Image

നടന്‍ ദിലീപിനെ താരസംഘടന അമ്മ പുറത്താക്കി

Published on 11 July, 2017
നടന്‍ ദിലീപിനെ താരസംഘടന അമ്മ പുറത്താക്കി
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മ പുറത്താക്കി. ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കുകയും സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. കടവന്ത്രയില്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര എക്‌സിക്യുട്ടീവിലാണ് തീരുമാനം.

പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയില്‍ ആയതിനാല്‍ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. വൈസ് പ്രസിഡന്റ് മോഹന്‍ലാല്‍ തന്റെ നിലപാട് രാവിലെ തന്നെ മമ്മൂട്ടിയെ അറിയിച്ചിരുന്നു.

ദിലീപിനെ പുറത്താക്കണമെന്ന നിലപാടാണ് യോഗം തുടങ്ങിയത് മുതല്‍ മമ്മൂട്ടി,മോഹന്‍ലാല്‍, പൃഥ്വിരാജ്, കലാഭവന് ഷാജോണ് രമ്യാ നമ്പീശന്‍ തുടങ്ങിയവരും സ്വീകരിച്ചത്.

സസ്‌പെന്‍ഷനാണോ പുറത്താക്കലാണോ വേണ്ടതെന്ന നിലയിലേക്ക് ചര്‍ച്ച പോയിരുന്നെങ്കിലും പുറത്താക്കുകയാണ് വേണ്ടതെന്ന് പൃഥ്വിരാജും ആസിഫലിയും രമ്യാ നമ്പീശനും ആവശ്യപ്പെട്ടു.

മോഹന്‍ലാലും മമ്മൂട്ടിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ സംഘടന വിടുന്നതടക്കമുള്ള കാര്യങ്ങള്‍ പൃഥ്വിരാജ് തീരുമാനിച്ചിരുന്നുവത്രേ . 

അമ്മയിലെ ഭാരവാഹികളായ താരങ്ങളുടെ വീടുകള്‍ക്ക് പൊലീസ് കാവല്‍.

അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ മമ്മൂട്ടിയുടെ കൊച്ചി പനമ്പള്ളി നഗറിലെ വീടിനു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
വനിതാ സംഘടനകള്‍ മമ്മൂട്ടിയുടെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് വീടിനു സുരക്ഷ ഏര്‍പ്പെടുത്തിയത്. 


ദിലീപിനെതിരെ കൂട്ടബലാത്സഗത്തിനും കേസ്. ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കൂട്ടബലാത്സംഗക്കേസ് ചുമത്തിയിരിക്കുന്നത്. കൂട്ടബലാത്സംഗം, ഗൂഢാലോചന, തട്ടികൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.

ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ആസൂത്രണം ചെയ്തവരുടെ പേരിലും കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെയുള്ള സമാന വകുപ്പുകള്‍ ഉള്‍പ്പെടുത്താമെന്ന വ്യവസ്ഥയനുസരിച്ചാണ് ദിലീപിന് മേല്‍ കൂട്ടബലാത്സംഗ കുറ്റം ചുമത്തിയിരിക്കുന്നത്.

ഐപിസി 376  കൂട്ടബലാത്സംഗം ഐപിസി 342 അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, ഐപിസി 366 തട്ടികൊണ്ടുപോകല്‍, ഐപിസി 506 (1) കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍, ഐപിസി 411 മോഷണവസ്തു കൈവശം വക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. 

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. നടി കാവ്യമാധവന്റെ ഉടമസ്ഥതയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന `ലക്ഷ്യ'എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

സമീപത്തെ കടയില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. `ലക്ഷ്യ'യില്‍ നിന്ന് സുനിക്ക് പണം കൈമാറി എന്നതിനുള്ള തെളിവുകളും ലഭിച്ചെന്നാണ് വിവരങ്ങള്‍.  കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.

 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്ന് 7.30 ഓടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്. 

ദിലീപിന് ജയിലില്‍ പ്രത്യേക സെല്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.  കാക്കനാട് ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. തന്റെ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

വലിയ പ്രതിഷേധവുമായി സ്ഥലത്തെത്തിയ ജനങ്ങളെ ജയലിനു മുന്നിലേയ്ക്ക് കടത്തിവിട്ടില്ല. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ജനങ്ങള്‍ ദിലീപിനെതിരെ പ്രതിഷേധിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ജയില്‍ പരിസരത്തേയ്ക്ക് പ്രവേശനമുണ്ടായിരുന്നത്.

ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെ ജനങ്ങള്‍ പരക്കെ ആക്രമണം അഴിച്ചുവിടുകയാണ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ദേ പുട്ട് എന്ന സ്ഥാപനം ഇന്നലെ രാത്രി തന്നെ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു.

കോഴിക്കോട്ടെ ദേ പുട്ട് എന്ന സ്ഥാനപനത്തിന് നേരെയും ആക്രമണം അരങ്ങേറി. പ്രതിഷേധം പ്രതീക്ഷിച്ച പോലീസ് കടയടപ്പിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ കല്ലേറു നടത്തി. ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തീയറ്റര്‍ കോംപ്ലെക്‌സായ ഡി സിനിമാസിനെ നേരെയും പ്രതിഷേധം അരങ്ങേറി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക