Image

ആഷ്‌ഫോര്‍ഡില്‍ രണ്ടുനാള്‍ നീണ്ടുനില്‍ക്കുന്ന കായികമേളയ്ക്ക് ജൂലൈ ഒന്നിന് കൊടിയേറും

Published on 29 June, 2017
ആഷ്‌ഫോര്‍ഡില്‍ രണ്ടുനാള്‍ നീണ്ടുനില്‍ക്കുന്ന കായികമേളയ്ക്ക് ജൂലൈ ഒന്നിന് കൊടിയേറും
     ആഷ്‌ഫോര്‍ഡ്: വിജയകരമായ അഞ്ചാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റിനുശേഷം ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ വീണ്ടും കായികമേളയ്ക്കായി ഒരുമിക്കുന്നു. ജൂലൈ ഒന്ന് ശനിയാഴ്ച രാവിലെ പത്തിന് വില്ലിസ്‌ബ്രോ മൈതാനത്ത് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കായികമേളക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ് സോനു സിറിയക് ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ലോഗോ 'ആവണി2017 'തദവസരത്തില്‍ പ്രസിഡന്റ് പ്രകാശനം ചെയ്യും.

ജൂലൈ ഒന്നിന് നൂറുകണക്കിനാളുകള്‍ പ്രായക്രമമനുസരിച്ച് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. ഓട്ടമത്സരം, മാരത്തോണ്‍, റിലേ, വോളിബോള്‍ കുട്ടികളുടെ ഫുട്‌ബോള്‍ എന്നിവ പല വേദികളിലായി അരങ്ങേറും. കുടാതെ പുതുമയാര്‍ന്ന വിവിധ മത്സരഇനങ്ങള്‍ ഈവര്‍ഷം ഉണ്ടാകുമെന്ന് സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ മനോജ് ജോണ്‍സന്‍ അറിയിച്ചു.

ജൂലൈ രണ്ട് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ക്രിക്കറ്റ്, ഫുട്‌ബോള്‍ എന്നിവയുടെ മത്സരങ്ങള്‍ നടക്കും. പ്രസ്തുത കായികമേള വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും സഹകരണവും സഹായവും പങ്കാളിത്തവുമുണ്ടാകണമെന്ന് ഭാരവാഹികളായ സോനു സിറിയക്(പ്രസിഡന്റ്) ജോജി കോട്ടക്കല്‍(വൈസ് പ്രസിഡന്റ്), രാജീവ് തോമസ്(സെക്രട്ടറി), ലിന്‍സി അജിത്ത്(ജോ. സെക്രട്ടറി), മനോജ് ജോണ്‍സന്‍(ട്രഷറര്‍) എന്നിവരും സ്‌പോര്‍ട്‌സ് കമ്മിറ്റി ഭാരവാഹികളായ തോമസ് ഔസേപ്പ്, സണ്ണി ജോസഫ്, ജോണ്‍സന്‍ തോമസ്, ലിജു മാത്യു, സോജാ, ദീപാ, ജെറി, ശ്യാം മോഹന്‍ എന്നിവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍സ് മാത്യു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക