Image

എന്തിനാണ് ഈ കോലാഹലം? (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 06 July, 2017
എന്തിനാണ് ഈ കോലാഹലം? (രാജു മൈലപ്രാ)
ഞാന്‍ ജനിച്ചത് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസത്തിലാണെന്നാണെന്റെ വിശ്വാസം. ഞങ്ങളുടെ അല്പം അകന്ന ബന്ധത്തില്‍പ്പെട്ട 'നാരങ്ങ വല്യപ്പന്‍' എന്നൊരാളാണ് എന്റെ 'തല തൊട്ടപ്പന്‍' എന്നു ആരോ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. സഭയുടെ വിശ്വാസത്തില്‍ എന്നെ വളര്‍ത്തിക്കൊള്ളാമെന്നു പ്രതിജ്ഞയെടുത്ത 'നാരങ്ങായപ്പച്ചന്‍' ഞാന്‍ മുട്ടിലിഴയുന്നതിനു മുന്‍പുതന്നെ വടിയായി കാലപുരിയിലേക്കു കാലും നീട്ടിയിരിക്കുന്ന വല്യപ്പച്ചന്‍ന്മാരേയും അമ്മച്ചിമാരേയും കൊണ്ട് സഭയുടെ വിശ്വാസത്തില്‍ വളര്‍ത്തിക്കൊള്ളാമെന്നു പ്രതിജ്ഞയെടുപ്പിക്കുന്നതിന്റെ യുക്തി എനിക്കതുവരെ മനസ്സിലായിട്ടില്ല.

എന്റെ ചെറുപ്പകാലത്ത് യാക്കോബായ, റീത്ത്, മാര്‍ത്തോമ്മ- എന്നീ മൂന്നു പള്ളികളേ മൈലപ്രായില്‍ നിലവിലുണ്ടായിരുന്നുള്ളൂ- എല്ലാവരും തമ്മില്‍ വളരെ സൗഹൃദം-അന്നും-ഇന്നും.
്അമേരിക്കയില്‍ വന്നതിനു ശേഷമാണു യാക്കോബായ, ഓര്‍ത്തഡോക്‌സ് എന്നീ രണ്ടു വിഭാഗങ്ങള്‍ ഒരേ സഭയിലുണ്ടെന്ന് എനിക്കു മനസ്സിലായത്.

ഓര്‍ത്തഡോക്‌സ് സഭയുടെ പ്രത്യേക മഹത്വം കൊണ്ടൊന്നുമല്ല-ജനിച്ചത് അവിടെയായതു കൊണ്ട് അതു നിലനിര്‍ത്തിപ്പോരുന്നു. വിശ്വാസത്തിന്റെ പേരില്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറേണ്ട ഒരു പ്രത്യേകതയും ഞാന്‍ ഒരു സഭയിലും കാണുന്നില്ല. സഭയുടെ പല ആചാരങ്ങളോടും എനിക്കു യോജിക്കുവാന്‍ പ്രയാസമുണ്ട്. ഉദാഹരണത്തിന് തിരുമേനിമാരുടെ കല്പന വായിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്നും, ഇടവും വലവും രണ്ടു കുട്ടികുപ്പായക്കാര്‍ മെഴുകുതിരി പിടിച്ചു നില്‍ക്കണമെന്നും മറ്റുമുള്ള ആചാരങ്ങള്‍ എത്ര പ്രാകൃതമാണ്.

എങ്കിലും ഞാന്‍ എഴുന്നേറ്റു നില്‍ക്കുകയും കുരിശു വരയ്ക്കുകയും മറ്റും ചെയ്യും. അതൊക്കെ സഭയുടെ നിയമങ്ങളാണ്. സഭയുടെ ഒരു അംഗമായിരിക്കുന്നിടത്തോളം കാലം ഞാന്‍ അത് അനുസരിക്കുവാന്‍ ബാദ്ധ്യസ്ഥനാണ്. ഇഷ്ടമല്ലെങ്കില്‍ എന്തിക്കു പുറത്തു പോകാം. അതിനെതിരെ നടപടികളൊന്നുമുണ്ടാകില്ല.

ഈയടുത്ത കാലത്ത് ഇപ്പോഴത്തെ പരിശുദ്ധ കാതോലിക്കാബാവയുടെ ഒരു അഭ്യര്‍ത്ഥന യൂട്യൂബില്‍ കാണുവാനിടയായി. കുര്‍ബാനയ്ക്കു മുമ്പായി അദ്ദേഹം 'ക്വൊയര്‍' കാരോടു ഒരു അഭ്യര്‍ത്ഥന നടത്തി.

"ഒരിക്കലും കാര്‍മ്മീകന്റെ ശബ്ദത്തേക്കാള്‍ ഗായകശബ്ദത്തിന്റെ സ്വരം ഉയര്‍ന്നു നില്‍ക്കരുത്. തോന്നുമ്പോള്‍ തോന്നുന്നതുപോലെ ആരാധനാ ഗീതങ്ങളുടെ ഈണം മാറ്റരുത്. ദൈവം തമ്പുരാന്‍ പലര്‍ക്കും പല ശബ്ദമാണു കൊടുത്തിരിക്കുന്നത്. ഈ ശബ്ദങ്ങളെല്ലാം കൂടി ചേര്‍ന്നാലെ ആരാധന പൂര്‍ണ്ണാകൂ ഇതൊരു ഗാനമേളയല്ല. ദയവു ചെയ്ത് ഞാന്‍ കുര്‍ബാന അര്‍പ്പിക്കുന്ന സമയത്തെങ്കിലും ഇത് ഒഴിവാക്കണം.'

തിരുമേനിയുടെ ഈ അഭ്യര്‍ത്ഥ കേട്ടപ്പോള്‍, പഴയകാലത്ത് അപ്പച്ചന്മാരും അമ്മച്ചിമാരും ആത്മാര്‍ത്ഥമായി പാടിയിരുന്ന ഗാനങ്ങള്‍ സ്വര്‍ഗ്ഗവാതില്‍ തുറക്കുന്നതിനു പര്യാപ്തമായിരുന്നു എന്നോര്‍ത്തു പോകുന്നു.

അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാര്‍ നിക്കോളാവസ് തിരുമേനിയും ഇതേ അഭിപ്രായം പറയുന്നത് കേള്‍ക്കുവാന്‍ ഇടവന്നിട്ടുണ്ട്.

സംഗീതം മധുരതരമാണ്. ആരാധനയുടെ ഭാഗമായി അതൊരു ശബ്ദകോലാഹലമായി മാറരുത് എന്നാണെന്റെ അഭിപ്രായം.

നമ്മുടെ പഴയഗീതങ്ങളും അതിന്റെ സംഗീതവുമൊക്കെ എത്ര മനോഹരമായിരുന്നു. ആര്‍ക്കറിയാം? ഒരു പക്ഷേ സ്വര്‍ഗ്ഗത്തിലെ മാലാഖമാരും അവരുടെ സ്തുതിഗീതങ്ങളുടെ ശ്രുതി മാറ്റിക്കാണുമായിരിക്കും.

എന്തിനാണ് ഈ കോലാഹലം? (രാജു മൈലപ്രാ)
Join WhatsApp News
GEORGE TV 2017-07-06 11:29:56
നമ്മുടെ ഈ ആരാധന ക്രമങ്ങൾ കൂടുതലും പ്രാകൃത ഗോത്ര മതങ്ങളിൽ നിന്നും കടമെടുത്താണ്. അതുകൊണ്ടാണ് ഈ ബഹളവും മണി അടിയും പോകക്കലും  എല്ലാം.  യേശു ആരെയും ഒരു കുർബാനയും ചൊല്ലാൻ പഠിപ്പിച്ചില്ല. അറയിൽ കയറി വാതിൽ അടച്ചു വേണം പ്രാർത്ഥിക്കാൻ എന്നാണ് യേശു പറഞ്ഞത്. അല്ലാതെ മൈക്ക് വെച്ച് നാട്ടുകാരെ ശല്യം ചെയ്യാനല്ല.
ഇന്നത്തെ ക്രിസ്തു മതം പുരോഹിത മതമാണ് അതുകൊണ്ടാണ് ഈ വഹ കോപ്രായങ്ങൾ. ഈ ഇണ്ടാസ് അഥവാ കല്പന, അതൊരു മെമ്മോ മാത്രം ആണ് അത് വായിക്കുമ്പോൾ മെഴുകുതിരി കത്തിച്ചു എഴുന്നേറ്റു നിൽക്കുന്നത് ആ വെളിച്ചത്തോട് കാണിക്കുന്ന അനാഥരാവാണ്.  ഇണ്ടാസ് മിക്കവാറും എതിർ കക്ഷിയെ കുറെ കുറ്റം പറച്ചിലും അവരെ ഇനി എങ്ങനെ കൈകാര്യം ചെയ്യാം എന്നൊക്കെ ആണ് കൂടുതലും. 
രാജുവിന് ബാവ കക്ഷികളെപ്പറ്റി നാട്ടിൽ വച്ച് അറിവില്ലായിരുന്നെങ്കിൽ എന്റെ കാര്യം നേരെ തിരിച്ചാണ്. മെത്രാൻ കക്ഷിക്കാരെ പാക്കിസ്ഥാനികളെക്കാളും എനിക്ക് വെറുപ്പായിരുന്നു. ഞങ്ങടെ പള്ളികൾ കയ്യേറാൻ വരുന്ന കോട്ടയത്തിനപ്പുറത്തുള്ള ഏതോ അന്യഗ്രഹ ജീവികൾ  ആണെന്നാണ് കരുതിയിരുന്നത്. പിന്നീടെപ്പൊഴേ ഇതിനെക്കുറിച്ച് ഒന്ന് പഠിച്ചപ്പോൾ ആണ് മനസ്സിലായത് ഈ മെത്രാന്മാരും അച്ചന്മാരും നമ്മളെ പറഞ്ഞു പറ്റിക്കയാണെന്നു. കുട്ടി കൊരങ്ങാൻ  മാരെ കൊണ്ട് ചൂട് ചോറ് വാരിക്കുന്ന ഒരേർപ്പാടു.  തൃക്കുന്നത് സെമിനാരി സമരത്തിൽ പങ്കെടുത്ത ആളെന്ന നിലക്ക് വല്ല പെൻഷൻ കിട്ടാൻ സാധ്യത ഉണ്ടോ എന്ന് എനിക്കറിയില്ല. ഒരു ഷെവലിയർ എങ്കിലും തരപ്പെടുത്താൻ നോക്കി പറ്റിയില്ല. റേറ്റ് താങ്ങാവുന്നതിലധികം ആണ്. 
ഒരു കോടതി വിധി കൂടെ വന്നിട്ടുണ്ട് ഇനിയങ്ങോട്ട്  റോഡിൽ കുഞ്ഞാടുകളുടെയും ഇടയന്മാരുടെയും അഭ്യാസങ്ങൾ കാണാം. എല്ലാവര്ക്കും നന്മകൾ നേരുന്നു   
varkey 2017-07-06 12:14:33
ആര് എന്ത് പറഞ്ഞാലും ബൈബിൾ അടിസ്ഥാനപരമമായി പോകുന്ന ഒരേ ഒരു
ക്രിസ്ത്യൻ വിഭാഗമേ നിലവിലുള്ളു. അത് പെന്തിക്കോസ്തു സഭയായാണ്. നിത്യജീവൻ പ്രാപിക്കണമെങ്കിൽ സ്നാനം ഏൽക്കുക. കർത്താവിനെ രക്ഷിതാവായി സ്വീകരിക്ക്‌ക. ബാക്കി എല്ലാവര്ക്കും നിത്യ നരകം.
Johny 2017-07-06 12:46:24
ശ്രീ രാജുവിന്റെ ആശങ്ക പലർക്കും ഉണ്ട് പക്ഷെ അത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണെന്നാണ് വിശ്വാസികളെ പറഞ്ഞു പേടിപ്പിച്ചു വച്ചിരിക്കുന്നത്. അത് കൊണ്ട് ആരും അതിനെയൊക്കെ ചോദ്യം ചെയ്യാൻ മടിക്കുന്നു. അഥവാ അതിനു ശ്രമിച്ചാൽ അവരെ ഒറ്റപ്പെടുത്തും. അവരെ മോശക്കാരായി ചിത്രീകരിക്കും. അവരുടെ പെണ്ണുങ്ങളെ പറഞ്ഞു പേടിപ്പിക്കും.
ശ്രീ ജോർജ് പറഞ്ഞ കാര്യങ്ങൾ പലതും ശരിയാണ്. അതുകൊണ്ടാണല്ലോ ഈ മത്തങ്ങാ തൊപ്പിയും മുപ്പതു മീറ്റർ തുണികൊണ്ടുള്ള പള പള കുപ്പായവും ഊരു മൂപ്പന്മാരുടെ പോലത്തെ സ്വർണ വടിയും മാത്രവാദികളെപോലെ മണികിലുക്കവും പുകക്കലും ഒക്കെ. കൂടെ കൂടെ ശാപ വർഷങ്ങളും.
നസ്രായനായ യേശു ലളിത വസ്ത്രം ധരിച്ചു വെറും സാദാരണക്കാരന്റെ ജീവിതം നയിച്ച് പോന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ വചനം ഉൽഹോഷിക്കാൻ വരുന്നവർ കോടികൾ വിലയുള്ള ആഡംബരക്കാരിൽ വരുന്നത് കാണുമ്പോൾ ഇവരോട് ഒരു പുച്ഛം മാത്രമാണ്. കണ്ണുള്ളവർ കാണട്ടെ ചെവി ഉള്ളവർ കേൾക്കട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക