Image

വിലക്കിനെ പരിഹസിച്ച് ആഷിക് അബു, നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും, സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം

Published on 01 July, 2017
വിലക്കിനെ പരിഹസിച്ച് ആഷിക് അബു, നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും, സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം
 
മള്‍ട്ടിപ്ലെക്‌സ് സമരത്തില്‍ നിന്ന് പിന്‍മാറിയതിന്റെ പേരില്‍ അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും നിര്‍മ്മാണ വിതരണ കമ്പനികള്‍ക്ക് ഉള്‍പ്പെടെയുള്ള വിതരണക്കാരുടെ വിലക്കിനെ പരിഹസിച്ച് സംവിധായകനും നിര്‍മ്മാതാവുമായ ആഷിക് അബു. ഞങ്ങള്‍ സിനിമകള്‍ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും. ഒരു സംശയവും അതില്‍ വേണ്ട. നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം എന്നാണ് ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കോരചേട്ടന്‍ ചീട്ടിട്ട് തീരുമാനിച്ചിരുന്ന മലയാള സിനിമയുടെ കാലം കഴിഞ്ഞെന്ന് പലരും മറന്നുപോവുകയാണ്. ഞങ്ങള്‍ സിനിമകള്‍ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും. ഒരു സംശയവും അതില്‍ വേണ്ട. നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം. നിങ്ങള്‍ ഞങ്ങളെ ഊരുവിലക്കാന്‍ തീരുമാനിച്ച നിമിഷം മലയാള സിനിമ രക്ഷപെട്ടു !
ആഷിക് അബു
സമരം ഒത്തുതീര്‍പ്പായെങ്കിലും സമരകാലയളവില്‍ മള്‍ട്ടിപ്‌ളെക്‌സില്‍ സിനിമ നല്‍കിയ ബാനറുകള്‍ക്കെതിരെയുള്ള വിലക്ക് നിലനില്‍ക്കുകയാണ്. സിംഗിള്‍ സ്‌ക്രീനുകളില്‍ നിന്ന് സിനിമ വിലക്കിയാണ് സിഐഎ ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് നേരെ വിതരണക്കാരുടെ സംഘടന ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രതികാര നടപടി തുടരുന്നത്.
ലാഭവിഹിതം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കെ മള്‍ട്ടിപ്ലെക്‌സുകള്‍ക്ക് സിനിമ നല്‍കിയ വിതരണക്കാര്‍ക്ക് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പരോക്ഷ വിലക്കാണ് ഏര്‍പ്പെടുത്തിയത്. തിയറ്ററുകളോട് ഇവരുടെ സിനിമകളുമായി സഹകരിക്കേണ്ടെന്ന് അറിയിച്ചായിരുന്നു തീരുമാനം നടപ്പാക്കിയത്. സിഐഎ: കൊമ്രേഡ് ഇന്‍ അമേരിക്ക വിതരണം ചെയ്ത എആന്‍ഡ്എ റിലീസ്, അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്, കെയര്‍ഫുള്‍ റിലീസ് ചെയ്ത സുരേഷ് ബാലാജിയുടെ വൈഡ് ആംഗിള്‍ പ്രൊഡക്ഷന്‍സ്, ഗോദ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്, എവിഎ, രക്ഷാധികാരി ബൈജു വിതരണം ചെയ്ത ഹണ്ട്രഡ് മങ്കീസ് എന്നീ ബാനറുകളെയാണ് പരോക്ഷമായി വിലക്കാന്‍ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടെയും യോഗം തീരുമാനിച്ചിരുന്നത്. മള്‍ട്ടിപ്‌ളെക്‌സ് സമരം ഒത്തുതീര്‍പ്പിലെത്തിയെങ്കിലും ഈ ബാനറുകളുടെ വിലക്ക് നീക്കാന്‍ വിതരണക്കാര്‍ തയ്യാറായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക