Image

സ്‌പോണ്‍സര്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരി, സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞു

Published on 06 July, 2017
സ്‌പോണ്‍സര്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരി, സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞു
ദമ്മാം:  സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും തമിഴ്‌നാട് വെല്‍ഫെയര്‍  അസ്സോസ്സിയേഷന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് മധുര ചൊക്കലിംഗം സ്വദേശിനിയായ  കുമാര്‍ കലൈസെല്‍വിയാണ് അനിശ്ചിതത്വങ്ങള്‍ കടന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്. മാനസിക നില തകരാറിലായ കലൈസെല്‍വിയെ സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചിട്ടു കടന്നു കളയുകയായിരുന്നു. അഭയകേന്ദ്രം അധികാരികള്‍ അറിയിച്ചത് അനുസരിച്ചു അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ കലൈസെല്‍വിയുമായി സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. വന്നിട്ട് കുറേക്കാലമായി എന്നും ശമ്പളമൊന്നും കിട്ടിയില്ലെന്നും മാത്രമാണ് കലൈസെല്‍വി പറഞ്ഞത്. നാട് എവിടെയാണെന്നോ, വീട്ടില്‍ ആരൊക്കെയുണ്ടെന്നോ അവര്‍ക്ക് ഓര്‍മയുണ്ടായിരുന്നില്ല. കൈയ്യില്‍ ഒരു പൈസയും ഉണ്ടായിരുന്നുമില്ല.

 വിസ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും കലൈസെല്‍വി സൗദിയില്‍ വന്നിട്ട് 20 മാസങ്ങള്‍ കഴിഞ്ഞതായി മനസ്സിലാക്കിയ മഞ്ജു മണിക്കുട്ടന്‍,  തമിഴ് സാമൂഹിക പ്രവര്‍ത്തകരായ സാദിഖ്, അബ്ദുള്‍ സത്താര്‍, വാസു ചിദംബരം എന്നിവരുടെ സഹായത്താല് പാസ്സ്‌പോര്‍ട്ടിലെ വിലാസത്തില്‍ അന്വേഷിച്ച് കലൈസെല്‍വിയുടെ  വീട് കണ്ടുപിടിച്ചു. കലൈസെല്‍വിയുടെ ചേട്ടത്തിയും, അനിയത്തിയും അവിടെ ഉണ്ടെന്ന് വിവരം ലഭിച്ചപ്പോള്‍ അവരെ ഫോണില്‍ ബന്ധപ്പെട്ട്  വിവരങ്ങള്‍ അറിയിയ്ക്കുകയും, ചെന്നൈ വിമാനത്താവളത്തില്‍ എത്തിയാല്‍ ഏറ്റെടുക്കാനും ഏര്പ്പാടുണ്ടാക്കി.

വനിതാ അഭയകേന്ദ്രം വഴി മഞ്ജു മണിക്കുട്ടന്‍ കലൈസെല്‍വിയ്ക്ക് എക്‌സിറ്റ് അടിച്ചു വാങ്ങി.
നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് തമിഴ്‌നാട് വെല്‍ഫെയര്‍  അസ്സോസ്സിയേഷന്‍ കലൈസെല്‍വിയ്ക്ക് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തു. പെട്ടെന്ന് തന്നെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി കലൈസെല്‍വിയെ നാട്ടിലേയ്ക്ക് കയറ്റി വിട്ടു.

സ്‌പോണ്‍സര്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരി, സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക