Image

ക്രിസ്തു കൂടെയുള്ള പുരോഹിതന്‍

അനില്‍ കെ പെണ്ണുക്കര Published on 29 June, 2017
ക്രിസ്തു കൂടെയുള്ള പുരോഹിതന്‍
ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനം മുന്‍ സെക്രട്ടറിയും അകമ്പാടം പനമണ്ണ് സെന്റ് മേരീസ് പള്ളികളുടെ വികാരിയുമായ ഫാ. മാത്യൂസ് വാഴക്കൂട്ടത്തിലച്ചന് ഒരു കോടി രൂപ വേണം. അഥവാ ഇനി അതില്‍ കൂടുതലായാലും കുഴപ്പമില്ല. സംഭവം ഇത്രേയുള്ളൂ. അച്ചന് ഒരു ഫഌറ്റ് വേണം. അദ്ദേഹത്തിന് താമസിക്കാനല്ല. വീടും വസ്തുവും,ബന്ധുക്കളുമൊന്നുമില്ലാത്ത കുറച്ചു പാവങ്ങള്‍ക്ക്
താമസിക്കാന്‍. തനിക്കുണ്ടായിരുന്ന ആകെയുണ്ടായിരുന്ന ഒരേക്കര്‍ നാല്പതുസെന്റ് വസ്തു  20 ഭവനരഹിതര്‍ക്കു ദാനം ചെയ്ത് അവരെയെല്ലാം അവിടെ താല്‍ക്കാലികമായി ഷെഡ്ഡ് കെട്ടി താമസിച്ചിരിപ്പിക്കുന്നു. ഇപ്പോള്‍ പത്തൊന്‍പതു കുടുംബങ്ങള്‍ താമസമാക്കി .ഇനിയും അവിടെ ഒരു ഫ്‌ലാറ്റ് വേണം. എല്ലാ സൗകര്യങ്ങളോടും കൂടി സാധാരണക്കാരും ഫഌറ്റില്‍ താമസിക്കട്ടെ.

അമരമ്പലം പഞ്ചായത്തില്‍ രാമംകുത്ത് തൊണ്ടിയില്‍ പത്തു വര്‍ഷം മുന്‍പാണ് മാത്യൂസച്ചന്‍ ഒരേക്കര്‍ 40 സെന്റ് ഭൂമി വാങ്ങിയത്.പറമ്പില്‍ വെള്ളമുണ്ട്. ഒരു കിണര്‍ കുഴിച്ചു .ഒന്ന് കൂടി വേണം. അതിന്റെ പണിയും നടക്കുന്നു വൈദ്യുതി ഉടന്‍ ലഭിക്കും  റോഡ് സൗകര്യങ്ങളെല്ലാം ഉണ്ട്. ഇപ്പോഴത്തെ വില പ്രകാരം ഏക്കറിന് ഒരു കോടി വിലമതിക്കും. റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്തു തുടങ്ങിയ സമയത്തായിരുന്നു ഈ സ്‌നേഹ പദ്ധതി.താല്‍ക്കാലിക ഷെഡുനിര്‍മ്മാണത്തിനായി അവയെല്ലാം മുറിച്ചു. ചുറ്റിലും നൂറോളം തേക്കുകളുണ്ടായിരുന്നു. ഒരേക്കര്‍ ഭൂമി നാലു സെന്റ് വീതമുള്ള 20  പ്ലോട്ടുകളാക്കി. സാംസ്‌കാരിക കേന്ദ്രത്തിന് അഞ്ചു സെന്റും പൊതുകിണര്‍, ജലസംഭരണി എന്നിവയ്ക്കായും സ്ഥലം മാറ്റിവയ്ക്കുകയായിരുന്നു. എല്ലാ പ്ലോട്ടുകളിലേക്കും വഴിയുണ്ട്. ജാതി, മത, രാഷ്ട്രീയ പരിഗണനകളില്ലാതെ വിധവകള്‍, മാറാരോഗികള്‍ തുടങ്ങിയ പരിഗണനവച്ചു നാട്ടുകാരുടെ കമ്മിറ്റിയാണ് അര്‍ഹരെ കണ്ടെത്തിയത്. സ്ഥലത്തു സ്വയംതൊഴില്‍ സംരംഭത്തിനും പദ്ധതിയുണ്ട്. സമ്പാദ്യം മനുഷ്യനെ ദൈവത്തില്‍നിന്ന് അകറ്റുമെന്നാണ് അച്ചന്റെ നിലപാട്. 

അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ വേറെ ഭൂമിയില്ല. കുളക്കണ്ടത്ത് സഹോദരിയുടെ ഒരേക്കറില്‍ വീടുവച്ചാണു താമസം. സഹായം തേടി എത്തുന്നവര്‍ക്കൊപ്പം ഇറങ്ങിച്ചെല്ലുക. അവരെ ബന്ധുക്കളാക്കുക. അവരൊക്കെയാണ് ഇപ്പോള്‍ തന്റെ സ്വത്ത്. പത്തൊന്പത് കുടുംബങ്ങളില്‍ ആരും തുണയില്ലാതെ മുന്ന് പെണ്‍കുട്ടികളുമായി താമസിക്കുന്ന ഒരു ഉമ്മയുണ്ട്. ആ പെണ്‍കുട്ടികളുടെ കല്യാണത്തിനായി ഇപ്പോഴേ ശ്രമം തുടങ്ങണം. തമ്പുരാന്‍  അതെല്ലാം നടത്തും. ഇപ്പോള്‍ അമ്പതോളം വിദ്യാര്‍ത്ഥികളെ അച്ചനും കുടുംബവും സ്‌പോണ്‍സര്‍ ചെയ്തു പഠിപ്പിക്കുന്നു. എന്‍ജിനീയറിങ് തുടങ്ങി പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ആണ് സഹായം. ഒരു ചിരി പോലും തിരിച്ചു പ്രതീക്ഷിച്ചല്ല. മികച്ച വിദ്യാഭ്യാസത്തിനു പണം ഒരു തടസ്സമാകരുതു. അത്രേയുള്ളു.  സ്വന്തം അധ്വാനം, ശമ്പളം ഇവയില്‍നിന്നുള്ള വരുമാനത്താലാണ് ഇതെല്ലം ചെയ്യുന്നത്. ആരുടെ മുന്നിലും ഇക്കാര്യത്തിനായി ഇന്നുവരെ കൈനീട്ടിയിട്ടില്ല. 50,000 മുതല്‍ നാലുലക്ഷം വരെ കൊടുത്തിട്ടുണ്ട്. മക്കളുടെ ഫീസ് അടച്ചില്ലെങ്കിലും സ്‌പോണ്‍സര്‍ ചെയ്യുന്ന കുട്ടികളുടെ ഫീസ് കൃത്യമായി അടയ്ക്കും. അച്ചന്റെ മക്കള്‍ ആയതുകൊണ്ട് സ്വന്തം മക്കളെ ഇറക്കിവിടില്ല. എന്നാല്‍ പാവങ്ങളുടെ കാര്യം അതല്ല.

ചുങ്കത്തറ മാര്‍ത്തോമാ കോളേജിലെ പ്രീഡിഗ്രി  പഠന കാലത്തു യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു. കെ എസ് യുവിലൂടെ രാഷ്ട്രീയം പഠിച്ചു.
മലബാര്‍ ഭദ്രാസനാധിപനായിരുന്ന തോമസ് മാര്‍ ദിദിമോസ് ബാവ മാത്യൂസ് അച്ചന്റെ അമ്മാവനായിരുന്നു. ഇടയ്ക്കിടയ്ക്ക് ബാവായെ കാണാന്‍ പോകും. അദ്ദേഹവുമായുള്ള സഹവാസം, അദ്ദേഹത്തിന്റെ ജീവിത രീതി എല്ലാം വളരെ സ്വാധീനിച്ചു. അദ്ദേഹമാണ് വൈദിക വൃത്തിയിലേക്കുള്ള അച്ചന്റെ പ്രചോദനം. അഞ്ചുവര്‍ഷത്തോളം
ഭദ്രാസനത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരന്‍ ആയിരുന്നതുകൊണ്ട് തന്റെ അടുക്കല്‍ വരുന്ന എല്ലാ കള്ളന്മാരെയും തിരിച്ചറിയാമെന്ന് അച്ചന്‍. അതുകൊണ്ടു പലരും പല കളികളുമായും വന്നു. അവരൊക്കെ തിരിച്ചു പോകുകയും ചെയ്തു .

പള്ളിയും സാമൂഹ്യ പ്രവര്‍ത്തനവും ഒന്നാണെന്നാണ് അച്ഛന്റെ അഭിപ്രായം. പ്രാര്‍ത്ഥന സാമൂഹ്യ പ്രവര്‍ത്തനം തന്നെയാണ് .മറ്റൊരാളിനു നന്മ ലഭിക്കാന്‍ വേണ്ടിയാണ് എല്ലാ സാമൂഹ്യ പ്രവര്‍ത്തനവും. രണ്ടു പള്ളിയുടെ ചുമതല ഉണ്ട്. അതെല്ലാം നന്നായി നിര്‍വ്വഹിച്ചതിനുശേഷമാണു സാമൂഹ്യ പ്രവര്‍ത്തനം. നിലമ്പൂര്‍ മേഖലയിലെ അനേകം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അച്ചന്‍ നേതൃത്വം നല്‍കി.

അച്ചന്റെ ശ്രമഫലമായി നിര്‍മ്മിച്ചതാണ്  വടപുറത്ത് സ്ഥാപിതമായ ന്യൂ ലൈഫ് ഹോസ്പിറ്റല്‍. മികച്ച ഡോക്ടര്‍മാര്‍ പണം മുടക്കി നിര്‍മ്മിച്ച ആശുപത്രിയുടെ പ്ലാനും പദ്ധതിയുമൊക്കെ അച്ചന്‍ തെന്നെ ആയിരുന്നു. സാധാരണക്കാര്‍ക്ക് മികച്ച വൈദ്യ സേവനം ലഭിക്കണം അത്ര തന്നെ. ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വിവിധ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനം
വഹിച്ചിട്ടുണ്ട്. കടബാധ്യതരായ നിരവധി കര്‍ഷകരെ ആത്മഹത്യയുടെ വക്കില്‍നിന്നും രക്ഷിക്കുകയായിരുന്നു സമരങ്ങളുടെയൊക്കെ ആത്യന്തിക ലക്ഷ്യം. നമ്മള്‍ അവരോടൊപ്പം ഉണ്ട് എന്നൊരു തോന്നല്‍ ഉണ്ടെങ്കില്‍ അതൊരു കരുത്തല്ലേ അവര്‍ക്ക്. പ്രയാസം അനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ നമ്മളെക്കാള്‍ കരുത്തു
അവര്‍ക്ക് ലഭിക്കും. കൂടെ ഒരാള്‍ ഉണ്ടെന്ന വിചാരമാണല്ലോ നമ്മെ നയിക്കുന്നത് തന്നെ.കുടിയേറ്റ മേഖലയിലെ കര്‍ഷകരുടെ കടങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്ന് ആശ്വാസം നേടിയെടുക്കുവാന്‍ സാധിച്ചത് വലിയ നേട്ടം തെന്നെയാണ്. ഈ സമരങ്ങള്‍ക്ക് പോയതുകൊണ്ട്  ഈ മേഖലയില്‍ നാശം വിതച്ച മദ്യപാനത്തിനെതിരെയും സമരം ചെയ്യേണ്ടി വന്നു. പലരും നേരെ ആയി. അതൊരു ആശ്വാസമല്ലേ ?

സഭയില്‍ തന്നെ പലരും പറയും വാഴക്കൂട്ടത്തില്‍ അച്ചന് മുഴുത്ത ഭ്രാന്താണെന്നു. നമുക്ക് സ്‌നേഹമേയുള്ളു. അത് ഭ്രാന്തായിട്ടു മാറും. അത് ആരോടായാലും. ഇതിനൊക്കെയുള്ള പണം കണ്ടെത്തുന്നത് സ്വന്തം അധ്വാനം കൊണ്ടാണ്. കുറച്ചു പശുക്കള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നേയുള്ളു. ഇപ്പോള്‍ അല്പം പണത്തിനു പ്രയാസം ഉണ്ട്. ഈ സമയത്തു സ്‌നേഹമുള്ളവരുടെ സഹായം വേണം. ഫഌറ്റ് നിര്‍മ്മാണത്തിന് മുന്നോടിയായി താമസമാക്കിയവര്‍ക്കായി ഒരു പൊതു സെപ്റ്റിടാങ്കു വേണം. ഇഷ്ടം പോലെ വെള്ളം ലഭിക്കുന്ന പ്രദേശമാണ്. അതുകൊണ്ടു നല്ലൊരു കിണര്‍ വേണം. അത് അല്പ്പം വലുപ്പത്തില്‍ വേണം. അതിനു കുഴി എടുത്തപ്പോള്‍ സൈഡ് ഇടിഞ്ഞു വീണു. അപ്പോള്‍ റിങ് വേണ്ടി വന്നു. അതിന്റെ പണി നടക്കുന്നു. അടിസ്ഥാനപരമായ കാര്യങ്ങള്‍ ആദ്യം വേണം. അതിനു സഹായിക്കാന്‍ മനസുള്ളവര്‍ക്കു സഹായിക്കാം. അച്ചന്റെ നല്ലൊരു ബന്ധുശേഖരം തന്നെയുണ്ട് അമേരിക്കയില്‍. രണ്ടുവര്‍ഷത്തോളം യു.എസ്.എയിലും ശുശ്രൂഷ ചെയ്തിരുന്നു. അങ്ങനെ കിട്ടിയ പണമെല്ലാം ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു. ഇപ്പോള്‍ അച്ചന് സഹായം വേണ്ട സമയമാണ്. പത്തൊന്‍പതു വീടുകള്‍ ഉണ്ടാക്കണം. അത് പ്രാധാനയമനുസരിച്ചു നിര്‍മ്മിക്കണം. ഒരു കുടുംബം മുഴുവന്‍ അന്ധരായ കുടുംബം മുതല്‍ കുടുംബനാഥന്‍മാരില്ലാത്ത നിരവധി കുടുംബങ്ങള്‍. അത് കൂടാതെ ഒരു ഫഌറ്റ് സാംസ്‌കാരികനിലയം, കളിസ്ഥലം അങ്ങനെ നിരവധി പദ്ധതികള്‍. സന്മസുള്ള ആര്‍ക്കും അച്ചനോടൊപ്പം കൂടാം.

മനുഷ്യനാകാന്‍ ശ്രമിച്ചാല്‍ നന്മയായും സ്‌നേഹമായും ദയവായും ധര്‍മ്മമായും ഒക്കെ ഈ ജീവിതത്തില്‍ കുറച്ചുപേര്‍ക്കെങ്കിലും വെളിച്ചമാകാന്‍ കഴിയും. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അത് ചെയ്യുന്നതാണ് നല്ലതെന്നാണ് അച്ചന്റെ പക്ഷം.  വലിയൊരു മനസ്സും ആ മനസ്സില്‍ സഹജീവി സ്‌നേഹവും; കാരുണ്യവും ഉള്ളവനെ ഈ സല്‍കര്‍മ്മത്തിനു മനസ്സുണ്ടാവൂ. വളരെ മഹത്തരമായ ഈ ആശയത്തിനു പ്രചാരം നല്‍കുന്ന അച്ചന് എല്ലാ പിന്തുണയുമായി ഭാര്യ ജെസി ടീച്ചര്‍ (മറിയം രാമംകുത്ത് പിഎംഎസ്എ യുപി സ്‌കൂള്‍ പ്രധാനാധ്യാപിക ), മൂത്തമകള്‍ സെറിന്‍ (ചൈനയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി), രണ്ടാമത്തെയാള്‍ ആന്‍ മെറിന്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി )
എന്നിവര്‍ ഒപ്പമുണ്ട്അച്ചന്റെ ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ ,ഈ സ്ഥലം സന്ദര്‍ശിക്കുവാന്‍ ...
അച്ചന്റെ ഫോണ്‍ നമ്പര്‍ 91+9495491188

ക്രിസ്തു കൂടെയുള്ള പുരോഹിതന്‍ ക്രിസ്തു കൂടെയുള്ള പുരോഹിതന്‍ ക്രിസ്തു കൂടെയുള്ള പുരോഹിതന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക