Image

ഗ്രൗണ്ട് സീറോ ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്ക് ഗ്രീന്‍ കാര്‍ഡ്

പി പി ചെറിയാന്‍ Published on 10 July, 2017
ഗ്രൗണ്ട് സീറോ ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്ക് ഗ്രീന്‍ കാര്‍ഡ്
ന്യുയോര്‍ക്ക്: 2001 ല്‍ അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ തകര്‍ന്ന് നിലം പതിച്ച ട്വിന്‍ ടവറുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള പുതിയ ബില്‍ ജൂലൈ 9 ഞായറാഴ്ച പ്രഖ്യാപിച്ചു. ഈ ആഴ്ചയില്‍ തന്നെ യുഎസ് ഹൗസില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ന്യുയോര്‍ക്കില്‍ നിന്നുള്ള യുഎസ് പ്രതിനിധി ജൊ ക്രോലെ (ഡെമോക്രാറ്റ്) അറിയിച്ചു. ഈ ബില്‍ നിയമമായാല്‍ രണ്ടായിരത്തോളം അനധികൃത കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ നിയമപരമായി ജീവിക്കുന്നതിനും തുടര്‍ന്ന് യുഎസ് പൗരത്വം ലഭിക്കുന്നതിനും ഇടയാകുമെന്ന് ക്രോലെ പറഞ്ഞു. 

2001 സെപ്റ്റംബര്‍ 11 മുതല്‍ 2002 ജൂലൈ വരെ ലോവര്‍ മന്‍ഹാട്ടനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ പ്രകടപ്പിച്ച നിസ്വാര്‍ത്ഥവും ധീരവുമായ പ്രവര്‍ത്തികള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്‍ഹാട്ടനില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ജെറി നാഡ് ലറും പറഞ്ഞു.

ചെറിയ തോതിലുള്ള മയക്കുമരുന്ന്, ക്രിമിനല്‍ കേസ് എന്നിവയില്‍ പിടികൂടി ഡിപോര്‍ട്ടേഷന്‍ ഭീഷണിയില്‍ കഴിയുന്ന ചിലര്‍ക്കെങ്കിലും ഈ ബില്ലിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ബില്ലിന്റെ അവതാരകനായ ജൊ പ്രതീക്ഷിക്കുന്നത്. ന്യുയോര്‍ക്ക് ഗവര്‍ണര്‍ കുമൊ ഇതിനനുകൂലമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക