Image

അര്‍ദ്ധരാത്രിയിലെ രാഷ്ട്രീയ നാടകവും ചരക്ക് സേവന നികുതിയും(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 02 July, 2017
 അര്‍ദ്ധരാത്രിയിലെ രാഷ്ട്രീയ നാടകവും ചരക്ക് സേവന നികുതിയും(ദല്‍ഹികത്ത് : പി.വി.തോമസ്)
ഒരു രാഷ്ട്രം, ഒരു ജനത എന്ന ഇന്‍ഡ്യന്‍ ഭരണഘടന സങ്കല്പത്തിന് ക്രമാനുഗതമായി ക്ഷതം രാഷ്ട്രീയക്കാരില്‍ നിന്നും സംഘപരിവാറികളില്‍ നിന്നും അവരുടെ സൃഷ്ടിയായ പശുസംരക്ഷകരില്‍ നിന്നും ഏല്‍ക്കുമ്പോഴാണ് ഒരു ജനത ഒരു നികുതി എന്ന ചരക്ക് സേവന നികുതി കേന്ദ്ര ഗവണ്‍മെന്റ് പ്രാവര്‍ത്തീകം ആക്കിയിരിക്കുന്നത്. ഇതിനെ മുദ്രാവാക്യങ്ങളുടെ പിതാവായ പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുഡ് ആന്റ് സിമ്പിള്‍ ടാക്‌സ്(ജി.എസ്.റ്റി) എന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് ഗ്രെയിറ്റ് സെല്‍ഫ് പ്രമോഷ്ണല്‍ തമാശ(ജി.എസ്.റ്റി.) എന്നും അവരവരുടെ മനോഗതി അനുസരിച്ച് വിശേഷിപ്പിക്കുകയുണ്ടായി.

ഒരു രാഷ്ട്രം, ഒരു ജനത എന്നതുപോലെ പ്രധാനപ്പെട്ടതാണ് ഒരു രാഷ്ട്രം ഒരു നികുതി എന്നത്. ഞാന്‍ ആദ്യത്തേതിന് മുന്‍ തൂക്കം നല്‍കുമെങ്കിലും രണ്ടാമത്തേത് ധീരമായ ഒരു സാമ്പത്തീക പരിഷ്‌ക്കരണം ആണ് എന്ന് സമ്മതിക്കുന്നു. നരേന്ദ്രമോഡി പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ നടന്ന പാതിരാത്രിയിലെ ആ ചടങ്ങില്‍ ജൂണ്‍ 30ന് പറഞ്ഞതു പോലെ ജി.എസ്.റ്റി. അഥവ ചരക്ക് സേവന നികുതി നികുതി ഭീകരവാദത്തില്‍ നിന്നും ഇന്‍സ്‌പെക്ടര്‍ രാജില്‍ നിന്നുള്ള വിമുക്തി ആണ്. അതുപോലെ തന്നെ ജനാധിപത്യ കീഴ് വഴക്കങ്ങളെ മാനിച്ചുകൊണ്ട് പറയുകയുണ്ടായി ചരക്ക് സേവന നികുതി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ മാത്രം നേട്ടം അല്ല അത് ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ പൈതൃകമാണ്. ശരിയാണത്. എന്നിട്ടും എന്തുകൊണ്ട് അതിന്റെ ഉപജ്ഞാതാവായ കോണ്‍ഗ്രസും മറ്റും ആ പാതിരാത്രി സമ്മേളനത്തില്‍ നിന്നും വിട്ടുനിന്നു പ്രതിഷേധ സൂചകമായി? അത് വളരെ രസകരമായ ഒരു കഥയാണ്. അതാണ് ആ പാത്രിരാത്രി രാഷ്ട്രീയ നാടകത്തിന്റെ കഥാതന്തുവും.

കോണ്‍ഗ്രസ് ആണ് ഈ നിയമത്തിന്റെ ഉപജ്ഞാതാവ്. പക്ഷേ, കോണ്‍ഗ്രസ് സെന്‍ട്രല്‍ ഹാളിലെ ആ സമ്മേളനം ബഹിഷ്‌ക്കരിച്ചു. പക്ഷേ കോണ്‍ഗ്രസ് നയിച്ച പ്രതിപക്ഷത്തിലും വിള്ളലുണ്ടായി. ഈ ബില്ല് യു.പി.എ. ഗവണ്‍മെന്റ് പാര്‍ലിമെന്റില്‍ കൊണ്ടുവന്നപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തവര്‍ ഇപ്പോള്‍ അതിന്റെ നെടുനായകത്വം ഏറ്റെടുത്തു. അവര്‍ക്കിടയിലും വിള്ളലുണ്ടായി. വിശദീകരിക്കാം.

യു.പി.എ. ഗവണ്‍മെന്റ് ചരക്ക് സേവന നികുതി ബില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ പ്രധാനമായും എതിര്‍ത്തത് ബി.ജെ.പി. ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ ആയിരുന്നു. ഗുജറാത്തും, മധ്യപ്രദേശും. അതായത് നരേന്ദ്രമോഡിയും ശിവരാജ് സിംങ്ങ് ചൗഹാനും! ഗുജറാത്തിന്റെ ധനകാര്യമന്ത്രിയെ മോഡി പാര്‍ലിമെന്ററി സ്റ്റാന്റിംങ്ങ് കമ്മറ്റി മുമ്പാകെ അയച്ച് ചരക്ക് സേവന നികുതിക്ക് എതിരായി ശക്തമായും സമര്‍ത്ഥമായും വാദിപ്പിച്ചു! ഇന്ന് ആ മോഡിയും ബി.ജെ.പി.യും ആണ് ഈ നികുതി പരിഷ്‌ക്കരണത്തിന്റെ സകല ക്രെഡിറ്റും എടുക്കുന്നത്. ചിത്രം വിചിത്രം എന്നല്ലാതെ എന്ത് പറയേണ്ടു?

ഇനി കോണ്‍ഗ്രസിന്റെ കഥ. കോണ്‍ഗ്രസ് ആരംഭം മുതലെ ചരക്ക് സേവന നികുതിയുടെ പക്ഷത്ത് ആയിരുന്നു. പക്ഷേ, അവര്‍ അതിന്റെ പാതിരാ വിളംബരത്തില്‍ നിന്നും വിട്ട് നിന്നു. കാരണം? രണ്ട് മൂന്ന് കാരണങ്ങള്‍ ഉണ്ട്. പ്രധാനമായ കാരണം ബി.ജെ.പി.യും മോഡിയും ഇതിന്റെ ക്രെഡിറ്റ് എടുക്കുന്നതു തന്നെ. ഇത് ശുദ്ധമായ രാഷ്ട്രീയ ഭോഷ്‌ക്ക് ആണ്.

കോണ്‍ഗ്രസിന്റെ വാദഗതി പ്രകാരം ചരക്ക് സേവന നികുതി പ്രഖ്യാപനത്തിന്റെ പേരില്‍ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന കോലാഹലങ്ങള്‍ അസ്ഥാനത്താണ്. പ്രത്യേകിച്ചും ന്യൂനപക്ഷത്തെ പശു സംരക്ഷകര്‍ തെരുവുകളില്‍ കൊന്നൊടുക്കുമ്പോള്‍. ഈ വാദം ഈ ചടങ്ങിനെ ബഹിഷ്‌ക്കരിക്കുന്നതുമായി ബന്ധം ഇല്ല. സംഭവം ശരി തന്നെ. പക്ഷേ, അതിന്റെ പേരില്‍ എന്തിന് ഇതുപോലുള്ള ചരിത്രപരമായ ഒരു മുഹൂര്‍ത്തത്തെ ബഹിഷ്‌ക്കരിക്കണം? മനസ്സിലാകുന്നില്ല. കോണ്‍ഗ്രസിന്റെ മറ്റൊരു വാദം പഠിക്കാവുന്നതാണ്. അതായത് ഈ ചരക്ക് സേവന നികുതി നിയമം കുറ്റം അറ്റതല്ല. ശരി ആയിരിക്കാം. പക്ഷേ, അത് പാര്‍ലിമെന്റ് ഏകകണ്‌ഠേന പാസാക്കിയത് ആണ്. കോണ്‍ഗ്രസും അതില്‍ ഭാഗവാക്ക് ആണ്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ഇതിനെ ഗ്രെയിറ്റ് സെല്‍ഫ് പ്രമോഷന്‍ തമാശ(ജി.എസ്.റ്റി) എന്ന് വിളിച്ച് പരിഹസിക്കുന്നതില്‍ വലിയ അര്‍ത്ഥം ഒന്നും ഇല്ല. മോഡി അത് അതിനെക്കാള്‍ സമര്‍ത്ഥമായി പറഞ്ഞു: ഗുഡ് ആന്റ്  സിമ്പിള്‍ ടാക്‌സ്(ജി.എസ്.റ്റി.). ഇത് രണ്ടും വാക്കുകള്‍ കൊണ്ടുള്ള കളിമാത്രം ആണ്.

 കോണ്‍ഗ്രസിന്റെ മറ്റൊരു ആരോപണം ഇങ്ങനെ ഒരു പാതിരാത്രി സമ്മേളനം സെന്‍ട്രല്‍ ഹാളില്‍ ഒരു നികുതി നിര്‍മ്മാണം സംബന്ധിച്ച്  നടത്തുന്നതിനെതിരെ ആണ്. അതും പരിശോധിക്കാം. കോണ്‍ഗ്രസിന്റെ നിലപാട് പ്രകാരം പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ അതിവിശിഷ്ടമായ ഒരു സ്ഥലം ആണ്. അത് രാഷ്ട്രത്തിന്റെ ചരിത്രത്തിലെ അതിമഹനീയമായ സംഭവങ്ങള്‍ക്ക് മാത്രം സാക്ഷ്യം വഹിച്ചിട്ടുള്ള ഒരിടം ആണ്. ഭരണഘടനയുടെ നിര്‍മ്മാണം നടന്നത് ഇവിടെ ആണ്. അന്ന് അത് കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍ എന്ന പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്. 1947, ഓഗസ്റ്റ് 14-ാം തീയതി അര്‍ദ്ധരാത്രിയില്‍ ഇവിടെ വച്ചാണ് ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടത്. ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 'ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി' എന്ന പ്രസംഗം ഓര്‍മ്മിക്കുക. ആ പാതിരാത്രിയില്‍ ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്‍ഡ്യ ഒരു പുതിയ പ്രഭാതത്തിലേക്ക് ഉണരുകയാണെന്ന് നെഹ്‌റു പ്രഖ്യാപിച്ചത് എന്തൊരു ചരിത്രമുഹൂര്‍ത്തം ആയിരുന്നു.
രണ്ടാമത് ഒരു പാതിരാത്രി സമ്മേളനം സെന്‍ട്രല്‍ ഹാളില്‍ നടന്നത് 1972 ഓഗസ്ത് 14 ആയിരുന്നു. സന്ദര്‍ഭം ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷം. മൂന്നാമതായി 1992 ഓഗസ്ത് ഒമ്പതിന് സെന്‍ട്രല്‍ ഹാള്‍ ഒരിക്കല്‍ക്കൂടെ പാതിരാത്രിയില്‍ സമ്മേളിച്ചു. അവസരം ക്വിറ്റ് ഇന്‍ഡ്യ മൂവ്‌മെന്റിന്റെ അമ്പതാം വാര്‍ഷികം. അവസാനമായി പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ ഒരു പാതിരാത്രിയില്‍ കൂടുന്നത് 1997, ഓഗസ്ത് പതിനാലിന് സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷത്തിന് ആയിട്ട് ആയിരുന്നു. അന്ന് ലതാ മങ്കേഷ്‌ക്കര്‍ സന്നിഹിതയായിരുന്നത് ഞാന്‍ ഒരു മാധ്യമ ഭാഗവാക്ക് എന്ന നിലയില്‍ ഓര്‍മ്മിക്കുന്നു. കോണ്‍ഗ്രസിന്റെ ബഹിഷ്‌ക്കരണ വാദഗതി പ്രകാരം സെന്‍ട്രല്‍ ഹാളും അര്‍ദ്ധരാത്രിയും ഇതുപോലുള്ള ഒരു നികുതി പ്രഖ്യാപനത്തിനായി ചെറുതാക്കരുത്. ഇതൊക്കെ വെറും ബാലിശമായ പഴഞ്ചന്‍ ചിന്താഗതിയാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ഈ വക നെഗറ്റീവ് രാഷ്ട്രീയം ഉപേക്ഷിക്കണം. നല്ല ഒരു ശതമാനം വരെ കോണ്‍ഗ്രസിനും അഭിമാനിക്കാവുന്നതാണ്, അവകാശപ്പെട്ടതാണ് പുതിയ ഈ ചരക്ക് സേവന നികുതി. കോണ്‍ഗ്രസ് പങ്കെടുക്കാതിരുന്നത് അതിന്റെ പരിണിതഫലം മോശം ആണെങ്കില്‍ തടി രക്ഷിക്കുവാന്‍ ആയിട്ട് ആണെങ്കില്‍ അതും അബന്ധം ആണ്.

പ്രതിപക്ഷത്തെ ഒറ്റക്ക് നിറുത്തുവാന്‍ സാധിക്കാതെ പോയതും കോണ്‍ഗ്രസിന്റെ പരാജയം ആണ്. കോണ്‍ഗ്രസിനൊപ്പം പാതിരാ സമ്മേളനം ബഹിഷ്‌ക്കരിക്കുന്നതില്‍ യോജിച്ച പ്രതിപക്ഷ കക്ഷികള്‍ ത്രിണമൂണ്‍ കോണ്‍ഗ്രസും, ഇടതും, ഡി.എം.കെ.യും. രാഷ്ട്രീയ ജനതദളും മാത്രം ആണ്. സമാജ് വാദി പാര്‍ട്ടിയും, ബഹുജന്‍ സമാജ് പാര്‍ട്ടിയും, നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും, ജനത ദളും(സെക്യുലര്‍), സമ്മേളനത്തില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന് തിരിച്ചടിയായി. പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഉപജ്ഞാതാവായ നിതീഷ്‌കുമാര്‍(ജെ.ഡി.(യു) നേരത്തെ തന്നെ പ്രതിപക്ഷം വിട്ട് ബി.ജെ.പി.യോട് അനുനയം തുടങ്ങിയിരുന്നു.

സമ്മേളന ബഹിഷ്‌ക്കരണത്തിന്റെ കാരണമായി കോണ്‍ഗ്രസ് ഉന്നയിച്ച മറ്റൊരു പോയിന്റും ബാലിശം ആണ്. അതായത് യു.പി.എ. വളരെ പ്രധാനപ്പെട്ട ചില നിയമങ്ങള്‍- വിവരാവകാശം, വിദ്യാഭ്യാസ അവകാശം, ഭക്ഷ്യസുരക്ഷ-കൊണ്ടുവരികയുണ്ടായി. പക്ഷേ, അതിനൊന്നും ഈ വക ആര്‍ഭാടം നിറഞ്ഞ സെന്‍ട്രല്‍ ഹാളിലെ പാതിരാത്രി ആഘോഷം ഉണ്ടായിരുന്നില്ല. ശരിയാണ് ഈ നിയമങ്ങള്‍ ഇന്‍ഡ്യയുടെ ഭരണചരിത്രത്തിലെ നാഴിക കല്ലുകള്‍ ആണ്. അതുകൊണ്ട് മറ്റൊരു നിയമത്തിന്റെ ആഘോഷത്തിന് പ്രസക്തി ഇല്ലെന്ന് ഉണ്ടോ? ഈ നിയമത്തിന്റെ ഉദ്ഘാടനവേളയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി സെന്‍ട്രല്‍ ഹാളില്‍ മാത്രം അല്ല ഇന്‍ഡ്യയില്‍ തന്നെ ഉണ്ടായിരുന്നില്ല. എന്തേ അദ്ദേഹത്തിന് ഇതൊന്നും ഗൗരവപരമായ കാര്യങ്ങള്‍ അല്ലേ? അദ്ദേഹത്തിന്റെ പ്രതികരണം ട്വിറ്ററിലൂടെ മാത്രം ആയിരുന്നു!

ബി.ജെ.പി.യുടെ ഭാഗത്തും ചരക്ക് സേവന നിയമത്തിന് ചുവപ്പു കൊടി ഉയര്‍ത്തിയവര്‍ ഉണ്ടായിരുന്നു. പക്ഷേ, ശിവസേന സമ്മേളനം ബഹിഷ്‌ക്കരിച്ചില്ല. അതൃപ്തി പ്രകടിപ്പിച്ചു. എന്‍.ഡി.എ.യുടെ മുന്‍ ധനകാര്യമന്ത്രിയും ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവും ആയ യശ വന്ത് സിന്‍ഹ ചരക്ക് സേവന നികുതിയെ വിമര്‍ശിക്കുന്ന നിലപാട് തുടരുക തന്നെ ചെയ്തു. ഇത് സാക്ഷാല്‍ ചരക്ക് സേവന നികുതി അല്ല. വ്യാജം ആണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ വിശദമായി പഠിച്ചാല്‍ അതില്‍ കഴമ്പുണ്ടെന്ന് മനസിലാകും.
ചരക്ക് സേവന നികുതി ഒരു ചരിത്രസംഭവം ആണ് സാമ്പത്തിക പരിഷ്‌ക്കരണത്തില്‍. അത് വളരെയേറെ രാഷ്ട്രീയ പാര്‍ട്ടികളുടെ, സംസ്ഥാനങ്ങളുടെ കൂട്ടായ്മയുടെ ഫലം ആണ്. അത് മോഡി ഗവണ്‍മെന്റ് നടപ്പില്‍ വരുത്തിയ രീതിയോട് വിയോജിപ്പ് ഉണ്ടായിരിക്കാം. ഈ നിയമം കുറ്റം അറ്റതും അല്ല. പക്ഷേ, ഇത് ഒരു തുടക്കം ആണ്. മോഡിയുടെ മറ്റൊരു ചൂതുകളി ആണ് അത്. നാണയ നിര്‍വീരീകരണം പോലെ. സര്‍ജിക്കല്‍ സെട്രൈക്ക് പോലെ. ഇവ രണ്ടില്‍ നിന്നും വ്യത്യസ്തമായി ഇത് ഒരു കക്ഷിഭേദസംരംഭമാണ്. അതിന്റെ വിജയത്തിലും പരാജയത്തിലും എല്ലാവര്‍ക്കും പങ്കുണ്ട്. പക്ഷേ, അത് വിജയിച്ചാല്‍ 2019- ല്‍ അതിന്റെ ഫലം കൊയ്യുന്നത് മോഡി മാത്രം ആയിരിക്കും.

 അര്‍ദ്ധരാത്രിയിലെ രാഷ്ട്രീയ നാടകവും ചരക്ക് സേവന നികുതിയും(ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക