Image

നടിക്കെതിരായ പരാമര്‍ശങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നടപടി; താരയോഗത്തിന്റെ വാര്‍ത്താക്കുറിപ്പ് ഇങ്ങനെ

Published on 11 July, 2017
നടിക്കെതിരായ പരാമര്‍ശങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നടപടി; താരയോഗത്തിന്റെ വാര്‍ത്താക്കുറിപ്പ് ഇങ്ങനെ
നടന്‍ മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ ചേര്‍ന്ന താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കി. യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താക്കുറിപ്പ് അമ്മ പുറത്തിറക്കുകയും ചെയ്തു. സെക്രട്ടറി ഇടവേള ബാബുവാണ് വാര്‍ത്താക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്.

 

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം;

അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരുകയുണ്ടായി. അമ്മ അംഗവും ട്രഷററുമായ ദിലീപ് പൊലീസിന്റെ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാല്‍ ദിലീപിന്റെ ട്രഷറര്‍ സ്ഥാനം എന്ന് മാത്രമല്ല, അമ്മയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ അടിയന്തരമായി റദ്ദുചെയ്യുവാന്‍ തീരുമാനിച്ചു. എന്നത്തേയും പോലെ അമ്മയുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിയോടൊപ്പമാണ് എന്നും തുടര്‍ന്നുളള നിയമനടപടികള്‍ക്ക് ഒപ്പവുമാണെന്ന് പ്രഖ്യാപിച്ച് കൊളളുന്നു. ഈ വേളയില്‍ അമ്മയില്‍ അംഗത്വമുളള ചിലര്‍ ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിക്ക് വീണ്ടും വേദനയുണ്ടാക്കുന്ന തരത്തിലുളള പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെ നടത്തിയതില്‍ അമ്മയ്ക്കുളള പ്രതിഷേധവും അതെ തുടര്‍ന്ന് ഞങ്ങളുടെ സഹോദരിയ്ക്കുണ്ടായ വേദനയില്‍ ഖേദവും രേഖപ്പെടുത്തുന്നു. ഇനിമേലില്‍ ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ക്കെതിരെ അമ്മയുടെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചുകൊളളുന്നു. ഈ അവസ്ഥയില്‍ ഞങ്ങളുടെ സഹോദരിക്ക് നേരിട്ട ദുരവസ്ഥയുടെ പിന്നിലെ സത്യം കണ്ടെത്താന്‍ ദിനരാത്രങ്ങള്‍ പ്രയത്‌നിച്ച കേരളപൊലീസിനും മന്ത്രിസഭയ്ക്കും മാധ്യമങ്ങള്‍ക്കും അമ്മയുടെ നന്ദിയും അഭിനന്ദനവും അറിയിച്ചുകൊളളുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക