പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ്
ദ്വിതീയന്‍ കാതോലിക്ക ബാവക്കു അമേരിക്കന്‍ മണ്ണിലേക്ക് വീണ്ടും സ്വാഗതം.
ഇത്തവണ ഇവിടെ എത്തിച്ചേരുന്നത് സഭാ കേസുകളുടെ മുഷിഞ്ഞ മാറാപ്പുമായല്ല,
പൂര്‍വ സൂരികള്‍ സ്വപ്നം കണ്ട സഭാ കേസുകളുടെ പരസമാപ്തിയും സഭാ ഒത്തുചേരലിന്റെ
കുരുത്തോലകളും സമാധാനത്തിന്റെ ശൂശന്ന പുഷ്പങ്ങളുമായിട്ടാണ് വരവ്. മോസസിന് സ്വപ്നം കാണാന്‍ മാത്രം കഴിഞ്ഞ വാഗ്ദത്ത ദേശത്തു, പിന്‍ഗാമിയായ ജോഷ്വ
പ്രവേശിച്ചത് ദൈവീക നിമിത്തം. അത്തരം ഒരു വാഗ്ദത്ത കനാനില്‍ സഭയെ
എത്തിക്കാന്‍ ദൈവം കൃപ ചൊരിഞ്ഞ പരിശുദ്ധ പിതാവിന് മംഗളം.
ദീര്‍ഘമായ കാത്തിരിപ്പിനു ശേഷം നീതിമാനായ ശീമോന്‍ ഉണ്ണിയേശുവിനെ
കൈയിലുയര്‍ത്തി ഇങ്ങനെ പറഞ്ഞു 'ഇപ്പോള്‍ നാഥാ തിരുവചനംപോലെ നീ അടിയനെ
സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികള്‍ക്കു വെളിപ്പെടുവാനുള്ള പ്രകാശവും
നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകലജാതികളുടെയും മുമ്പില്‍
ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ'. നമ്മുടെ
പൂര്‍വികര്‍ സ്വപ്നം കണ്ടതും സംവത്സരങ്ങള്‍ കാത്തിരുന്നതുമായ സൗഭാഗ്യം
കണ്ണു കൊണ്ട് കാണുവാന്‍ നമുക്ക് ഭാഗ്യം ഉണ്ടായിരിക്കുന്നു എന്ന
തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. അതിനു ഈ പരിശുദ്ധ പിതാവിന്റെ കരങ്ങള്‍ ദൈവം
ഒരുക്കിയിരിക്കുന്നു എന്നും ഭക്തിയോടെ കാണുവാനുള്ള വിവേകം നമുക്ക്
ഉണ്ടാകട്ടെ.
തെക്കേക്കൂറ്റില്‍ നിന്നും വടക്കേക്കൂറ്റില്‍നിന്നും വിഭിന്നമായി
സ്വന്തമായ ഒരു കുറ്റു സൃഷ്ട്ടിച്ച , കുന്നും കുളവും ചേര്‍ന്ന പാരമ്പര്യമാണ്
കുന്നംകുളത്തിനുള്ളത് . ടി പി രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര' എന്ന
വിചിത്രമായ ഒരു കഥാലോകം മലയാള സാഹിത്യത്തില്‍ സമ്മാനിച്ച കുന്നംകുളത്തിനു
പ്രത്യേകതകള്‍ നിറഞ്ഞു നിന്നിരുന്നു . മഹാരഥന്മാരായ പുലിക്കോട്ടില്‍
മെത്രാപ്പോലീത്താമാരുടെ നറു സുഗന്ധം നിറഞ്ഞു നില്‍ക്കുന്ന അത്തരം ഒരു
മണ്ണില്‍നിന്നും വളരെ പ്രതീക്ഷയോടെ സഭക്ക് കിട്ടിയ സമ്മാനമാണ് പരിശുദ്ധ
പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവ .
വളരെ ചുരുങ്ങിയ കാലം കൊണ്ട് ആഗോള തലത്തിലും , കേരളരാഷ്ട്രീയ തലത്തിലും
സഭാ ചരിത്രത്തിലും സ്വന്തമായ കൈയൊപ്പ് ചാര്‍ത്താന്‍ പരിശുദ്ധ പിതാവിന്
ആയിട്ടുണ്ട് . നിഷ്‌കളങ്കമായ ഗ്രാമീണ സംസാര ശൈലിയും , തേജസ്സാര്‍ന്ന
മുഖകാന്തിയും, കഠിനമായി സംസാരിക്കേണ്ട സന്ദര്ഭങ്ങളില്‍ പോലും വാത്സല്യം
നിറഞ്ഞു നിന്ന ആ കണ്ണുകളിലെ നിസ്സഹായത കാണുന്നില്ലേ എന്ന് ധരിച്ചവര്‍ക്കു
അപ്പാടെ തെറ്റിപ്പോയി എന്ന് ഓരോ സംഭവങ്ങള്‍ കഴിയുമ്പോളും
തിരിച്ചറിയപ്പെടുകയായിരുന്നു. തിളക്കമുള്ള പൊന്കുരിശും ഉയര്‍ത്തി ,
കറപ്പില്‍ പൊതിഞ്ഞ, തീപിടിക്കും ചുമന്ന കുപ്പായത്തില്‍ പൊതിഞ്ഞ കൃശഃ
ഗാത്രത്തിന്റെ അഗ്‌നിശോഭ , സ്വയം നിര്ഷ്‌കര്ഷിച്ച മൗനവും , ധ്യാനവും കൊണ്ട്
മാത്രമല്ല , പൂര്‍വസൂരികളുടെ ആത്മാവില്‍ മുക്കിയ പടയണികള്‍
കൊണ്ടുകൂടിയാണ്.
ജനലുകള്‍ ഇല്ലാത്ത ഒറ്റവാതില്‍ മുറിയില്‍നിന്നും പുറത്തിറങ്ങി ജനലുകളും
വാതിലുകളും തുറന്നിട്ട പുത്തന്‍ സമീപനമാണ് പരിശുദ്ധ പിതാവിനെ
ജനകീയനാക്കിയത് . മണിച്ചിത്ര താഴിട്ടു പൂട്ടിയ സൗപര്‍ണികയിലേക്ക്
തളച്ചിടാന്‍ ശ്രമിക്കുമ്പോഴൊക്കെ വര്‍ധിത വീര്യത്തോടെ പുറത്തേയ്ക്കു
ഇരുകയ്യും നീട്ടി സംസാരിച്ചുകൊണ്ടു പോകുന്ന, നല്ല ശ്രോതാവാകുന്ന, ഒപ്പം
സാധരണ വിശ്വാസിയോടൊപ്പം തൊട്ടുചേര്‍ന്നു നില്ക്കാന്‍ ഇഷ്ട്ടപ്പെടുന്ന
സമീപനം വിശ്വാസികളില്‍ സഭാസ്‌നേഹം വര്‍ധിപ്പിച്ചു. ഈ നന്മയുടെ
തിരിച്ചറിവാണ് സഭക്ക് ഉണ്ടാവേണ്ടത്.
തനിക്കു രാഷ്ട്രീയം തീരെ വശമാകുന്നില്ല എന്ന അബദ്ധ ചിന്ത കേരളാ
രാഷ്ട്രീയത്തിലെ മുടിചൂടാമന്നര്‍ക് ഇന്ന് നന്നേ വ്യക്തമാവുണ്ട് .
മലങ്കര സഭക്കു ഒരു വശത്തേയ്ക്ക് മാത്രമേ നോക്കാന്‍ പാടുള്ളു, എന്തും പറഞ്ഞു
കളിപ്പിക്കാം, അനാഥരാണ് എന്ന സ്ഥിര സങ്കല്പം വീണുടഞ്ഞു. രണ്ടായിരത്തി
പതിമൂന്നിലെ പരുമല പെരുന്നാളില്‍ പരിശുദ്ധ പിതാവ് നടത്തിയ പ്രസംഗം കേരള
സര്‍ക്കാറിനുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു എന്ന് കാലം തെളിയിച്ചു .
ജുഡീഷ്യറിയില്‍ രാഷ്രീയം കലര്‍ത്തി നീതി നിഷേധിക്കുന്ന സര്‍ക്കാര്‍, മലങ്കര
സഭയെ അവഗണിക്കുക ആണെന്നും കനത്ത തിരിച്ചടികള്‍ പ്രതീക്ഷിക്കണം എന്നും ഉള്ള
സ്‌ഫോടക വാക്കുകള്‍, എഴുതി തള്ളിയവര്‍ക്കു, മലങ്കരമെത്രാന്റെ കണ്ണിലെ
തീപ്പൊരി അവിടവിടെയായി വീണു പൊള്ളി തുടങ്ങിയിരിക്കുന്നു. എത്ര നന്മ
ചെയ്താലും ഗുരുത്വ ദോഷം ഗുണം ചെയ്യുകയില്ല എന്ന തിരിച്ചറിവ് കേരള
രാഷ്ട്രീയത്തിനു ബോദ്ധ്യപ്പെട്ടു .
മലങ്കര മെത്രാന്റെ സത്വത്തിന്റെ കനലിനു തീപിടിച്ചാല്‍ നില്‍ക്കുന്ന ഇടം
പോലും വെണ്ണീറാകും എന്നത് അതിശയോക്തിയല്ല. കാരണം, അഗ്‌നി ശുദ്ധിയിലൂടെ
സ്പുടം ചെയ്‌തെടുത്ത ആ ഇടത്തിനു പൂര്‍വ സൂരികളുടെ കണ്ണീരും തപസ്സും
പ്രാര്‍ഥനയും ബലം നല്‍കുന്നുണ്ട് , അത് വെറും അധികാര പ്രതാപ സ്ഥാനമാണെന്നു
ചിന്തിച്ചാല്‍ അപകടമാകും ഫലം . സാധാരണ മനസ്സിന് ഉള്‍ക്കൊള്ളാനോ
അംഗീകരിക്കാനോ ആവാത്ത ഒരു മനപ്രഹേളികയാണ് അവിടം. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം
മലങ്കരസഭ മാനേജിങ് കമ്മറ്റിയില്‍ പരിശുദ്ധ പിതാവിനൊപ്പം പ്രവര്‍ത്തിക്കാന്‍
കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ് .
കോലഞ്ചേരി പള്ളി പ്രശ്‌നത്തിനിടെ പരിശുദ്ധ പിതാവിന്റെ നിരാഹാര സമരം ആഴ്ച
പിന്നിട്ടു വളരെ മാരകമായ അവസ്ഥയിലേക്ക് കടക്കുകയും, കേരള സര്‍ക്കാര്‍
അവഗണിച്ചു നില്‍ക്കുകയും ചെയ്ത അപമാനകരമായ ദിനത്തില്‍, കേരളത്തിലുള്ള എന്റെ
പിതാവിനോട് ഓരോ ദിവസവും വിഷമം പങ്കിട്ടു കൊണ്ടിരുന്നു. എന്തിനാണ് നമ്മുടെ
തിരുമേനി വഴിയില്‍ കിടന്നു സമരം ചെയ്യുന്നത് ? ചുണ്ടുകള്‍ പോലും മുറിഞ്ഞു
രക്തം ഒഴുക്കുന്നത് ആര്‍ക്കു വേണ്ടിയാണ്, ജാതികള്‍ക്കു മുന്‍പില്‍ ഒരു
രാഷ്ട്രീയക്കാരനെപ്പോലെ കിടക്കേണ്ട ആളല്ലല്ലോ പരിശുദ്ധ പിതാവ് എന്ന്
തര്‍ക്കിച്ചപ്പോള്‍ , ഫോണിന്റെ അങ്ങേ തലക്കല്‍ കനത്ത നിശ്ശബ്ദത .. ഹാലോ..
എന്ത് പറ്റി ? ..ചെറിയ വിതുമ്പല്‍.. പൊട്ടിക്കരയുകയാണ്. കൈയില്‍നിന്നും
ഫോണ്‍ താഴെ പോയിരുന്നു .. അതെടുത്തു പതുക്കെ പറയുന്നതു കേള്‍ക്കാം
..'പക്ഷെ, മോനെ, തിരുമേനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ !!!! .അദ്ദേഹം
ഇങ്ങനെ വിതുമ്പുന്നതു ഇതിനു മുന്‍പും പിന്‍പും കണ്ടിട്ടില്ല .
അങ്ങനെ മലങ്കരയിലെ എത്രയോ പിതാക്കന്മാരുടെ വിതുമ്പലുകളും അമ്മമാരുടെ
കണ്ണീരും യുവാക്കളുടെ അല്മരോഷവും മലങ്കര മെത്രാപ്പോലീത്തയെ ധന്യമാക്കുന്നു.
പരിശുദ്ധ റൂഹാ സ്വര്‍ഗമാകുന്ന മേലുള്ള ഉയരങ്ങളില്‍നിന്ന് പ്രതാപത്തോടെ
ഇറങ്ങി , ഈ പരിശുദ്ധ സ്ഥാനിയില്‍ പൊരുന്നി ആവസിക്കുന്ന വിശുദ്ധതലം എത്രയോ
പരിപാവനമാണ് . ദൈവത്തിന്റെ വിശുദ്ധ സഭയെ മേയിച്ചു ഭരിക്കുന്ന
ശുദ്ധിമാന്മാരും , ബഹുമാനപ്പെട്ടവരും, ഭാഗ്യവാന്മാരുമായി ദൈവത്താല്‍
നിലനിര്‍ത്തപ്പെട്ടു പോരുന്ന നമ്മുടെ ആബൂന്‍ മാര്‍ ബസേലിയോസ്
മാര്‍തോമ്മമാര്‍ക്കു വേണ്ടി നാം അപേക്ഷിച്ചു പ്രാര്‍ഥിക്കണം.
'Those who live by humble faith enter into the fullness of God's
provisions of grace. 'God resists the proud, but gives grace to the
humble…we have access by faith into this grace in which we stand' (James
4:6 and Romans 5:2).
കോരസണ്‍ വര്‍ഗീസ്, ന്യൂ യോര്‍ക്ക്
മുന്‍ മലങ്കരസഭാമാനേജിങ് കമ്മറ്റി അംഗം