Image

അക്ഷരകൊയ്ത്ത് (ഒരു നര്‍മ്മ ഗീതം: സുധീര്‍ പണിക്കവീട്ടില്‍)

Published on 28 June, 2017
അക്ഷരകൊയ്ത്ത് (ഒരു നര്‍മ്മ ഗീതം: സുധീര്‍ പണിക്കവീട്ടില്‍)
ഇ-മലയാളിയുടെ വായനാവാരത്തിലേക്ക് ഒരു കൊയ്ത്ത് പാട്ട്. "ആരു കൊയ്യും, ആരു കൊയ്യും, ആരു ചൂടും ആരു ചൂടും വയല്‍പ്പൂ ഈ വയല്‍പ്പൂ, കിളിയെ, (തുഞ്ചന്റെ കിളിയോ) കിളി കിളിയെ നീലാജ്ഞന പൈങ്കിളിയെ ഈ കറുകവയല്‍ കുളിരു കൊയ്യാന്‍ നീ കൂടെ വാ.. വരിക എഴുത്തുകാരെ..''.

കുത്തി കുറിച്ച് കൊണ്ടിരിക്കുന്നൂ
അമേരിക്കന്‍ മലയാളികള്‍
വരവ് ചിലവ് കണക്കല്ല
കലാസ്രുഷ്ടികളാണത്രെ!

വായനക്കാരില്ലെന്ന
പരാതി പരക്കെയുണ്ടേലും
എണ്ണാതീതമാകുന്നു
എണ്ണം എഴുത്തുകാരുടെ !

സാക്ഷരകേരളത്തിന്റെ
സാക്ഷാല്‍ പുത്രി-പുത്രന്മാര്‍
പേന കൊണ്ട് കിളക്കട്ടെ
പ്രവാസമണ്ണില്‍ നിത്യവും

കിളക്കാന്‍ മണ്ണില്ലാത്തോര്‍
കിള കഴിഞ്ഞ് തളര്‍ന്നവര്‍
ചാഴിയായി വീഴല്ലേ
അപരന്റെ വിള കളയുവാന്‍

വിതക്കുന്നവര്‍ കൊയ്‌തെടുക്കട്ടെ
അതിലെന്തിനു പരിഭവം
കൊയ്ത്ത് കാലം എല്ലാര്‍ക്കും
അഭിവ്രുദ്ധിക്കുതകില്ലേ?

മഴയെല്ലാം പോകുമ്പോള്‍
വയലെല്ലാം കൊയ്യുമ്പോള്‍
പാടേണ്ടേ നമുക്കെല്ലാം
ഓരോരൊ ഗാനങ്ങള്‍

പരദൂഷണ കീടങ്ങള്‍
പതുങ്ങും പടുകുഴികളെ
കാണേണ്ടേ അതടക്കേണ്ടേ
ഒത്തൊരുമ നമുക്ക് വേണ്ടേ?

കുത്തി കുറിക്കട്ടെ എല്ലാരും
അവര്‍ക്ക് പാരയാകല്ലേ
കൊയ്ത്തുകാലം നമുക്കെല്ലാം
കൊണ്ടാടാം പ്രവാസ ഭൂമിയില്‍


ശുഭം
Join WhatsApp News
James Mathews 2017-06-28 13:07:49
വായനാവാരം പൊടി പൊടിക്കുന്നുണ്ട്. ആയില്യം പാടത്തെ ;പെണ്ണെ എന്ന പാട്ടിന്റെ ഓർമ്മ പുതുക്കി എഴുത്തുകാരെ കൊയ്ത്തിനു ക്ഷണിച്ചത് രസകരമായി തോന്നി. ചിലരൊക്കെ ഒളിക്കണ്ണാൽ നോക്കുന്നുണ്ടായിരിക്കും. ഇ മലയാളിയുടെ മുറ്റത്ത് കറ്റ മെതിക്കലും നെല്ല് അളക്കലും നടക്കട്ടെ. അതായത് സാഹിത്യ സൃഷ്ടികൾ കുന്നു കൂടട്ടെ.
ആസ്വാദകൻ 2017-06-29 08:21:59
നർമ്മം കൊണ്ട് സുധീർ 'കപി'കളെ അടിച്ചു വീഴ്ത്തും
മർമ്മത്ത് നോക്കി കുത്തും വിദ്യാധരൻ മാഷും
എന്നാലും പെരുത്തിടുന്നു കവികളുടെ എണ്ണമങ്ങ്
നന്നാകില്ല ഇവനൊന്നും ഒരിക്കൽ പോലും

വിദ്യാധരൻ 2017-06-29 07:56:19
എണ്ണം പെരുകുമ്പോൾ നിയന്ത്രിച്ചിടേണം 
ദണ്ഡം പലതല്ലങ്കിലുണ്ട് കവിയതോർത്തിടേണം
കുത്തിക്കുറിച്ചിവർ വിടും കവിത വായിച്ചിടാൻ
ബദ്ധപ്പെടുന്നു അർഥം ഗ്രഹിയാതെ ഞങ്ങൾ വായനക്കാർ
ഇടിവെട്ടിയോനെ പാമ്പ് കടിച്ചപോലെ
പടച്ചു വിടുന്നു ഉടക്ക് കവിത വേറെ 
വീട്ടിൽ നടക്കും വഴക്കും അടി കലഹമെല്ലാം
കൂട്ടി ചേർത്ത് കവിതയാക്കി കുറിച്ച്  വിട്ടാൽ
നട്ടം തിരിഞ്ഞുപോം ഇ-മലയാളി വായനക്കാർ
കഷ്ടത്തിലാക്കല്ലേ സുന്ദരി കാവ്യാംഗനേയും
വിതയ്ക്കുന്നവൻ കൊയ്യും തീർച്ചതന്നെ
വിതയ്ക്കട്ടെ നല്ല വിത്തുകൾ വാരിയങ്ങ്
വിതച്ചത് വിഷവിത്താണെന്നു വന്നാൽ
അതിന്റ ഫലവും അതുപോലിരിക്കും
കുറ്റം പറയുന്നു ആയുധത്തെ എന്നുമെന്നും
ഒട്ടും പണിയറിയാത്ത പണിക്കാരനെപോൽ
കുറ്റം പറയല്ലേ ചാഴിയേയും ചാഴിക്കാടനെയും
ഒട്ടും ശരിയല്ലതൊടുവിൽ ബൂമറാങ്ങായി മാറും
ചുരുക്കുന്ന  ഞാനെന്റെ അഭിപ്രായമിങ്ങ്
ഒരുക്കുന്നുണ്ട് ഭാര്യ ചോറ് 'മീൻകറി' യുണ്ട്കൂട്ടാൻ  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക