Image

കുടുംബ ജീവിതത്തിനായി അര്‍നോള്‍ഡും മരിയയും വീണ്ടും ഒന്നിക്കുന്നു; സൂപ്പര്‍ ചൊവ്വയിലേക്കു കണ്ണുനട്ട് റോംനി

Published on 02 March, 2012
കുടുംബ ജീവിതത്തിനായി അര്‍നോള്‍ഡും മരിയയും വീണ്ടും ഒന്നിക്കുന്നു; സൂപ്പര്‍ ചൊവ്വയിലേക്കു കണ്ണുനട്ട് റോംനി
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറും ഹോളിവുഡ് താരവുമായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗറും ഭാര്യ മരിയ ഷ്‌റിവറും തമ്മിലുള്ള ബന്ധം വിവാഹമോചനത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണെങ്കിലും പ്രതീക്ഷ അവസാനിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വിവാഹ ബന്ധം നിലനിര്‍ത്തുന്നതിനായി ഇരുവരും കപ്പിള്‍സ് തെറാപ്പിയില്‍ പങ്കെടുത്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മതപരമായ കാരണങ്ങളാല്‍ വിവാഹമോചനത്തെപ്പറ്റി ചിന്തിക്കാനാവില്ലെന്ന നിലപാടിലാണ് ഷ്‌റിവറെങ്കില്‍ തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്താനരുങ്ങുകയാണ് ഹോളിവുഡിലെ മസില്‍മാന്‍ എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തിന് ഉദ്ദരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

താന്‍ ഇപ്പോള്‍ തീര്‍ത്തും പുതിയ ആളാമെന്നും അര്‍നോള്‍ഡ് പറഞ്ഞതായി സുഹൃത്ത് പറയുന്നു. മരിയ ഇല്ലാതെ ജീവിക്കാനാവില്ലെന്ന തിരിച്ചറിവിനു പുറമെ സുഖകരമല്ലാത്ത ദാമ്പത്യം കൊണ്ട് തന്റെ രാഷ്ട്രീയ ഭാവിയും അവതാളത്തിലായെന്ന് അര്‍നോള്‍ഡ് ഇപ്പോള്‍ തിരിച്ചറിയിന്നുണ്ട്. ഇതൊക്കെയാണ് ദാമ്പത്യബന്ധം പുനരാരംഭിക്കാന്‍ അര്‍നോള്‍ഡിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും നല്‍കിയിരിക്കുന്ന വിവാഹമോചനക്കേസില്‍ ലോസ്ഏയ്ഞ്ചല്‍സ് ഡൈവോഴ്‌സ് ഡോക്കറ്റ് 2016 ജൂലൈ ഒന്നിനാണ് വാദം കേള്‍ക്കുന്നത് എന്നതിനാല്‍ ദാമ്പത്യജീവിതം പഴയ പടിയാക്കാന്‍ ഇരുവര്‍ക്കും വേണ്ടുവോളം സമയമുണ്ട്.

സൂപ്പര്‍ ചൊവ്വയിലേക്കു കണ്ണുനട്ട് റോംനി

വാഷിംഗ്ടണ്‍: ബറാക് ഒബാമയ്‌ക്കെതിരേ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആരാകുമെന്ന് അടുത്തയാഴ്ചയോടെ വ്യക്തമാകും. ചൊവ്വാഴ്ച പത്തു സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രൈമറികളോടെ മുന്‍നിര സ്ഥാനാര്‍ഥി ആരെന്ന് ഏകദേശം ഉറപ്പിക്കാം. ഇപ്പോള്‍ മുന്നിലുള്ള മുന്‍ മാസാച്യൂസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനിക്ക് 165 ഡെലിഗേറ്റുകളുടെ പിന്തുണയായി. ഈയാഴ്ച മിഷിഗനിലും അരിസോണയിലും നേടിയ വിജയങ്ങളാണ് റോംനിയ്ക്ക് തുണയായത്.

മിഷിഗണില്‍ റോംനി 41.1 ശതമാനം വോട്ട് നേടിയപ്പോള്‍ തീവ്രയാഥാസ്ഥിതികനായ പെന്‍സില്‍വാനിയയില്‍ നിന്നുള്ള മുന്‍ സെനറ്റര്‍ കൂടിയായ റിക് സാന്‍ന്റോറത്തിന് 38 ശതമാനം വോട്ടാണ് ലഭിച്ചത്. സാന്റോറത്തിന് ഇതുവരെ 83 ഡെലിഗേറ്റുകളുടെ പിന്തുണയാണ് ഉറപ്പായിട്ടുള്ളത്. മുന്‍ സ്പീക്കര്‍ ന്യൂട്ട് ഗിന്‍ഗ്രിച്ചിന് ഇതുവരെ 32-ഉം റോണ്‍ പോളിനു 19 ഉം ഡെലിഗേറ്റുകളാണുള്ളത്. ഓഗസ്റ്റില്‍ ഫ്‌ളോറിഡയിലെ ടാംപയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ഥിത്വം നേടാന്‍ 1144 ഡെലിഗേറ്റുകളുടെ പിന്തുണ വേണം. സൂപ്പര്‍ ചൊവ്വാഴ്ച എന്നറിയപ്പെടുന്ന അടുത്ത ചൊവ്വാഴ്ച 419 ഡെലിഗേറ്റുകളെയാണു തെരഞ്ഞെടുക്കുക. 76 ഡെലിഗേറ്റുകളുള്ള ജോര്‍ജിയ ഗിന്‍ഗ്രിച്ചിന്റെ സംസ്ഥാനമാണ്. അവിടെ അദ്ദേഹത്തിനു വിജയപ്രതീക്ഷയുണ്ട്. 66 ഡെലിഗേറ്റുകളുള്ള ഒഹായോയിലും ഗ്രിന്‍ഗ്രിച്ച് നല്ല പ്രകടനം പ്രതീക്ഷിക്കുന്നു.

യാഥാസ്ഥിതിക സംസ്ഥാനങ്ങളായ ടെന്നസി (58)യിലും ഓക്കല്‍ഹോമ (43)യിലും അദ്ദേഹം കൂടുതല്‍ പിന്തുണ നേടിയേക്കും. ഇവിടങ്ങളില്‍ തിരിച്ചടിയായാല്‍ ഗിന്‍ഗ്രിച്ചിന്റെ സ്ഥാനാര്‍ഥിത്വത്തിനു തിരശീല വീഴും. ഒഹായോയില്‍ റോംനിയും ടെന്നസിയിലും ഓക്കല്‍ഹോമയിലും സാന്‍ടോറവും കാര്യമായ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. റോംനിക്കു മാസച്യുസെറ്റ്‌സ് (41), വിര്‍ജീനിയ (49), നോര്‍ത്ത് ഡക്കോട്ട (28), ഐഡഹോ (32), വെര്‍മോണ്ട് (17) എന്നിവിടങ്ങളില്‍ മുന്‍തൂക്കമുണ്ട്. വാഷിംഗ്ടണില്‍ (43) ഇപ്പോള്‍ ആര്‍ക്കും മുന്‍തൂക്കമില്ല. റോണ്‍ പോള്‍ 27 ഡെലിഗേറ്റുകളുള്ള അലാസ്കയില്‍ പ്രതീക്ഷ വയ്ക്കുന്നു.

അടുത്തയാഴ്ച തന്നെ കാന്‍സസ് (49) വയോമിംഗ് (29) വിര്‍ജിന്‍ ഐലന്‍ഡ്‌സ് (9) സംസ്ഥാനങ്ങളിലും പ്രൈമറി നടക്കും. ഈയാഴ്ചത്തെ വിജയത്തോടെ റോംനി സൂപ്പര്‍ ചൊവ്വാഴ്ചയിലേക്കു പ്രതീക്ഷയോടെയാണു നോക്കുന്നത്. അതേസമയം, ഒബാമയുടെ ജനപ്രീതി ഈ ആഴ്ചകളില്‍ വര്‍ധിച്ചതു റിപ്പബ്ലിക്കന്‍ പ്രതീക്ഷകള്‍ക്കു തിരിച്ചടിയാണ്. മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ വര്‍ധനയുമാണ് ഒബാമയ്ക്കു പ്രീതി കൂട്ടുന്നത്.

ഗൂഗിളിനു പുതിയ സ്വകാര്യതാ നയം

വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റ് ഭീമന്‍ "ഗൂഗിള്‍' സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തി. ഗൂഗിളിന്റെ ഏതെങ്കിലുമൊരു സൈറ്റ് ഉപയോഗിക്കുമ്പോള്‍ നല്‍കുന്ന സ്വകാര്യ വിവരങ്ങളും മറ്റും കമ്പനിയുടെ ഇതര സൈറ്റുകളുമായി പങ്കുവെക്കുമെന്നതാണ് പുതിയ നയത്തിന്റെ പ്രധാന സവിശേഷത. കൂടാതെ, ഉപയോക്താവ് വെബ്‌സൈറ്റ് ഉപയോഗിച്ചതു (ബ്രൗസിംഗ്) സംബന്ധിച്ച എല്ലാ വിവരങ്ങളും ഗൂഗിളിന്റെ മറ്റു സൈറ്റുകളുമായി പങ്കിടും.

ഗൂഗിളിനു പുറമെ ഗൂഗിള്‍ പ്ലസ്, ജിമെയില്‍, യൂട്യൂബ്,ബ്ലോഗര്‍ തുടങ്ങി വിവിധ വെബ്‌സൈറ്റുകള്‍ കമ്പനിക്കുണ്ട്. ഇവയ്‌ക്കെല്ലാം വെവ്വേറെയുണ്ടായിരുന്ന സ്വകാര്യതാ മാര്‍ഗനിര്‍ദേശങ്ങള്‍ സംയോജിപ്പിച്ച് ഒറ്റ സ്വകാര്യതാ നയമാണ് ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് വ്യാഴാഴ്ച പ്രാബല്യത്തില്‍വന്നു.

സ്വകാര്യ വിവരങ്ങള്‍ തങ്ങളുടെ വ്യത്യസ്ത സൈറ്റുകള്‍ക്കിടയില്‍ പങ്കിടുന്നത് ഉപയോക്താവിന്റെ സെര്‍ച്ചിംഗും ബ്രൗസിംഗും കൂടുതല്‍ ഫലപ്രദമാക്കാന്‍ ഉപകരിക്കുമെന്നാണ് ഗൂഗിള്‍ അധികൃതര്‍ പറയുന്നത്.

ഭീകരവിരുദ്ധ പോരാട്ടം: ഇന്ത്യയില്‍ യുഎസിന്റെ പ്രത്യേക സേന

വാഷിംഗ്ടണ്‍: ഭീകരവിരുദ്ധ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ചു തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ പ്രത്യേക സേനയെ നിയോഗിച്ചിട്ടുണ്‌ടെന്ന് പെന്റഗണ്‍ വെളിപ്പെടുത്തി. ഇന്ത്യയെ കൂടാതെ ശ്രീലങ്ക, ബംഗ്‌ളാദേശ്, നേപ്പാള്‍, മാലദ്വീപ് എന്നിവിടങ്ങളിലാണ് യുഎസ് സേനയെ നിയോഗിച്ചിരിക്കുന്നതെന്ന് പെന്റഗണിലെ കമാന്‍ഡര്‍ റോബര്‍ട്ട് വില്ലാര്‍ഡ് പറഞ്ഞു.

സമുദ്രാന്തര സഹകരണത്തിനാണ് ഇതിലൂടെ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും എന്നാല്‍ അതാത് സര്‍ക്കാരുകള്‍ തമ്മിലും സഹകരണം സാദ്ധ്യമാക്കുന്നുണെ്ടന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കറെ ത്വയ്ബ അപകടകാരിയായ സംഘടനയാണെന്നും വില്ലാര്‍ഡ് പറഞ്ഞു.

ഇറാന്‍ എണ്ണ: ഇന്ത്യ സഹകരിക്കുന്നുണ്‌ടെന്ന് ഹിലരി

വാഷിംഗ്ടണ്‍: എണ്ണ ഇറക്കുമതിയില്‍ ഇറാനെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരണമെന്ന യു.എസ്. ഭരണകൂടത്തിന്റെ നിര്‍ദേശം അനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിച്ചുതുടങ്ങിയെന്ന് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് അഭിപ്രായപ്പെട്ട ഹിലരി, പരസ്യപ്രസ്താവനകള്‍ മറിച്ചാണെങ്കിലും ഇന്ത്യയിലെ ബാങ്കുകള്‍ ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധവുമായി സഹകരിക്കുന്നുണ്‌ടെന്നും വ്യക്തമാക്കി. ഇറാന്റെ ആണവപരിപാടിക്കെതിരെ ശക്തമായി രംഗത്തുള്ള അമേരിക്കന്‍ ഭരണകൂടം ഇന്ത്യ, ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളോട് എണ്ണ ഇറക്കുമതിയില്‍ ഇറാനെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ ഈ രാജ്യങ്ങളുമായി യുഎസ് ഗൗരവപൂര്‍ണവും തുറന്നതുമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഹിലരി കഴിഞ്ഞദിവസം മറ്റൊരു കോണ്‍ഗ്രസ് സമിതിയെയും അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികളില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ചൈനയും ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ശ്രമം തുടങ്ങിയതായി ഹിലരി കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചു. ഇറാനില്‍നിന്നുള്ള ഇറക്കുമതി കുറച്ചാല്‍ ഉണ്ടാകുന്ന എണ്ണ ദൗര്‍ലഭ്യം നേരിടാന്‍ ചൈന സൗദിയടക്കമുള്ള രാജ്യങ്ങളെ സമീപിച്ചിട്ടുണെ്ടന്നും ഹിലരി കോണ്‍ഗ്രസ് സമിതിയെ അറിയി­ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക