Image

അനിശ്ചിതത്വത്തിലായത്‌ മൂന്ന്‌ നവാഗത സംവിധായക ചിത്രങ്ങള്‍

Published on 12 July, 2017
അനിശ്ചിതത്വത്തിലായത്‌ മൂന്ന്‌ നവാഗത സംവിധായക ചിത്രങ്ങള്‍


നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ അപ്രതീക്ഷിത അറസ്റ്റോടെ പ്രതിസന്ധിയിലായത്‌ അന്‍പത്‌ കോടിയിലേറെ രൂപയുടെ വിവിധ പ്രോജക്ടുകള്‍. ജോലികളെല്ലാം പൂര്‍ത്തിയായി റിലീസ്‌ നിശ്ചയിച്ച ഒരു ചിത്രവും ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള രണ്ട്‌ സിനിമകളും ആലോചനയിലുള്ള ഒരു പ്രോജക്ടുമാണ്‌ ഇക്കൂട്ടത്തിലുള്ളത്‌. ഇതില്‍ മൂന്ന്‌ സിനിമകളും പുതുമുഖ സംവിധായകരുടേതാണെന്ന പ്രത്യേകതയുമുണ്ട്‌.

ബോക്‌സ്‌ഓഫീസില്‍ വമ്പന്‍ വിജയം നേടിയ 'പുലിമുരുകന്റെ' നിര്‍മ്മാതാവ്‌ ടോമിച്ചന്‍ മുളകുപാടത്തിന്റെ പുതിയ ചിത്രം 'രാമലീല' ആദ്യം ജൂലൈ ഏഴിന്‌ തീയേറ്ററുകളിലെത്തുമെന്നാണ്‌ അറിയിച്ചിരുന്നത്‌. 

എന്നാല്‍ പിന്നീട്‌ 21ലേക്ക്‌ മാറ്റി. ദിലീപിനെതിരായ ആരോപണങ്ങളല്ല ഇതിന്‌ കാരണമെന്നും സാങ്കേതികമായ ജോലികള്‍ വൈകുന്നതിനാലാണെന്നും സംവിധായകനും നിര്‍മ്മാതാവും സൗത്ത്‌ലൈവിനോട്‌ പറഞ്ഞിരുന്നു. നവാഗതനായ അരുണ്‍ ഗോപിയാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. നിലവിലെ സ്ഥിതിയില്‍ ചിത്രത്തിന്റെ റിലീസ്‌ 21ല്‍ നിന്ന്‌ മാറ്റുമോ എന്ന കാര്യം അണിയറക്കാര്‍ വ്യക്തമാക്കിയിട്ടില്ല. 14 കോടിയാണ്‌ രാമലീലയുടെ മുതല്‍മുടക്ക്‌.

മുരളി ഗോപിയുടെ തിരക്കഥയില്‍ പ്രമുഖ പരസ്യചിത്ര സംവിധായകന്‍ രതീഷ്‌ അമ്പാട്ട്‌ സംവിധാനം ചെയ്യുന്ന 'കമ്മാരസംഭവം', റാഫിയുടെ തിരക്കഥയില്‍ പ്രശസ്‌ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ: ഡിങ്കന്‍ എന്നിവയാണ്‌ ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദിലീപ്‌ ചിത്രങ്ങള്‍.

 ആഴ്‌ചകള്‍ക്ക്‌ മുന്‍പ്‌ അന്വേഷണം ദിലീപിലേക്ക്‌ കേന്ദ്രീകരിച്ചുതുടങ്ങിയ ഘട്ടത്തില്‍ത്തന്നെ ഈ രണ്ട്‌ ചിത്രങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലായിരുന്നു. രതീഷ്‌ അമ്പാട്ടിന്റെയും രാമചന്ദ്രബാബുവിന്റെയും ആദ്യ സംവിധാന സംരംഭങ്ങളാണ്‌ ഇവ. 20 കോടിയോളം മുതല്‍മുടക്കുള്ള ബിഗ്‌ ബജറ്റ്‌ ചിത്രമാണ്‌ കമ്മാരസംഭവം. 12-15 കോടിയാണ്‌ പ്രൊഫ: ഡിങ്കന്റെ ബജറ്റ്‌.

ഈ പ്രോജക്ടുകള്‍ കൂടാതെ ആലോചനയിലുള്ള ഒരു പ്രധാന ദിലീപ്‌ ചിത്രം നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങേണ്ടതാണ്‌. ദിലീഷ്‌ പോത്തന്റെ ഇപ്പോള്‍ തീയേറ്ററുകളിലുള്ള 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച സജീവ്‌ പാഴൂരിന്റെ പേരാണ്‌ ദിലീപ്‌-നാദിര്‍ഷ ചിത്രത്തിന്റെ തിരക്കഥാകൃത്തായും പറഞ്ഞുകേട്ടത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക