Image

ഹാപ്പി ബെര്‍ത്ത് ഡേ...അമേരിക്ക... (എ.എസ് ശ്രീകുമാര്‍)

Published on 04 July, 2017
ഹാപ്പി ബെര്‍ത്ത് ഡേ...അമേരിക്ക... (എ.എസ് ശ്രീകുമാര്‍)
പുതു നാഗരികതളുടെയും പുതുമൂല്യങ്ങളുടെയും പരിഷ്‌കാരങ്ങളുടെയും കളിത്തൊട്ടിലാണ് അമേരിക്ക. വെറും 500 കൊല്ലത്തെ ചരിത്രം മാത്രമുള്ള ഒരു ജനസംസ്‌കാരമാണ് അമേരിക്കയിലുള്ളത്. 17, 18 നൂറ്റാണ്ടുകളിലായി ലോകം കണ്ട ഏറ്റവും വലിയ കുടിയേറ്റത്തിലൂടെ യൂറോപ്യന്‍മാര്‍  അമേരിക്കയെ കീഴടക്കുകയായിരുന്നു. അലമാലകളെയും സാഗരഗര്‍ജനങ്ങളെയും ഭേദിച്ച് സമ്പല്‍സമൃദ്ധമായ കന്യാഭൂമികളിലേക്കുള്ള കുടിയേറ്റം. യൂറോപ്പിന്റെ പരിമിത വൃത്തങ്ങളെ ഭേദിച്ച് പുതിയ ദേശാന്തരങ്ങള്‍ കീഴടക്കി എല്ലാ ലോകങ്ങളും പിടിച്ചടക്കാനുള്ള ഒരു ജൈത്രയാത്രയായിരുന്നു ദശകങ്ങളോളം നീണ്ട ആ മഹാപ്രസ്ഥാനം. അമേരിക്ക എന്നും അത്ഭുതമാണ്. കൊളംബസ് കണ്ടെടുത്ത ഭൂമി ലോകസമ്പന്നതയുടെ സൂക്ഷിപ്പുകാരായതും  ഏറ്റവും ശ്രദ്ധേയമായ ജനസമൂഹമായതുമെല്ലാം. ഈ ജൂലൈ ഫോര്‍ത്ത് ദിനത്തില്‍ നമ്മുടെ കര്‍മഭൂമിയെ ഹൃദയത്തോട് ചേര്‍ത്ത് ആശംസകള്‍ നേരാം...

ശാദ്വലമായ ഒരു ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക്. കിഴക്കുദേശത്തെ സമ്പന്നഭൂമിയായ ഇന്ത്യയെതേടി കടലലകളിലൂടെ മുന്നേറിയ കൊളംബസ് 1492ല്‍ വെസ്റ്റിന്‍ഡീസിലെത്തി. അവിടം ഇന്ത്യയാണെന്നു തെറ്റിദ്ധരിച്ച കൊളംബസ് അവരെ ഇന്ത്യന്മാര്‍ എന്നു വിളിച്ചു. എന്നാല്‍ കൊളംബസിനു മുമ്പേ അതുവഴി കടന്നുപോയിരുന്ന നാവികര്‍ ആ പ്രദേശത്തെ ജനതയെ 'ചെമ്പന്മാര്‍' എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ 'ചെമ്പന്മാരായ  ആ ഇന്ത്യക്കാര്‍' റെഡ് ഇന്ത്യന്മാരായി. വാസ്തവത്തില്‍ അവര്‍ക്ക് ചുവന്ന നിറമോ ഇന്ത്യയുമായി എന്തെങ്കിലും ബന്ധമോ ഇല്ല. 15,000 കൊല്ലത്തോളം പഴക്കമുള്ള മഹത്തായ സംസ്‌കാരത്തിനുടമകളായിരുന്നു അമേരിക്കയിലെ ആദിവാസികള്‍. മധ്യ അമേരിക്കയിലും ആന്‍ഡിയന്‍ പ്രദേശങ്ങളിലും വസിച്ചിരുന്ന പ്രാചീന അമേരിക്കക്കാരുടെ മായാ, ഇന്‍കാ, ആസ്‌ടെക്ക് എന്നീ സംസ്‌കാരങ്ങള്‍ ഏറെ വളര്‍ച്ച പ്രാപിച്ചവയായിരുന്നെങ്കിലും യൂറോപ്യന്മാര്‍ക്കോ ഇതര ദേശക്കാര്‍ക്കോ അവരെക്കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. 

സമ്പത്തിന്റെ കേദാരമായി കരുതപ്പെട്ടിരുന്ന ഇന്ത്യയെ തേടിയുള്ള സമുദ്രയാനങ്ങള്‍ക്കിടയില്‍ യൂറോപ്യന്മാര്‍ ആകസ്മികമായി കണ്ടെത്തിയ വന്‍കരയായിരുന്നു അമേരിക്ക. വളരെ വേഗം അത് യൂറോപ്യന്മാരുടെ സ്വപ്നദേശമായി മാറി. കോളനികള്‍ സ്ഥാപിച്ച് സാമ്രാജ്യം വിപുലമാക്കാന്‍ മണ്ണും സ്വര്‍ണവും തേടി അറ്റ്‌ലാന്റിക്കിനെ ഭേദിച്ച് യൂറോപ്യന്മാര്‍ അവിടേക്കു കുതിച്ചു. പായ്ക്കപ്പലുകളും നൗകകളും കൊണ്ട് അറ്റ്‌ലാന്റിക്ക് സമുദ്രം മുഖരിതമായി. രണ്ടു നൂറ്റാണ്ടോളം നീണ്ടുനിന്നു ഇടതടവില്ലാത്ത ആ കുടിയേറ്റം. ഇംഗ്ലീഷുകാര്‍, ഫ്രഞ്ചുകാര്‍, ജര്‍മന്‍കാര്‍, ഡച്ചുകാര്‍, സ്വീഡന്‍കാര്‍, ഓസ്ട്രിയയിലും ഹംഗറിയിലും നിന്നുള്ളവര്‍... യൂറോപ്പിന്റെ സകല കോണുകളില്‍ നിന്ന് കുടിയേറ്റക്കാര്‍ അമേരിക്ക എന്ന ഏക ലക്ഷ്യത്തിലേക്കു മുന്നേറി. വെള്ളക്കാരുടെ ആഗമനം അവിടത്തെ ആദിമനിവാസികളുടെ ജീവിതവും സംസ്‌കാരവും ആകെ മാറ്റിമറിച്ചു. ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയും മദ്യം നല്‍കി വശപ്പെടുത്തിയും നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയും ആദിവാസികള്‍ക്കുമേല്‍ യൂറോപ്യന്‍മാര്‍ അധികാരം സ്ഥാപിച്ചു. കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്ന് ആട്ടിയകറ്റപ്പെട്ട ആദിമ ജനത ഏറെക്കുറെ നാശത്തിലേക്കാണു നീങ്ങിയത്. 

സമുദ്രസഞ്ചാരത്തില്‍ വൈദഗ്ധ്യവും കോളനികള്‍ സ്ഥാപിക്കുന്നതില്‍ ഏറെ പരിചയവുമുണ്ടായിരുന്ന സ്‌പെയിന്‍കാരാണ് വടക്കേ അമേരിക്കയില്‍ ആദ്യം കുടിയേറിപ്പാര്‍ത്തത്. 16-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍  വെസ്റ്റിന്‍ഡീസിലും മധ്യ അമേരിക്കയിലും മെക്‌സിക്കോവിലും അവര്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇംഗ്ലീഷുകാര്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വന്‍തോതില്‍ കുടിയേറാന്‍ തുടങ്ങിയത്. അമേരിക്കയുടെ കിഴക്കന്‍ തീരത്തും കുടിയേറിയ ഇംഗ്ലീഷുകാര്‍ ഒരു നൂറ്റാണ്ടുകൊണ്ട് തീരത്തുടനീളം 12 കോളനികള്‍ സ്ഥാപിച്ചു. ചെറുചെറു കപ്പലുകളില്‍ അമേരിക്കയെന്ന സ്വപ്നദേശം തേടി പുറപ്പെട്ട യൂറോപ്യന്‍മാര്‍ക്ക് ആ കപ്പല്‍ യാത്രകളൊന്നും മധുരാനുഭവങ്ങളായിരുന്നില്ല. അറ്റാലാന്റിക്കിന്റെ ഓളങ്ങളിലമര്‍ന്നു പോയ സഞ്ചാരികള്‍ നൂറുകണക്കിനുണ്ട്. കാറ്റിലും കോളിലും പെട്ട് കപ്പലുകള്‍ തകര്‍ന്നും കാറ്റടിച്ച് അന്യ ദേശങ്ങളിലടിഞ്ഞും ആയിരങ്ങള്‍ ദുരിതത്തിലായി, അതിനെയെല്ലാം അതിജീവിച്ച് മുന്നേറിയ യൂറോപ്യന്മാര്‍ വളരെ വേഗം ആ പുതിയ ഭൂഖണ്ഡത്തെ കാല്‍ച്ചുവട്ടിലാക്കി,

മന്‍ഹാട്ടന്‍ ദ്വീപില്‍ കുടിയേറി പാര്‍ത്ത ഡച്ചുകാര്‍ 17-ാം നൂറ്റാണ്ടില്‍ അവിടെയൊരു കോളനി സ്ഥാപിച്ചു. ന്യൂ ആംസ്റ്റര്‍ഡാം എന്നാണ് അവരതിനു പേരിട്ടത്. പിന്നീട് ബ്രിട്ടീഷുകാര്‍ ഈ കോളനി കീഴടക്കി. അവരാണ് അതിനു ന്യൂയോര്‍ക്ക് എന്നു പേരിട്ടത്. രണ്ടര നൂറ്റാണ്ടുകൊണ്ട് ന്യൂയോര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി വളര്‍ന്നു. മിസ്സിസ്സിപ്പി നദിയുടെയും സെന്റ് ലോറന്‍സിന്റെയും തീരത്ത് ഫ്രഞ്ചുകാര്‍ കോളനികള്‍ സ്ഥാപിച്ചു. കോളനികള്‍ക്കായി ലോകമെമ്പാടും യൂറോപ്യന്‍മാര്‍ നടത്തിക്കൊണ്ടിരുന്ന പോരാട്ടങ്ങള്‍ അമേരിക്കയിലും തുടരുകയായിരുന്നു. അവിടെയും വിജയം വരിച്ചത് ബ്രിട്ടീഷുകാര്‍ തന്നെ. ഫ്രഞ്ചു കോളനികളും ഡച്ചു കോളനികളും സ്പാനിഷ് കോളനികളുമെല്ലാം ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തു. 1775ല്‍ ബ്രിട്ടന്‍ അമേരിക്കയിലെ കോളനികളെല്ലാം ഏകോപിപ്പിച്ചു. 

യൂറോപ്പിന് അഭിമുഖമായി കിടന്ന കിഴക്കന്‍ തീരപ്രദേശങ്ങളിലാണ് അവിടെ നിന്നുള്ള കുടിയേറ്റക്കാര്‍ മുഖ്യമായും താവളമുറപ്പിച്ചത്. പടിഞ്ഞാറന്‍ പര്‍വതമേഖലകളിലേക്ക് ആദ്യകാല കുടിയേറ്റക്കാര്‍ ഏറെയൊന്നും കടന്നു ചെന്നിരുന്നില്ല. യൂറോപ്യന്‍മാര്‍ കുടിയേറിയ മറ്റുദേശങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് അമേരിക്കയുടെ കാര്യം. മറ്റെല്ലായിടങ്ങളിലും ശക്തമായ  ഭരണവ്യവസ്ഥയും ശക്തിയുള്ള ജനസമൂഹവും ഉണ്ടായിരുന്നു. അതിനെ ഉന്മൂലനം ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അമേരിക്കയിലെ ആദിമനിവാസികളെ ഏതാണ്ടു പൂര്‍ണമായിത്തന്നെ പുറന്തള്ളാന്‍ യൂറോപ്യന്‍മാര്‍ക്കു കഴിഞ്ഞു. അങ്ങനെ, ഒരു ക്ലീന്‍ സ്ലേറ്റില്‍ ഒരു സങ്കര യൂറോപ്യന്‍ സംസ്‌കാരം അവിടെ കെട്ടിപ്പടുത്തു. 

വടക്ക് മായിന്‍ മുതല്‍ തെക്ക് ജോര്‍ജിയ വരെ അതിവിശാലമായി 1300 മൈലോളം മൈലോളം നീണ്ടുപരന്നുകിടന്ന വമ്പന്‍ വനപ്രദേശം, പ്രകൃതി വിഭവങ്ങളുടെ മഹാഖനി, അതിവിശാലമായ കൃഷിയിടങ്ങള്‍ എന്നിങ്ങനെ സമ്പന്നതയുടെ കേദാരമായിരുന്നു യൂറോപ്യന്‍ അധിനിവേശകര്‍ക്കു മുന്നില്‍ തുറന്നത്. തങ്ങള്‍ സ്വപ്നം കണ്ടിരുന്നതുപോലെ ആസൂത്രണം ചെയ്ത ചിട്ടയുള്ള നഗരങ്ങളും ജനപഥങ്ങളും അവരവിടെ സ്ഥാപിച്ചു. തടസ്സങ്ങളേതുമില്ലാത്തതിനാല്‍, നീണ്ടു നിവര്‍ന്ന വെടിപ്പുള്ള വഴികളും വിശാല ഹര്‍മ്യങ്ങളും പണിതൊരുക്കി. യൂറോപ്പിന്റെ പരാധീനതകളോടും അറ്റാലാന്റിക്കിന്റെ കടല്‍ക്ഷോഭങ്ങളോടും പൊരുതി അമേരിക്കയിലെത്തിയവര്‍ ധാരാളിത്തത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയൊരു ജീവിതമാണു നയിച്ചത്. എല്ലാ ലോകത്തുനിന്നുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും അമേരിക്കയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. എപ്പോഴും ഒന്നാമതു നില്‍ക്കാനുള്ള വെമ്പല്‍, സ്വാതന്ത്ര്യം, ധാരാളിത്തം എന്നിവയൊക്കെ അമേരിക്കയിലെ വെള്ളക്കാരുടെ സംസ്‌കാര സവിശേഷതകളായി മാറി.

മനുഷ്യനു വസിക്കാന്‍ ഇതിനെക്കാള്‍ നല്ലൊരു സ്ഥാനമില്ല, ഭൂമിയിലെ സ്വര്‍ഗമാണിത് എന്നായിരുന്നു വിര്‍ജീനിയയിലെ കോളനിയുടെ സ്ഥാപകരിലൊരാളായ ജോണ്‍ സ്മിത്ത് പറഞ്ഞത്. ''ഇവിടത്തെ വായു മധുരമുള്ളതാണ്, സ്വച്ഛമാണ്, സ്വര്‍ഗീയ ശാന്തിയുടെ ഇരിപ്പിടമാണിത്'' എന്നായിരുന്നു പെന്‍സില്‍വാനിയയുടെ സ്ഥാപകനായ വില്യംപെന്‍ അഭിപ്രായപ്പെട്ടത്. തുടക്കം മുതലുള്ള വ്യക്തമായ ആസൂത്രണവും ചിട്ടയും സമര്‍ഥമായ മാനേജ്‌മെന്റുമാണ് അമേരിക്കയെന്ന സ്വപ്നദേശത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റിയത്. യൂറോപ്പിലെ എല്ലാവംശജരും എല്ലാ രാജ്യക്കാരും ആദ്യം മുതലേ കുടിയേറിയ അമേരിക്കയില്‍ ജനായത്തവും സ്വാതന്ത്ര്യവും സഹിഷ്ണുതയും സംസ്‌കാരത്തിന്റെ ഭാഗം തന്നെയായി. എല്ലാ സമ്പത്തിന്റെയും കേന്ദ്രമായി മാറി ആ പ്രദേശം. ആ സമ്പത്ത് മഹിമ എന്നും നിലനിര്‍ത്താനുള്ള വ്യഗ്രതയും ലോകാധികാരത്തെക്കുറിച്ച് സ്വയമറിയാതെ വന്ന പ്രമത്തതയുമാണ് അമേരിക്കന്‍ സംസ്‌കാരത്തിന്റെ പുതിയ മുഖത്തെ നിര്‍ണയിക്കുന്നതെന്നു പറയാം.

പന്ത്രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ബെറിങ് ഭൂപാതയിലൂടെ കുടിയേറിപ്പാര്‍ത്ത ഏഷ്യന്‍ ജനതയില്‍ നിന്ന് തുടങ്ങുന്നു അമേരിക്കന്‍ ചരിത്രം. വേട്ടമൃഗങ്ങളെ പിന്തുടര്‍ന്നു വന്നവര്‍ താമസം ഉറപ്പിക്കുകയായിരുന്നു. സഹസ്രാബ്ദങ്ങള്‍ക്കു ശേഷം 1492 ഒക്‌ടോബര്‍ 12 ന് ക്രിസ്റ്റഫര്‍ കൊളംബസ് (ഒക്‌ടോബര്‍ 30, 1451-20 മെയ് 1506) അമേരിക്കന്‍ ഭൂമിയില്‍ കാലുകുത്തിയതോടെ ചരിത്രം വഴിമാറി യാത്ര തുടങ്ങുകയായിരുന്നു. ഒരു പുതിയ യൂറോപ്യന്‍ സംസ്‌കാരം അമേരിക്കയില്‍ വേരോടിത്തുടങ്ങി. എ.ഡി.1500-1600 കളില്‍ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ സ്പാനിഷുകാര്‍ കൈയടക്കി. തുടര്‍ന്ന് ഇംഗ്ലീഷുകാരും ഡച്ചുകാരും സ്വീഡിഷുകാരും ഓരോ ഭാഗങ്ങളായി കൈയേറിത്തുടങ്ങി. എന്നാല്‍ പിന്നീട് കിഴക്കന്‍തീരങ്ങള്‍ ഭൂരിഭാഗവും ബ്രിട്ടീഷുകാര്‍  തങ്ങളുടെ കോളനിയാക്കി മാറ്റി. ഫ്രഞ്ചുകാരുമായുണ്ടായ യുദ്ധത്തിനുശേഷം ബ്രിട്ടനും മറ്റു കോളനികളും തമ്മിലുള്ള ബന്ധം ഉലഞ്ഞുതുടങ്ങി. 1775-ല്‍ ബ്രിട്ടന്റെ കോളനിനയങ്ങള്‍ക്കെതിരെ അമേരിക്കന്‍ വിപ്ലവം ആരംഭിച്ചു.1776-ല്‍ 13 അമേരിക്കന്‍ കോളനികള്‍ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രരായി അമേരിക്കന്‍ ഐക്യനാടുകളായി മാറി. വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടുതല്‍ പ്രദേശങ്ങള്‍ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. 

ഇത് തെക്കും വടക്കും ഭാഗത്തുള്ള പ്രദേശങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക സാമ്പത്തിക അന്തരം വര്‍ധിപ്പിച്ചു. 1861-65 കാലത്ത് നടന്ന രക്തരൂക്ഷിതമായ സിവില്‍ യൂദ്ധം ഇതിന്റെ അനന്തരഫലമായിരുന്നു. അതിനു ശേഷം 1866-77 കാലഘട്ടം പുനര്‍നിര്‍മാണത്തിന്റേതായിരുന്നു. ഇക്കാലത്ത് വ്യവസായം, നഗരവത്കരണം, ഗതാഗതം എന്നിവയില്‍ വന്‍ കുതിച്ചുചാട്ടം തന്നെ അമേരിക്കയില്‍ സംഭവിച്ചു. ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക, സൈനിക ശക്തിയായി അമേരിക്ക വളരുകയായിരുന്നു. സംഖ്യകക്ഷികളോടൊപ്പം ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തത്തോടെ അമേരിക്ക തങ്ങളുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. അതിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തത് പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്‌വെല്‍റ്റിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍കൊണ്ടാണ്. ജപ്പാന്റെ പേള്‍ ഹാര്‍ബര്‍ ആക്രമണം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയെ നിര്‍ബന്ധിതയാക്കി. രണ്ടാം ലോകമഹായുദ്ധം അമേരിക്കയെ ലോകത്തിന്റെ അധീശശക്തിയാക്കി മാറ്റുകയായിരുന്നു. 

തുടര്‍ന്ന് സോവിയറ്റ് യൂണിയനുമായി ശീതസമരത്തിലായി. 1950-53 കളില്‍ കൊറിയന്‍ യുദ്ധം, 1961-73കളില്‍ വിയറ്റ്‌നാം യുദ്ധം എന്നിവയിലും പങ്കാളിയായി. 1960 കാലയളവില്‍ത്തന്നെയായിരുന്നു റവ. മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയറിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സിവില്‍ അവകാശപ്രക്ഷോഭവും അരങ്ങേറിയത്. വളരെ കലുഷിതമായിരുന്നു അന്നത്തെ സാമൂഹികനീതി വ്യവസ്ഥിതി. ഇക്കാലത്തുതന്നെയാണ് ജോണ്‍ എഫ്,കെന്നഡിയുടെയും കൊലപാതകങ്ങള്‍ നടന്നതും. പിന്നീടു വന്ന പ്രസിഡന്റുമാര്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിമെച്ചപ്പെടുത്തുന്നതിലും തങ്ങളുടെ ആധിപത്യം വിദേശരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തി. റിച്ചാര്‍ഡ് നിക്‌സണ്‍ വിയറ്റ്‌നാം യൂദ്ധം അവസാനിപ്പിച്ചെങ്കിലും വാട്ടര്‍ഗേറ്റ് രാഷ്ട്രീയ കുംഭകോണം അദ്ദേഹത്തെ രാജിവെക്കാന്‍ നിര്‍ബന്ധമാക്കി, റൊണാള്‍ഡ് റീഗന്റെയും ജോര്‍ജ് ബുഷിന്റെയും വികലമായ സാമ്പത്തിക നയങ്ങള്‍ യു.എസ്. ബാങ്കിങ് മേഖലയെത്തന്നെ ദുര്‍ബലമാക്കി. തുടര്‍ന്നു വന്ന ബില്‍ ക്ലിന്റണ്‍കൂടുതല്‍ മെച്ചപ്പെട്ട ഒരു സാമൂഹിക നയത്തിനുവേണ്ടി ശ്രമിച്ചു. തുടര്‍ന്ന് ജോര്‍ജ് ഡബ്ലു ബുഷ്. പിന്നാലെ ബറാക്ക് ഒബാമയുടെ മാറ്റങ്ങളുടെ പത്തു വര്‍ഷക്കാലം. ഇന്നിതാ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സ്‌നേഹിക്കുന്ന ഡൊണാള്‍ഡ് ട്രംപ് മറ്റൊരു നയവുമായി രാജ്യത്തെ നയിക്കുന്നു.

ഹാപ്പി ബെര്‍ത്ത് ഡേ...അമേരിക്ക... (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക