Image

പ്രവാസം ദുരിതമായി; സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ സത്യവതി മടങ്ങി

Published on 11 July, 2017
പ്രവാസം ദുരിതമായി; സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ സത്യവതി മടങ്ങി
ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങള്‍ കാരണം വലഞ്ഞ ആന്ധ്രപ്രദേശുകാരിയായ വീട്ടുജോലിക്കാരി, ഇന്ത്യന്‍ എംബസ്സിയുടെയും, നവയുഗം സാംസ്‌കാരിക വേദിയുടെയും സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിനിയായ സത്യവതി ആറു മാസങ്ങള്‍ക്കു മുന്‍പാണ് വീട്ടുജോലിയ്ക്കായി ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ എത്തിച്ചേര്‍ന്നത്. നല്ല ശമ്പളവും മികച്ച ജോലിസാഹചര്യങ്ങളും വാഗ്ദാനം ചെയ്താണ്, ഒരു വിസ ഏജന്റ് സത്യവതിയെ ജോലിയ്ക്ക് എത്തിച്ചത്.

എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച ദുരിതങ്ങളാണ് സത്യവതിയ്ക്ക് ആ വീട്ടില്‍ നേരിടേണ്ടി വന്നത്. വളരെ പരുഷമായാണ് ആ വീട്ടുകാര്‍ അവരോട് ആദ്യം മുതല്‍ പെരുമാറിയത്. ആദ്യമാസം ശമ്പളം കൊടുത്തെങ്കിലും, നാട്ടില്‍ വാഗ്ദാനം ചെയ്തതിന്റെ പകുതി പണം മാത്രമാണ് കിട്ടിയത്. സത്യവതി പ്രതിഷേധിച്ചപ്പോള്‍, പിന്നീട് നാലുമാസത്തോളം ശമ്പളമേ നല്‍കിയില്ല. അതിരാവിലെ എഴുന്നേറ്റാല്‍, പാതിരാത്രി വരെ നീളുന്ന, വിശ്രമമില്ലാത്ത ജോലിയായിരുന്നു ആ വീട്ടുകാര്‍ അവരെക്കൊണ്ടു ചെയ്യിച്ചത്. മതിയായ ഭക്ഷണമോ, വിശ്രമമോ ലഭിയ്ക്കാതെ സത്യവതിയുടെ ആരോഗ്യവും ക്ഷയിയ്ക്കാന്‍ തുടങ്ങി.

ഒടുവില്‍ അഞ്ചു മാസങ്ങള്‍ക്കു ശേഷം, ക്ഷമ നശിച്ച സത്യവതി, ആ വീട്ടില്‍ നിന്നും ആരുമറിയാതെ പുറത്തു കടന്ന്, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുചെന്നാക്കി.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് സത്യവതി വിവരങ്ങളൊക്കെ പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ സത്യവതിയുടെ സ്‌പോണ്‍സറെ ഫോണില്‍ വിളിച്ചു സംസാരിച്ചപ്പോള്‍, സത്യവതിയുടെ ഒരു കാര്യത്തിലും തനിയ്ക്ക് ഉത്തരവാദിത്വം ഇല്ലെന്നു പറഞ്ഞ് സ്‌പോണ്‍സര്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് മഞ്ജു ഇന്ത്യന്‍ എംബസ്സി വഴി സത്യവതിയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു.

നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്, ദമ്മാം എംബസ്സി ഹെല്‍പ്‌ഡെസ്‌ക്ക് വോളന്റീര്‍ ആയ തൗസീഫ് സത്യവതിയ്ക്ക് വിമാനടിക്കറ്റ് സംഘടിപ്പിച്ചു കൊടുത്തു.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, സത്യവതി നാട്ടിലേയ്ക്ക് മടങ്ങി.
പ്രവാസം ദുരിതമായി; സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ സത്യവതി മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക