Image

ജി 20 ഉച്ചകോടി ചെലവ് 18 മില്യന്‍ യൂറോ

Published on 11 July, 2017
ജി 20 ഉച്ചകോടി ചെലവ് 18 മില്യന്‍ യൂറോ
ബര്‍ലിന്‍: കഴിഞ്ഞ വാരാന്ത്യത്തില്‍ ജര്‍മനിയിലെ ഹാംബുര്‍ഗില്‍ നടന്ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയുടെ ചെലവിന്റെ കണക്ക് പുറത്തുവിട്ടു. ഹാംബുര്‍ഗ് സിറ്റി മേയര്‍ ഒലാഫ് ഷ്‌ളോസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. ജര്‍മനി ഇതുവരെ കണ്ടിട്ടില്ലാത്തവിധത്തിലുള്ള ശക്തമായ പ്രതിഷേധങ്ങള്‍ക്കു നടുവില്‍ നടന്ന ഉച്ചകോടി അവസാനിച്ചപ്പോള്‍ ജര്‍മനിയുടെ ബാലന്‍സ് ഷീറ്റില്‍ മിച്ചമായുള്ളത് മാനക്കേടു മാത്രമായി.

അതുതന്നെയുമല്ല പ്രതിഷേധക്കാരുടെ ആവേശം കത്തിജ്വലിച്ചപ്പോള്‍ വെന്തു വെണ്ണീറായതിന്റെ നഷ്ടങ്ങള്‍ സര്‍ക്കാര്‍ ഇരുവരെ കണക്കാക്കിയിട്ടില്ലതാനും. അതിന്റെ കണക്കെടുപ്പുകള്‍ ഇന്‍ഷ്വര്‍ കന്പനികള്‍ നടത്തിക്കൊണ്ടേയിരിയ്ക്കുകയാണ്. ഒരു പക്ഷെ ഉച്ചകോടിയുടെ ചെലവില്‍ക്കൂടുതലായി നഷ്ടവും അതിലുപരി നഷ്ടപരിഹാരതുക കൂടുതലായിട്ടും വരുന്‌പോഴാണ് എന്തിനിവിടെ ഇതു നടത്തി എന്ന ചോദ്യം ജര്‍മനിയുടെ നേര്‍ക്കുയരുന്നത്. 

പ്രതിഷേധം എങ്ങനെ ഇത്ര ശക്തമായി എന്ന ചോദ്യം ജര്‍മനിയുടെ പല ഭാഗത്തു നിന്നും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഉയരുന്നതും ചാന്‍സലര്‍ മെര്‍ക്കലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുതന്നെയാണ്. കാരണം ജി 20 ഉച്ചകോടിയുടെ അധ്യക്ഷ ആതിഥേയ രാജ്യമായ ജര്‍മനിയുടെ ഭരണകര്‍ത്താവെന്ന നിലവില്‍ അംഗലാ മെര്‍ക്കല്‍ തന്നെയാണ്. 

ജി 20 പ്രക്ഷോഭകര്‍ നിയോ നാസികളും തീവ്രവാദികളും: ജര്‍മന്‍ ആഭ്യന്തരമന്ത്രി 

ജി20 ഉച്ചകോടിക്കെതിരേ പ്രകടനം നടത്തിയവര്‍ നിയോ നാസികളെയും തീവ്രവാദികളെയും പോലെയാണെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്‌സ്യറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അക്രമികളെന്നു സംശയിക്കുന്ന 200 പേരെ പോലീസ് അറസ്റ്റു ചെയ്തു.ഇതില്‍ 130 ഓളം ജര്‍മന്‍കാരും ബാക്കി വിദേശികളുമാണ്. 
||
പതിവിലേറെ ആക്രമണോത്സുകമായ പ്രക്ഷോഭങ്ങളാണ് ഇക്കുറി ഹാംബുര്‍ഗില്‍ അരങ്ങേറിയത്. നിരവധി വ്യാപര സ്ഥാപനങ്ങള്‍ കത്തിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ചില കടകളില്‍ കൊള്ളയും നടന്നിട്ടുണ്ട്. പോലീസിനു നേരെയുണ്ടായ ആക്രമണങ്ങളില്‍ ഇരുനൂറോളം ഉദ്യോഗസ്ഥര്‍ക്കാണു പരുക്കേറ്റത്.

വിദേശികളില്‍ ഫ്രാന്‍സ് ഇറ്റലി, പോളണ്ട്, റഷ്യ, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണെന്ന് പോലീസ് വെളിപ്പെടുത്തി. അക്രമങ്ങളെയും അതിന്റെ ലൈവ് വിഡിയോകളും ഫോട്ടോകളും ജര്‍മനിയിലെ സോഷ്യല്‍ മീഡിയ വളരെ ശക്തമായി പ്രചരിച്ചിരുന്നു അതോടൊപ്പം പത്രമാധ്യമങ്ങളും അക്രമങ്ങളെ അപലപിച്ചുകൊണ് വാര്‍ത്തകള്‍ നിരന്തരം പുറത്തുവിട്ടുകൊണ്ടിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് പോലീസ് അക്രമികളെ അറസ്റ്റുചെയ്തത്. 

അതുകൊണ്ടുതന്നെ ഇത്തരം പ്രകടനങ്ങള്‍ നടത്തിയവര്‍ പ്രക്ഷോഭകരല്ലെന്നും അവര്‍ ക്രിമിനല്‍ അരാജകത്വ വാദികളാണെന്നും മെയ്‌സ്യര്‍ വെളിപ്പെടുത്തി. രാഷ്ട്രീയ കാരണങ്ങളല്ല ഇവരെ നയിച്ചതെന്നും, കൊലപാതകവും കൊള്ളയും മാത്രമായിരുന്നു ഇവരുടെ ലക്ഷ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതു തീവ്രവാദത്തെ ഇനി അവഗണിക്കരുത്: സിഡിയു

ഇടതുപക്ഷ തീവ്രവാദത്തെ നിശബ്ദം അവഗണിക്കുന്ന പതിവു ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍. ഹാംബര്‍ഗില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയുണ്ടായ അക്രമാസക്തമായ പ്രക്ഷോഭങ്ങളുടെ വെളിച്ചത്തിലാണ് ഈ പ്രസ്താവന.

കുറ്റകൃത്യങ്ങളോട് ഉദാര സമീപനം സ്വീകരിക്കുന്ന നിലപാടാണ് ഇടതു തീവ്രവാദത്തോട് വര്‍ഷങ്ങളായി സ്വീകരിച്ചു വരുന്നത്. ഹാംബര്‍ഗിലെ അനുഭവങ്ങളില്‍ പാഠം ഉള്‍ക്കൊള്ളണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു.

അഞ്ഞൂറോളം പോലീസുകാര്‍ക്കാണ് വിവിധ അക്രമങ്ങളിലായി പരുക്കേറ്റത്. നിരവധി കടകള്‍ തകര്‍ക്കുകയും കാറുകള്‍ കത്തിക്കുകയും ചെയ്തിരുന്നു.ഹാംബുര്‍ഗില്‍ മാത്രം ആയിരത്തോളം ഇടതുപക്ഷ തീവ്രവാദികള്‍ താമസിക്കുന്നു എന്നാണ് പോലീസിന്റെ കണക്ക്. ഉച്ചകോടിയോടനുബന്ധിച്ച് മറ്റിടങ്ങളില്‍നിന്നും നൂറുകണക്കിനാളുകള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക