Image

കോണ്‍ഫറന്‍സ് ദിനങ്ങള്‍ എങ്ങനെ സുഗമമാക്കാം

വറുഗീസ് പോത്താനിക്കാട് Published on 11 July, 2017
കോണ്‍ഫറന്‍സ് ദിനങ്ങള്‍ എങ്ങനെ സുഗമമാക്കാം
see PDF file below

ന്യൂയോര്‍ക്ക്: നാളെ ജൂലൈ 12 മുതല്‍ 15 ശനി വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തികച്ചും അന്വര്‍ഥമായതും കാലികപ്രാധാന്യമുള്ളതുമായ കോണ്‍ഫറന്‍സ് തീം മുറുകെപിടിച്ചുകൊണ്ട് അതിനെ പ്രാവര്‍ത്തികമാക്കാന്‍ ഈ കോണ്‍ഫറന്‍സ് തുടക്കംകുറിക്കട്ടെ എന്ന് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ആശംസിച്ചു. ''അന്യോന്യം ശക്തിപ്പെടുത്തുവിന്‍'' അത് പരസ്പര പ്രബോധനത്തിലൂടെയാവട്ടെ എന്നാണ് ഉപദേശിച്ചിരിക്കുന്നത്. അവനവനെപോലെ തന്നെ മറ്റുളളവരെക്കുറിച്ചും കരുതലുള്ളവരായിരിക്കണം എന്നാണ് വിവക്ഷിച്ചിരിക്കുന്നത്. 

അധികാരികളോടുള്ള വിധേയത്വവും നിയമാവലികളോടുള്ള ബഹുമാനവും അനുസരണയും പരസ്പരശാക്തീകരണത്തിന് വഴിതെളിക്കും. കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനും അതിന്റെ വിജയത്തിനും ഓരോരുത്തരുടെയും സഹകരണവും സമര്‍പ്പണവും അത്യന്താപേക്ഷിതമാണ്.

കോണ്‍ഫറന്‍സില്‍ പാലിക്കേണ്ട ചില നിയമങ്ങളും നിബന്ധനകളും താഴെ ചേര്‍ക്കുന്നു. പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന കോണ്‍ഫറന്‍സ് ഷെഡ്യൂള്‍ അനുസരിച്ച് എല്ലാവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം. 

സമയനിഷ്ഠ പാലിക്കുന്ന കാര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണം. കോണ്‍ഫറന്‍സില്‍ ഉടനീളം ശുചിത്വബോധത്തോടെ പെരുമാറേണ്ടതും പരിസരവും മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്.
കോണ്‍ഫറന്‍സില്‍ യോജ്യവും സന്ദര്‍ഭോചിതവുമായ വസ്ത്രധാരണം പ്രതീക്ഷിക്കുന്നു.

രാത്രി 11 മണിമുതല്‍ പ്രഭാതപ്രാര്‍ഥന വരെ നിശബ്ദത പാലിക്കേണ്ടതും കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുമാണ്.
പുറമെനിന്നുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കോണ്‍ഫറന്‍സ് സെന്ററില്‍ അനുവദനീയമല്ല. അതുപോലെതന്നെ ബുഫേ സ്റ്റേഷനുകളില്‍ വിളമ്പുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഡൈനിംഗ് ഏരിയായ്ക്ക് പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ പാടുള്ളതല്ല. 

കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യാതൊരുകാരണവശാലും ജൂലൈ 14 വെള്ളിയാഴ്ച വാട്ടര്‍പാര്‍ക്ക് സൗകര്യം ഉപയോഗിക്കാന്‍ പാടുള്ളതല്ല.
കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലഭിക്കുന്ന ഐഡിയും റിസ്റ്റ് ബാന്‍ഡും മറ്റുള്ളവര്‍ക്ക് കാണത്തക്കവിധം എപ്പോഴും ധരിക്കേണ്ടതാണ്. കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കോണ്‍ഫറന്‍സ് സെന്ററിലോ മുറികളിലോ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. സന്ദര്‍ശകരെ അനുവദിക്കുന്നതല്ല.

കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്ന ഓരോരുത്തരും അവരവരുടെ സുരക്ഷയ്ക്ക് ഉത്തരവാദപ്പെട്ടവരാണ്. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തേണ്ടതും പ്രത്യേകിച്ച് വാട്ടര്‍പാര്‍ക്ക് മുതലായ സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ കോണ്‍ഫറന്‍സ് ഫെസിലിറ്റിക്കോ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കോ ഉത്തരവാദിത്വമില്ലാത്തതുമാകുന്നു. 

കോണ്‍ഫറന്‍സ് ഫെസിലിറ്റിയിലോ താമസിക്കുന്ന മുറിയിലോ കേടുപാടുകള്‍ വരുത്തിയാല്‍ അവര്‍തന്നെ ഉത്തരവാദികളായിരിക്കും. ഓരോരുത്തരും അവരവരുടെയും അവര്‍ക്ക് ഉത്തരവാദപ്പെട്ട കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സിനും മറ്റ് ബാധ്യതാ ഇന്‍ഷുറന്‍സുകള്‍ക്കും ഉത്തരവാദപ്പെട്ടിരിക്കും. 

ഫാമിലി കോണ്‍ഫറന്‍സില്‍ പാലിക്കേണ്ട നിബന്ധനകളും നിയമങ്ങളും നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വെബ്‌സൈറ്റിലും രജിസ്‌ട്രേഷന്‍ഫോമിലും കൂടാതെ ഇമെയിലുകള്‍, മൊബൈല്‍ ആപ്പ് മുഖേനയും എല്ലാരെയും അറിയിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. 

ഈ നിബന്ധനകള്‍ പാലിച്ച് ഉത്തരവാദിത്വ ബോധത്തോടെ സംബന്ധിച്ച് ഈ കോണ്‍ഫറന്‍സ് വിജയമാക്കിത്തീര്‍ക്കണമെന്ന് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ. വറുഗീസ് എം. ഡാനിയല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ ജീമോന്‍ വറുഗീസ് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Conference Coordinator : Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com, 
General Secretary: Mr. George Thumpayil, (973)-943-6164, thumpayil@aol.com, 
Treasurer: Mr. Jeemon Varghese, (201)-563-5550, jeemsv@gmail.com 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക