Image

ഏജന്റിന്റെ ചതിയില്‍പ്പെട്ട ജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി.

Published on 08 July, 2017
ഏജന്റിന്റെ ചതിയില്‍പ്പെട്ട ജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: നാട്ടിലെ ഏജന്റിന്റെ ചതിയില്‍പ്പെട്ട് സൗദിയില്‍ ജോലിയ്‌ക്കെത്തി ദുരിതത്തിലായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും, വനിതാ അഭയകേന്ദ്രം അധികൃതരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

കര്‍ണ്ണാടക കുര്‍ഗ്ഗിലെ താമസക്കാരിയായ മലയാളിയായ ശുഭയ്ക്കാണ് നിര്‍ഭാഗ്യങ്ങളുടെയും ദുരിതങ്ങളുടെയും വലിയൊരു പരമ്പര താണ്ടേണ്ടി വന്നത്. നാട്ടില്‍ രണ്ടു കുട്ടികളുമായി ജീവിച്ചിരുന്ന ശുഭയെ ഭര്‍ത്താവ് ഉപേക്ഷിച്ചതോടെയാണ്, അവരുടെ ജീവിതത്തിലെ ദുരിതങ്ങള്‍ തുടങ്ങിയത്. ഭര്‍ത്താവ് വരുത്തിവെച്ച സാമ്പത്തികബാധ്യതകള്‍, സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബത്തില്‍ പ്രശ്!നങ്ങള്‍ സൃഷ്ടിച്ചപ്പോഴാണ്, പ്രവാസജോലി സ്വീകരിച്ചു അതിന് അറുതി വരുത്താന്‍ ശുഭ തീരുമാനിച്ചത്. അത് കൊണ്ട് തന്നെ, നാട്ടിലെ പരിചയക്കാരനായ ഒരു ട്രാവല്‍ ഏജന്റ്, ദുബായില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്തപ്പോള്‍, രണ്ടാമതൊന്നും ആലോചിയ്ക്കാതെ ശുഭ അത് സ്വീകരിച്ചത്. നല്ലൊരു തുക സര്‍വീസ് ചാര്‍ജ്ജായി ഏജന്റ് വാങ്ങുകയും ചെയ്തു.

അങ്ങനെ ആദ്യം ഏജന്റ് നല്‍കിയ വിസിറ്റിങ് വിസയില്‍ ദുബായില്‍ എത്തിയ ശുഭയെ, പിന്നീട് അറബിയായ മറ്റൊരു ഏജന്റ് സൗദിയിലേക്ക് കടത്തുകയായിരുന്നു. അല്‍ കാസിമിലുള്ള ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്യാനാണ് തന്നെ കൊണ്ട് വന്നതെന്ന് ശുഭ ഒടുവിലാണ് മനസ്സിലാക്കിയത്. ചതി പറ്റിയെങ്കിലും, കുടുംബത്തിന്റെ അവസ്ഥ ഓര്‍ത്ത് എങ്ങനെയും ഈ ജോലിയില്‍ പിടിച്ചു നില്‍ക്കാനായിരുന്നു അവര്‍ ശ്രമിച്ചത്.

എന്നാല്‍ ആ വീട്ടിലെ ജോലി സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു. വിശ്രമമില്ലാതെ രാപകല്‍ പണിയെടുപ്പിയ്ക്കുന്നത് പോരാതെ, സ്‌പോണ്‍സറുടെ ഭാര്യ വളരെ പരുഷമായാണ് ശുഭയോട് പെരുമാറിയത്. ഈ വിവരങ്ങളൊക്കെ അറിഞ്ഞ നാട്ടിലെ കുടുംബം, ഏജന്റിനെതിരെ പരാതി നല്‍കി. മുന്‍പ് നടന്ന സമാനമായ ഒരു വിസ തട്ടിപ്പു കേസില്‍ ഏജന്റ് അറസ്റ്റില്‍ ആയി.

നാല് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, ജോലി ചെയ്ത സ്ഥലത്തെ മാനസികപീഢനങ്ങള്‍ സഹിയ്ക്കാനാകാതെ ശുഭ, ചില നാട്ടുകാരുടെ സഹായത്തോടെ സൗദി പോലീസില്‍ അഭയം തേടി. പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

അവിടെ വെച്ച് പരിചയപ്പെട്ട നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ശുഭ നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു ശുഭയുടെ സ്‌പോണ്‍സറെ ഫോണില്‍ വിളിച്ചു സംസാരിച്ചെങ്കിലും, അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു ഇന്ത്യന്‍ എംബസ്സി വഴി ശുഭയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.

സൗദി അധികൃതര്‍ തന്നെ ശുഭയ്ക്ക് വിമാനടിക്കറ്റ് നല്‍കി. എല്ലാവര്‍ക്കും നന്ദി പറഞ്ഞു, ഭാവിയെക്കുറിച്ചുള്ള ആശങ്കയോടെ ശുഭ നാട്ടിലേയ്ക്ക് മടങ്ങി
ഏജന്റിന്റെ ചതിയില്‍പ്പെട്ട ജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക