Image

വിട വീണ്ടും വരാന്‍ (കവിത: ജയന്‍ വര്‍ഗീസ്)

Published on 06 July, 2017
വിട വീണ്ടും വരാന്‍ (കവിത: ജയന്‍ വര്‍ഗീസ്)
വിരിയാറുണ്ടായിരം സ്വപ്ന പുഷ്പങ്ങളെന്‍
കരളിന്റെ കന്നി വയല്‍ വരമ്പില്‍!
വരികയാണൊഴുകി, യൊഴുകിയെന്‍ മോഹത്തി
ന്നരുവികള്‍ തേനും, വയമ്പുമായി!

പുണരട്ടെ ഞാനീക്കുരുന്നിനെ, പ്രുകൃതിതന്‍
പുതുമയെ, പാല്‍നിലാ പുഞ്ചിരിയെ!
പൊതിയട്ടെ ഹര്‍ഷ പുളകമായ് കാലത്തിന്‍
പ്രണയത്തെ! പരിണാമ സ്പന്ദനത്തെ!

ഒരു വെറും 'മോളീക്യുളായി' ഞാനെവിടെയോ
തപസ്സിന്റെ നിദ്രയിലായിരുന്നു;
ഒരുവിളി, നിന്‍വിളി കേട്ട് ഞാനിന്നൊരു
നിലവിളക്കായ് നിന്റെ നാളമേന്തി!

'തമസോമാ' ച്ചങ്ങലക്കെട്ടിന്റെ തടവിലെന്‍
തലമുറ തേങ്ങി ക്കരഞ്ഞിടുന്‌പോള്‍,
അണയാത്ത 'ജ്യോതിര്‍ഗമയ ' തന്‍ മന്ത്രങ്ങ
ളൂരുവിട്ടാ ലിജ്ജന്മം സഫലമായി!

ഒരു കൊടുങ്കാറ്റിന്റെ പട്ടടക്കുള്ളില്‍ ഞാ
നൊരുപിടി ചാരമായ് മാറിയെങ്കില്‍,
കരയണ്ട, വിരിയുന്ന പൂനിലാപ്പാല്‍ പത
കുളിരിലെന്‍ മോഹം വിതുന്പി നില്‍ക്കും!''

അറിവിന്റെ യപ്പുറത്തകലത്തിലൊരുപാട്
നിറവുമായ് നില്‍ക്കുന്ന ചിത്രകാരന്‍ ,
വിരചിച്ചാലേതോ യുഗത്തിന്റെ കൈപിടി
ച്ചൊരുവേള വീണ്ടും ഞാന്‍ വന്നു പോകാം!
Join WhatsApp News
വിദ്യാധരൻ 2017-07-06 20:35:57
അതെ ഞാനൊരണുപുഞ്‌ജം
ഒന്നിലേറെ പരമാണുക്കളുമായ് 
രസതന്ത്ര ബന്ധ മുള്ളൊരണുപുഞ്ജം 
എന്തിനു കവി നിങ്ങളെൻ 
പ്രപഞ്ചസൃഷ്ടി രതിക്രീഡയിൽ
തൂലികമുക്കി കവിത കുറിക്കുന്നു ?
അജ്ഞതയുടെ തമോഗർത്തങ്ങളിൽ 
തിരിതെളിയിക്കാൻ പോകുന്നോ ?
ഇല്ല നിനക്കതിനാവില്ല;
നിന്റ തൂലികയ്ക്കതാവില്ല;
നിന്റെ മോഹവും അഭിലാക്ഷവും 
കത്തി ചാമ്പലാകാൻ സമയമായിരിക്കുന്നു 
നീ മടങ്ങിക്കൊള്ളുക 
അതീന്ദ്രിയധ്യാനത്തിലേക്ക് 
മൗനത്തിലേക്ക്  
ബോധദീപ്തനാകുന്നതുവരെയും
നീ വീണ്ടും വരണം 
ഞങ്ങളുടെ കട്ടപിടിച്ച അജ്ഞതയെ 
തുരക്കുന്ന കവിതയുമായി 
ഞങ്ങൾ കാത്തിരിക്കാം 
ഫലകവും പൊന്നാടയുമായി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക