Image

ഇന്നസെന്റിനെതിരെ കേസെടുക്കണമെന്ന്‌ ഡി.ജി.പിയോടും വനിതാ കമ്മീഷനോടും രഞ്‌ജിനി

Published on 06 July, 2017
ഇന്നസെന്റിനെതിരെ കേസെടുക്കണമെന്ന്‌ ഡി.ജി.പിയോടും വനിതാ കമ്മീഷനോടും രഞ്‌ജിനി

കൊച്ചി: സ്‌ത്രീകളെ അധിക്ഷേപിച്ചു സംസാരിച്ച അമ്മ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റിനെതിരെ കേസെടുക്കണമെന്ന്‌ ഡി.ജി.പിയോടും വനിതാ കമ്മീഷനോടും ആവശ്യപ്പെട്ട്‌ നടി രഞ്‌ജിനി. ഫേസ്‌ബുക്കിലൂടെയാണ്‌ രഞ്‌ജിനി ഇക്കാര്യം ആവശ്യപ്പെടുന്നത്‌.

അമ്മയോഗത്തിനുശേഷവും കഴിഞ്ഞദിവസവും ഇന്നസെന്റ്‌ നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും ഇന്നസെന്റ്‌ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ രോഷംകൊള്ളിച്ചെന്നും പറഞ്ഞാണ്‌ രഞ്‌ജിനി ഇന്നസെന്റിനെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌.

ഇന്നസെന്റിന്റെ വാക്കുകള്‍ തന്നെ കരയിച്ചുവെന്നും ദേഷ്യവും ഞെട്ടലുമാണ്‌ തനിക്കുണ്ടായതെന്നു പറഞ്ഞ രഞ്‌ജിനി നമ്മള്‍ ഈ ലോകത്തു തന്നെയല്ലേ ജീവിക്കുന്നത്‌ എന്നും ചോദിക്കുന്നു.

` പ്രിയ്യപ്പെട്ട ചേട്ടാ, ഇത്‌ നിങ്ങള്‍ അഭിനയിക്കുന്ന സിനിമയിലെ കോമഡി സീനല്ല. ഈ അണ്‍പ്രഫഷണലിസം അവസാനിപ്പിക്കൂ. ഒന്നുകില്‍ അമ്മയിലെ സ്ഥാനം രാജിവെക്കൂ. ഇല്ലെങ്കില്‍ രണ്ടും.' രഞ്‌ജിനി തുറന്നടിക്കുന്നു.

`നമ്മുടെ ബഹുമാന്യനായ എം.പികൂടിയായ നടന്‍ തനിക്ക്‌ രാഷ്ട്രീയക്കാരനുവേണ്ട യഥാര്‍ത്ഥ ഗുണമൊന്നുമില്ലെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌. പാര്‍ലമെന്റില്‍ അദ്ദേഹം എങ്ങനെയാണ്‌ ചിന്തിക്കുന്നതെന്ന്‌ അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ നിന്നും പ്രസ്‌താവനകളില്‍ നിന്നും മലയാളികള്‍ കേട്ടതാണ്‌.' രഞ്‌ജിനി പറയുന്നു.

അമ്മ തമാശയ്‌ക്കുവേണ്ടിയുള്ള സംഘടനയല്ല. അതുകൊണ്ട്‌ തമാശകളിക്കാതെ സ്‌ത്രീകളെ വേദനിപ്പിക്കാതെ സീരിയസായി ജോലി ചെയ്യൂവെന്നും രഞ്‌ജിനി പറയുന്നു.

ഇന്നസെന്റിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട രഞ്‌ജിനി അത്‌ സാധാരണക്കാര്‍ക്കു കൂടി ഒരു മാതൃകയാകണമെന്നും അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക