Image

പ്രതിഷേധങ്ങള്‍ക്കു നടുവില്‍ ജി20 ഉച്ചകോടി ഇന്നവസാനിക്കും

Published on 08 July, 2017
പ്രതിഷേധങ്ങള്‍ക്കു നടുവില്‍ ജി20 ഉച്ചകോടി ഇന്നവസാനിക്കും

 
ഹാംബര്‍ഗ്: കാലാവസ്ഥാ വ്യതിയാനവും ഉത്തര കൊറിയന്‍ ആണവ ഭീഷണിയും സ്വതന്ത്ര വ്യാപാര കരാറും മുഖ്യ അജന്‍ഡകളായി ജി20 ഉച്ചകോടിക്ക് വെള്ളിയാഴ്ച തുടക്കം കുറിച്ചു. പക്ഷേ, ഇതിനെക്കാളെല്ലാം മുകളില്‍ നിന്നത് കത്തുന്ന പ്രതിഷേധങ്ങളാണ്.

ഡോണള്‍ഡ് ട്രംപും വ്‌ളാദിമിര്‍ പുടിനും നരേന്ദ്ര മോദിയും ഷി ജിന്‍പിംഗും അടക്കമുള്ള ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് അദ്ഭുപൂര്‍വമായ സുരക്ഷാ സന്നാഹങ്ങളാണ്. 

12,000 പേര്‍ പങ്കെടുത്ത ഒരു പ്രതിഷേധ പ്രകടനം ഇതിനിടെ അക്രമാസക്തമാകുകയും ചെയ്തു. ഉച്ചകോടിയുടെ വേദിക്ക് 38 കിലോമീറ്റര്‍ ചുറ്റളവിലും വിമാനത്താവളത്തില്‍നിന്ന് ഇവിടേക്കുള്ള റോഡുകളിലും പ്രകടനങ്ങള്‍ അനുമതി നല്‍കിയിരുന്നില്ല. 

എന്നാല്‍, വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായി. പ്രക്ഷോഭകര്‍ കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ക്കുകയും കാറുകള്‍ കത്തിക്കുകയും ചെയ്തു. ഇരുപതിനായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നത്. 

വെള്ളിയാഴ്ച രാത്രിയും പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഇരുനൂറോളം പോലീസുകാര്‍ക്ക് ഇതില്‍ പരിക്കേറ്റു. ക്രമസമാധാനില ത്വരിതപ്പെടുത്താനായി കൂടുതല്‍ സൈനികരെ അധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി പവ്‌ലോ ജന്റിലോണുമായും വിവിധ രാജ്യതലവന്മാരുമായും കൂടിക്കണ്ടു.

ഇന്നു നടന്ന കാലാവസ്ഥാവ്യതിയാന പ്രമേയത്തില്‍ വിഷയം പാസായി. എന്നാല്‍ ട്രംപ് പ്രമേയത്തെ അനുകൂലിക്കാഞ്ഞതിനാല്‍ ജി 20 ഉച്ചകോടിയില്‍ ഒറ്റപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക