Image

ഇന്ത്യ ചൈന സംഘര്‍ഷ മേഖലക്കരികിലേക്കു യുവാക്കളുടെ സാഹസ സഞ്ചാരം (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി'; ചിത്രങ്ങള്‍: ഷംനാസ്, ഷെബിര്‍ Published on 08 July, 2017
ഇന്ത്യ ചൈന സംഘര്‍ഷ മേഖലക്കരികിലേക്കു  യുവാക്കളുടെ സാഹസ സഞ്ചാരം (കുര്യന്‍ പാമ്പാടി)
സിക്കിമിനും ഭുട്ടാനുമിടയില്‍ നാതുല ചുരത്തിനു സമീപം ഇന്ത്യാ-ചൈനാ സേനകള്‍ മുഖാമുഖം നില്‍ക്കുമ്പോള്‍ തൃശൂര്‍ ജില്ലയില്‍ നിന്ന് രണ്ടു ചെറുപ്പക്കാര്‍, ഷംനാസും ഷെബിറും, ഈയിടെ അവിടേക്ക് നടത്തിയ വാഹനയാത്രയ്ക്ക് പ്രസക്തിയേറുന്നു.

ടിബറ്റിലെ ചുംബിവാലിക്കരികില്‍ ഇന്ത്യയും ചൈനയും ഭുട്ടാനും കൂട്ടിമുട്ടുന്ന ഡോക്ലാ ജങ്ക്ഷനിലാണ് സൈന്യങ്ങള്‍ മുഖാമുഖം നില്‍ക്കുന്നത്. ചുംബിവാലി പീഠഭൂമിയില്‍ ഭുട്ടാനോടു ചേര്‍ന്നുള്ള ചൈനയുടെ റോഡ് പണി  ഇന്ത്യ തടഞ്ഞതു മുതലാണ് പ്രശ്‌നം.

ഈ തര്‍ക്കവുമായി ഒരു ബന്ധവും ഇല്ലാതെയാണ് ഷംനാസും ഷെബിറും ഒരു ടയോട്ട ഇന്നോവ ഓടിച്ചു ഭുട്ടാന്റെ വടക്കേ അറ്റത്തുള്ള പുനാഖാ വരെ പോയതും ഒരു പോറല്‍ പോലുമേല്‍ക്കാതെ മടങ്ങി വന്നതും. ആകെ 7750 കി.മി. 18 ദിവസം. ചെലവു ഒന്നര ലക്ഷം.

തൃശൂര്‍ കഴിഞ്ഞു കോയമ്പത്തൂര്‍, കാട്പാടി, തിരുപ്പതി, വിജയവാഡ, കട്ടക്ക്, ഖരക്പുര്‍, കൊല്‍ക്കത്ത, സിലിഗുരി, ജല്‍ഗവോണ്‍ വഴിയാണ് ഭുട്ടാന്‍ അതിര്‍ത്തി പട്ടണമായ ഫുണ്ട്‌ഷോളിങ്ങില്‍ എത്തിയത്. ബംഗാള്‍, സിക്കിം, അസം, അരുണാചല്‍ സംസ്ഥാനങ്ങളിലായി ഇന്ത്യക്കും ഭുട്ടാനും തമ്മില്‍ 699 കി.മി. നീണ്ട അതിര്‍ ത്തിയാണുള്ളത്. കാശ്മീര്‍ മുതല്‍ അരുണാചല്‍ വരെ ഇന്ത്യയും ചൈനയും തമ്മിലാകട്ടെ 4056 കിലോമീറ്ററും.

ഫുണ്ട്‌ഷോളിങ്ങ് വിദേശ സഞ്ചാരികളെകൊണ്ടു നിറഞ്ഞിരുന്നു. പ്രവേശന പാസ് വാങ്ങാന്‍ നീണ്ട ക്യു. കാറിനും വേണമല്ലോ പാസ്. കാറില്‍ പോകുന്നവരും ധാരാളം. ബൈക്കില്‍ പോകുന്ന ഇന്ത്യന്‍ യുവാക്കളും ഒട്ടും കുറവല്ല. അരുണാചല്‍, അസം മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര എന്നീ അയല്‍ സംസ്ഥാനക്കാരാണ് ഏറെ. സൈക്കിളില്‍ പോകുന്ന ഒരു വിദേശിയനെയും കണ്ടു. ഫ്രാന്‍സില്‍ നിന്നാണ്, സൈക്കിള്‍ സവാരിക്കാരുടെ പാളി ഹെല്‍മെറ്റും ധരിച്ച്.

'അതിത്തിപട്ടണത്തില്‍ ഞങ്ങള്‍ രണ്ടു രാത്രി താമസിച്ചു. ഇടയ്ക്കു ഒരു ഞായറാഴ്ച വന്നതാണ് പ്രശ്‌നമായത്. ഹോട്ടെലില്‍ 1500 രൂപ. ഭുട്ടാന്റെ നുള്‍ട്രവും രൂപയും തമ്മില്‍ വലിയ വ്യത്യാസം ഇല്ല. രൂപ എവിടെയും എടുക്കും. ടാങ്ക് നിറയെ ഡീസലും അടിച്ചു. എല്ലാം ഇന്ത്യയില്‍ നിന്ന് വരുന്നതാണെങ്കിലും ഭുട്ടാനില്‍ ഡീസലിന് അഞ്ച് രൂപ കുറവാണ്.'

ഫുണ്ട്‌ഷോളിങ്ങ് മുതല്‍ തലസ്ഥാനമായ തിംഫു വരെ 180 കി.മി മികച്ച രണ്ടുവരിപ്പാത. ഇന്ത്യയുടെ അതിര്‍ത്തിയില്‍ റോഡും പാലവും പണിയുന്ന ബോർഡർ റോഡ്‌സ്  (ബി.ആര്‍.ഒ)  പാറകള്‍ അരിഞ്ഞിറക്കി വീതികൂട്ടി പാത പൂര്‍ത്തിയാക്കിയിട്ടു അധിക കാലം ആയില്ല.

ഞാനും സുഹൃത്തും എഴുത്തുകാരനുമായ വൈക്കം മധുവും മൂന്നു വര്‍ഷം മുമ്പ് പോയപ്പോള്‍ റോഡ് പണി നടക്കുകയായിരുന്നു. കോണ്‍വോയി ആയി തിംഫുവിലെത്താന്‍ അന്ന് പത്ത് മണിക്കൂര്‍ എടുത്തു. ഷംനാസ്‌ ഷെബിര്‍ ടീമിന്റെ കാര്‍ എടുത്തത് അഞ്ചു മണിക്കൂര്‍. ഹിമാലയത്തിന്റെ മടിയിലൂടെ വളഞ്ഞു പുളഞ്ഞ വഴി. മലകളെ കീറിമുറിച്ചു 35 ക.മി. കൂടുതല്‍ സ്പീഡില്‍ പോകാന്‍ വയ്യ.

ഭുട്ടാനിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാറോതിംഫുവില്‍ നിന്ന് 70 കി.മി. മലകളുടെ നടുവില്‍ കിടക്കുന്ന ഒരു ചെറു പട്ടണമാണ്. പാറോ യില്‍ ഇറങ്ങാന്‍ വിമാനങ്ങള്‍ക്ക് മലമുകളില്‍ ചുറ്റി പറക്കേണ്ടിയിരിക്കുന്നു.

ഭുട്ടാനില്‍ ഇന്ത്യ നിര്‍മിക്കുന്ന ജലവൈദ്യുതി പദ്ധതികള്‍ വഴിയുള്ള വൈദ്യുതി ഇന്ത്യക്ക് തന്നെ വിറ്റ് കിട്ടുന്നതാണ് ഭുട്ടാന്റെ പ്രധാന വരുമാനം. അത് കഴിഞ്ഞാല്‍ ടൂറിസം. അവിടത്തുകാര്‍ക്ക് നന്നായി പെരുമാറാനും അറിയാം. വെല്‍കം ഡ്രിങ്ക്. ചപ്പാത്തിയും ചോറും കോഴിയിറച്ചിക്കറിയും എല്ലാം. ബിയറും മദ്യവും എവിടെയും സുലഭം.

'പാറോയില്‍ ഞങ്ങള്‍ രണ്ടു രാത്രി തങ്ങി. ഒരു ഇടത്തരം ലോഡജ്. 1600 രൂപ. തരക്കേടില്ലാത്ത ഭക്ഷണം. ഡല്‍ഹിയില്‍ പഠിച്ചു ബിരുദം നേടിയ ധര്‍മ്മ എന്ന യുവ വീട്ടമ്മയാണ്ഉടമ. ജോലിക്കാര്‍ ഇന്ത്യക്കാര്‍. നാല്‍പതു സെന്ററില്‍ അവരുടെ മറ്റൊരു രണ്ടുനില റിസോര്‍ട്ട് പണി പൂര്‍ത്തിയായി വരുന്നു.

മലകളുടെ നടുവില്‍ ഒരു ഗന്ധര്‍വ നഗരിയാണ് തിംഫു. രാത്രി വെള്ളി വെളിച്ചം കൊണ്ടു നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശ വീഥി പോലെ തോന്നും. ഒരായിരം മിന്നാമിനുങ്ങുക.ള്‍ കണ്ണു ചിമ്മുന്നതു പോലെ. അവരുടെ പാര്‍ലമെന്റ് മുതല്‍ സാര്‍ക്ക് ആസ്ഥാന മന്ദിരം വരെയുള്ളതെല്ലാം പഗോഡ ശൈലിയില്‍ മനോഹരമായി കെട്ടിപടുത്തവ.

രണ്ടായിരത്തി അഞ്ഞൂറു മുതല്‍ 25000 വരെ ചാര്‍ജ്‌ ചെയ്യുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ബെഡ് ആന്‍ഡ് ബ്രേക്ക് ഫാസ്റ്  ഹോമുകള്‍. താജ് താഷി, ലെ മേരിഡിയന്‍, ഹോട്ടല്‍ നോര്ബുലിംഗ് തുടങ്ങിയവ. തണുപ്പുണ്ട്. കൊതുകില്ല. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസിനയെ സ്വാഗതം ചെയ്യുന്ന ഹോര്‍ഡിങ്ങുകളും യുണിഫോം ധരിച്ചു കാത്തു നില്‍കുന്ന സ്‌കൂള്‍ കുട്ടികളെയും കണ്ടു. രണ്ടു ദിവസം അവിടെ തങ്ങി. ശാന്തിദേവ എന്ന ലോഡജില്‍. മുറിക്കു 2450 രൂപ..

പുനാഖ വരെയുള്ള എഴുപതു കി. മി. റോഡ് ഫുണ്ട്തിംഫു രാജപാത പോലെ അത്ര മികച്ചതല്ല. എങ്കിലും കൃഷിയിടങ്ങളും പച്ചപ്പും കണ്ടുകൊണ്ടുള്ള യാത്ര ഹൃദ്യമാണ്. ഭൂട്ടാന്റെ പഴയ തലസ്ഥാനമാണ് പുനാഖ. (1955 ല്‍ തലസ്ഥാനം മാറ്റി). അന്നത്തെ രാജ കൊട്ടാരം (സോംഗ്) ഇന്ന് പ്രാദേശിക ഭരണകേന്ദ്രം ആണു. വളരെ മനോഹരം. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉണ്ട്
.
പുനാഖയില്‍ മലകളെ ചുറ്റി ഒഴുകുന്ന മോച്ചു നദിയില്‍ റാഫ്ടിംഗ് നടത്തുന്ന വിദേശിയരെ കണ്ടു. നദിക്കു കുറുകെ ഉയര്‍ത്തിയ വലിയൊരു തൂക്കു പാലത്തില്‍ കയറി ഞങ്ങള്‍ അക്കരെ വരെ പോയി. മലയോരങ്ങളിലേക്ക് പോകുന്ന ഗ്രാമീണര്‍ക്ക് ഇതല്ലാതെ മാര്‍ഗമില്ല. താഴ്വരകളില്‍ കൃഷിചെയ്യുന്ന വിഭവങ്ങള്‍ വിപണനം ചെയ്യുന്നത് പുനാഖയിലെ ഞായറാഴ്ച ചന്തയിലാണ് വാഴക്കുലയും വാഴച്ചുണ്ടും കരിമ്പും കപ്പയും കാച്ചിലുമൊക്കെ.

ഭുട്ടാനില്‍ പ്രധാന കേന്ദ്രങ്ങളില്‍ ഇപ്പോഴും മലയാളികള്‍ അദ്ധ്യാപകരായും അപൂര്‍വ്വം ചിലയിടത്ത് നഴ്‌സുമാരായും ജോലി ചെയ്യുന്നുണ്ട്. ഒരുകാലത്ത് ഭുട്ടാനിലെ അദ്ധ്യാപകരില്‍ നല്ല പങ്കും മലാളികള്‍ ആയിരുന്നു.

'ബംഗാളിലെ ഡാര്‍ജിലിംഗ് വഴിയായിരുന്നു മടക്കം. ഗൂര്‍ഖാലാന്‍ഡിനു വേണ്ടി അവരവിടെ കൊടികുത്തി സമരം ആരംഭിക്കുന്നതിന്റെ തൊട്ടു മുമ്പ് ഞങ്ങള്‍ അവിടം കടന്നു. വഴിക്ക് ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ കക്കര്‍ബിട്ടയില്‍ നിന്നു മേച്ചിപാലം കടന്നു പശുപതി നഗര്‍ വഴി മേച്ചി മാര്‍ക്കറ്റ് വരെ ഞങ്ങള്‍ പോയി. അവിടെനിന്നു അഞ്ഞൂറു കി.മി. അകലെയാണ് നേപ്പാള്‍ തലസ്ഥാനം, കാത്ത്മണ്ടു.

'അവിടെ ബിയറും നൂഡില്‍സും കഴിക്കുമ്പോള്‍ ചുറ്റിനും ഇന്ത്യന്‍, നേപ്പാളി ടൂറിസ്റ്റുകള്‍. നേപ്പാളി ചെറപ്പക്കാരുമായി ഞങ്ങള്‍ സൗഹൃദം പങ്കിട്ടു. സെല്‍ഫി എടുത്തു. എന്തായാലും ഇംഗ്ലീഷ് ഭരണ കാലത്ത് ഇന്ത്യയും നേപ്പാളും ഭുട്ടാനും പാക്കിസ്ഥാനുമെല്ലാം ഒരൊറ്റ രാജ്യം ആയിരുന്നല്ലോ.'

നാട്ടില്‍ എത്തുമ്പോള്‍ ഒരാശ്വാസം. പക്ഷേ അത് അടുത്ത സഫാരി ചാര്‍ട്ട് ചെയ്യുന്നത് വരെ മാത്രം. രണ്ടു വര്‍ഷം മുമ്പ് ജമ്മു കാശ്മീരില്‍ ലഡാക്ക് വരെ കാറോടിച്ചു പോയതിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. അന്നു ഞങ്ങളോടൊപ്പം മൂന്നാമത്ഒരാള്‍ കൂടിയുണ്ടായിരുന്നു ഹാരിസ്.

(തൃശൂര്‍ ജില്ലയില്‍ പുന്നയൂര്‍ക്കുളം സ്വദേശി ഷംനാസ് എം.ബി.എ. ക്കാരന്‍. ദുബൈയില്‍ ജോലി. അമ്മാവന്റെ മകന്‍ ഷെബിര്‍ അതേ ജില്ലയില്‍ തൊഴിയൂര്‍ സ്വദേശി. എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ദോഹയില്‍ ജോലി.)
ഇന്ത്യ ചൈന സംഘര്‍ഷ മേഖലക്കരികിലേക്കു  യുവാക്കളുടെ സാഹസ സഞ്ചാരം (കുര്യന്‍ പാമ്പാടി)ഇന്ത്യ ചൈന സംഘര്‍ഷ മേഖലക്കരികിലേക്കു  യുവാക്കളുടെ സാഹസ സഞ്ചാരം (കുര്യന്‍ പാമ്പാടി)ഇന്ത്യ ചൈന സംഘര്‍ഷ മേഖലക്കരികിലേക്കു  യുവാക്കളുടെ സാഹസ സഞ്ചാരം (കുര്യന്‍ പാമ്പാടി)ഇന്ത്യ ചൈന സംഘര്‍ഷ മേഖലക്കരികിലേക്കു  യുവാക്കളുടെ സാഹസ സഞ്ചാരം (കുര്യന്‍ പാമ്പാടി)ഇന്ത്യ ചൈന സംഘര്‍ഷ മേഖലക്കരികിലേക്കു  യുവാക്കളുടെ സാഹസ സഞ്ചാരം (കുര്യന്‍ പാമ്പാടി)ഇന്ത്യ ചൈന സംഘര്‍ഷ മേഖലക്കരികിലേക്കു  യുവാക്കളുടെ സാഹസ സഞ്ചാരം (കുര്യന്‍ പാമ്പാടി)ഇന്ത്യ ചൈന സംഘര്‍ഷ മേഖലക്കരികിലേക്കു  യുവാക്കളുടെ സാഹസ സഞ്ചാരം (കുര്യന്‍ പാമ്പാടി)ഇന്ത്യ ചൈന സംഘര്‍ഷ മേഖലക്കരികിലേക്കു  യുവാക്കളുടെ സാഹസ സഞ്ചാരം (കുര്യന്‍ പാമ്പാടി)ഇന്ത്യ ചൈന സംഘര്‍ഷ മേഖലക്കരികിലേക്കു  യുവാക്കളുടെ സാഹസ സഞ്ചാരം (കുര്യന്‍ പാമ്പാടി)ഇന്ത്യ ചൈന സംഘര്‍ഷ മേഖലക്കരികിലേക്കു  യുവാക്കളുടെ സാഹസ സഞ്ചാരം (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക