Image

പരിമിത യാത്രാ വിലക്ക് ഇന്ന് മുതല്‍ (എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 28 June, 2017
പരിമിത യാത്രാ വിലക്ക് ഇന്ന് മുതല്‍ (എബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് യു.എസ്. സുപ്രീം കോടതി നിബന്ധനകള്‍ക്ക് വിധേയമായി നടപ്പിലാക്കാനാവുമെന്ന് വിധിച്ചിരുന്നു. അതനുസരിച്ച് പരിമിതമായ യാത്രാവിലക്ക് ഇന്ന്(വ്യാഴാഴ്ച) മുതല്‍ നടപ്പിലാക്കുമെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചു. ഇതു എങ്ങനെ നടപ്പിലാക്കും എന്ന് വിശദീകരിച്ചില്ല. ആശയകുഴപ്പം എങ്ങനെ പരിഹരിക്കുവാനാണ് ഉദ്ദേശം എന്നും വ്യക്തമാക്കിയിട്ടില്ല.

ഗവണ്‍മെന്റ് അഭിഭാഷകന്‍ മാര്‍ഗരേഖകള്‍ തയ്യാറാക്കുകയാണ്. ഒക്ടോബറില്‍ കേസിന്റെ വിശദമായ വാദം കേള്‍ക്കല്‍ ആരംഭിക്കുമ്പോള്‍ ഇത് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. കോടതി പറഞ്ഞത് ഭരണകൂടത്തിന് സിറിയ, സുഡാന്‍, സൊമാലിയ, ലിബിയ, ഇറാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ മേല്‍ വിലക്ക് ഏര്‍പ്പെടുത്താം, ഇല്ലെങ്കില്‍ അമേരിക്കയിലുള്ള വ്യക്തിയുമായോ ഏതെങ്കിലും അസ്ത്തവുമായോ ഇവര്‍ക്ക് യഥാര്‍ത്ഥബന്ധം ഉണ്ടെന്ന് തെളിയിക്കുവാന്‍ കഴിയണം എന്നാണ്.

ട്രമ്പിന്റെ വിലക്കുകളെ പരിമിതമായി കോടതി അംഗീകരിച്ചത് അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കുകയില്ല. ഈ ബജറ്റ് വര്‍ഷം 50,000 അഭയാര്‍ത്ഥികളെ സ്വീകരിക്കാമെന്നാണ് അമേരിക്കന്‍ നയം. ഇതിനോടകം 48,900 അഭയാര്‍ത്ഥികള്‍ക്ക് അമേരിക്ക അഭയം നല്‍കിക്കഴിഞ്ഞു. ശേഷിക്കുന്ന അഭയാര്‍ത്ഥികള്‍ മുകളില്‍ പറഞ്ഞ നിബന്ധന പാലിക്കുക നിര്‍ബന്ധിതമാക്കുകയില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

സ്വതന്ത്രസംഘടനകള്‍ നല്‍കുന്ന വിവരം അനുസരിച്ച് അമേരിക്കയില്‍ എത്തുന്ന അഭയാര്‍ത്ഥികളില്‍ 10ല്‍ 4 പേര്‍ക്കും അമേരിക്കയില്‍ ബന്ധുക്കളായി ആരുമില്ല. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന പ്രധാന നഗരങ്ങളായ ബോയിസ്, ഐഡഹോ, ന്യൂഹേവന്‍, ഫെയറ്റ്വില്‍ എന്നിവിടങ്ങളിലെത്തുന്ന ഭൂരിപക്ഷം പേര്‍ക്കും ബന്ധുക്കളായി ആരും അമേരിക്കയിലില്ല. പ്രസിഡന്റ് ട്രമ്പ് സമര്‍പ്പിച്ച രണ്ടു കേസുകളും സ്വീകരിച്ച് സുപ്രീം കോടതി മുമ്പോട്ടു വച്ച പുതിയൊരു ഫെയിസാണ് ബോണഫൈഡ് റിലേഷന്‍ഷിപ്പ്. ഒരു ബോണഫൈഡ് റിലേഷന്‍ഷിപ്പ് അമേരിക്കയിലെ ഒരു വ്യക്തിയുമായോ അസ്തിത്തവുമായോ ഉണ്ടെന്ന് വ്യക്തമാക്കുവാന്‍ കഴിയുന്നവര്‍ക്ക് അഭയാര്‍ത്ഥികളുടെ മേല്‍ ട്രമ്പ് ഏര്‍പ്പെടുത്തിയ 120 ദിവസ വിലക്കോ ആറ് മുസ്ലീം രാജ്യങ്ങൡ നിന്നുള്ള 90 ദിവസ യാത്രാ വിലക്കോ ബാധകമല്ല. ഇവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുവാന്‍ അനുവാദം നല്‍കണം. എന്നാല്‍ കുടുംബ, വ്യവസായ, അസ്തിത്ത ബന്ധങ്ങള്‍ ഇല്ലാത്തവരെ വിലക്കാം എന്ന് കോടതി പറഞ്ഞു. ബോണഫൈഡ് റിലേഷന്‍ഷിപ്പിന് കോടതി ചില ഉദാഹരണങ്ങളും നല്‍കി.

ജസ്റ്റിസ് ക്ലാരന്‍സ് തോമസിന്റെ ഭിന്നാഭിപ്രായത്തില്‍ ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ അഭയാര്‍ത്ഥികളെയും യാത്രക്കാരെയും വിലക്കണമെന്ന് പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രൂപരേഖകള്‍ തയ്യാറാക്കുന്നതിനാല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്ന് കോര്‍നെല്‍ യൂണിവേഴ്‌സിറ്റിയിലെ ഇമിഗ്രേഷന്‍ ലോ പ്രൊഫസര്‍ സ്റ്റീഫന്‍ യേല്‍ ലോഹര്‍ പറഞ്ഞു.

ഇത് പ്രധാനമായും ബാധിക്കുക ലൂതറന്‍ ഇമിഗ്രേഷന്‍ ആന്റ് റെഫ്യൂജി സര്‍വീസിനെയാണ്. കഴിഞ്ഞ വര്‍ഷം ഈ സംഘടന 13,300 അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയിരുന്നു. മാസങ്ങളായി അവര്‍ അഭയാര്‍ത്ഥി കുടുംബങ്ങളെ കാത്തിരിക്കുകയാണ്. അഭയാര്‍ത്ഥി കുടുംബങ്ങളുടെ അപ്പാര്‍ട്ടുമെന്റുകളിലേയ്ക്ക് നല്‍കാന്‍ ഇവരുടെ ഗരാജുകള്‍ മുഴുവന്‍ ഫര്‍ണിച്ചറുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. സഹോദരസംഘടനയായ കനോപി നോര്‍ത്ത് വെസ്‌ററ് അര്‍ക്കന്‍സയുടെ റീസെറ്റില്‍മെന്റ് ഡയറക്ടര്‍ എമിലി ക്രേന്‍ ലിന്‍ പറഞ്ഞു.

പരിമിത യാത്രാ വിലക്ക് ഇന്ന് മുതല്‍ (എബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക