Image

ഒരു കോടതിവിധി ഉണര്‍ത്തിയ ചിന്തകള്‍ (ഡി. ബാബുപോള്‍)

Published on 14 July, 2017
ഒരു കോടതിവിധി ഉണര്‍ത്തിയ ചിന്തകള്‍ (ഡി. ബാബുപോള്‍)
ജപതോ നാസ്തി പാതകം. പ്രാര്‍ത്ഥിക്കുന്നവന്‍ പാപം ചെയ്യുന്നില്ല. മൗനിനഃ കലഹോ നാസ്തി. വര്‍ത്തമാനം കുറച്ചാല്‍ വഴക്കും കുറയും. 

ഭാരതീയാചാര്യന്മാര്‍ പണ്ടേ പറഞ്ഞ ഈ സുഭാഷിതം ഓര്‍ത്തുകൊണ്ട് തുടങ്ങട്ടെ. മാര്‍ത്തോമ്മാ ശ്ലീഹായുടെ വരവ് തര്‍ക്ക വിഷയം ആണെങ്കിലും അതിപ്രാചീനം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ക്രൈസ്തവ സമൂഹം അധിവസിക്കുന്ന ഒരു നാടാണ് കേരളം എന്നതില്‍ തര്‍ക്കം ഇല്ല. 1653 വരെ ഈ സഭ ഒന്നായിരുന്നു. അതിഥികളെ സ്വീകരിച്ചപ്പോഴും എതിര്‍ത്തപ്പോഴും ഉദയംപേരൂരില്‍ കീഴടങ്ങിയപ്പോഴും. 1653 ലെ കൂനന്‍കുരിശ് സത്യം ബഹിഷ്‌ക്കരിച്ച് ഒരു ന്യൂനപക്ഷം പള്ളുരുത്തി യാക്കോബ് കത്തനാരുടെ നേതൃത്വത്തില്‍ പാശ്ചാത്യര്‍ക്കൊപ്പം നിന്നപ്പോള്‍ ആണ് ആദ്യമായി രണ്ട് കക്ഷി ഉണ്ടായത്. ശേഷം അര്‍ക്കദിയാക്കോന്റെ നാല് ഉപദേശകരില്‍ രണ്ട് പേര്‍ മറുകണ്ടം ചാടിയതിനെ തുടര്‍ന്ന് കത്തോലിക്കരും അകത്തോലിക്കരും ആയി സുറിയാനിക്കാര്‍ പിരിഞ്ഞു.

കത്തോലിക്കാ വിഭാഗത്തിലെ തര്‍ക്കം ഒതുക്കിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞതിനാല്‍ തൃശൂരിലെ കല്‍ദായര്‍ ഒഴിഞ്ഞത് ഒഴിച്ചാല്‍ ആ വിഭാഗം ഒരുമിച്ചു തന്നെ നിന്നു. അര്‍ക്കാദിയാക്കോന്റെ കൂടെ നിന്നവര്‍ പലതായി പിരിഞ്ഞു. പിരിഞ്ഞവര്‍ വീണ്ടും കലഹിച്ചു. മിക്കവരും പിരിഞ്ഞു പിരിഞ്ഞ് ചെറുതായി. പിരിയാതെ പിടിച്ചു നില്‍ക്കുന്നവരാകട്ടെ കോടതികളില്‍ കേസും തെരുവുകളില്‍ സമരവും ആയി പ്രതിസാക്ഷ്യം തീര്‍ക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ സുപ്രീം കോടതി ഒരു വിധി പറഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ചല്ല ഈ കുറിപ്പ്. അത് സഭാ നേതൃത്വവും ഇരുകക്ഷികളെയും ഉപദേശിക്കുന്ന വക്കീലന്മാരും കൈകാര്യം ചെയ്യട്ടെ. സഭാചരിത്രത്തെക്കുറിച്ചുമല്ല കുറിപ്പ്.

വടക്കന്‍ തിരുവിതാംകൂറില്‍ ആത്തേമ്മാലി എന്ന് ഒരു കുടുംബം ഉണ്ട്. അവരുടെ കുടുംബ ചരിത്രം അനുസരിച്ച് ആദാം കെട്ടി ദത്തു നിന്ന കുടുംബത്തിന്റെ പാടശേഖരത്തിന് ആദത്തിന്റെ മാലി എന്ന് പേര് വന്നത് ലോപിച്ചാണത്രെ ആത്തേമ്മാലി എന്നായത്. കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രവും ഇത്തരം ആത്തേമ്മാലി പുരാണങ്ങളാണ്. കൂടപ്പുഴ, കണിയാമ്പറമ്പില്‍, പാറേട്ട്, ദാനിയേല്‍ എന്നു വേണ്ട എല്ലാ സഭാ ചരിത്രകാരന്മാരുടെയും സഭാ പശ്ചാത്തലം അവരുടെ കൃതികള്‍ വായിച്ചാല്‍ അറിയാം. അതിനര്‍ത്ഥം ആരും നിഷ്പക്ഷരല്ല എന്നാണല്ലോ.

ഇവിടുത്തെ ഈ കലഹങ്ങളില്‍ വിദേശികളല്ല പ്രതികള്‍. എത്യോപ്യന്‍– എറിട്രിയന്‍ സഭകള്‍ കോപ്റ്റിക് സഭയുമായി കലഹിച്ചപ്പോള്‍ രണ്ട് കക്ഷികള്‍ മാത്രം ആണ് ഉണ്ടായിരുന്നത്. ഇവിടെ അന്ത്യോഖ്യാ, പുത്തന്‍കുരിശ്, കോട്ടയം ഇങ്ങനെ മൂന്നാണ് കക്ഷികള്‍. രണ്ടും മൂന്നും കക്ഷികള്‍ യോജിച്ചാല്‍ ആദ്യത്തെ കക്ഷി തടസ്സം നില്‍ക്കുകയില്ല. അതുകൊണ്ട് നാം മലയാളികളാണ് ഈ പ്രശ്‌നം പരിഹരിക്കേണ്ടത്. ഏലിയാസ് ബാവായെ ഓര്‍ക്കുക. സമാധാനം ഉണ്ടാക്കാന്‍ തന്നെയാണ് ബാവാ വന്നത്. വട്ടാശേരില്‍ തിരുമേനിയുടെ മുടക്ക് തീര്‍ത്തത് അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇവിടെ മലങ്കരയില്‍ നാം മലയാളികള്‍ക്ക് ഐക്യപ്പെടാന്‍ കഴിയാതിരുന്നതിനാലാണ് സമാധാന ദൗത്യം നിറവേറ്റാനാവാതെ ബാവാ കാലം ചെയ്യാന്‍ ഇടയായത്.

വട്ടശേരില്‍ തിരുമേനി ശെമ്മാശനും അബ്ദുല്ലാ ബാവാ മെത്രാനും ആയിരുന്നപ്പോള്‍ അവര്‍ ആത്മമിത്രങ്ങളായിരുന്നുവെന്നത് ചരിത്രമാണ്. എന്നാല്‍ കൂട്ടുകാരന്‍ മോറാനും താന്‍ മെത്രാനും ആയ ശേഷം ഇവിടെ കൂട്ടു ട്രസ്റ്റിമാരുമായി ഇടഞ്ഞപ്പോള്‍ പാത്രിയര്‍ക്കീസിനെ സമീപിക്കാന്‍ തോന്നിയില്ല. ഇരുപതാം നൂറ്റാണ്ടില്‍ വിദ്യാസമ്പന്നരായ സുറിയാനി ക്രിസ്ത്യാനികളില്‍ ആവേശം ഉണര്‍ത്തിയ ദേശീയതാ ബോധം സഭാ കാര്യങ്ങളില്‍ സന്നിവേശിപ്പിക്കാന്‍ ശ്രമിച്ച കെ. സി. മാമ്മന്‍ മാപ്പിള, ജോണ്‍ വക്കീല്‍, ഒ. എം. ചെറിയാന്‍ തുടങ്ങിയവര്‍ സുറിയാനിക്കാരുടെ സാമൂഹിക സമവാക്യങ്ങളില്‍ ഉരുവായിക്കൊണ്ടിരുന്ന പരിവര്‍ത്തനങ്ങളുടെ പ്രതീകങ്ങളായിരുന്നു. ഒരു തരം ഫ്യൂഡിലിസത്തിനെതിരെ മറ്റൊരു തരം ഫ്യൂഡലിസം വളര്‍ന്നു വന്ന ആ നാളുകളില്‍ വട്ടശേരില്‍ തിരുമേനിയോ കല്ലാശേരി ബാവായോ ഒന്നും പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായിരുന്നു സമുദായത്തില്‍. അവരിരുവരും അന്ത്യോഖ്യയുമായുള്ള ഐക്യത്തില്‍ മുടക്കു കൂടാതെ കാലം ചെയ്തവരാണ് എന്ന സത്യം അവരുടെ മനസ്സ് ഇങ്ങനെ വായിക്കുന്നതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അതേ സമയം അകാലത്തില്‍ അന്തരിക്കാതിരുന്നുവെങ്കില്‍ ഒരുവേള ഏലിയാസ് ബാവായും വട്ടശേരി തിരുമേനിയും ചേര്‍ന്നു പ്രശ്‌നം പരിഹരിക്കുമായിരുന്നു എന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

സമാനമായാണ് ഔഗേന്‍ ബാവായുടെ നേതൃത്വത്തില്‍ സംഭവിച്ചത്. മഞ്ഞനിക്കരയില്‍ താമസിച്ചിരുന്ന കാലത്ത് അബ്ദുല്‍ ആഹാദ് റമ്പാച്ചനും വി. സി. ശാമുവേല്‍ അച്ചനും തമ്മില്‍ സൗന്ദര്യപ്പിണക്കം ഉണ്ടായിരുന്നു. അത് അനവസരത്തില്‍ ആഡിസ് അബാബയില്‍ അപസ്വരം ഉയര്‍ത്തി. ഇവിടെയുള്ള തീവ്രവാദികളായ അനുയായികളെ അവഗണിച്ച് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചു മടങ്ങിയ യാക്കൂബ് തൃതീയനെ പിറകെ ചെന്ന് പ്രകോപിപ്പിക്കുകയായിരുന്നു മലയാളി. അവിടെയും സംഗതി ബാവായുടെ കൈവിട്ടുപോവുകയായിരുന്നു. ഔഗേന്‍ ബാവാ ആഗ്രഹിച്ചതല്ല പിന്നീട് സംഭവിച്ചത്. അന്ന് കോട്ടയത്ത് കലക്ടറായിരുന്ന എന്നോട് ബാവാ ആ നിരാശ പങ്കുവെച്ചിട്ടുണ്ട്. ഒരു പ്രകോപനം മലയാളികളെ രണ്ട് കക്ഷികളാക്കിയതായിരുന്നു പ്രശ്‌നം.

പാത്രിയര്‍ക്കീസുമാര്‍ മനുഷ്യരാണ്. ജനിച്ചു വളര്‍ന്ന സംസ്‌കൃതികളുടെ സ്വാധീനതയില്‍ നിന്ന് അവര്‍ക്ക് പൂര്‍ണ വിമുക്തി ഉണ്ടാവുകയില്ല. അത് നമുക്കും ബാധകമാണ്. നമ്മുടെ സംസ്‌കാരത്തില്‍ നിന്ന് നമുക്കുണ്ടോ മോചനം ? മാര്‍പാപ്പാ ബനഡിക്ട് പതിനാറാമന്‍ തോമാശ്ലീഹാ കേരളത്തില്‍ വന്നില്ല എന്ന് പ്രസംഗിച്ച് പുലിവാല്‍ പിടിച്ചത് ഓര്‍ക്കുക. അത് സഭാ ചരിത്രത്തിലെ ആ അധ്യായത്തെ സംബന്ധിച്ചുള്ള ജര്‍മന്‍ വീക്ഷണം ആണ്. മാര്‍പ്പാപ്പ ആയാലും ആള്‍ ജര്‍മന്‍കാരന്‍ അല്ലാതാകുമോ ? അതുകൊണ്ട് പാത്രിയര്‍ക്കീസുമാര്‍ വിദേശികളായതുകൊണ്ട് അനഭിമതരാവുന്നതും നമ്മുടെ നേതാക്കള്‍ മലയാളികളായതുകൊണ്ട് ഭാസുരേന്ദ്രന്മാരാവുന്നതും ഒരു പോലെ വര്‍ജനീയമാണ് എന്ന് നാം തിരിച്ചറിയണം. ചരിത്രത്തിലെ അബദ്ധങ്ങള്‍ക്കും സ്ഖലിതങ്ങള്‍ക്കും വര്‍ത്തമാനകാല വിശകലനങ്ങള്‍ ആകാം. എന്നാല്‍, അത് വിദ്വേഷത്തിലേക്ക് നയിക്കരുത്. ഭാരതീയ ക്രൈസ്തവ സാക്ഷ്യം സഭാ ഭേദങ്ങള്‍ക്ക് അതീതമാകണം. മൂന്ന് കത്തോലിക്കാ റീത്തുകളും സുറിയാനി സഭയിലെ രണ്ട് വിഭാഗങ്ങളും മാര്‍ത്തോമ്മാക്കാരും പ്രോട്ടസ്റ്റന്റുകാരും ബ്രദര്‍–പെന്തക്കോസ്ത് വിഭാഗങ്ങളും എല്ലാം ആ സാക്ഷ്യത്തിന്റെ ഘടകങ്ങളാണ്. ആരും ചെറുതല്ല. മൂവാറ്റുപുഴയിലെ എം. ജി. വര്‍ഗീസ് മാസ്റ്ററുടെ സഭയും ചേരുന്നതാണ് ഭാരതീയ ക്രൈസ്തവ സഭ.

കഴിഞ്ഞ ഒരു നൂറ്റാണ്ട് മലങ്കര സുറിയാനി സഭയില്‍ രണ്ടു ഉപസംസ്‌കൃതികള്‍ രൂപപ്പെട്ട കാലയളവാണ്. ആ സത്യം അംഗീകരിക്കേണ്ടത് മലങ്കര സഭയുടെ മാത്രം ആവശ്യമല്ല. ഭാരത ക്രൈസ്തവ സമൂഹത്തിന്റെ നിരാക്ഷേപ സാക്ഷ്യം പ്രശോഭിതമാകണമെങ്കില്‍ നിലപാടു തറകളിലെ വ്യത്യസ്തതകള്‍ തിരിച്ചറിയുന്നതിനോടൊപ്പം അവയുടെ പാരസ്പര്യവും തിരിച്ചറിയേണ്ടതുണ്ട്. ഒരു ഉപസംസ്‌കൃതി അതിന്റെ മാതൃ സംസ്‌കൃതിയില്‍ നിന്ന് വിഭിന്നമായിരിക്കുന്നത് വിശദാംശങ്ങളില്‍ മാത്രം ആണ്. അത്രയും അംഗീകരിക്കാമെങ്കില്‍ സമന്വയം അന്യമാക്കേണ്ടതില്ല. എല്ലാവരും അവരവര്‍ പിടിച്ച മുയലിന്റെ കൊമ്പ് എണ്ണാന്‍ തുടങ്ങുന്നതിനു മുന്‍പ് മുയലിനു കൊമ്പില്ല എന്ന് തിരിച്ചറിയുകയാണ് വേണ്ടത്.

ഉപസംസ്‌കൃതികളുടെ മേല്‍ അധീശത സ്ഥാപിച്ച് അവയെ നശിപ്പിച്ച് ബലാല്‍ക്കാരേണ മാതൃ സംസ്‌കൃതിയില്‍ ലയിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കാറില്ല. സഭാബാഹ്യമായ സാഹചര്യങ്ങളില്‍ യുഗോസ്ലാവിയയും സേര്‍ബിയയും ബോസ്‌നിയയും സൈപ്രസും തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍ കാണാം. വടക്കു പടിഞ്ഞാറന്‍ ചൈനപോലെ എവിടെയെങ്കിലും ആ നയം വിജയിച്ചിട്ടുണ്ടെങ്കില്‍ അത് സൈന്യബലം കൊണ്ടാണ്. അത്തരം അഗ്‌നിപര്‍വതങ്ങള്‍ എന്നു വേണമെങ്കിലും ലാവാ ചീറ്റിയെന്നു വരാം. അതുകൊണ്ട് ഉപസംസ്‌കൃതികളുടെ സഹവര്‍ത്തിത്വമാവണം ലക്ഷ്യം. ലയനം ദുഷ്‌കരവും അധീശമോഹം അപകടകരവും ആണ്. എന്നാല്‍ ഐക്യം അകലെയാണ് എന്ന് നിരാശപ്പെടാന്‍ കാര്യമില്ലതാനും.ഇപ്പോള്‍ രണ്ട് വിഭാഗങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേള്‍ക്കുന്നു, നല്ലത്. ശുഭമസ്തു. അവിഘ്‌നമസ്തു. ഇനി പറയുന്നത് ഈ പോള്‍ അല്ല. സെന്റ് പോള്‍ ആണ്.

പൗലോസ് ശ്ലീഹാ ധന്യന്‍ ചൊല്‍കേട്ടേതിനേവം ഃ സ്‌നേഹത്തില്‍ വേരുന്നീ ഈശ്വരന്റെ സ്‌നേഹത്തെ അറിയുവാനും പരിജ്ഞാനത്തെക്കാള്‍ വലുതാണ് സ്‌നേഹം എന്ന് ഗ്രഹിച്ച് ഈശ്വരസാക്ഷാത്ക്കാരം പ്രാപിക്കുവാനും എല്ലാവര്‍ക്കും കഴിയട്ടെ. (ബൈബിള്‍, പുതിയനിയമം, എഫേസ്യലേഖനം, അധ്യായം 3, വാക്യങ്ങള്‍ 14–20)
Join WhatsApp News
Johny 2017-07-14 06:56:50
ശ്രീ ബാബു പോൾ നല്ല ഒരു വ്യക്തി ആണ് അറിവുള്ള ആള് ആണ്, നേരിട്ടറിയാം എന്റെ നാട്ടുകാരൻ കൂടിയാണ്. അതുകൊണ്ടൊരു അഭിമാനവും എല്ലായിപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ സഭ വിഷയം വരുമ്പോൾ അദ്ദേഹത്തിന് നട്ടെല്ല് ഇല്ല എന്ന് പലവട്ടം തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അറിവിന്റെ നൂറിലൊന്നു മാത്രം ഉള്ളവർ നമ്മുടെ മെത്രാൻ  മാരും പുരോഹിതരും. എന്നിട്ടും കുപ്പായം കാണുമ്പോൾ അദ്ദേഹത്തിന്റെ മുട്ട് വിറക്കുന്നു. അദ്ദേഹം ഒരു ഉറച്ച നിലപാട് എടുത്താൽ ഭൂരിപക്ഷം പേരും അതിന്റെ കൂടെ നില്കും. പക്ഷെ അത് ചെയ്യില്ല കാരണം തനിക്കു തോമസ് ബാവ തിരുമേനിയെ പിണക്കാൻ പറ്റില്ല. എന്നാ കോട്ടയത്തെ ബാവായുടെ അനുഗ്രഹം വേണം താനും.  
നിരീശ്വരൻ 2017-07-14 08:27:56

പണത്തിന്റെയും പ്രതാപത്തിന്റെയും മുന്നിൽ മുട്ടുമടക്കുന്ന ഒരു ലോകമാണ് ഇവിടെയുള്ളത്. അവരെ പ്രതിനിധാനം ചെയ്യുന്ന ഒരു ക്രൈസ്തവ സഭയാണ് ഇന്ന് ലോകത്തുള്ളത്  കള്ളത്തരം, വ്യഭിചാരം. ചതി വഞ്ചന വെട്ടിപ്പ് തുടങ്ങിയവ ചെയ്യതിന് ശേഷം അതിനെ ന്യായികരിക്കാൻ ബൈബിളിൽ നിന്ന് വാക്യങ്ങൾ കണ്ടുപിടിച്ചു അവതരിപ്പിക്കുന്ന ക്രൈസ്തവ സമൂഹം. ഉദാഹരണമായി വ്യഭിചാരത്തിൽ പിടിച്ചാൽ ഉടനെ പറയും നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന്. അങ്ങനെ പറഞ്ഞിട്ട് അവർ ഉടനെ തന്നെ അടുത്ത വ്യഭിചാരിയെ അന്വേഷിച്ചു പോകുകയും ചെയ്യുന്നു. എന്നാൽ യേശു എന്ന ആചാര്യൻ അത് മാത്രമല്ല ചെയ്തത്. വ്യഭിചാരിയോട് നീ ഇനി പാപം ചെയ്യരുതെന്ന് ഒരു താക്കീതും നൽകി. അതുമാത്രമല്ല അവൾ പിന്നെ പാപം ചെയ്യതായി എങ്ങും രേഖപ്പെടുത്തി കാണുന്നില്ല.  പരിപൂർണ്ണമായ പുനരധിവാസമാണ് യേശു വിഭാവനം ചെയ്‍തത്. ഇങ്ങനെ ചെയ്യാൻ അദ്ദേഹം സ്വീകരിച്ച മാർഗ്ഗം ഇന്നത്തെ മതനേതാക്കളും ബാബുപോളിനെപ്പോലെയുള്ളവരും സ്വീകരിച്ച മാർഗ്ഗത്തിൽ നിന്ന് വ്യത്യസ്തമാണ്. ദൈവ അനുഗ്രഹത്തിന്റെ മാനദണ്ഡം എന്ന് ജനം വിശ്വസിക്കുന്ന പൊതു ധാരണകളെ കാറ്റിൽ പറത്തിയാണ് യേശു അദ്ദേഹത്തിൻറെ നിയുക്ത പ്രവൃത്തി ആരംഭിക്കുന്നത്. യേശുവിന് ബാബുപോളിന്റ തറവാട് മഹിമയോ വിദ്യാഭ്യാസമോ പുരോഹിത രാഷ്ട്രീയ ബന്ധങ്ങളോ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ജനനം തന്നെ നിന്ദ്യവും അപഹാസ്യവുമായിരുന്നു. കന്യമറിയാം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു എന്ന് മതം പഠിപ്പിക്കുന്നുണ്ടെങ്കിലും, അന്നത്തെ സമൂഹത്തിൽ ഭർത്താവില്ലാതെ ഗർഭം ധരിച്ച സ്ത്രീയെയും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജോസഫിനെയും നാടുകടത്തുകയായിരുന്നു എന്ന് ഞാൻ പറഞ്ഞാൽ ഒരു സ്വാതന്ത്ര ചിന്താഗതിക്കാരന് (ആംഡ്‌റൂസിനും അന്തപ്പനും) അത് നിരസിക്കാൻ കഴിയും എന്ന് തോന്നുന്നില്ല (മാത്തുള്ള ഒഴിച്ച്)
ജോണി പറഞ്ഞതുപോലെ( ജോണിയുടെ നയതന്ത്രപരമായ സമീപനം എനിക്ക് ഇഷ്ടപ്പെട്ടു. ആദ്യം ബാബുപോളിന്റെ  അറിവിനെയും വിദ്യാഭ്യാസത്തെയും അഭിനന്ദിച്ചു കാര്യം അവതരിപ്പിക്കുന്ന രീതി. അദേഹത്തിന്റെ നാട്ടിൽ നിങ്ങളെപ്പോലെ ഉൾബോധമുള്ളവനും നട്ടെല്ലുള്ളവനും ഉണ്ടെന്നുള്ളതിൽ എനിക്ക് അഭിമാനം തോന്നുന്നു)  ബാബുപോളിനെപ്പോലെയുള്ളവരും കയ്യാഫസിനെപ്പോലെയുള്ളവരും അന്നും ഇന്നും ഉണ്ടന്നുള്ളതാണ് സത്യം. ബന്ധങ്ങളുടെ നിലനിൽപ്പിനായി ഇക്കൂട്ടർ നട്ടെല്ലും കാലും വളച്ചുകൊണ്ടിരിക്കും. ട്രെയിന്റെ ചക്രങ്ങളിലെ സ്പ്രിങ് പോലെ അത് സുഖമമായ യാത്രക്കും ആർക്കും പരിക്കേൽക്കാത്ത രീതിയിലും പൊങ്ങുകയും താഴുകയും ചെയ്യത്കൊണ്ടിരിക്കും)  അവരുടെ സിരാകേന്ദ്രമായിരുന്നു യെരൂശലേം. അവിടെക്ക് നോക്കിയാണ് യേശു എന്ന ആചാര്യൻ കരഞ്ഞത്. ഞാനും അദ്ദേഹത്തിനോട് ചേർന്ന് രണ്ടു തുള്ളി കണ്ണുനീർ പൊഴിക്കുന്നു. കാരണം  ഒരു ദൈവത്തിനും  മതത്തിനും  മനുഷ്യരെ രക്ഷിക്കാനാവില്ല.


മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു ...
(മനുഷ്യൻ)

ഹിന്ദുവായി മുസൽ‌മാനായി ക്രിസ്‌ത്യാനിയായി
നമ്മളെ കണ്ടാ‍ലറിയാതായി ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു ...
 (മനുഷ്യൻ)

സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്‌നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കൽ വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു ...
(മനുഷ്യൻ)                                    (വയലാർ )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക