Image

നഴ്‌സുമാരുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു യുക്മ നഴ്‌സസ് ഫോറം ദേശീയ നിര്‍വ്വാഹക സമിതിയോഗം

Published on 12 July, 2017
നഴ്‌സുമാരുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു യുക്മ നഴ്‌സസ് ഫോറം ദേശീയ നിര്‍വ്വാഹക സമിതിയോഗം

 
ബിര്‍മിംഗ്ഹാം: കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ യുഎന്‍എയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അവകാശ സമരത്തിന് ജൂലൈ 8 ശനിയാഴ്ച്ച ബിര്‍മിംഗ്ഹാമില്‍ നടന്ന യുക്മ നഴ്‌സസ് ഫോറം ദേശീയ നിര്‍വ്വാഹക സമിതിയോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വേതന വര്‍ധനവിനും മറ്റു ആവശ്യങ്ങള്‍ക്കുമായി സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നും യോഗം യുകെ മലയാളികളോട് അഭ്യര്‍ത്ഥിച്ചു.

മറ്റൊരു സുപ്രധാനമായ തീരുമാനം, യുകെയിലെ മലയാളി നഴ്‌സുമാരില്‍ നിരവധിപേര്‍ ഐഇഎല്‍ടിഎസില്‍ ആവശ്യമായ സ്‌കോര്‍ ലഭിക്കാത്തതുമൂലം കെയറര്‍മാരായി വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. പിന്‍നന്പര്‍ ലഭിക്കുന്നതിന് എന്‍എംസി മുന്നോട്ട് വയ്ക്കുന്ന മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എംസിക്കും ഭരണ സിരാകേന്ദ്രങ്ങള്‍ക്കും യുകെയിലെ ബഹുപൂരിക്ഷം മലയാളികളുടെയും പിന്തുണയോടെ മെമ്മോറാണ്ടം സമര്‍പ്പിക്കുന്നതിന് യുക്മ നഴ്‌സസ് ഫോറം മുന്‍കൈയെടുക്കും. കൂടാതെ യുകെയില്‍ നഴ്‌സുമാരുടെ ശന്പള വര്‍ധനവിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തിനെതിരെ സമരം നടത്തുന്ന യൂണിയനുകള്‍ക്കൊപ്പം ചേര്‍ന്ന് യുഎന്‍എഫും സമരമുഖത്തെത്തും, അതിനായി വിവിധ റീജിയണല്‍ കമ്മിറ്റികള്‍ക്കൊപ്പം ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും.

വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ ശനിയാഴ്ച്ച യുഎന്‍എഫ് പ്രസിഡന്റ് ബിന്നി മനോജിന്റെ അധ്യക്ഷതയില്‍ നടന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും നഴ്‌സസ് ഫോറം കോര്‍ഡിനേറ്ററുമായ സിന്ധു ഉണ്ണി, യുക്മ ദേശീയ അധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു. യുഎന്‍എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് ലൂക്കോസ് കര്‍മ്മപരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. 

നഴ്‌സസ് ഫോറം ലീഗല്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ കൂടുതല്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങളും യോഗം കൈക്കൊണ്ടു. തൊഴിലിടങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ആവശ്യമായ നിയമ സഹായം എത്തിക്കുന്നതിനും നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. യുഎന്‍എഫ് ലീഗല്‍ സെല്‍ ചെയര്‍മാന്‍ തന്പി ജോസിന്റെ നേതൃത്വത്തിലുള്ള ടീമിനെ ഉക്ക്മാന്‍ഫ്@ജിമെയില്‍.കോം എന്ന ഇമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടാവുന്നതാണ്. 

ഓരോ റീജിയണിലും യുഎന്‍എഫ് റീജിയണല്‍ കമ്മിറ്റികള്‍ സംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ അംഗ അസോസിയേഷനുകളിലും സജീവമാക്കും. നഴ്‌സസ് ഫോറം കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തിയ സിപിഡി പ്രോഗ്രാം അംഗങ്ങള്‍ക്ക് ഏറെ ഗുണകരമായെന്ന് കമ്മിറ്റി വിലയിരുത്തി. അതേ മാതൃകയില്‍ എല്ലാ റീജിയനികളിലും സിപിഡി പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. ഭാരവാഹികളായ അലക്‌സ് ലൂക്കോസ്, ദേവലാല്‍ സഹദേവന്‍, തന്പി ജോസ്, മനു സക്കറിയ, ബിജു മൈക്കല്‍, ജോജി സെബാസ്റ്റ്യന്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: വര്‍ഗീസ് ഡാനിയേല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക