Image

പെണ്‍കഥ (കവിത: ഷീമ മഞ്ചാന്‍)

Published on 10 July, 2017
പെണ്‍കഥ (കവിത: ഷീമ മഞ്ചാന്‍)
തവള ചത്തുവീര്‍ത്തതു പോലെ
ആള്‍ക്കൂട്ടത്തിന്
മുന്നില്‍ അവള്‍
വിവസ്ത്രയായി കിടന്നു.

കാഴ്ചകള്‍ കുത്തിനിറച്ച
കണ്ണുകളില്‍
അവസാനകാഴ്ച കണ്ട
പകപ്പ്
അവസാനിച്ചിരുന്നില്ല.

ഭ്രാന്തന്‍നായ്ക്കള്‍ ആര്‍ത്തിയോടെ
നക്കിച്ചോപ്പിച്ച ചുണ്ടുകളില്‍
മൃദുഹാസം പൊടിഞ്ഞിരുന്നു.

അമ്മിഞ്ഞപ്പാല്‍
കുടിച്ച് വറ്റിച്ചവന്റെ
പല്ലാഴ്ന്ന്
അവളുടെ മാറിടത്തില്‍
വാകപ്പൂക്കള്‍ ചിതറി കിടന്നു
എണ്ണിയാലൊടുങ്ങാത്ത
മക്കളുമായി നാഭിബന്ധമുള്ള
പൊക്കിള്‍ച്ചുഴിയില്‍
മുരിക്കിന്‍ പൂക്കള്‍ വാടിക്കിടന്നു.

ചാരിത്ര മലിനീകരണത്താല്‍
മൂക്കുപൊത്തിയ
സദാചാരക്കണ്ണുകളില്‍
നിലത്തെറ്റിയ
ചുഴിപ്പുഴകളൊഴുകുന്നു

കിടപ്പിലെ വിവിധ
ആംഗിളുകള്‍ പകര്‍ത്തിയ
ക്യാമറക്കണ്ണുകളില്‍
ചുവിടിറൊത്തൊരു
പെണ്‍മുഖമുണ്ട്
പരിണാമഗുപ്തിയില്ലാത്ത
കഥക്കണ്ണുള്ള
ഒരു വെറും പെണ്ണ്.
Join WhatsApp News
വിദ്യാധരൻ 2017-07-11 09:42:31
കവിയുടെ കണ്ണിലെ ക്യാമറയിൽ നിന്നു-
തിരും പ്രഭയിൽ കാണുന്നു
കാണാകാഴ്ച്ചകൾ എന്നെന്നും
തൊലിയുടെ കട്ടിയെ ഭേദിച്ച്
യാഥാർത്യങ്ങൾ പകർത്തുന്നു.
കാപട്യത്തിൻ മൂടുപടം
മാറ്റീട്ടൊന്നു നോക്കീടിൽ
കാണാം പലരുടെ നെട്ടോട്ടം
സ്ത്രീകളെ പുകഴ്ത്തി നടക്കുന്നോർ
കടപുഴകുന്നു വൻ വൃക്ഷംപോൽ
കാമവികാര വിചാരങ്ങൾ
നൈസര്‍ഗ്ഗികമതെന്നാലും
സംയമനത്താൽ നാം അതിനെ
കടിഞ്ഞാൺ ഇടുകിൽ നല്ലതു താൻ
സ്ത്രീയൊരു ഭൗതിക വസ്തുവതല്ലെന്ന്
പുരുഷന്മാർ നന്നായറിഞ്ഞിടിൽ
ഇതുപോലൊരു 'പെൺകഥ' വായിക്കാൻ
ഇടവരില്ലാർക്കും ഒരുനാളും  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക