Image

അത്യപൂര്‍വം ഈ ദാനം (പി ശ്രീകുമാര്‍)

Published on 15 July, 2017
അത്യപൂര്‍വം ഈ ദാനം (പി ശ്രീകുമാര്‍)
വൃക്ക ദാനം ചെയ്തതിലൂടെ അമേരിക്കയിലെ മുഴുവന്‍ മലയാളികളുടേയും അഭിമാനമായി മാറിയ രേഖാ നായരെക്കുറിച്ച് മാധ്യമ പ്രവകര്‍ത്തകനും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കേരളത്തിലെ കോര്‍ഡിനേറ്ററുമായ പി ശ്രീകുമാര്‍ എഴുതുന്നു


സ്നേഹ മനസ്സ്.......,
ത്യാഗസന്നദ്ധത.......,
നിശ്ചയദാര്‍ഡ്യം......
അത്യപൂര്‍വ ദാനം......

പ്രിയ സോദരി രേഖയ്ക്ക് പ്രണാമം...

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2005 ലെ ചിക്കാഗോ കണ്‍വന്‍ഷനില്‍ വെച്ചാണ് രേഖയെ ആദ്യം കാണുന്നത്. പാട്ടും നൃത്തവും ഭജനയും കൊണ്ട് കണ്‍വന്‍ഷന്‍ വേദിയുടെ ഹരമയ മിടുക്കി. ന്യുയോര്‍ക്കിലെ രാമചന്ദ്രന്‍ നായരുടെ മകള്‍ എന്നു പറഞ്ഞ് സംഘടനയുടെ ജനറല്‍ സെക്രട്ടറി വെങ്കിട് ശര്‍മ്മയാണ് പരിചയപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പ് ന്യുയോര്‍ക്കില്‍ പോയപ്പോള്‍ മാതാ അമൃതാന്ദമയിയുടെ ഭക്തര്‍ എന്ന നിലയില്‍ രാമചന്ദ്രന്‍ നായരേയും ഭാര്യ ശ്രീദേവിയേയും പരിചയപ്പെട്ടിരുന്നു. ന്യുയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാണ് രേഖ എന്ന് പറഞ്ഞപ്പോള്‍ വിശ്വാസം വന്നില്ല. വേദിയല്‍ കാണിച്ച നൃത്ത സൗന്ദര്യമോ, ആലാപന മികവോ ആയിരുന്നില്ല, രേഖയുടെ വായില്‍നിന്നു വന്ന ശുദ്ധ മലയാളമായിരുന്നു കാരണം. കേരളത്തില്‍ ജനിച്ച് പ്രൈമറി സ്‌ക്കൂളിലെ പഠനത്തിനും ശേഷം അമേരിക്കയിലെത്തിയ കുട്ടികള്‍ പോലും മലയാളത്തെ മറന്ന് മംഗ്ലീഷ് സംസാരിക്കുന്നതാണ് കണ്ടിട്ടുള്ളത്. എന്റെ അവിശ്വാസം രേഖപ്പെടുത്തിയപ്പോള്‍ വീട്ടല്‍ മലയാളം പറയുന്ന നിര്‍ബന്ധവും കേരള കള്‍ച്ചറല്‍ സെന്ററിലെ മലയാളം ക്ലാസുമാണെന്നായിരുന്നു മറുപടി.

2007 ല്‍ ന്യൂയോര്‍ക്കില്‍ കെ എച്ച് എന്‍ എ കണ്‍വന്‍ഷനെത്തുമ്പോള്‍ രേഖ, നിഷാന്തിന്റെ വധുവായി കഴിഞ്ഞിരുന്നു. കണ്‍വന്‍ഷന്‍ തയ്യാറെടുപ്പിനിടയിലുണ്ടായ പ്രേമം വീട്ടുകാര്‍ അംഗീകരിച്ചു. കെഎച്ച്എന്‍എ മൂലം വിവാഹിതരാകുന്ന ആദ്യ ദമ്പതികള്‍ എന്നു പറഞ്ഞ് നിഷാന്തിന്റെ സഹോദരി ഡോ. നിഷ പിള്ള പരിചയപ്പെടുത്തിയത് ഓര്‍ക്കുന്നു. ആ കണ്‍വന്‍ഷല്‍ അനന്യം എന്ന പേരിട്ട സൗന്ദര്യ മത്സരത്തിന്റെ നടത്തിപ്പു ചുമതല മുഴുവന്‍ രേഖയക്കായിരുന്നു. കണ്‍വന്‍ഷന്റെ ഹൈലൈറ്റുകളിലൊന്നായി മാറിയ ആ പരിപാടി രേഖയുടെ സംഘാടക മികവിന്റേയും സംവിധാന കഴിവിന്റേയും നേര്‍ക്കാഴ്ചയായി. സൗന്ദര്യ മത്സരങ്ങളെ എതിര്‍ത്തിരുന്ന എനി്ക്ക് രേഖയുടെ അഭ്യര്‍ത്ഥന പ്രകാരം വിധികര്‍ത്താക്കളിള്‍ ഒരാളാകേണ്ടി വന്നു എന്നത് മറ്റൊരു കാര്യം. പിന്നീടു വന്ന കണ്‍വന്‍ഷനുകളിലെല്ലാം സൗന്ദര്യ മത്സരം ഒഴിവാക്കാത്ത ഇനമായി. മാര്‍ക്കിടുന്നവരില്‍ ഒരാളായി ഞാനും. 2011 ലെ വാഷിംഗ്ടണ്‍ കണ്‍വന്‍ഷനില്‍ ഞാനും രേഖയും സിനിമാതാരം ദിവ്യാ ഉണ്ണിയുമായിരുന്നു വിധികര്‍ത്താക്കള്‍.

രേഖയിലും നിഷാന്തിലും ഒതുങ്ങുന്നതായിരുന്നില്ല സ്നേഹ ബന്ധം. ഇരുവരുടേയും കുടുബങ്ങള്‍ അടുത്ത ബന്ധു എന്നതു പോലെ എന്നെ കണ്ടു. രേഖയുടെ ഏക സഹോദരന്‍ എഫ് ബി ഐ യില്‍ ജോലിചെയ്യുന്ന രാകേഷിന് നാട്ടില്‍ നിന്ന് കല്യാണ ആലോചന വന്നപ്പോള്‍ അന്വേഷണ ചുമതല എന്നെ ഏല്‍പിച്ച തലത്തിലുള്ള ബന്ധം. അക്കാര്യത്തില്‍ ഞാന്‍ പരാജയമെന്നു സ്വയം തോന്നിയപ്പോളുണ്ടായ സങ്കടവും രേഖയ്ക്ക് മികച്ചൊരു നാത്തൂനെ കിട്ടിയെന്നറിഞ്ഞപ്പോളുണ്ടായ സന്തോഷവും മറക്കില്ല.

രണ്ടാഴ്ച മുന്‍പ് ഡിട്രോയിറ്റ് കണ്‍വന്‍ഷന് പോകാന്‍ തായ്യാറെടുക്കുമ്പോള്‍ രേഖയുടെ വിളി വന്നു. കണ്‍വന്‍ഷനില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വല്ലതു പറയാനായിരിക്കും വിളി എന്നു കരുതിയാണ് ഫോണ്‍ എടുത്തത്. ഫോമയുടെ ഭാരവാഹി കൂടിയായ രേഖയക്ക് അറിയേണ്ടിയിരുന്നത് നാട്ടിലെ പാവപ്പെട്ട കുറച്ചു കുട്ടികള്‍ക്ക് പഠന സഹായം എത്തിക്കാനുള്ള മാര്‍ഗ്ഗമായിരുന്നു.

ജൂലൈ ഒന്നുമുതല്‍ നാലു വരെ നടന്ന ഡിട്രോയിറ്റ് കണ്‍വന്‍ഷനില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട തര്‍ക്കങ്ങളില്‍ പങ്കാളികളായും ചര്‍ച്ചകള്‍ക്കായും ഭര്‍ത്താവ് നിഷാന്തും നാത്തൂന്‍ ഡോ. നിഷാ പിള്ളയും ഓടി നടന്നപ്പോള്‍, ഞാന്‍ മാവിലായിക്കാരി എന്ന നിലയില്‍ നടന്നു നീങ്ങുന്ന രേഖയെ പലതവണ കണ്ടു.

ഞാന്‍ ജൂലൈ 10 ന് നാട്ടിലേക്ക് മടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പാണ് രേഖ തന്റെ കിഡ്നി ദാനം ചെയ്യുന്നു എന്ന രഹസ്യം അറിഞ്ഞത്. കുടുബാംഗങ്ങളല്ലാതെ ആരും അറിയാതിരിക്കാന്‍ ശ്രദ്ധിച്ചതിനാലാണ് രഹസ്യം എന്നു പറഞ്ഞത്. രേഖയെ വിളിച്ചപ്പോള്‍ എങ്ങനെ അറിഞ്ഞു, ഓപ്പറേഷന്‍ കഴിയും വരെ വാര്‍ത്തയൊന്നും നല്‍കരുതേ എന്നായിരുന്നു മറുപടി.

വീട്ടുകാരുടെ എതിര്‍പ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അതുസ്വാഭാവികമല്ലേ, ഏതായാലും നിഷാന്ത് ചേട്ടന്റെ പിന്തുണ ഇല്ലങ്കില്‍ എനിക്ക് വൃക്ക നല്‍കാന്‍ കഴിയുമോ എന്ന മറുപടിയിലും പ്രതിഫലിച്ചത് രേഖയുടെ നിശ്ചയ ദാര്‍ഢ്യമായിരുന്നു. അടുത്ത ദിവസം മഹിമ യുടെ കമ്മറ്റിക്കെത്തിയ രേഖയെ കണ്ടു. പിറ്റേന്ന് ഓപ്പറേഷന്‍ തീയേറ്ററിലേക്ക് പോകേണ്ടവള്‍ എന്ന ആശങ്കയൊന്നുമില്ലാതെ ചര്‍ച്ചകളില്‍ സജിവമാകുന്ന രേഖയെ കണ്ടപ്പോള്‍ ആദരവാണ് തോന്നിയത്

പ്രിയ സഹോദരിക്ക് ഒരിക്കല്‍ കൂടി സ്നേഹപ്രണാമം

അത്യപൂര്‍വം ഈ ദാനം (പി ശ്രീകുമാര്‍)അത്യപൂര്‍വം ഈ ദാനം (പി ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക