Image

ദിലീപിനെ ചോദ്യം ചെയ്‌തത്‌ പന്ത്രണ്ടര മണിക്കൂര്‍; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന്‌ പോലീസ്‌

Published on 29 June, 2017
ദിലീപിനെ ചോദ്യം ചെയ്‌തത്‌ പന്ത്രണ്ടര മണിക്കൂര്‍; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന്‌ പോലീസ്‌


കൊച്ചി : നടന്‍ ദിലീപിനേയും നാദിര്‍ഷായേയുംപന്ത്രണ്ടര മണിക്കൂര്‍നീണ്ട ചോദ്യം ചെയ്യലിന്‌ ശേഷം പോലീസ്‌ വിട്ടയച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനേയും നാദിര്‍ഷായേയും ദിലീപിന്റെ മാനേജരേയും ആലുവ പോലീസ്‌ ക്ലബില്‍ വിളിച്ചുവരുത്തിയാണ്‌ നിര്‍ണായക മൊഴിയെടുത്തത്‌.പകല്‍ പന്ത്രണ്ടരയോടെ തുടങ്ങിയ ചോദ്യംചെയ്യല്‍ പാതിരാത്രി ഒരു മണിയോടെയാണ്‌ അവസാനിച്ചത്‌.

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങളാണ്‌ പോലീസിനു ലഭിച്ചിരിക്കുന്നത്‌. പോലീസ്‌ ക്ലബിലേക്ക്‌ പുറപ്പെടും മുന്‍പ്‌, താന്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനാണ്‌ പോലീസ്‌ വിളിച്ചതെന്നാണ്‌ ദിലീപ്‌ വ്യക്തമാക്കിയത്‌. എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തെന്നും താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നും പുറത്തിറങ്ങിയ ദിലീപ്‌ മാധ്യമങ്ങളോടു പ്രതികരിച്ചു

താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളിലും മൊഴി നല്‍കിയെന്നും വ്യാഴാഴ്‌ചത്തെ അമ്മ ജനറല്‍ബോഡിയില്‍ പങ്കെടുക്കുമെന്നും ചോദ്യം ചെയ്യലിന്‌ ശേഷം പുലര്‍ച്ചെ 1.05ന്‌ പുറത്തിറങ്ങിയ ദിലീപ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട്‌ ആവശ്യമെങ്കില്‍ ദിലീപിനെയും നാദിര്‍ഷയേയും ഇനിയും വിളിപ്പിക്കുമെന്നും അന്വേഷണം തുടരുകയാണെന്നും ആലുവ റൂറല്‍ എസ്‌പി എ വി ജോര്‍ജ്‌ പറഞ്ഞു.

ബുധനാഴ്‌ച പകല്‍ 12.30ന്‌ ആലുവ പൊലീസ്‌ ക്‌ളബ്ബിലെത്തിയ ദിലീപിനെയും മാനേജരെയും നാദിര്‍ഷായെയും പ്രത്യേകം പ്രത്യേകമായാണ്‌ ചോദ്യംചെയ്‌തത്‌. നടിയെ ആക്രമിച്ച കേസില്‍ മൊഴിയെടുക്കലിന്റെ ഭാഗമായാണ്‌ ആദ്യം ദിലീപില്‍നിന്നു വിവരം ശേഖരിച്ചത്‌. പിന്നീട്‌ കേസിലെ ഗൂഢാലോചനയെക്കുറിച്ച്‌ ചോദ്യംചെയ്യല്‍ ആരംഭിച്ചു.

എഡിജിപി ബി സന്ധ്യ, റൂറല്‍ എസ്‌പി എ വി ജോര്‍ജ്‌, പെരുമ്പാവൂര്‍ സിഐ ബിജു പൌലോസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ചോദ്യംചെയ്യല്‍. വിവരമറിയാന്‍ രാത്രി 12.15ന്‌ പൊലീസ്‌ ക്‌ളബ്ബിലെത്തിയ നടന്‍ സിദ്ദിഖിന്‌ സന്ദര്‍ശനാനുമതി ലഭിച്ചില്ല. നാദിര്‍ഷായുടെ സഹോദരന്‍ സമദിന്‌ അനുമതി നല്‍കി. 

കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നു കാണിച്ച്‌ ഡിജിപിക്ക്‌ ദിലീപ്‌ പരാതി നല്‍കിയിരുന്നു. കേസില്‍ അന്വേഷണസംഘം നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെടുക്കാനും ഗൂഢാലോചന പുറത്തുകൊണ്ടുവരാനും തുടരന്വേഷണം വേണമെന്ന്‌ നിര്‍ദേശിച്ചിരുന്നു.

 മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയനുസരിച്ചാണ്‌ വിവരം ശേഖരിച്ചത്‌. സിനിമാരംഗത്തെ തന്റെ സല്‍പ്പേരും കരിയറും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും ദിലീപ്‌ അന്വേഷണസംഘത്തോട്‌ വെളിപ്പെടുത്തിയതായാണ്‌ സൂചന.

അതിനിടെ ബുധനാഴ്‌ച രാത്രി മരട്‌ ക്രൌണ്‍പ്‌ളാസ ഹോട്ടലില്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ്‌ യോഗം നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചചെയ്‌തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക