Image

'എന്റെ പേരില്‍ വേണ്ട;'പശുവിന്റെ പേരിലുള്ളകൊലക്കെതിരെ ജനകീയ മുന്നേറ്റം

എ.എസ് ശ്രീകുമാര്‍ Published on 29 June, 2017
'എന്റെ പേരില്‍ വേണ്ട;'പശുവിന്റെ പേരിലുള്ളകൊലക്കെതിരെ ജനകീയ മുന്നേറ്റം
ഈ അടുത്ത ദിവസങ്ങളില്‍ ഹരിയാന, ജാര്‍ഖണ്ഡ്, റാഞ്ചി എന്നിവിടങ്ങളില്‍ നിന്ന് രാജ്യം കേട്ട വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതും മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതുമാണ്. തീവണ്ടി യാത്രക്കിടെ ബീഫ് കൈവശം വെച്ചുവെന്നു ആരോപിച്ച് 16 കാരനായ ജുനൈദിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവമാണ് ഹരിയാനയിലുണ്ടായത്. ഡല്‍ഹി-മഥുര തീവണ്ടിയില്‍ വെച്ചായിരുന്നു ജുനൈദിനും സഹോദരങ്ങള്‍ക്കുമെതിരെ ഒരു സംഘം ആളുകള്‍ ആക്രമം അഴിച്ചു വിട്ടത്. തുടര്‍ന്ന് ഇവരെ തീവണ്ടിയില്‍ നിന്നും വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജുനൈദ് തല്‍ക്ഷണം മരിച്ചു. ഈദ് ഷോപ്പിങ് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് സഹോദരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. മുസ്ലീങ്ങള്‍, ദേശവിരുദ്ധര്‍, പാകിസ്താനികല്‍, ബീഫ് കഴിക്കുന്നവര്‍ എന്നെക്കെ പറഞ്ഞായിരുന്നു ക്രൂരമര്‍ദനം.

കിരാതമായ ഈ നരനായാട്ടില്‍ പ്രതിഷേധം കത്തി പടരുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച 'നോട്ട് ഇന്‍ മൈ നെയിം' ക്യാംപെയ്‌നില്‍ വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കൂട്ടയ്മയില്‍ രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. ഡല്‍ഹി കൂടാതെ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളായ  ലക്‌നൗ, അലഹാബാദ്, മുംബൈ, ഭോപ്പാല്‍ കൊല്‍ക്കത്ത, ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലും നോട്ട് ഇന്‍ മൈ നെയിം ക്യാംപെയ്ന്‍ നടന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ക്യംപെയ്‌ന് ലഭിച്ചത്. ജുനൈദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ തിരിച്ചറിയല്‍ പരേഡിനു ശേഷമേ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുകയുള്ളൂവത്രേ.

ജുനൈദിന്റെ കൊലപാതകത്തിന് പിന്നാലെ ബീഫിന്റെ പേരില്‍ ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ അലിമുദ്ദീന്‍ അസ്ഗര്‍ അന്‍സാരിയെന്നയാളെ ക്രൂരമായി കൊലപ്പെടുത്തി. ഇയാള്‍ വാനില്‍ നിരോധിത ഇറച്ചി കൊണ്ടുപോയെന്ന് ആരോപിച്ച് മര്‍ദിച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് അക്രമികളില്‍ നിന്ന് ഇയാളെ രക്ഷിച്ച പോലീസ് അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അലീമുദ്ദീന്റെ വാഹനവും അക്രമിസംഘം കത്തിച്ചിട്ടുണ്ട്. ഇതിനിടെ ചത്ത പശുവിനെ വീടിനുള്ളില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് റാഞ്ചിയില്‍ വീടിനു നേരെ തീയിട്ടു. ക്ഷുഭിതരായ ജനക്കൂട്ടം ഗൃഹനാഥനെ മര്‍ദ്ദിച്ചവശനാക്കി. റാഞ്ചിയിലെ ദിയോരി പ്രവിശ്യയിലുള്ള ഹതിയാതാന്‍ഡ് എന്ന ഗ്രാമത്തിലാണ് സംഭവം. ഗൃഹനാഥനായ ഉസ്മാന്‍ അന്‍സാരി ആണ് ആക്രമിക്കപ്പെട്ടത്. ചത്ത പശുവിന്റെ അവശിഷ്ടം വീടിനു സമീപം കണ്ടെത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം.

ഇന്ത്യയിലെ നിയമ സംവിധാനം നോക്കുകുത്തിയാവുന്നു എന്നതിന് തെളിവാണ് ഈ സംഭവങ്ങള്‍. ഇത്തരം ആക്രമണങ്ങളില്‍ കൂടുതലും ഇരകളാകുന്നത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ജനങ്ങളാണെന്നത് ശ്രദ്ധേയമാണ്. ബീഫിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നടന്ന ആക്രമണങ്ങളില്‍ പകുതിയിലധികവും മുസ്ലീങ്ങള്‍ക്കെതിരേ ആയിരുന്നു. ഇക്കാലയളവില്‍ മൊത്തം 63 ആക്രമണങ്ങളാണ് ബീഫിന്റെ പേരിലുണ്ടായത്. ഇതില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണങ്ങളില്‍ 97 ശതമാനവും നടന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷമാണ്. 32 ആക്രമണങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നതാണ് പ്രത്യേകത. 2017 ജൂണ്‍ 25 വരെയുള്ള കണക്കുകളാണിത്.

എട്ട് വര്‍ഷത്തിനിടെ ബീഫ് വിഷയത്തില്‍ കൊല്ലപ്പെട്ടതില്‍ 24 പേരും മുസ്ലിംകളാണ്. 124 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നടന്ന ആക്രമണങ്ങളില്‍ പകുതിയിലധികവും ആരോപണങ്ങളുടെ പേരിലായിരുന്നു. യാഥാര്‍ഥ്യം മനസിലാക്കാതെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ദേശീയതലത്തില്‍ സര്‍ക്കാരിന്റെ പക്കല്‍ ഇതുമായി ബന്ധപ്പെട്ട ഒരു സമഗ്ര റിപ്പോര്‍ട്ടില്ല. ഈ വര്‍ഷം പശുവിന്റെ പേരിലുണ്ടായ ആക്രമണങ്ങള്‍ 20 എണ്ണമാണ്. 2016നേക്കാള്‍ 75 ശതമാനം അധികമാണിത്. അതുപോലെ സംഘം ചേര്‍ന്ന് അടിച്ചുകൊല്ലല്‍, പശുസംരക്ഷകരുടെ ആക്രമണം, മോഷ്ടിച്ചെന്നാരോപിച്ചുള്ള ആക്രമണം എന്നിവയ്ക്ക് പുറമെ ബലാല്‍സംഗം വരെ പശുവിന്റെ പേരില്‍ നടന്നിട്ടുണ്ട്. ഉത്തര്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ കൂടുതല്‍ നടന്നത്.

ദക്ഷിണേന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ കുറവാണ്. ഈ രണ്ട് മേഖലകളില്‍ കൂടി 13 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ആറെണ്ണം കര്‍ണാടകയിലാണ്. ഈ വര്‍ഷം ഏപ്രില്‍ 30ന് അസമില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം മാത്രമാണ് വടക്ക് കിഴക്കന്‍ മേഖലകളിലുണ്ടായത്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന വസ്തുത മറ്റൊന്നാണ്. ഇതുവരെ നടന്ന പശുവാദികളുടെ ആക്രമണങ്ങളില്‍ ഇരകള്‍ക്കെതിരേയാണ് കൂടുതലും കേസെടുത്തിരിക്കുന്നത്. അഞ്ചിലൊന്ന് സംഭവങ്ങളിലും ഇരകളാണ് പ്രതികളും അറസ്റ്റിലായവരും. വെറും അഞ്ച് ശതമാനം കേസുകളില്‍ മാത്രമാണ് അക്രമികള്‍ അറസ്റ്റിലായിട്ടുള്ളത്. 23 കൊലപാതക കേസുകളില്‍ പ്രതികള്‍ വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, ഗോരക്ഷക് സമിതി എന്നിവയുടെ പ്രവര്‍ത്തകരാണ്.

  രാജ്യത്ത് മുന്‍പെങ്ങും ഇല്ലാത്ത വിധം ഗോരക്ഷയുടെ പേരില്‍ കൊലപാതകങ്ങള്‍ പെരുകുമ്പോള്‍ നരേന്ദ്ര മോദി പാലിക്കുന്ന മൗനം കടുത്ത പ്രതിഷേധത്തിനാണ് വഴിവെച്ചത്. എന്നാല്‍ ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്ത സാഹചര്യത്തില്‍ മോദി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മോദി അഹമ്മദാബാദിലെ സബര്‍ബന്‍ ആശ്രമത്തിലെ പരിപാടിയില്‍ വ്യക്തമാക്കി. മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്. അഹിംസയുടെ നാടാണ് ഇന്ത്യയെന്നും എന്തുകൊണ്ടാണ് ആളുകള്‍ ഇത് മറക്കുന്നതെന്നും മോദി ചോദിച്ചു. ദാദ്രി സംഭവം മുതല്‍ ഇക്കഴിഞ്ഞ ദിവസം ജുനൈദിനെ ഗോരക്ഷകര്‍ കൊലപ്പെടുത്തിയത് വരെയുള്ള സംഭവങ്ങളില്‍ മോദി പ്രതികരിച്ചിരുന്നില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് രാജ്യത്ത് പശുവിന്റെ പേരിലുള്ള ആക്രമണവും കൊലപാതകങ്ങളും വര്‍ധിച്ചതെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

'എന്റെ പേരില്‍ വേണ്ട;'പശുവിന്റെ പേരിലുള്ളകൊലക്കെതിരെ ജനകീയ മുന്നേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക