Image

ശിഥിലബന്ധം- (ചെറുകഥ: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 03 July, 2017
ശിഥിലബന്ധം- (ചെറുകഥ: ജോണ്‍ വേറ്റം)
ഒരാഴ്ചയായി കൃഷ്ണപിള്ള കട്ടിലില്‍ത്തന്നെ കിടപ്പാണ്. എഴുന്നേറ്റ് അല്പമെങ്കിലും നടക്കുവാന്‍ അയാള്‍ക്കു ദാഹവും മോഹവുമുണ്ടായി. പക്ഷേ സ്വയം നിവര്‍ന്നിരിക്കുവാനുള്ള ശക്തിപോലുമില്ല. ആഗ്രഹങ്ങളറിഞ്ഞു ശുശ്രൂഷിക്കുവാന്‍ ഒരു ബന്ധുവുണ്ടെങ്കില്‍ എന്നു കൊതിച്ചുപോയി. നിരര്‍ത്ഥമായൊരു വികാരം!

ഡ്യൂട്ടിയിലുള്ള നേഴ്‌സിനെ വിളിച്ചു, തളര്‍ന്ന ശബ്ദത്തില്‍. നേഴ്‌സ് അരികിലെത്തി. അപ്പോള്‍ കൃഷ്ണപിള്ള പറഞ്ഞു: 'എനിക്കല്പനേരമൊന്നിരിക്കണം.'

'ബാക്ക് റെസ്റ്റിന്റെ' സഹായത്തോടെ കൃഷ്ണപിള്ളയെ കട്ടിലില്‍ ഇരുത്തി. അയാള്‍ ജാലകത്തിലൂടെ പടിഞ്ഞാറോട്ടു നോക്കി. പകല്‍ എരിഞ്ഞടങ്ങാന്‍ തുടങ്ങുന്നതു കണ്ടു.

കളരിപ്പയറ്റിലും നാടന്‍ ഗുസ്തിയിലും പേരെടുത്ത് അഭിനന്ദനങ്ങളും പാരിതോഷികങ്ങളും വാങ്ങിയിട്ടുള്ള കൃഷ്ണപിള്ളയുടെ ശരീരം ആരെയും ആകര്‍ഷിക്കുമായിരുന്നു, ഒരു കാലഘട്ടത്തില്‍. ഇന്നതു പരസഹായംകൊണ്ടുമാത്രം നീക്കംചെയ്യാവുന്ന ഒരു മാംസപിണ്ഡം പോലെയായിരിക്കുന്നു. അനുകമ്പ പകരുന്ന ഒരു വിരൂപം!

ജീവിതം താങ്ങാനാവാത്ത ഒരു ഭാരമായിത്തീര്‍ന്നിരിക്കുന്നു. ഉറ്റവരും ഉടയവരുമില്ലാത്ത ഒരനാഥന്‍! സ്വാന്ത്വനത്തിന്റെ ശബ്ദം കേള്‍ക്കുവാന്‍ കഴിയാത്ത ഭാഗ്യദോഷി!

സകലതിനെയും അയാള്‍ വെറുത്തുകഴിഞ്ഞു! ഇനി ആരുടെയും അനുകമ്പ ആവശ്യമില്ല. മരിക്കുവാന്‍ ദാഹിക്കുകയാണ്. എങ്കിലും ആ ശാശ്വതത്വത്തിലേയ്ക്കുള്ള ദൂരം നിര്‍ണ്ണയിക്കുവാന്‍ കഴിയുന്നില്ല.
ശൂന്യാകാശത്തിനു താഴെ മരുഭൂമിയില്‍ മുറിവേറ്റുവീണ ഒരു കിളിയെപ്പോലെ, കൃഷ്ണപിള്ള ഒറ്റപ്പെട്ടിരിക്കുന്നു! ഒരു ശൂന്യവാദിയായിത്തീര്‍ന്നിരിക്കുന്നു!

സ്‌നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും സഹിച്ചും ക്ഷമിച്ചും ജീവിച്ചതിന്റെ പ്രതിഫലമാണ് ആ നിലയെന്നു കൃഷ്ണപിള്ളയ്ക്കു തോന്നി. സ്വയം പഴിക്കുകയും ചെയ്തു.
ഓര്‍ക്കുവാന്‍വേണ്ടി ശപതമായ ദുഃഖങ്ങളും മറക്കുവാന്‍വേണ്ടി അനുഗ്രഹിക്കപ്പെട്ട അനുഭവങ്ങളും ജീവിതത്തില്‍ ഉണ്ടാകരുതെന്നു കരുതിയതാണ്. എങ്കിലും ആനന്ദം തുടിച്ചുനിന്നു, നഷ്ടപ്പെട്ട, ഒരു കാലഘട്ടത്തിന്റെ രൂപം മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. അവയുടെ പിന്നില്‍ നൊമ്പരം ചിറകെട്ടിക്കിടക്കുന്നു.

ഭൂതകാലത്തെ ഓര്‍ത്തു വിങ്ങിപ്പൊട്ടിയതുകൊണ്ടു ഫലമില്ലെന്നറിയാം. എന്നാലും യാതനകളുമായി ത്യാഗത്തിന്റെ മാര്‍ഗ്ഗങ്ങളിലൂടെ സ്‌നേഹപ്രകാശത്തോടുകൂടി യാത്രചെയ്തു ജീവിതം കൃതാര്‍ത്ഥമാക്കുവാന്‍ ശ്രമിച്ച തന്റെ നിഷ്‌ക്കളങ്കത വഞ്ചിക്കപ്പെട്ടുവല്ലോ എന്ന ഓര്‍മ്മ ഉണ്ടാകുമ്പോഴൊക്കെ നിസ്സഹായതയുടെയും പ്രാണവേദനയുടെയും നടുവില്‍ തളര്‍ന്നുവീണു തേങ്ങിപ്പോകുന്നു. മരവിച്ച മനസ്സും മുരടിച്ച മോഹങ്ങളും വിങ്ങുന്നു.

 നിറംമങ്ങുന്ന നീരദനിരകളില്‍ അയാളുടെ നയനങ്ങള്‍ തറഞ്ഞുനിന്നു. ഒളിച്ചോടുന്ന പകല്‍വെളിച്ചത്തിന്റെ പിന്നില്‍നിന്ന് ഇരുള്‍ ഇരമ്പിവരുന്നു. കാഴ്ച അതില്‍ നശിക്കുന്നു.
നൈരാശ്യത്തിന്റെ കയത്തില്‍ താണുപോയ കൃഷ്ണപിള്ള നെടുതായി നിശ്വസിച്ചു. ലോകത്തിന്റെ അലകടലില്‍ സൂക്ഷിച്ചു തുഴഞ്ഞിട്ടും നിത്യദുഃഖത്തിന്റെ ഒരു തുറമുഖത്താണല്ലോ തന്റെ ജീവിത നൗക എത്തിച്ചേര്‍ന്നത് എന്നു ഖിന്നതയോടുകൂടി ചിന്തിച്ചു.

വിവാഹത്തിനുമുമ്പു വധുവാകേണ്ടവളെക്കുറിച്ചു അന്വേഷിച്ചില്ല, പഠിച്ചില്ല, ശരിയായ ചേര്‍ച്ച നോക്കിയില്ല-അതാണ് തന്റെ പരാജയത്തിന്റെ പിന്നിലുള്ള പ്രധാനകാരണമെന്ന് അയാള്‍ വിശ്വസിച്ചു. സര്‍വ്വാത്മനാ സ്‌നേഹിക്കുകയും മോഹിക്കുകയും ചെയ്ത, തന്നെമാത്രം ഓര്‍ത്തു കാത്തുകാത്തിരുന്നു കരളു പുകഞ്ഞു കരഞ്ഞ, ഒരു പാവപ്പെട്ടവളുടെ ശാപമാണ് മറ്റൊരു ഹേതുവെന്നും അയാള്‍ സംശയിച്ചു.

സംവത്സരങ്ങള്‍ പിന്നിട്ടു വന്നുവെങ്കിലും അവളെ വിസ്മരിക്കുവാന്‍ ഒട്ടും കഴിഞ്ഞിട്ടില്ല. മങ്ങുകയും മായുകയും ചെയ്യാതെ കരളിന്റെ കലാശാലയില്‍ കമലമ്മയുടെ ചിത്രം ഇപ്പോഴും തൂങ്ങിനില്‍ക്കുന്നു-ഒരു കെടാവിളക്കുപോലെ. വശ്യമായ പുഞ്ചിരി കണ്ണില്‍ മിന്നുന്നു-കിനാവുപോലെ. മനസ്സിന്റെ മന്ദരക്കാട്ടില്‍ അവളുടെ നിലവിളിയും മുഴങ്ങുന്നു.

വീണ്ടുകിട്ടാനാവാത്ത മധുരവും മായാമോഹനവുമായ കുറെ നാളുകള്‍. കൃഷ്ണപിള്ളയുടെ ജീവിതത്തിലെ വസന്തം. അതിന്റെ ദേവതയായിരുന്നു കമലമ്മ.

കൃഷ്ണപിള്ളയുടെ വീട്ടിലെ വേലക്കാരിയുടെ മകളായിരുന്നു അവള്‍. അയലത്തെ ആ സുന്ദരി കൃഷ്ണപിള്ളയുടെ ബാല്യസഖിയായിരുന്നു. കളിച്ചും കലഹിച്ചും കഴിഞ്ഞുകൂടിയ ഘട്ടം പിന്നിട്ടപ്പോള്‍ അവര്‍ വളര്‍ന്നു. കമലമ്മ- ആ സൂനം വിടര്‍ന്നു. ഏതൊരു പുരുഷനെയും ആകര്‍ഷിച്ചു വികാരങ്ങളെ വിളിച്ചുണര്‍ത്തുന്ന മട്ടില്‍. വിധി അവളുടെ അമ്മയെ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റിയപ്പോള്‍ കമലമ്മ കൃഷ്ണപിള്ളയുടെ വീട്ടിലെ വേലക്കാരിയായി. അതോടുകൂടി അനര്‍ഘമായ ഒരു ബന്ധം സൃഷ്ടിക്കുന്നതിനു തക്ക അനുഭൂതി നിറഞ്ഞ, ആനന്ദകരമായ, വേളകള്‍ അവര്‍ക്കു ലഭിച്ചു. വിഫലമാകുമെന്നറിഞ്ഞിട്ടും, അരുതാത്ത അനുരാഗത്തിന്റെ മണിദീപം അവരുടെ ആത്മാവുകളില്‍ തെളിഞ്ഞു. ആരുമാരുമറിയാതെ അതു വിളങ്ങി.

ഒരു 'മലര്‍മങ്ക' പോലെ കൃഷ്ണപിള്ളയുടെ ഹൃദയത്തില്‍ കമലമ്മ നിറഞ്ഞുനിന്നു. ഒരു ചിത്രശലഭത്തെപ്പോലെ എപ്പോഴും അയാളുടെ ചിന്തകളില്‍ അവള്‍ പറന്നു രസിച്ചു. അവളുടെ വികാരങ്ങളും വിചാരങ്ങളും കൃഷ്ണപിള്ളയെപ്പറ്റിമാത്രമായി.

ആശങ്ക കൂടാതെ അവള്‍ പ്രകടിപ്പിച്ച യഥാര്‍ത്ഥവും അഗാധവുമായ ആത്മാര്‍ത്ഥതയെ കൃഷ്ണപിള്ള വാരിപ്പുണര്‍ന്നു. സൂക്ഷിച്ചും ഭയന്നും കാണാമറയത്തു മുട്ടികൂടിയിരുന്നു സംസാരിച്ചപ്പോഴൊക്കെ ഇളക്കപ്പെട്ട മൃദുലവികാരങ്ങളാല്‍ ആലിംഗനം ചെയ്തു. ഇഷ്ടതോഴന്റെ ആ പ്രവൃത്തികളെ കമലമ്മ തടഞ്ഞതുമില്ല.

അവളുടെ സ്‌നേഹത്തിന്റെ പിന്നില്‍ ഒരുദ്ദേശവും ഇല്ലായിരുന്നു. സ്വാര്‍ത്ഥവും വഞ്ചനയും എന്തെന്നും അവള്‍ക്കറിഞ്ഞുകൂടായിരുന്നു. ഒന്നും തിരിച്ചറിയുവാന്‍ കഴിയാത്ത ഒരു കൊച്ചുകുഞ്ഞിന്റേതുപോലായിരുന്നു അവളുടെ പെരുമാറ്റം.

കമലമ്മയില്‍ തനിക്കു വ്യക്തമായ സ്വാധീനം സ്ഥാപിക്കുവാന്‍ സാധിച്ചു എന്നു പൂര്‍ണ്ണമായി ബോധ്യം വന്നപ്പോള്‍ എല്ലാതരത്തിലും അവളെ ആസ്വദിക്കുവാന്‍  അയാള്‍ മടിച്ചില്ല. കമലമ്മ അതു മനസ്സിലാക്കി സംഭ്രമിച്ചെങ്കിലും ഇങ്ങനെമാത്രമേ പറഞ്ഞുള്ളൂ: 'ഏട്ടാ, ഞാന്‍ ഒരു പുരുഷന്റെ കൂടെ ജീവിക്കേണ്ടവളാ. എന്നെ നശിപ്പിക്കരുത്.'

(തുടരും...)

 (1969 ഏപ്രില്‍ മാസത്തില്‍ ഈ ചെറുകഥ മംഗളോദയത്തില്‍ പ്രസിദ്ധീകരിച്ചു.)

ശിഥിലബന്ധം- (ചെറുകഥ: ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക