Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ജൂലൈ സമ്മേളനം

മണ്ണിക്കരോട്ട് Published on 12 July, 2017
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ജൂലൈ സമ്മേളനം
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ജൂലൈ സമ്മേളനം 9-ഞായര്‍ വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. നൈനാന്‍ മാത്തുള്ളയുടെ ‘കയ്പും മധുരവും’, ടോം വിരിപ്പന്റെ ‘ധ്യാനം ഇന്ത്യന്‍ സംസ്ക്കാരത്തില്‍’ എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ കൂടിവന്ന എല്ലാവര്‍ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. കൂടാതെ ചര്‍ച്ചചെയ്യാന്‍ പോകുന്ന വിഷയങ്ങളെക്കുറിച്ച് ചുരുക്കമായി സംസാരിച്ചു. സമ്മേളനത്തില്‍ കുറമ്പനാട് സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ട്രറി സ്ക്കൂള്‍ മലയാളം അധ്യാപകനായിരുന്ന കെ.സി. ചെറിയാന്‍ പ്രധാന അതിഥിയായിരുന്നു. ജി. പുത്തന്‍കുരിശായിരുന്നു മോഡറേറ്റര്‍.

തുടര്‍ന്ന് നൈനാന്‍ മാത്തുള്ള കയ്പും മധുരവും എന്ന തലക്കെട്ടില്‍ കഴിഞ്ഞുപോയ പിതൃദിനത്തെ ആസ്പദമാക്കി എഴുതിയ പ്രബന്ധം അവതരിപ്പിച്ചു. കുടുംബങ്ങളില്‍ പിതാക്കന്മാര്‍ക്ക് മക്കളോടുള്ള പെരുമാറ്റം ഒരു നെല്ലിക്കാപോലെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതായത് നെല്ലിക്കാ ആദ്യം കയ്ക്കും പിന്നീടാണ്് അതിന്റെ മാധുര്യം മനസ്സിലാക്കുന്നത്. എന്നാല്‍ ഈ സത്യം മനസ്സിലാക്കാതെ നെല്ലിക്കാ കയ്ക്കുന്ന എന്തോ ആണെന്നു പറഞ്ഞ് തുപ്പിക്കളഞ്ഞാല്‍ അതിന്റെ നന്മ നാം നഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത്. അതുപോലെയാണ് പിതാക്കന്മാരുടെ പലപ്പോഴുമുള്ള കര്‍ക്കശമായ ശാസനയും നിയന്ത്രണങ്ങളും. അതൊക്കെ ആദ്യം അസഹ്യമെന്നു തോന്നിയാലും പിന്നീടത് നല്ലതിനാണെന്ന് സ്വയം മനസ്സിലാക്കിക്കൊള്ളും.

ഈ സത്യം സ്വന്തം പിതാവിന്റെ ഉദാഹരണത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. ആ പിതാവ് അധ്വാനിയും അതോടൊപ്പം കര്‍ക്കശക്കാരനുമായിരുന്നു. മക്കളോട് വാത്സല്യമില്ലാത്ത പിതാവ് എന്ന് തോന്നിയെങ്കിലും അവരുടെ കാര്യങ്ങള്‍ ഒന്നിനും മുടക്കില്ലാതെ നടത്തുന്നതിന് ശ്രദ്ധിച്ചു. അദ്ദേഹം പഠിത്തക്കാരനായിരുന്നില്ല. എന്നാല്‍ മക്കളെല്ലാം നല്ല പഠിത്തക്കാരകണമെന്ന് ആഗ്രഹിച്ചു. അതിനുവേണ്ടി പരിശ്രമിച്ചു. അത് ഫലവത്താകുകയും ചെയ്തു. ബാല്യത്തിലും കൗമാരത്തിലും സ്വന്തം പിതാവിനോടു തോന്നിയ വെറുപ്പിനും വിദ്വേഷത്തിനും മാറ്റം വന്നത് കോളെജ് പഠനം കഴിഞ്ഞപ്പോള്‍ മുതലാണ്. എല്ലാം നല്ലതിനായിരുന്നുവെന്ന് അവര്‍ മനസ്സിലാക്കി.

കയ്പും മധുരവും എന്ന തലക്കെട്ടുകൊണ്ട് ഏതൊരു കയ്പിനും ഒരു മധുരമുണ്ട്. അതു മനസ്സിലാക്കാതെ ബാഹ്യവും ഉപരിപ്ലവവുമായ അറിവിലൂടെ ഒന്നിനേയും വിലയിരുത്തെരുതെന്ന തത്വവും പ്രബന്ധകാരന്‍ വ്യക്തമാക്കുകയായിരുന്നു.

തുടര്‍ന്ന് ടോം വിരിപ്പന്‍ ‘ധ്യാനം ഇന്ത്യന്‍ സംസ്ക്കാരത്തില്‍’ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യന്‍ സംസ്ക്കാരത്തില്‍ ധ്യാനത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വികാസത്തെക്കുറിച്ചും അദ്ദേഹം ചുരുക്കമായി പ്രതിപാദിച്ചു. ഉപനിഷത്തുകളിലെ ധ്യാനത്തെക്കുറിച്ചുള്ള സൂചന, ബുദ്ധന്‍, ജൈനന്‍ തുടങ്ങിയ അതീന്ദ്രജ്ഞാനികള്‍ തങ്ങളിലെ ദീര്‍ഘദര്‍ശനത്തിലൂടെ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ ഭാഗമായി മാറിയിട്ടുള്ള കാര്യങ്ങള്‍ ഒരു ലഘു പ്രഭാഷണംകൊണ്ട് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ലെന്ന് തുടക്കത്തിലെ അറിയിച്ചു. വിവേകാനന്ദ സ്വാമികളുടെ അഭിപ്രായത്തില്‍ ധ്യാനം ആത്മീയാനുഭൂതിയിലൂടെ പരമാനന്ദത്തിലേക്കു നയിക്കുകയും അവിടെനിന്ന് ഏകാഗ്രത അല്ലെങ്കില്‍ പരിപൂര്‍ണ്ണ ധ്യാനാത്മ ചൈതന്യത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ആധുനിക ഗവേഷകര്‍ ഒരുപോലെ സമ്മതിക്കുന്ന ഒരു സത്യമാണ് ധ്യാനം ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്ക്ക് അനിവാര്യമായ ഉപാധിയാണെന്ന്.

നമ്മുടെ മനസ്സിന്റെ സംഘര്‍ഷവും തിരിച്ചറിവിന്റെ താളപ്പിഴകളും രോഗവും അശാന്തിയും ശബ്ദവും വിചാരവും ദുരാഗ്രഹവും ഒച്ചപ്പാടുകളും കുറച്ച് മനസ്സിനെ ശാന്തമാക്കിയാല്‍ അശാന്തമായ മനസ്സ് നിര്‍മ്മലമായ ഒരു ദര്‍പ്പണംപോലെ ആയിത്തീരുന്നു. അവിടെ ആത്മാവും പരമാത്മാവും തമ്മിലുള്ള ഒരു മാര്‍ഗ്ഗം തുറക്കപ്പെടുന്ന അവസ്ഥ രൂപപ്പെടുകയും പരമാത്മാവ് നമ്മളിലുണ്ടെന്ന തലത്തിലേക്ക് മനസ്സ് യാത്ര ആരംഭിക്കുകയും ചെയ്യുന്നു.

പൊതു ചര്‍ച്ചയില്‍ സദസ്യരെല്ലാം സജീവമായി പങ്കെടുത്തു. ജോണ്‍ കുന്തറ, പൊന്നു പിള്ള, എ.സി. ജോര്‍ജ്, ടോം വിരിപ്പന്‍, ദേവരാജ് കാരാവള്ളില്‍, ഷിജു ജോര്‍ജ്, തോമസ് വര്‍ഗ്ഗീസ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ജി. പുത്തന്‍കുരിശ്, ടി. എന്‍. ശാമുവല്‍, മാത്യു വൈരമണ്‍, തോമസ് തയ്യില്‍, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ജൂലൈ സമ്മേളനംമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ജൂലൈ സമ്മേളനംമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ജൂലൈ സമ്മേളനം
Join WhatsApp News
ഒക്കലഹോമവാലാ 2017-07-14 00:15:26
മലയാളം സൊസൈറ്റി, റൈറ്റേഴ്‌സ്‌ഫോറം മീറ്റിംഗ്‌സ്  എല്ലാം നല്ല  അടിപൊളിയായി പോകുന്നു  എന്നറിയുന്നതിൽ  സന്തോഷം. അവിടം  വരൈ  ഒന്ന് വന്നാൽ  കൊള്ളാമെന്നുണ്ട് . libary  വിഷയത്തിൽ  മലയാളം സൊസൈറ്റി  ചേരാത്തത്  മോശമായിപ്പോയി.  ചേർത്തില്ലങ്കിൽ  ഇടിച്ചു  കേറണമായിരുന്നു. കാരണം  മലയാളം സൊസൈറ്റി  ആണല്ലോ  ഫസ്റ്റും മുന്തിയതും. Libary  ഭയങ്കര  മാണെന്ന്  കേട്ടു. കേരളാ ഹൗസിലെ  2   നില  ബിൽഡിങ്  രണ്ടാം നിലയിൽ  വൻ പുസ്തക   ശേഖരം,  കേരളാ  പുര വസ്തു  ശേഖരം, ഗവേഷണം  എല്ലാ മുണ്ടന്നാണല്ലോ.  സിനി സ്റ്റാർ  നൈറ്റ് വച്ച്  പണം   നേടാനും  പ്ലാൻ  ഉണ്ടല്ലോ. അതിനാൽ സൊസൈറ്റി  ചാടി  വരണം .  പിന്നെ സൊസൈറ്റി  ന്യൂസ് ൽ  ഭാരവാഹി  പേരുകൾ  ഏപ്പോഴും കാണാം . എലെക്ഷൻ  ഒന്നുമില്ല. സ്ഥിരം  ഭാരവാഹികൾ  ആണോ. വൈസ് പ്രസിഡന്റ്  ആയി  സ്ഥിരം  ലേഡികൾ  മാത്രമാണോ  വക്കുന്നത്.  അവർ ആരും  ഒന്നും  എഴുതി  കാണുന്നില്ലാലോ.  റൈറ്റർ ഫോറത്തിലും  ചില സ്ഥിരം  ഭാരവാഹികൾ .  എല്ലാം ശരിയാക്കണം. നല്ല അടിപൊളി  ആക്കണം . അഭിനന്ദനംകൾ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക