Image

ഒല്‍ഗ കടല്‍ തീരത്തെ ശാലോം തരംഗങ്ങളുടെ സന്ദേശം

(ദല്‍ഹികത്ത് : പി.വി.തോമസ് ) Published on 10 July, 2017
  ഒല്‍ഗ കടല്‍ തീരത്തെ ശാലോം തരംഗങ്ങളുടെ സന്ദേശം
അവസാനം ജെറുസലമിന്റെ കവാടങ്ങള്‍ അകലെ അല്ല എന്ന് ഒരു ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മനസിലാക്കി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കഴിഞ്ഞ ആഴ്ചത്തെ ഇസ്രായെല്‍ സന്ദര്‍ശനം(ജൂലൈ നാല് മുതല്‍ ആറ് വരെ) ഒരു ചരിത്ര സംഭവം ആയിരുന്നു. ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ഇസ്രായെല്‍ സന്ദര്‍ശിച്ചു. ഇസ്രായെല്‍ എന്ന രാജ്യം തന്നെ നിലവില്‍ വന്നത് 71 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്(1948-ല്‍). അതായത് ഇന്‍ഡ്യയുടെ സ്വാതന്ത്ര്യ ലബ്ധിയുടെ ഒരു വര്‍ഷം മുമ്പ്.

മോദിയുടെ ഇസ്രായെല്‍ സന്ദര്‍ശനത്തെ സംഘപരിവാര്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ നിന്നുമുള്ള വ്യക്തമായ ഒരു വ്യതിചലനമായി ചിത്രീകരിച്ചു. അവര്‍ അതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയും മതവല്‍ക്കരിക്കുകയും ചെയ്തു. അതും വ്യക്തമായ ഭൂരിപക്ഷ മതധ്രൂവീകരണ രാഷ്ട്രീയം തന്നെ.

ഇടതുപക്ഷം അതിനെ മോഡിയുടെ ഹിന്ദുത്വ-ആര്‍.എസ്.എസ്.രാഷ്ട്രീയത്തിന്റെ ഭാഗം ആയി കണ്ടു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും അതിനെ ഇതേ രീതിയില്‍ നോക്കി കണ്ടു. കാരണം മുസ്ലീം പ്രവശ്യയായ പലസ്തയില്‍ മോഡിയുടെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
മോഡിയുടെ ഇസ്രായെല്‍ സന്ദര്‍ശനം ഒരു അമേരിക്ക-ഇസ്രായെല്‍- ഇന്‍ഡ്യ മുസ്ലീം യാര്‍ക്കില്‍ നിന്നുള്ള ദിവ്യാ നായര്‍ കലാതിലകംവിരുദ്ധ അച്ചുതണ്ടിന്റെ ഭാഗമായിരുന്നുവെന്നും വിമര്‍ശനം ഉണ്ടായി.
എന്താണഅ ഈ ചരിത്രയാത്രയുടെ പ്രസക്തി? എന്താണ് അതിലെ രാഷ്ട്രീയവും മതവും?
ഇതിനെ ആദ്യമായി രാഷ്ട്രീയവല്‍ക്കരിച്ചത് ബി.ജെ.പി.ആണ്. മോഡിയുടെ മുന്‍ഗാമികള്‍ ആയ പ്രധാനമന്ത്രി മുസ്ലീം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം ആയി ഇതുവരെ ഇസ്രായെല്‍ സന്ദര്‍ശിക്കുവാന്‍ വിസമ്മതിച്ചുവെന്നാണ് ബി.ജെ.പി.യുടെ വാദം. പക്ഷേ, ബി.ജെ.പി. രാജ്യം താല്‍പര്യം ആദ്യം എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി ഇതിനെ മറികടന്നതായി അവര്‍ പറയുന്നു. മോഡിയുടെ മുന്‍ഗാമികളായ പ്രധാനമന്ത്രിമാരുടെ മുസ്ലീംപ്രീണനത്തിന്റെ ഭാഗമായിട്ടാണ് അവര്‍ ഇസ്രായെല്‍ സന്ദര്‍ശിക്കുവാന്‍ വിസമ്മതിച്ചതെന്നും ബി.ജെ.പി. ശഠിക്കുന്നു. ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത്ഷായുടെ അഭിപ്രായ പ്രകാരം ബി.ജെ.പി. എക്കാലവും ഇസ്രായെലിന്റെ സുഹൃത്ത് ആയിരുന്നു. വാജ്‌പെയിയുടെ ഭരണകാലത്ത് ആണ് ആദ്യമായി ഒരു ഇസ്രായെലി പ്രധാനമന്ത്രി ഇന്‍ഡ്യ സന്ദര്‍ശിച്ചത്. ഇതും ശരി തന്നെയാണ്.

ഇനി എന്താണ് ഇടതുപക്ഷത്തിന്റെ വിമര്‍ശനം? സി.പി.എം. ന്റെ അഭിപ്രായത്തില്‍ മോഡിയുടെ ഗവണ്‍മെന്റിന്റെ വിദേശനയം ഹിന്ദുത്വയുടെ അടിസ്ഥാനത്തില്‍ ആണ്. ഇന്‍ഡ്യ ഇതുവരെ ഇസ്രായെലിനെ പാലസ്തയിന്‍ പ്രവശ്യയെ കയ്യടിക്കി വച്ചിരിക്കുന്ന ഒരു രാജ്യമായിട്ട് ആണ് കണ്ടുവരുന്നത്. മോഡിയുടെ സന്ദര്‍ശനവും ഇസ്രായെലും ആയി ഒപ്പിട്ട തന്ത്രപ്രധാനമായ കരാറുകളും പാലസ്തയിന്‍ ജനതയുടെ സ്വാതന്ത്ര്യവാഞ്ചയെ വഞ്ചിക്കുന്നത് ആണ്. എന്തുകൊണ്ട് സന്ദര്‍ശനത്തില്‍ ഉടനീളം മോഡി പാലസ്തയിന്റെ സമരത്തെകുറിച്ച് ഒരക്ഷരം ഉരിയാടിയില്ല? അവര്‍ ചോദിക്കുന്നു. ഇസ്രായെലുമായി ഒത്തുചേര്‍ന്ന് ഏതു ഭീകരവാദത്തെ ആണ് ഇന്‍ഡ്യ ചെറുക്കുവാന്‍ പോകുന്നത്? പാലസ്തയിന്‍ സാഹചര്യത്തില്‍ ഇസ്രായെല്‍ ആണ് ഭീകരവാദികളും അധിനിവേശക്കാരും എന്ന് സി.പി.എം. സമര്‍ത്ഥിക്കുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും മോഡിയുടെ ഇസ്രായെല്‍ വിമര്‍ശനത്തെ ശക്തമായി എതിര്‍ത്തിരുന്നു അദ്ദേഹത്തിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ. മോഡി കൂട്ടുചേര്‍ന്നത് സിയോണിസവും ആയിട്ട് ആണെന്നും സിയോണിസ്  പാലസ്തയിന്‍ എന്ന ആശയത്തെ തുടച്ചു മാറ്റുന്നതില്‍ പ്രതിജ്ഞാബദ്ധര്‍ ആണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കോണ്‍ഗ്രസിന്റെയും വിമര്‍ശനം ഏകദേശം ഈ ദിശയില്‍ തന്നെ ആയിരുന്നു. ഇന്‍ഡ്യയുടെ വിദേശനയത്തിന്റെ, പ്രത്യേകിച്ച് വെസ്റ്റ് ഏഷ്യ, ശില്പിയായ കോണ്‍ഗ്രസ് മോഡിയുടെ ഇസ്രായെല്‍ സന്ദര്‍ശനത്തില്‍ ഒട്ടും തൃപ്തി പ്രകടിപ്പിച്ചിട്ടില്ല. മോഡിയുടെ വിദേശയാത്രകള്‍, പ്രത്യേകിച്ചും ഇസ്രായെല്‍ സന്ദര്‍ശനം, ഇന്‍ഡ്യയെ സഹായിക്കുകയോ ഇന്‍ഡ്യക്ക് പ്രയോജനകരം ആകുന്നോ ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. മൂന്ന് വര്‍ഷത്തിനുള്ളില്‍ മോഡി നടത്തിയ 64 വിദേശയാത്രകള്‍ യാതൊരുവിധ ഗുണവും ചെയ്തിട്ടില്ല എന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ഇതിന്റെ എല്ലാം ഫലം അറിയുവാന്‍ കാത്തിരിക്കേണ്ടിവരും എന്നും കോണ്‍ഗ്രസ് സമ്മതിക്കുന്നു. ഇസ്രായെലുമായിട്ടുള്ള ഇന്‍ഡ്യയുടെ ബന്ധം പാലസ്തയിനെ കുരുതി കൊടുത്തുകൊണ്ട് ആയിരിക്കരുതെന്നും അത് വാദിക്കുന്നു. കാരണം പാലസ്തയിനുമായിട്ടുള്ള ഇന്‍ഡ്യയുടെ ബന്ധം ഒരു പരമ്പരാഗത വിശ്വാസത്തിന്റെ ഭാഗം ആണ്.

കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും വാദത്തിലേക്ക് പിന്നീട് വരാം. എന്താണ് ബി.ജെ.പി.യുടെ വാദത്തിന്റെ അടിസ്ഥാനം? സത്യം? ആരാണ് വോട്ട് ബാങ്ക് രാഷ്ട്രീയം ഇസ്രായെല്‍-പാലസ്തിയന്‍ പ്രശ്‌നത്തില്‍ കളിക്കുന്നത്?

ഇസ്രായെലുമായിട്ടുള്ള ഇന്‍ഡ്യയുടെ ബന്ധം ഇന്നോ ഇന്നലെയോ ആരംഭിച്ചത് അല്ല. ശരിയാണ് മോഡിയാണ് 70 വര്‍ഷത്തിനുള്ളില്‍ ഇസ്രായെല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി. എന്തുകൊണ്ട് മറ്റ് പ്രധാനമന്ത്രിമാര്‍ സന്ദര്‍ശിച്ചില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. പക്ഷേ, അവര്‍ സന്ദര്‍ശിക്കാത്ത ഒട്ടേറെ രാജ്യങ്ങള്‍ അതുപോലെ ഉണ്ട്. പക്ഷേ, അദ്വാനിയും(ഗൃഹമന്ത്രി) പ്രണാബ് മുഖര്‍ജിയും(രാഷ്ട്രപതി-കഴിഞ്ഞവര്‍ഷം) ഇസ്രായെല്‍ സന്ദര്‍ശിച്ചതാണ് എന്ന വസ്തുത മറക്കരുത്. എന്തുതന്നെ ആയാലും ഇന്‍ഡ്യയുടെ മറ്റ് പ്രധാനമന്ത്രിമാര്‍ ഇസ്രായെലിനെയും പാലസ്തയിനെയും അവഗണിച്ചത് നന്നായില്ല. അതിന്റെ പിറകിലുള്ളത് ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ആയിരുന്നെങ്കില്‍ അത് അപലനീയം ആണ്. അതുപോലെ തന്നെ മോഡിയുടെ ഇപ്പോഴത്തെ ഈ ഇസ്രായെല്‍ സന്ദര്‍ശനത്തിന്റെയും പാലസ്തിയനെ അതില്‍ നിന്നും ഒഴിവാക്കിയതിന്റെയും ഉദ്ദേശം ഭൂരിപക്ഷ മതപ്രീണനം ആണെങ്കില്‍ അതും തികച്ചും അപലനീയം തന്നെ ആണ്.

ഇന്‍ഡോ-ഇസ്രായെല്‍ ബന്ധത്തിന് ഒരു ചരിത്ര പശ്ചാത്തലം ഉണ്ട്. ഇന്‍ഡോ-പലസ്തയിന്‍ ബന്ധത്തിനും. ഇതൊന്നും മോഡിയുടെ ഈ ഒറ്റസന്ദര്‍ശനത്തിലൂടെ ആരംഭിച്ചതോ അവസാനിക്കുന്നതോ അല്ല. 1950-ല്‍ ഇന്‍ഡ്യ ഇസ്രായെലിനെ അംഗീകരിച്ചെങ്കിലും കോണ്‍സുലര്‍ ലെവല്‍ ബന്ധം മാത്രമെ ഉണ്ടായിരുന്നുള്ളൂ. 1992-ല്‍ പി.വി.നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ആണ് ഇസ്രായെലുമായി നയതന്ത്രബനധം സ്ഥാപിക്കുന്നത്. ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും ഇസ്രായെലുമായി നയതന്ത്രബന്ധത്തിന് ശ്രമിച്ചെങ്കിലും അത് ഫലവത്തായത് റാവുവിന്റെ കാലത്ത് ആണെന്ന് മാത്രം. ഇവരെല്ലാം പാലസ്തയിന്റെയും യാസര്‍ അരാഫത്തിന്റെയും ഉറ്റചങ്ങാതികളും ആയിരുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ദൃഢമായ നയതന്ത്രബന്ധത്തിനും സഹകരണത്തിനും പ്രധാനമന്ത്രിതല സന്ദര്‍ശനങ്ങള്‍ തന്നെ വേണമെന്നും ഇല്ല. ഒരു പരിധി കഴിഞ്ഞാല്‍ ഇതെല്ലാം പ്രചരണതന്ത്രങ്ങളും രാഷ്ട്രീയ പ്രചരണങ്ങളും ആണ്. പതിവുപോലെ മോഡിയുടെ ഇസ്രായെല്‍ സന്ദര്‍ശനത്തിനും പ്രധാനമന്ത്രി ബഞ്ചമിന്‍ നേതാന്‍ യാഹുവുമായിട്ടുള്ള കൂടിക്കാഴ്ചയും വലിയ പബ്ലിസിറ്റി ലഭിച്ചു.

മോഡിയുടെ സന്ദര്‍ശനത്തിന്റെ ഒരു സവിശേഷത അത് ഇന്‍ഡ്യയുടെ ഇസ്രായെല്‍- പാലസ്തയിന്‍ ബന്ധത്തെ ഡിഹൈഫനേറ്റ് ചെയ്തു എന്നതാണ്. അമേരിക്ക ഇപ്പോഴും ഇന്‍ഡോ- പാക്ക് ബന്ധത്തെ ഇങ്ങനെ കാണുന്നില്ല. ഇടതും കോണ്‍ഗ്രസും ആരോപിക്കുന്നതുപോലെ ഇന്‍ഡ്യ പാലസ്തയിന്‍ എന്ന ആശയത്തെ കൈവിട്ടോ? സംയുക്ത പ്രസ്താവനയിലും ഇതിനെക്കുറിച്ച് ഒരു പരാമര്‍ശ്ശനവും ഇല്ല. അത്രമാത്രം പ്രതീക്ഷിക്കുവാനും പാടില്ല. പക്ഷേ, ഇന്‍ഡ്യ ഈ വര്‍ഷം ആരംഭത്തില്‍(മാര്‍ച്ച്)ഐക്യരാഷ്ട്ര സഭയില്‍ ഇസ്രായെലിന് എതിരായും പാലസ്തയിന് അനുകൂലമായും നാല്‍ പ്രമേയങ്ങളില്‍ വോട്ട് ചെയ്യുകയുണ്ടായി. ഇതില്‍ ഒന്ന് പാലസ്തിയന്റെ രൂപീകരണത്തിനായിട്ടുള്ള അതിന്റെ അവകാശത്തെ അനുകൂലിച്ചുകൊണ്ട് ഉള്ളതായിരുന്നു. ഇതെല്ലാം എന്തിനെ ആണ് സൂചിപ്പിക്കുന്നത്? ഭൂരിപക്ഷ പ്രീണനത്തിനായി ഇതൊക്കെ ഒരു പ്രഹസനം ആക്കി മാറ്റുമോ? തോന്നുന്നില്ല.

മോഡിയുടെ സന്ദര്‍ശനം വളരെ ശ്രദ്ധേയം ആയിരുന്നു. കൃഷിയുടെ മേഖലയിലും, സുരക്ഷയുടെ മേഖലയിലും ജലസംഭരത്തിന്റെ മേലയിലും ശൂന്യാകാശ സഹകരണമേഖലയിലും ഒട്ടേറെ കരാറുകള്‍ ഒപ്പിട്ടു. 4.3 ബില്യണ്‍ ഡോളറിന്റെ തന്ത്രപ്രധാനകാരുകളും 40 മില്ല്യണ്‍ ഡോളറിന്റെ ഇന്നൊവേഷന്‍ ഫണ്ടും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ എല്ലാം പിന്നീടെ അറിയുവാന്‍ സാധിക്കുകയുള്ളൂ.

ഏതായാലും മോഡിയും നെതാന്‍ യാഹുവും നല്ല ഒരു കെമിസ്ട്രി പങ്കിടുന്നുണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല. എഴുപതു വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു എന്ന സ്വാഗത വാക്യത്തോടെയാണ് നെതാന്‍ യാഹു മോഡിയെ ടെല്‍ അവീവിലെ ബെന്‍ഗുരിയന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഇന്‍ഡ്യയും ഇസ്രായെലും തമ്മിലുള്ള സൗഹൃദം സ്വര്‍ഗ്ഗത്തുവച്ച് തീരുമാനിച്ച വിവാഹം ആണെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം മോഡിയും ഒത്ത് മനോഹരമായ ഒല്‍ഗ കടല്‍തീരത്തു കൂടെ നടന്നത്. സ്വീകരണവേളയില്‍ മോഡിയും ഹീബ്രുവില്‍ പ്രതികരിച്ചു: ശാലോം ഇവിടെ വരുവാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇരുവരും സന്തുഷ്ടരാകട്ടെ!
പ്രവാചകന്മാരെ കല്ലെറിയുകയും കൊല്ലുകയും ചെയ്ത ജറുസലെമിനെ ഓര്‍ത്ത് കേഴുന്ന ബൈബിള്‍ ഭാഗങ്ങള്‍ ഇന്നലെകള്‍ ആകട്ടെ. തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ പൊതിഞ്ഞ് സംരക്ഷിക്കുവാന്‍ വെമ്പിയിട്ടും കൂസാത്ത ജെറുസലമും ഇന്നലെകള്‍ ആകട്ടെ. ഡേവിഡ്‌സെന്‍ ഗുരിയന്റെ രാജ്യം ഭീകരവാദത്തിനെതിരായി ഉയരട്ടെ. ഗോലാന്‍ കുന്നിന്റെ നെഞ്ചില്‍ ടാങ്കുകളുടെ ചങ്ങല സുവിശേഷം വായിക്കുന്നത് പേടിപ്പെടുത്തുന്ന ഒരു ദുസ്വപ്‌നമായി മാത്രം അവശേഷിക്കട്ടെ. ശാലോം.

മോഡി വിദേശയാത്രകള്‍ ആര്‍ഭാടം ആക്കുമ്പോള്‍ വിജയിക്കുകയാണ്. പക്ഷേ, യഥാര്‍ത്ഥ വിജയം കാണേണ്ടത് തൊട്ട് അയല്‍പക്കത്ത് ആണ്. പാക്കിസ്ഥാനിലും ചൈനയിലും. അവ രണ്ടും തിളക്കുകയാണ്. കാശ്മീരും ഇപ്പോള്‍ ധോക്കലാം പീഠഭൂമിയും(ഇന്‍ഡോ-ഭൂട്ടാന് ചൈന ട്രൈജങ്ഷന്‍).

  ഒല്‍ഗ കടല്‍ തീരത്തെ ശാലോം തരംഗങ്ങളുടെ സന്ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക