംസണ്‍ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌.

ജിംസന്റെ മൊഴിയില്‍ സിനിമാക്കാരുടെ പേരുകളില്ല. 
അതിനിടെ ജയിലില്‍ പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈലില്‍ നിന്നും പൊലീസ്‌ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്‌. സുനി ജയിലിലെത്തി ദിവസങ്ങള്‍ക്കകം മൊബൈല്‍ ലഭിച്ചിരുന്നു.
ജയിലില്‍ നിന്നും നിരവധി പേരെയാണ്‌ സുനി ഫോണില്‍ ബന്ധപ്പെട്ടത്‌. സുനിയെ കുടുക്കാന്‍ പൊലീസ്‌ തന്നെ നല്‍കിയതാണോ മൊബൈല്‍ എന്നും സംശയമുയരുന്നുണ്ട്‌.
'തരാമെന്നേറ്റ പണം അഞ്ച്‌ മാസംകൊണ്ട്‌ തന്നാല്‍ മതി; പള്‍സര്‍ സുനി ദിലീപിനയച്ച കത്ത്‌ 'തരാമെന്നേറ്റ പണം അഞ്ച്‌ മാസംകൊണ്ട്‌ തന്നാല്‍ മതി; പള്‍സര്‍ സുനി ദിലീപിനയച്ച കത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക