Image

ഡോ. ബെര്‍ണാര്‍ഡ് ഗ്രിമോളി അന്തരിച്ചു

Published on 06 July, 2017
ഡോ. ബെര്‍ണാര്‍ഡ് ഗ്രിമോളി അന്തരിച്ചു
   മസ്‌കറ്റ്: അറേബ്യന്‍ വികാരിയാത്തിന്റെ ബിഷപ് എമിരറ്റസ് ഡോ. ബെര്‍ണാര്‍ഡ് ജിയോവാനി ഗ്രിമോളി അന്തരിച്ചു. 91 വയസായിരുന്നു. ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. സംസ്‌കാരം ജൂലൈ എട്ടിന് (ശനി) രാവിലെ 9.30 ന് ഫ്‌ളോറന്‍സിലെ മോണ്ടുകി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടത്തും.

2005 വരെ അറേബ്യന്‍ വികാരിയാത്തിന്റെ അപ്പസ്‌തോലിക് വികാരിയായി നീണ്ട 29 വര്‍ഷക്കാലം സേവനം അനുഷ്ഠിച്ചു. അറേബ്യന്‍ വികാരിയാത്തിലെ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചക്ക് ഗ്രിമോളി അക്ഷീണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്. വിവിധ രാജ്യക്കാരെയും പരന്പരാഗത വിശ്വാസികളെയും അവരുടെ തനതായ പ്രാര്‍ഥന ക്രമങ്ങള്‍ ഉള്‍പ്പെടെ തുടരുന്നതിന് അദ്ദേഹം പിന്തുണച്ചിരുന്നു.

1926 ല്‍ ഇറ്റലിയിലെ പോപ്പിയിലെ കര്‍ഷക കുടുംബത്തില്‍ 6 മക്കളില്‍ രണ്ടാമനായി ജനിച്ച ബെര്‍ണാര്‍ഡ് 1951 ല്‍ വൈദികപട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബേനിയന്‍ സര്‍വകലാശാലയില്‍ നിന്നും കാനന്‍ നിയമത്തില്‍ ബിരുദം സ്വന്തമാക്കിയ ബെര്‍ണാര്‍ഡ് 1975 ലാണ് അറേബ്യയുടെ അപ്പസ്‌തോലിക് വികാറായി ചാര്‍ജെടുത്തത്. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദ്യ ബിഷപ്പാണ് ബെര്‍ണാര്‍ഡ് ഗ്രിമോളി. ആരംഭ കാലത്ത് കനത്ത വെല്ലുവിളികളെ അതിജീവിച്ച ബിഷപ് തന്റെ കാലഘട്ടത്തില്‍ ഏതാനും സ്‌കൂളുകള്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം ആരാധനാലയങ്ങളുടെ നിര്‍മാണത്തില്‍ പങ്കുവഹിച്ചു. ആരോഗ്യ കാരണങ്ങളാല്‍ 2001 ല്‍ അന്നത്തെ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന് രാജി സമര്‍പ്പിച്ചെങ്കിലും 2003 ലാണ് വത്തിക്കാന്‍ നിലവിലെ ബിഷപ്പായ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ കപ്പൂച്ചിന്‍ വൈദികന്‍ മോണ്‍സി. പോള്‍ ഹിന്‍ഡറിനെ നിയമിക്കുന്നത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക