Image

സംഗീതലോകത്തെ പ്രിയ സുഹൃത്തിന്റെ വഴിയേ റോയിയും യാത്രയായി

Published on 10 July, 2017
സംഗീതലോകത്തെ പ്രിയ സുഹൃത്തിന്റെ വഴിയേ റോയിയും യാത്രയായി

തോട്ടയ്ക്കാട്: കോട്ടയം ലൂര്‍ദ് പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും ദേവാലയങ്ങളെ സ്വരമാധുരിയിലൂടെ സംഗീതസാന്ദമാക്കിയ തോട്ടയ്ക്കാട് ചോതിരക്കുന്നേല്‍ റോയി ജേക്കബ് (55) ഇന്നലെയാണ് നിര്യാതനായത്. 31 വര്‍ഷമായി ലൂര്‍ദ് പള്ളിയിലെ ക്വയറിലെ മുഖ്യഗായകനായിരുന്നു റോയി. 

ഇതേ ഗായകസംഘത്തിലെ അംഗവും കോട്ടയം ദര്‍ശന അക്കാഡമിയിലെ ഓര്‍ഗണ്‍ മാസ്റ്ററും സംഗീത സംവിധായകനുമായിരുന്ന സാബു ജോണ്‍ ആഞ്ഞിലിമൂട്ടില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വിടപറഞ്ഞത്. സംഗീതലോകത്തു സജീവമായിരിക്കെ അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റേയും വിയോഗം. പതിറ്റാണ്ടുകള്‍ ഇവരായിരുന്നു ലൂര്‍ദിലെ ഗായകസംഘത്തിനു നേതൃത്വം നല്‍കി വന്നിരുന്നത്. സംഗീതം ബാക്കിയാക്കി സുഹൃത്തിന്റെ അതേ വഴിയേ ഇപ്പോള്‍ റോയി ജേക്കബും യാത്രയായിരിക്കുന്നു. 

മൂന്നു പതിറ്റാണ്ടായി സംഗീതസാന്ദ്രമാക്കിയ റോയ് ജേക്കബിന് ഇന്നലെ ഇടവക സമൂഹം വേദനയോടെ വിട ചൊല്ലി. ശനിയാഴ്ചയും പള്ളിയിലെ ചടങ്ങുകളില്‍ ഗായകസംഘത്തിനു നേതൃത്വം നല്‍കിയ റോയി വൈകന്നേരം പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് പള്ളി ഇടവകാംഗമായ റോയി അവിവാഹിതനാണ്. 

ഞായറാഴ്ച വൈകുന്നേരം റോയിയുടെ മൃതദേഹം ലൂര്‍ദ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ വന്‍ ജനാവലിയാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക