Image

കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരില്‍ 22 ടീമുകളും വള്ളംകളിക്കൊരുങ്ങുന്നു; ഹീറ്റ്‌സ് നറുക്കെടുപ്പ് ജൂലൈ 15 ശനിയാഴ്ച്ച റഗ്ബിയില്‍

Published on 11 July, 2017
കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരില്‍ 22 ടീമുകളും വള്ളംകളിക്കൊരുങ്ങുന്നു; ഹീറ്റ്‌സ് നറുക്കെടുപ്പ് ജൂലൈ 15 ശനിയാഴ്ച്ച റഗ്ബിയില്‍
വാര്‍വിക്ഷെയര്‍: യൂറോപ്പില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വള്ളംകളി മത്സരത്തിന് 22 ടീമുകളും തയ്യാറെടുത്തു വരുന്നു. യുക്മയുടെ നേതൃത്വത്തില്‍ കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം എന്നിവയുടെ സഹകരണത്തോട് കൂടിയാണ് ഈ പരിപാടി നടത്തപ്പെടുന്നത്. വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള മഹാമാമാങ്കം നടക്കുന്നത് ജൂലൈ 29ന് വാര്‍വിക്ഷെയറിലെ റഗ്ബിയില്‍ ഉള്ള ഡ്രേക്കോട്ട് വാട്ടര്‍ എന്ന റിസര്‍വോയറിലാണ്. യൂറോപ്പില്‍ തന്നെ ആദ്യമായി നടക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിന് യുകെ മലയാളി സമൂഹം വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. 

എല്ലാ ബോട്ട് ക്ലബ്ലുകളും മത്സരിക്കുന്നത് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലായിരിക്കുമെന്ന് വള്ളംകളി മത്സരത്തിന്റെ നിയമാവലി പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്‍, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കേരളത്തിലെ വള്ളംകളി മത്സരങ്ങളുടെ പാരന്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ടാണ് ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരന്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും എന്ന തീരുമാനം സംഘാടകസമിതി സ്വീകരിച്ചത്. 

യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ മത്സരിക്കാനെത്തുന്നുവെന്നുള്ളതാണ് ഇതിനോടകം തന്നെ വള്ളംകളി മത്സരത്തെ ശ്രദ്ധേയമാക്കിട്ടുണ്ട്. മത്സരം നടത്തപ്പെടുന്ന വള്ളങ്ങള്‍ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളായിരിക്കും. ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 ആളുകളാണ് മത്സരം നടക്കുന്‌പോള്‍ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റു നാലുപേര്‍ സബ്സ്റ്റിറ്റിയൂട്ട് ആയിരിക്കും. കേരളത്തിലെ നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരന്പര്യം ഉള്‍ക്കൊണ്ടാവും യൂറോപ്പിലെ പ്രഥമ മത്സരവും സംഘടിപ്പിക്കപ്പെടുന്നത്. ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്‌സ് മത്സരങ്ങളും നാലു ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 8 ടീമുകള്‍ക്ക് അവസാന 16ലേയ്ക്ക് നേരിട്ട് പ്രവേശനം നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. 

എന്നാല്‍ എല്ലാ ടീമുകള്‍ക്കും തുല്യ അവസരം നല്‍കുന്ന രീതിയിലാവും ഹീറ്റ്‌സ് മത്സരങ്ങള്‍ ക്രമീകരിക്കുന്നതിന് സംഘാടകസമിതി തീരുമാനിച്ചിരിക്കുന്നത്. ഹീറ്റ്‌സ് മത്സരങ്ങളുടെ നറുക്കെടുപ്പ് ജൂലൈ 15 ശനിയാഴ്ച്ച ഡ്രേക്കോട്ട് സെയിലിങ് ക്ലബില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഓരോ ടീമുകളും ആദ്യറൗണ്ടില്‍ ഏതെല്ലാം ടീമുകളോടാണ് മത്സരിക്കുന്നതെന്ന് ഇതിലൂടെയാവും തീരുമാനിക്കുന്നത്. ടീമുകള്‍ക്ക് മത്സരം നടത്തപ്പെടുന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനുള്ള അവസരവുമുണ്ടായിരിക്കും. എല്ലാ ടീമുകളില്‍ നിന്നും ചുരുങ്ങിയത് മൂന്ന് പ്രതിനിധികളെങ്കിലും ടീം ക്യാപ്റ്റന്മാരോ അല്ലെങ്കില്‍ ചുമതല ഏല്പിക്കപ്പെട്ടിട്ടുള്ളവര്‍ക്കൊപ്പം ജൂലൈ 15ന് ഉച്ച തിരിഞ്ഞ് 2 മണിയ്ക്ക് ഡ്രേക്കോട്ട് സെയിലിംഗ് ക്ലബില്‍ എത്തിച്ചേരേണ്ടതാണെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. 

പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍): 07885467034, സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക