Image

സ്‌നേഹത്തിന്റെ സന്ദേശ വാഹകനായി ഡോ. പി.എ ഇബ്രാഹിം ഹാജി ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫറന്‍സിനെത്തുന്നു

ഡോ.ജോര്‍ജ് എം. കാക്കനാട്‌ Published on 09 July, 2017
സ്‌നേഹത്തിന്റെ സന്ദേശ വാഹകനായി ഡോ. പി.എ ഇബ്രാഹിം ഹാജി ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫറന്‍സിനെത്തുന്നു
അക്ഷര പ്രോജ്വലതയുടെ അണയാത്ത അഗ്നിയില്‍ നിന്നും വായനാ സംസ്‌കാരത്തിന്റെ ബോധമനസില്‍ നിന്നും പിറവിയെടുത്ത് ജൈത്രയാത്ര തുടരുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍സില്‍ മുഖ്യ സ്‌പോണ്‍സറായി എത്തുകയാണ് തികഞ്ഞ മനുഷ്യ സ്‌നേഹിയും ബിസിനസുകാരനും ഓള്‍ റൗണ്ടറുമായ ഡോ. പി.എ ഇബ്രാഹിം ഹാജി. വിദ്യാഭ്യാസം, ടെക്‌സ്റ്റൈല്‍, ഓട്ടോമൊബൈല്‍, ജുവലറി തുടങ്ങി നിരവധി മേഖലകളില്‍ വെന്നിക്കൊടി പാറിച്ച പ്രവാസി മലയാളിയായ ഇദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം ഇന്ത്യയിലും ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലകളുലും വ്യാപിച്ചു കിടക്കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍, ചന്ദ്രിക പബ്‌ളിക്കേഷന്‍സ് ഡയറക്ടര്‍, മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കോ-ചെയര്‍മാന്‍, റഹ്മ ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങി വിവിധ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ സാന്നിധ്യം പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് മുതല്‍ക്കൂട്ടാണെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട്, ട്രഷറാര്‍ ജോസ് കാടാപുറം എന്നിവര്‍ പറഞ്ഞു. വരുന്ന ഓഗസ്റ്റ് 24 മുതല്‍ 26വരെ ചിക്കാഗോയിലെ ഇറ്റാസ്‌കയിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലിലാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍സ് നടക്കുന്നത്.

എണ്‍പത്തിനാലുകാരനായ ഡോ. ഇബ്രാഹിം ഹാജിയുടെ വ്യക്തി ജീവിതവും ബിസിനസ് വിജയ ചരിത്രവും സാമൂഹിക ബ്രതിബദ്ധതയും ജീവകാരുണ്യ പ്രവര്‍ത്തന നിയോഗവും പഠനാര്‍ഹമാണ്. മദിരാശിയില്‍ നിന്ന് ഒാേട്ടാമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ പാസായശേഷം 1965ല്‍ ബോംബെയിലെത്തി. തുടര്‍ന്ന് പി.എ ഇബ്രാഹിം 1966 ഒക്ടോബറില്‍ ദുബൈയില്‍ എത്തി. ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പറേഷന്റെ ഏജന്‍സിയായ അലി ബിന്‍ അബ്ദുല്ല അല്‍ ഉവൈസ് കമ്പനിയില്‍ സ്പെയര്‍പാര്‍ട്സ് സെയില്‍സ്മാനായി ചേര്‍ന്നു.1968ലായിരുന്നു ഇബ്രാഹിമിന്റെ വിവാഹം.  സ്വന്തം ബിസിനസ് എന്ന ആഗ്രഹത്തിന്റെ ആദ്യപടിയായി സബ്കയില്‍ ഒരു കട വാങ്ങി. 1974ല്‍ ഡിസംബറില്‍ ഹജ്ജ് ചെയ്ത് വന്ന ശേഷം ജോലി ഒഴിവാക്കി പൂര്‍ണമായും ബിസിനസില്‍ ഇറങ്ങി. ബന്ധുവിന്റെ തുണിക്കട 1976ല്‍ ഏറ്റെടുത്തു. സെഞ്ച്വറി ട്രേഡിങ് കമ്പനി.  പ്രതീക്ഷിക്കാത്ത കുതിച്ചുകയറ്റമായിരുന്നു പിന്നീട്. വളരെ പൈട്ടന്ന് ദുബൈയിലെ ഏറ്റവുംവലിയ തുണിക്കച്ചവടക്കാരുടെയും ഇറക്കുമതിക്കാരുടെയും കൂട്ടത്തില്‍ സെഞ്ച്വറിയും എത്തി. ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്ത് ഗള്‍ഫിലേക്കെങ്ങും തുണിത്തരങ്ങള്‍ അയച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ ധിരുഭായി അംബാനിയുമായി ഇബ്രാഹിം ഹാജിക്ക് ബന്ധമുണ്ടായിരുന്നു. 14 വര്‍ഷം വിമല്‍ ഫാബ്രിക്സിന്റെ മിഡിലീസ്റ്റിലെ വിതരണക്കാരായിരുന്നു ഹാജിയുടെ സെഞ്ച്വറി ടെക്സ്റൈല്‍സ്. 30 ഓളം റീട്ടെയില്‍ കടകളും തുടങ്ങി. കുവൈത്തിലും ബഹ്റൈനിലും ഖത്തറിലും ഒമാനിലും സൗദിയിലുമെല്ലാം കടകള്‍ തുറന്നു. തുണിക്കച്ചവടം നന്നായി പച്ചപിടിച്ചു. 500ലേറെ മൊത്തവ്യാപാരികള്‍ അന്ന് ദുബൈയിലുണ്ടായിരുന്നു. 1991ല്‍ ഇവരെല്ലാം ചേര്‍ന്ന ടെക്സ്റ്റൈല്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ രൂപവത്കരിച്ചപ്പോള്‍ ഹാജിയെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തു. 1996ല്‍ ചെയര്‍മാനുമായി. രണ്ടുതവണയായി 2001 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ഇക്കാലത്താണ് 50 ലക്ഷം ചതുരശ്രയടി സ്ഥലം ദുബൈ സര്‍ക്കാര്‍ ടെക്സ്റൈല്‍ സിറ്റി നിര്‍മാണത്തിനായി അസോസിയേഷന് നല്‍കുന്നത്. അതില്‍ കച്ചവടക്കാരെ പ്രതിനിധാനംചെയ്ത് സര്‍ക്കാറുമായി ഒപ്പുവെച്ചത് ഇബ്രാഹിം ഹാജിയാണ്.

എന്‍ജിനീയറിങ് കോളജ് തുടങ്ങണമെന്ന ആഗ്രഹം വന്നതോടെ ശ്രദ്ധ അങ്ങോട്ടായി. പിന്നീട് 2003ല്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ നിക്ഷേപമിറക്കി. കാസര്‍കോട് ബസ്സ്റ്റാന്‍ഡിന് സമീപത്ത് ഹാജി നിര്‍മിച്ച ഏഴുനില കെട്ടിടത്തില്‍ മലബാള്‍ ഗോള്‍ഡ് ഷോറൂം തുറന്നു. സ്വര്‍ണക്കച്ചവടം വളരെ പെട്ടന്ന് വളര്‍ന്നു. ഇന്ന് 175 ഷോറൂമായി. ഗ്രൂപ്പിന്റെ പ്രധാന നിക്ഷേപകനായി ഹാജി മാറി. ഇപ്പോള്‍ കോ ചെയര്‍മാനാണ്. അതിനിടെ 1994ല്‍ സെഞ്ച്വറി ഇന്റര്‍നാഷനല്‍ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് തുടങ്ങി. 1984ല്‍ കോഴിക്കോട്ട് ഇന്‍ഡസ് മോേട്ടാഴ്സ് തുടങ്ങിരുന്നു. 1986ല്‍ മാരുതി കാറുകളുടെ ഏജന്‍സി ലഭിച്ചു. ദുബൈയിലിരുന്ന് ബിസിനസ് ശ്രദ്ധിക്കാനാകാതെ വന്നപ്പോള്‍ ഇരുവരും ഭൂരിഭാഗം ഓഹരികളും പി.വി. അബ്ദുല്‍ വഹാബിന് കൈമാറി. എങ്കിലും ഇബ്രാഹിം ഹാജി ഇപ്പോഴും വൈസ് ചെയര്‍മാനാണ്.

മനുഷ്യരാശിക്കുവേണ്ടിയുള്ള നിസ്വാര്‍ത്ഥ സേവനങ്ങള്‍ മാനിച്ച് ഫ്‌ളോറിഡയിലെ അമേരിക്കന്‍ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി 'ഓണററി ഡോക്ടറേറ്റ് ഓഫ് ഫിലോസഫി' ബഹുമതി നല്‍കി ആദരിച്ച ഡോ. ഇബ്രാഹിം ഹാജി നിരവധി സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സാരഥിയായും സജീവമാണിപ്പോഴും. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍സിന് അദ്ദേഹം എല്ലാവിധ ആശംസകളും നേരുന്നു.

സ്‌നേഹത്തിന്റെ സന്ദേശ വാഹകനായി ഡോ. പി.എ ഇബ്രാഹിം ഹാജി ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫറന്‍സിനെത്തുന്നു
Dr. P.A Ibrahim Haji
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക