Image

ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വര്‍ണ്ണ ശബളമായ കലാ സന്ധ്യകള്‍

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 26 June, 2017
ക്‌നാനായ  ഫാമിലി കോണ്‍ഫ്രന്‍സ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വര്‍ണ്ണ ശബളമായ  കലാ സന്ധ്യകള്‍
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

ജൂണ്‍ 30, ജൂലൈ 1 & 2 തീയതികളില്‍ ചിക്കാഗോയിലെ സേക്രഡ് ഹാര്‍ട്ട് & സെന്റ് മേരീസ് ദേവാലയങ്ങളിലായി നടത്തപെടുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

വിശ്വാസവും പാരമ്പര്യങ്ങളും ക്‌നാനായ കുടുംബങ്ങളില്‍ പരിപോഷിപ്പിക്കുക (FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES)  എന്ന ചിന്താവിഷയവുമായാണ്   മൂന്നു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന  കോണ്‍ഫ്രന്‍സ് നടത്തപ്പെടുന്നത്. മുതിര്‍ന്നവര്‍ക്ക് വേണ്ടി ചിക്കാഗോ സെന്റ് മേരീസിലും യുവജനങ്ങള്‍ക്കുവേണ്ടി ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ ദൈവാലയത്തിലുമായാണ് പരിപാടികള്‍. 

കോട്ടയം അതിരൂപതയിലേയും ചിക്കാഗോ സീറോ മലബാര്‍ രൂപതയിലേയും മെത്രാന്മാര്‍, പ്രസിദ്ധ വചന പ്രഘോഷകര്‍, ദൈവ ശാസ്ത്ര പണ്ഡിതര്‍, അല്മായ പ്രതിനിധികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നേതൃത്വ നിരയാണ്  ഈ അനുഗ്രഹദായക ദിവസങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കുവാനായി എത്തുന്നത്. ധ്യാന പ്രസംഗങ്ങളും, സെമിനാറുകളും, സംവാദങ്ങളും, കലാപരിപാടികളുമൊക്കെയായി വര്‍ണ്ണശബളമായ ദിവസങ്ങളാണ് ഈ ആഴ്ചയില്‍ ചിക്കാഗോയില്‍ നടക്കുക

 കത്തോലിക്കാ വിശ്വാസവും ക്‌നാനായ പാരമ്പര്യങ്ങളും അതിന്റെ തനിമയിലും, യഥാര്‍ത്ഥ അര്‍ത്ഥത്തിലും മനസ്സിലാക്കുവാനും, അവയെ ക്‌നാനായ കുടുംബങ്ങളില്‍ പരിപോഷിപ്പിക്കുവാനുമുള്ള ഊര്‍ജ്ജം പകരുക എന്നുള്ള ദൗത്യമാണ് ഫാമിലി കോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തില്‍, കുടുംബങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും വികലമായ സഭാപരമായ കാഴ്ചപ്പാടുകളും തിരുത്തി, പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കി വരും തലമുറകളിലേക്ക് അവയെ പകര്‍ന്നു നല്‍കുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്‌നാനായ റീജിയന്റെ ഫാമിലി കോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. 

നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ ഈ ഫാമിലി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാനും, ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുവാനും എല്ലാ ക്‌നാനായ സമുദായാംഗങ്ങളെയും ഒരിക്കല്‍ കൂടി ഹൃദയപൂര്‍വ്വം ചിക്കാഗോയിലേക്ക് ക്ഷണിക്കുന്നതായി ഫാമിലി കോണ്‍ഫ്രന്‍സ് ചെയര്‍മാനും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ അറിയിച്ചു.

കോണ്‍ഫ്രന്‍സിന്റെ സായാഹ്നങ്ങളെ വര്‍ണ സമ്പുഷ്ടമാക്കുവാന്‍ വിപുലമായ കലാ പരിപാടികളുമായി സംഘാടകര്‍ തയ്യാറായി കഴിഞ്ഞു.  ആദ്യ ദിനമായ വെള്ളിയാഴ്ച്ച വൈകിട്ട് മുതിര്‍ന്നവരും യുവതീ യുവാക്കളും ഒരുമിച്ചാണ് സെന്റ് മേരീസ് ഹാളില്‍ നടത്തപ്പെടുന്ന കലാ സന്ധ്യയില്‍ പങ്കെടുക്കുന്നത്.  വിവിധ ഇടവകകളില്‍ നിന്നും എത്തുന്നവരും ചിക്കാഗോയിലെ അനുഗ്രഹീത കലാ കാരന്മാരും കലാകാരികളും സ്റ്റേജില്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കുമ്പോള്‍, കോണ്‍ഫറന്‍സിന്റെ സായാഹ്നങ്ങള്‍ നിറപ്പകിട്ടാര്‍ന്ന ദൃശ്യ വിസ്മയം സമ്മാനിക്കും. 

വെള്ളിയാഴ്ച  ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഇനമാണ് സ്വാഗത നൃത്തം.  തീം സോങ്ങ് രചനയില്‍ സമ്മാനം   കരസ്ഥമാക്കിയ സിറിള്‍ മുകളേലിന്റെ രചനക്ക് പീറ്റര്‍ ചേരാനല്ലൂര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച്, പിന്നണി ഗായകന്‍ ഫ്രാന്‍കോ ആലപിച്ച തീം സോങ്ങിന് ചുവടുകള്‍ വെയ്ക്കുന്നത്  ലല്ലു ടീച്ചറിന്റെ ശിക്ഷണത്തിലുള്ള 16 യുവതീ യുവാക്കളാണ്. ഈ തീം സോങ്ങ് ആദ്യമായി അവതരിക്കപ്പെടുന്ന വേദി.

ശനിയാഴ്ച്ച വൈകിട്ട് യുവതീ യുവാക്കള്‍ക്ക് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിലും മുതിര്‍ന്നവര്‍ക്കായി സെന്റ് മേരീസ് ദേവാലയത്തിലുമായി പ്രത്യേകമായാണ് കലാ പരിപാടികള്‍. 

ഞായറാഴ്ച സായാഹ്നത്തെ അര്‍ത്ഥസമ്പുഷ്ടവും വര്‍ണ്ണ വിസ്മയവുമാക്കുന്നത് കൈറോസ് യൂത്ത് ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രൈസ്റ്റ് വിന്‍ നൈറ്റ് എന്ന വര്ഷിപ്പ് കോണ്‍സെര്‍ട്ട് കൊണ്ടാണ്. സാങ്കേതിക മികവോടെ മികച്ച ശബ്ദത്തിന്റെയും, വര്‍ണ്ണ ശബളമായ വെളിച്ചത്തിന്റെയും പശ്ചാത്തലത്തില്‍, ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ധ്യാനാത്മകമായ സംഗീതപരിപാടിയും ആരാധനയുമൊക്കെയായി പുതിയ അനുഭൂതി പകരും  ക്രൈസ്റ്റ് വിന്‍ . 

 പീറ്റര്‍ ചേരാനല്ലൂരിന്റെ മേല്‍നോട്ടത്തില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന യുവതീ യുവാക്കളാണ് സംഗീത പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. മറ്റ് കലാ പരിപാടികള്‍ക്ക് മേരി ആലുങ്കല്‍, ഗ്രേസി വാച്ചാച്ചിറ, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ചുക്കാന്‍ പിടിക്കുന്നത്. 
ക്‌നാനായ  ഫാമിലി കോണ്‍ഫ്രന്‍സ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വര്‍ണ്ണ ശബളമായ  കലാ സന്ധ്യകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക