Image

പ്രണബ് മുഖര്‍ജി അധികാരമൊഴിയുമ്പോള്‍ (ജോയ് ഇട്ടന്‍)

Published on 10 July, 2017
പ്രണബ് മുഖര്‍ജി അധികാരമൊഴിയുമ്പോള്‍ (ജോയ് ഇട്ടന്‍)
നമ്മുടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പടിയിറങ്ങുമ്പോള്‍ ഓര്‍മവരുന്ന ഒരു സംഭവം .അദ്ദേഹം കഴിഞ്ഞ ജനുവരിയില്‍ ഡാര്‍ജിലിങ് സന്ദര്‍ശനം നടത്തി, ഡല്‍ഹിക്ക് മടങ്ങാനായി ബാഗ്‌ദോഗ്ര വിമാനത്താവളത്തിലേക്കു പോവുകയായിരുന്നു . അകമ്പടിനിരയിലെ മൂന്നാമത്തെ വാഹനം മഞ്ഞുമഴയില്‍ തെന്നി മരത്തിലിടിച്ച് നൂറടി താഴ്ചയിലേയ്ക്കു വീണു. രക്ഷാപ്രവര്‍ത്തനം നടക്കട്ടെ തനിക്കു പോകണമെന്ന് അദ്ദേഹം കരുതിയില്ല. 

രക്ഷാപ്രവര്‍ത്തനം അവസാനിക്കുംവരെ മുക്കാല്‍ മണിക്കൂറോളം അദ്ദേഹം വഴിയില്‍ ഇറങ്ങിനിന്നു.അങ്ങനെ വൈവിധ്യമാര്‍ന്ന  ഒരു ജീവിതത്തിനുടമയായ അദ്ദേഹം ഇനി നമ്മുടെ രാഷ്ട്രത്തലവനല്ലാതാകും. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബിനെ എതിര്‍ക്കാന്‍ പഴയകാല കോണ്‍ഗ്രസ് നേതാവായ പി.എ സാങ്മയെ എഴുന്നള്ളിച്ചുകൊണ്ടുവന്ന ബി.ജെ.പിയും പരിവാരങ്ങളും അദ്ദേഹത്തിനു രണ്ടാമതൊരു കാലാവധി നല്‍കുന്നതിനെക്കുറിച്ചു ചിന്തിക്കുകപോലും ചെയ്തില്ല. ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ രാഷ്ട്രപതിയായി വിലയിരുത്തപ്പെടുന്ന ഡോ. എ.പി.ജെ അബ്ദുല്‍കലാമിനെ 2002ല്‍ കണ്ടെത്തിയ അവര്‍ക്ക് അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ മഹാനായ ആ പ്രസിഡന്റിന്റെ കാര്യത്തിലും അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നില്ലല്ലോ.അപ്പോള്‍ പിന്നെ കോവിന്ദിനെ പോലെ ഉള്ള ഒരാളെ കൊണ്ടുവരുന്നതില്‍ അത്ഭുതപ്പെടാനില്ല.

> ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പതിമൂന്നാമതു രാഷ്ട്രപതിയും രണ്ടാമതൊരു കാലാവധി ലഭിക്കാതെ പടിയിറങ്ങുകയാണ് പ്രണബ് മുഖര്‍ജി . 1952ല്‍ 83 ശതമാനം വോട്ടോടെ അധികാരമേറ്റ ശേഷം 1957ല്‍ 99 ശതമാനത്തിന്റെ പിന്‍ബലത്തോടെ വീണ്ടും പ്രഥമപൗരനായി അവരോധിക്കപ്പെട്ട ബാബു രാജേന്ദ്രപ്രസാദിന്റെ ഭാഗ്യം മറ്റു പതിനൊന്നു പേര്‍ക്കെന്നപോലെ പ്രണബിനും ലഭിച്ചില്ല. ഈ മാസത്തോടെ ധനകാര്യവിദഗ്ധന്‍കൂടിയായ ഈ ബാരിസ്റ്റര്‍ എണ്പത്തിരണ്ടാം വയസില്‍ ഡല്‍ഹിയിലെ ഡോ. എ.പി.ജെ അബ്ദുല്‍കലാം റോഡിലെ മുപ്പത്തിനാലാം നമ്പര്‍ ബംഗ്ലാവിലേയ്ക്കു താമസം മാറ്റും. വിരമിച്ച രാഷ്ട്രപതിക്ക് ഇന്ത്യയിലെവിടെയും വാടക കൂടാതെ താമസിക്കാനാകും.

 സൗജന്യവൈദ്യുതി, ഫോണ്‍, വെള്ളം എല്ലാം ലഭിക്കും. എവിടെയും പോകാന്‍ വാഹനസൗകര്യമുണ്ടാകും. കുടുംബത്തില്‍ രണ്ടുപേര്‍ പാര്‍ലമെന്റംഗങ്ങളായ പ്രണബ് ഡല്‍ഹി തന്നെ തിരഞ്ഞെടുത്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച് പ്രണബ് മുഖര്‍ജിയോടു പരാജയപ്പെട്ട മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സാങ്മയാണ് അവസാനമായി അവിടെ താമസിച്ചത്. ബി.ജെ.പി മുന്നണിയുടെ സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ചു ജയിച്ചാണു പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനിലെത്തിയതെങ്കിലും എല്ലാ കക്ഷികളുടെയും പിന്തുണയും സഹകരണവും നേടിയെടുക്കുന്നതില്‍ വിജയം വരിക്കാനായി എന്നതാണ് അദ്ദേഹത്തിന്റെ നേട്ടം.

കേന്ദ്രത്തില്‍ ധനകാര്യവും പ്രതിരോധവും വിദേശകാര്യവും പോലുള്ള പ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു അദ്ദേഹം. നിര്‍ണായകഘട്ടങ്ങളില്‍ കോണ്‍ഗ്രസിലെ ചാണക്യതന്ത്രജ്ഞനുമായിരുന്നു. 1969 മുതല്‍ 1999 വരെ രാജ്യസഭാംഗം. രാജ്യസഭയുടെ നൂറിലേറെ സമ്മേളനങ്ങളില്‍ പങ്കെടുത്ത ചരിത്രം അദ്ദേഹത്തിനുണ്ട്. രാജ്യസഭയില്‍ ഏറ്റവുമധികം സമ്മേളനത്തില്‍ സംബന്ധിച്ച ദേശീയ റെക്കോഡ് മുസ്‌ലിംലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയയുടേതാണ്. 1967 മുതല്‍ 1998 വരെ എം.പിയായിരുന്ന അബ്ദുല്ലക്കോയ 120 സമ്മേളനത്തില്‍ പങ്കെടുത്തു. പ്രണബ് മുഖര്‍ജി 108 രാജ്യസഭാ സമ്മേളനങ്ങള്‍ക്കുശേഷം ലോക്‌സഭാംഗമായി. 
ബംഗാളിലെ ജംഗിപൂരില്‍നിന്ന് രണ്ടാംതവണ ലോക്‌സഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് 2012 ല്‍ രാഷ്ട്രപതിയാകുന്നത്. പൊതുസമ്മതനാണെങ്കില്‍ ഒരിക്കല്‍ക്കൂടി രാഷ്ട്രപതിയാകാന്‍ തയാറാണെന്നു സൂചിപ്പിച്ച പ്രണബ് ആ സാധ്യത കുറവാണെന്നു മനസ്സിലാക്കിയപ്പോള്‍ അതില്‍നിന്നു പിന്മാറുകയായിരുന്നു.

ഒരുകാലത്തു ബ്രിട്ടീഷ് വൈസ്രോയിയുടെ ആസ്ഥാനമായിരുന്ന രാഷ്ട്രപതി ഭവനും പ്രസിഡന്റ് എസ്‌റ്റേറ്റും പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കാന്‍ അദ്ദേഹം സന്നദ്ധനായി. ഹൈടെക് ടൗണ്‍ഷിപ്പായി അതിനെ വികസിപ്പിക്കുകയും അവിടെ ചരിത്രാന്വേഷികള്‍ക്കും സന്ദര്‍ശകര്‍ക്കും ഉപഹാരമെന്നോണം ഹെറിറ്റേജ് മ്യൂസിയം ആരംഭിക്കുകയും ചെയ്തു. രാഷ്ട്രപിതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചലച്ചിത്രം സ്ഥിരമായി പ്രദര്‍ശിപ്പിക്കാന്‍ ത്രീഡൈമന്‍ഷന്‍ തിയറ്ററും ഏര്‍പ്പെടുത്തി.

അതിമനോഹരമായ മുഗള്‍ ഗാര്‍ഡന്‍സ് അടക്കം 330 ഏക്കറോളം പരന്നുകിടക്കുന്ന പ്രസിഡന്റ് എസ്‌റ്റേറ്റ് ചുറ്റിക്കാണാനായി ലക്ഷ്വറി യാത്രാസൗകര്യം പോലും തുടങ്ങിവച്ചു. അതിന്റെയൊക്കെ വിശദീകരണക്കുറിപ്പു തയാറാക്കാന്‍ മലയാളിയായ പ്രസ് സെക്രട്ടറി വേണുരാജമണിയെ ചുമതലപ്പെടുത്തുകകൂടി ചെയ്തശേഷമാണു പ്രണബ് പടിയിറങ്ങുന്നത്.

ഉയര്‍ന്നമൂല്യമുള്ള നോട്ടുകളുടെ അസാധുവല്‍ക്കരണത്തിനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം രാഷ്ട്രപതിയെന്ന നിലയ്ക്കു ധീരനടപടിയായി അംഗീകരിക്കേണ്ടി വന്നപ്പോഴും ജനങ്ങള്‍ക്കുണ്ടാകുന്ന വിഷമങ്ങള്‍ എണ്ണിപ്പറയാന്‍ അദ്ദേഹം തയാറായി. ഒരേ ഒരിന്ത്യ, ഒരൊറ്റ നികുതിയെന്നു പ്രഖ്യാപിക്കുന്ന ജി.എസ്.ടി ബില്ലിന്റെ പ്രഖ്യാപനവും അദ്ദേഹത്തിനു നടത്തേണ്ടിവന്നു.

കഴിഞ്ഞ ജനുവരിയില്‍ രാഷ്ട്രപതിഭവനില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഗവര്‍ണര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ടു 130 കോടി ജനങ്ങളും 122 ഭാഷകളും ഏഴു മതങ്ങളുമുള്ള രാഷ്ട്രമാണിതെന്നു മറന്നുപോകരുതെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഗവര്‍ണര്‍മാര്‍ക്കുള്ള പങ്ക് ഊന്നിപ്പറയുകയും ചെയ്തു.

ഇന്ത്യന്‍ ബാര്‍ കോണ്‍ഫെഡറേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെ സംസ്ഥാനങ്ങളില്‍ തുടരെ തുടരെയുള്ള തിരഞ്ഞെടുപ്പുകള്‍ക്കു കാരണമാവുന്ന അവസരവാദസഖ്യങ്ങള്‍ക്കെതിരേയും ആഞ്ഞടിച്ചു. ഒരു പക്ഷെ പ്രസിഡന്റ് പടത്തില്‍ എത്തിയില്ലായിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോളത്തെ രാഷ്ട്രീയം മറ്റൊന്നാകുമായിരുന്നില്ലേ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.എന്തായാലും അദ്ദേഹത്തെ ഇന്ത്യ കണ്ട മികച്ച രാഷ്ട്രപതിയായി കാണാനാണ് എനിക്കിഷ്ടം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക