Image

ബീവി (കഥ: സാം നിലമ്പള്ളി )

Published on 07 July, 2017
ബീവി (കഥ: സാം നിലമ്പള്ളി )
ഫൂ!

രാവിലെ ഉണര്‍ന്നപ്പോള്‍ മുതല്‍ കിഴക്കോട്ടും നോക്കി ഇരിപ്പു തുടങ്ങിയതാണ് ബദറുദ്ദീന്‍ മുതലാളി. 

ഇതെന്തൊര് ഇരിപ്പാ, മനുഷാ?ബീവി രണ്ടുവട്ടം ചോദിച്ചിട്ടും കേട്ടില്ലെന്നമട്ടില്‍സൂര്യോദയവും കണ്ടുകൊണ്ട് ഇരുന്നതേയുള്ളു ഭര്‍ത്താവ്. എന്നാപ്പിന്നെ അവിടിരുന്ന് വേരിറങ്ങിക്കോട്ടെന്ന് വിചാരിച്ച് ബീവി അടുക്കളയിലേക്ക് പോയി. 

രാവിലെ ആഹാരത്തിന് പത്തിരിയുണ്ടാക്കണോ അതോ കഞ്ഞി മതിയോ എന്നാലോചിച്ച് കുറെനേരം നിന്നു. ആശുപത്രിയില്‍ നിന്ന് വന്നതിനുശേഷം മൂപ്പര്‍ക്ക് കഞ്ഞിയോടാണ് പ്രീയം. മറ്റാഹാരങ്ങളൊന്നും ദഹിക്കുന്നില്ലെന്നാണ് പറയുന്നത്. എന്തോ രസായനം കഴിച്ചാണ് വയറു കേടായത്. വയറിന്റെ കാര്യമാണെങ്കില്‍ പോട്ടെന്ന് വെയ്ക്കാമായിരുന്നു. തലക്കാണ് അസുഖമെങ്കില്‍ എന്തുചെയ്യും? ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയപ്പോഴാണ് ഭയപ്പെട്ടത്. മുസല്ല്യാര് വന്ന് പറഞ്ഞപ്പോഴല്ലേ കാര്യം പിടികിട്ടിയത്. ആരോ വിരോധികള്‍ കൂടോത്രം ചെയ്തതാണത്രെ.

ഇത്രയും കൊണ്ട് നിന്നല്ലോ; മയ്യത്തായി പോകേണ്ടതായിരുന്നു. ആരാ മൂപ്പരുടെ വിരോധികള്‍? മുസല്ല്യാരുടെ ചോദ്യത്തിന് മറുപടി പറയാന്‍ ബീവി വിഷമിച്ചു.

ചുറ്റുവട്ടത്തൊന്നും പറയത്തക്ക ശത്രുക്കളാരുമില്ല. മക്കള് ചെക്കന്മാര് ഗള്‍ഫീന്ന് കുഴലു വഴി പണം അയക്കുന്നതു കൊണ്ട് ചില്ലറ അസുയയും കുശുമ്പുമൊക്കെ ഉള്ളവരാണെങ്കിലും കൂടോത്രം ചെയ്യാന്‍ തക്ക ദുഷിപ്പുള്ളവരാരും അയലത്തെങ്ങുമില്ല. പിന്നെ മൂപ്പരുടെ വിരോധിയെന്നു പറയാന്‍ ഒരാളേയുള്ളു. അത് അന്യരാരുമല്ല, സ്വന്തം മച്ചാനാണ്. ബഷീറിക്കായും മൂപ്പരും തമ്മി
ല്‍ പിണങ്ങാനുള്ള കാരണമെന്താണെന്ന് രണ്ടുപേരും ഇതുവരെ പറഞ്ഞിട്ടില്ല. പിടിച്ചു വലിച്ച് ഡോക്ട്ടറെ കാണിക്കാന്‍ കൊണ്ടുപോയെന്നുള്ളത് നേരാണ്. അതിനിത്ര പിണങ്ങാനെന്തിരിക്കുന്നു; അസുഹം കാണിക്കാനല്ലേ കൊണ്ടുപോയത്? ഡോക്ട്ടറ് എന്താ പറഞ്ഞതെന്ന് ചോദിച്ചിട്ട് മൂപ്പര്‍ക്ക് മിണ്ടാട്ടമില്ല. അതുകൊണ്ടാണ് ഇക്കായോടുതന്നെ നേരിട്ടു ചോദിച്ചത്.

അതൊന്നും നീയിപ്പം അറിയേണ്ട. നിന്റെ കെട്ടിയോന്റെ പോക്ക് ശരിയല്ല, അത്രതന്നെ. വയസു കാലത്ത് ആരുടെയെങ്കിലും കയ്യീന്ന് പെടകിട്ടുമ്പം പഠിച്ചോളും.

എങ്ങും തൊടാതെ ആങ്ങള പറഞ്ഞതൊന്നും ബീവിക്ക് മനസിലായില്ല. പെടകിട്ടാന്‍ തക്ക എന്തു പ്രവൃത്തിയാണ് മൂപ്പര് ചെയ്യുന്നത്? അടുത്തിടയായി പുറത്തോട്ടെങ്ങും പോകാറേയില്ല. കൂടി വന്നാ
ല്‍ ദിനകരന്‍ വൈദ്യരുടെ വൈദ്യശാലവരെ പോകും. അവിടുന്നാണ് രസായനം വാങ്ങി കഴിക്കുന്നത്. കൈകാലുകള്‍ക്ക് ബലഹീനതയുള്ളതു കൊണ്ടാണ് അത് കഴിക്കുന്നതെന്നാണ് പറയുന്നത്. ലൈംഗിക ഉത്തേജന രസായനം എന്ന് കുപ്പിയുടെ പുറത്ത് എഴുതിയിട്ടുണ്ട്. എന്തോന്നാ ഈ ലൈംഗിക ഉത്തേജനം; ആര്‍ക്കറിയാം? ബലഹീനത തനിക്കും ഉള്ളതാണ്. താനും കൂടി കഴിക്കട്ടേയെന്ന് ചോദിച്ചപ്പോള്‍ പറയുകാ അത് പുരുഷന്മാര്‍ക്ക്മാത്രം ഉള്ളതാണെന്ന്. സ്ത്രീകള്‍ക്കുള്ളത് വേറെ വാങ്ങിക്കൊണ്ടുവരാമെന്നും പറഞ്ഞു.

റഹ്മത്തിന്റെ മരുമകള്‍ ജോലിക്ക് വന്നതിനു ശേഷമാണ് മുപ്പര് വീട്ടി തന്നെ ചടഞ്ഞു കൂടിയത്; ബീവിക്ക് ഒരാശ്വാസം കിട്ടിയതും. വീട്ടിലെ ജോലികളെല്ലാം ആസിയ ചെയ്യും. മേ
ല്‍ നോട്ടത്തിന് മൂപ്പരുണ്ടല്ലോ എന്ന സമാധാനത്തോടെ ഉച്ചയൂണും കഴിഞ്ഞ് ബീവി ഒരുമണിക്കൂര്‍ കിടക്കും. ക്ഷീണം കാരണം മയങ്ങിപ്പോകും. ആസിയാ ഇപ്പോള്‍ ജോലിക്ക് വരാറില്ല; അവള്‍ക്ക് ഗര്‍ഭമാണത്രെ. എന്നാ റഹ്മത്തിനെ പറഞ്ഞു വിടാന്‍ ആവശ്യപ്പെട്ടിട്ട് അവര്‍ക്ക് സുഖമില്ല പോലും. ബീവിതന്നെ അടുക്കളയില്‍ കയറേണ്ടി വന്നത് അതുകൊണ്ടാണ്.

ആസിയാ പോയതിന് ശേഷമാണ് മൂപ്പര്‍ക്ക് മിണ്ടാട്ടം ഇല്ലാതായത്. ചിലപ്പോള്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം. തന്നത്താന്‍ എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടപ്പോള്‍ മുതലാണ് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായത്. ഉടനെതന്നെ മുസല്ല്യാരെ വിളിപ്പിച്ചു. അദ്ദേഹമാണ് കൂടോത്രമാണെന്ന് പറഞ്ഞത്.

മന്ത്രോം കിന്ത്രോമൊന്നുമല്ല. ഇതെന്തോ മാനസിക വിഭ്രാന്തിയാണ്. പഠിപ്പുള്ള ബഷീറിക്ക പറഞ്ഞു. ഡോക്ട്ടറെ കാണിക്കണം. ഭ്രാന്തിന് ചികിത്സിക്കുന്ന മാത്യു ഡോക്ട്ടര്‍ എന്റെ പരിചയക്കാരനാണ്. വാ മച്ചാനെ നമുക്ക്അവിടംവരെ പോകാം.

ബഷീറിക്ക നിര്‍ബന്ധിച്ചപ്പോള്‍ മൂപ്പരുടെ ലക്ഷണം മാറി. അടുക്കളയി
ല്‍ ചെന്ന് ഇറച്ചി വെട്ടുന്ന കത്തി എടുത്തു കൊണ്ടുവന്നിട്ട് ഇക്കായുടെ നേരെനീട്ടി; കൊന്നു കളയുമെന്ന് പറഞ്ഞു.

ഇനി സംശയിക്കാനൊന്നുമില്ല, ഇക്കപറഞ്ഞു. ഇത് മുഴുത്ത ഭ്രാന്തിന്റെ ലക്ഷണമാണ്. തുടക്കത്തിലേ ചികിത്സിച്ചിച്ചെങ്കി
ല്‍ പിന്നെ ഭ്രാന്താശുപത്രിയില്‍ കൊണ്ടാക്കേണ്ടിവരും.

ബീവി കരയാന്‍ തുടങ്ങിയപ്പോള്‍ ഇക്ക സമാധാനിപ്പിച്ചു. നീ വിഷമിക്കാതിരിക്ക്. നിനക്ക് ആങ്ങളമാര് മൂന്നുപേരാ; കൂടാതെ ആണ്‍മക്കള് മൂന്നും. മച്ചാന്റെ കാര്യം ഞങ്ങള് നോക്കിക്കോളാം.

ഗള്‍ഫിലുള്ള അസീസിനേം, ഷാനവാസിനേം, അഫ്‌സലിനേം വിവരം അറിയിക്കേണ്ടേയെന്ന് ചോദിച്ചപ്പോള്‍ ഇക്ക എതിര്‍ത്തു.

ല്‍കാലം അവരൊന്നും അറിയേണ്ട. അവമ്മാര് അവിടെ ജോലിചെയ്യുകയല്ലേ? ബദറിന് അസുഹം കൂടുകയാണെങ്കി മാത്രം അറിയിച്ചാ മതി.

ബഷീറിക്ക പോയി രണ്ടനുജന്മാരേം മാര്‍ക്കറ്റി
ല്‍ ചുമടെടുക്കുന്ന രണ്ട് തടിയന്മാരേം കൂട്ടിക്കൊണ്ടു വന്ന് ബലംപ്രയോഗിച്ചാണ് മൂപ്പരെ പിടി കൂടിയത്. കൊല്ലുമെന്നും തല്ലുമെന്നുമൊക്കെ ഭീഷണി മുഴക്കിയെങ്കിലും തടിയന്മാര്‍ പൂപോലെ പൊക്കിയെടുത്ത് കാറില്‍ കയറ്റി. കാഴ്ച കണ്ട് കണ്ണുനീര്‍ പൊഴിക്കാനല്ലാതെ ബീവിക്കെന്തുചെയ്യാന്‍ സാധിക്കും? താനുംകൂടി വരട്ടേയെന്ന് ചോദിച്ചപ്പോള്‍ ഇക്കാ സമ്മതിച്ചില്ല. നീ ഇവിടിരുന്നാ മതി. ഞങ്ങള് ആണുങ്ങള് അഞ്ചു പേരല്ല കൊണ്ടുപോകുന്നത്? ഡോക്ട്ടറ് പരിശോധിച്ച് എന്താ പറയുന്നതെന്ന് കേക്കട്ടെ.

അങ്ങോട്ടു പോയതുപോലെ കുറെ സമയം കഴിഞ്ഞപ്പോള്‍ തിരികെ വന്നു. ഭര്‍ത്താവിനെ വീട്ടുപടിക്ക
ല്‍ ഇറക്കിവിട്ടിട്ട് ബഷീറിക്ക കാറു വിട്ടുപോയി. കാറിന്റെ പിന്നാലെ ചെന്ന് മൂപ്പര് ആക്രോശിച്ചു. നായിന്റെ മക്കളെ, കൊല്ലുമെടാ നിന്നെയൊക്കെ.

കൊല്ലാനും തിന്നാനുമൊക്കെ വരട്ടെ, ഡോക്കട്ടര് എന്നതാ പറഞ്ഞത്; ഭര്‍ത്താവിന്റെ കൈപിടിച്ച് പടിക്കകത്തേക്ക് കയറ്റിയട്ട് ബീവി ചോദിച്ചു. ബഷീറിക്കായേം അളിയന്മാരേം പേരെടുത്ത് ചീത്ത വിളിച്ചതല്ലാതെ എത്രചോദിച്ചിട്ടും രോഗവിവരം മാത്രം പറഞ്ഞില്ല. പിറ്റേദിവസം ആമിനാ താത്ത വന്നപ്പോഴാണ് പെട കിട്ടുന്ന കാര്യം പറഞ്ഞത്.

ആരാടി ആസിയ? താത്ത ചോദിച്ചു.

അതിവിടെ ജോലിക്ക് വരുന്നവളാ.

എന്നാ അവളെ പറഞ്ഞുവിട്ടേക്ക്, എത്രയും പെട്ടന്ന്.

അവള് പോയല്ലോ, അവക്കടെ പള്ള വീര്‍ത്തതു കൊണ്ട് ഇപ്പോ പണിക്ക് വരാറില്ല.

എത്ര മാസമായി? ഇടിവെട്ടേറ്റതു പോലെയാണ് താത്ത ചോദിച്ചത്.

അതൊന്നും എനിക്കറിയില്ല. ഇപ്പൊ വരാറില്ല. ബീവി തന്റെ അജ്ഞത വെളിപ്പെടുത്തി.

എന്നാ മുതുക്കിപ്പാത്തുവിനെ വിളിച്ച്അവടെ ഗര്‍ഭം കലക്കാനുള്ള ഏര്‍പ്പാടു ചെയ്യണം. തള്ളേ ഞാനിങ്ങോട്ട് പറഞ്ഞു വിടാം.

ആമിന താത്ത പറയുന്നതൊന്നും ബീവിക്ക് മനസിലായില്ല. താത്തയെന്നല്ല ആരു പറയുന്നതും ഇപ്പോള്‍ മനസിലാകാത്ത ഭാഷയിലാണ്. ആസിയായുടെ ഗര്‍ഭം നമ്മളെന്തിനാ കലക്കുന്നത്? അത് ചോദിച്ചപ്പോഴാണ് താത്ത രഹസ്യം വെളിപ്പെടുത്തിയത്. എടീ അതിന്റെ ഉടയോന്‍ ഉമ്മറത്തിരിപ്പുണ്ട്, താടി മീശേം തടവിക്കൊണ്ട്. ബീവി ഉമ്മറത്തുചെന്ന് നോക്കി. ശരിയാ താത്ത പറഞ്ഞത്. ബദറുദ്ദീന്‍ താടീം തടവിക്കൊണ്ട് കസേരയി
ല്‍ ഇരിപ്പുണ്ട്.

പക്ഷേ, ആസിയായുടെ ഗര്‍ഭം അവക്കടെ കെട്ടിയോന്റെ വകയല്ലേ? അത് ചോദിച്ചപ്പോള്‍ ആമിന താത്ത മൂക്കത്തൂന്ന് വിരലെടുത്തു.

ഓടെ നിക്കാഹ് കഴിഞ്ഞതാണോ?

പിന്നല്ലാതെ; അവക്ക് കെട്ടിയോനും ഒരുകൊച്ചും ഉണ്ട്.

റബ്ബേ. എന്റെ നെഞ്ചിലെ തീകെട്ടല്ലോ. ഞാന്‍ വിചാരിച്ചു അവടെ നിക്കാഹ് കഴിഞ്ഞിട്ടില്ലെന്ന്.

അതിന് നിങ്ങളെന്തിനാ താത്തേ നെഞ്ചി
ല്‍ തീയും കൊണ്ട് നടക്കുന്നത്?

എടി മണ്ടി. ഓടെ കൊച്ചിന്റെ ബാപ്പ നിന്റെ കെട്ടിയോനാണെന്നാ അയാള് ഡോക്കട്ടറോട് പറഞ്ഞത്. അങ്ങോര് ഹിപ്പപ്പൊട്ടാമസ്സോ അങ്ങനെയെന്തോ ചെയ്യുമ്പോ ഉള്ളിരിക്കുന്ന രഹസ്യം മൊത്തം തുറന്നു പറയുമത്രെ. ബഷീറാ ഇക്കാര്യം എന്നോടു പറഞ്ഞത്. ഇത് നിന്നെ അറിയിച്ചില്ലെങ്കി
ല്‍ എനിക്ക് സമാധാനം ഉണ്ടാകുമോ? ഇത്രയും പറഞ്ഞിട്ട് ആമിന താത്ത സ്ഥലം വിട്ടു. ബീവി വീണ്ടും ഉമ്മറത്തു ചെന്ന് നോക്കി. കെട്ടിയോന്‍ മയ്യത്തായതു പോലെ കസേരയില്‍ ഇരിപ്പുണ്ട്. ചത്തോയെന്നറിയാന്‍ അവരൊന്ന് കുലുക്കിനോക്കി; ജീവനുണ്ട്.

വല്ല പെണ്ണുങ്ങടേം ഗര്‍ഭമേറ്റെടുക്കാന്‍ നടക്കുന്നത് എന്തിനാ,  മനുഷാ? ബീവിയുടെ ചോദ്യം കേട്ട് ബദറ് ഞെട്ടി. ആസിയാ ചോദിച്ച ഇരുപതിനായിരം രൂപാ എങ്ങനെ കൊടുക്കുമെന്ന് ആലോചിക്കുകയായിരുന്നു അയാള്‍. മക്കള് ചെക്കന്മാര് അറബി രാജ്യത്തു കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് അവള്‍ക്ക് കൊടുക്കാനുള്ളതാണോ? ചെയ്ത ഉപകാരത്തിന് പത്തും നൂറുമൊക്കെ പലപ്പോഴായി കൊടുത്തിട്ടുണ്ട്. വിഷയ സുഹം അനുഭവിച്ചത് താന്‍ മാത്രമല്ലല്ലോ; അവളും കൂടിയല്ലേ? പിന്നെ അവടെ പള്ളേകിടക്കുന്ന കൊച്ച് തന്റേതാണോ അവടെ കെട്ടിയോന്റെയാണോ എന്നെങ്ങനെ അറിയാനാ? ഇതൊക്കെ ആലോചിച്ചാ തലപെരുത്തത്.

വട്ടാണെന്നുംപറഞ്ഞ് ഭ്രാന്തിന്റെ ഡോക്ട്ടറെ കാണിക്കാന്‍ കൊണ്ടുപോയതിനാ മച്ചാന്മാരെ ചീത്തവിളിച്ചത്. ഡോക്ട്ടറ് മയക്കി കിടത്തിയിട്ട് എന്തൊക്കെയോ ചോദിച്ചു; താന്‍ എന്തൊക്കെയോ പറഞ്ഞു. എന്തൊക്കെയാണ് പറഞ്ഞതെന്ന് ഓര്‍മയില്ല. അവിടുന്ന് ഇറങ്ങിയപ്പോള്‍ ആസിയ ആരാണെന്ന് ബഷീറ് ചോദിച്ചു. തനിക്കറിയില്ലെന്ന് കള്ളംപറഞ്ഞു. നാട്ടുകരുടെ കയ്യീന്ന് പെടകിട്ടുമ്പോള്‍ ഞങ്ങളാരും കാണത്തില്ലെന്ന് അവന്‍. നിന്റെയൊന്നും സഹയം എന്റെ പട്ടിക്കു പോലും വേണ്ടെന്ന് മറുപടിയും കൊടുത്തു.

ഇനി ആസിയാടെ കാര്യമല്ലേ? അടുത്തമാസം തേങ്ങായിടുമ്പം ആയിരം രൂപാ അവള്‍ക്ക് കൊടുക്കാം. അവളെ മൊത്തം വിറ്റാ കിട്ടുമോ ഇരുപതിനായിരം രൂപാ? പെണ്ണിന്റെ ഒരത്യാഗ്രഹമേ? ഫൂ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക