Image

സിനിമാജീവിതം ദിലീപ് നശിപ്പിച്ചെന്ന് ഒരിടത്തും താന്‍ പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ രാജസേനന്‍

Published on 15 July, 2017
സിനിമാജീവിതം ദിലീപ് നശിപ്പിച്ചെന്ന് ഒരിടത്തും താന്‍ പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ രാജസേനന്‍
തന്റെ സിനിമാജീവിതം ദിലീപ് നശിപ്പിച്ചെന്ന് ഒരിടത്തും താന്‍ പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ രാജസേനന്‍ പറഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് ട്രോളുകള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രാജസേനന്‍ വ്യക്തമാക്കി.

രാജസേനന്റെ വാക്കുകള്‍:
‘ട്രോളിംഗ് നല്ല കലയാണ്, പക്ഷേ, ചെറിയ ന്യായീകരണങ്ങളൊക്കെ അതില്‍ വേണം. കോമഡിക്ക് ലോജിക് വേണ്ടെന്നാണ് പറയുന്നതെങ്കിലും ഒരാളെ കളിയാക്കാം. എന്നാല്‍ ഒരുപാട് നോവിക്കരുത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ദിലീപിന്റെ വിഷയത്തില്‍ ഞാന്‍ അടുത്തകാലത്ത് കുറെ ചര്‍ച്ചകളില്‍ വളരെ സജീവമായി പങ്കെടുത്തിരുന്നു. പക്ഷേ, ആ ചര്‍ച്ചകളില്‍ ഞാന്‍ പറയാത്ത കുറെ കാര്യങ്ങള്‍ വെച്ചാണ് എന്നെ ട്രോളുന്നത്. എന്റെ സിനിമാ ജീവിതം നശിപ്പിച്ചത് ദിലീപാണെന്ന് ഞാന്‍ പറഞ്ഞതായി ഒരു ട്രോള്‍ കണ്ടു. അങ്ങനൊരു വാക്ക് ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ സിനിമാ ജീവിതം നശിപ്പിക്കാന്‍ ദിലീപ് ഒന്നും ചെയ്തിട്ടില്ല. ഒരു സിനിമ, ഒരു വലിയ പ്രോജക്ട് പ്ലാന്‍ ചെയ്തിട്ട് ദിലീപ് അതില്‍ നിന്ന് മാറിയിട്ടുണ്ട്. ഞാന്‍ പോലും അറിയാതെ അതിന്റെ പ്രൊഡ്യൂസറെ കണ്ട് സംസാരിച്ച് അതില്‍ നിന്ന് മാറിയിട്ടുണ്ട്. അതെനിക്ക് അറിയാം. ദിലീപിനും അറിയാം. ദിലീപിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണസിബി കെ തോമസിനും അറിയാം. കാരണം ഇവര്‍ക്ക് മൂന്ന് പേര്‍ക്കും എന്റെ കൈകൊണ്ടാണ് അഡ്വാന്‍സ് കൊടുത്തത്. അല്ലാതെ എന്റെ സിനിമാ ജീവിതത്തില്‍ ദിലീപ് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടില്ല.

പിന്നെ അമ്മ എന്ന സംഘടനയെ കുറിച്ച് ചില കാര്യങ്ങള്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്, ഞങ്ങളുടെ സംഘടനയെ കുറിച്ചും പ്രതികരിച്ചിട്ടുണ്ട്. അക്കാര്യങ്ങള്‍ സത്യമാണ്. അതില്‍ ഇപ്പൊഴും ഉറച്ച് നില്‍ക്കുന്നുണ്ട്. സിനിമയില്‍ ഇപ്പോള്‍ നെഗറ്റീവായിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. എന്റെ സിനിമാ ജീവിതത്തില്‍ ഇത്രവലിയ ഗ്യാപ് വന്നത് ഇപ്പൊഴത്തെ ഫിലിം മേക്കിംഗിന്റെ കുറെ പ്രശ്‌നങ്ങള്‍ കൊണ്ടാണ്. ഒരു നടന്റെ അടുത്തേക്ക് ചെല്ലുക, അയാള്‍ പറയുന്ന നടിയെ വയ്ക്കുക, എഡിറ്ററെ വയ്ക്കുക, ക്യാമറാമാനെ വയ്ക്കുക, അയാള്‍ പറയുന്ന രീതിയില്‍ കഥ തിരുത്തിയെഴുതുക. ഇതൊന്നും എനിക്ക് അറിയില്ല. ആ രീതിയോട് എനിക്ക് യോജിക്കാനാകില്ല. ഞാനും തിരക്കഥയൊക്കെ എഴുതി നല്ലൊരു നിര്‍മാതാവിനെ കാത്തിരിക്കുകയാണ്. അല്ലാതെ ഞാനീ സ്‌ക്രിപ്ടും കൊണ്ട് ഒരു നടന്റെയും വാതില്‍ക്കലേക്ക് പോകില്ല, പോയിട്ടുമില്ല. അത് എന്റെ സിനിമകളില്‍ കൂടുതല്‍ അഭിനയിച്ച ജയറാമിന് നന്നായിട്ട് അറിയാം. ജയറാം പോലും ആ രീതിയിലുള്ള പെരുമാറ്റം തുടങ്ങിയപ്പോഴാണ് അദ്ദേഹവുമായിപ്പോലും അകന്നത്. ദിലീപ് എന്ന് പറയുന്ന, വളരെ കഴിവുള്ള നടന്‍ മലയാള സിനിമയില്‍ കൊണ്ടുന്ന കുറെ രീതികളില്‍ ഒന്നാണിത്. എല്ലാത്തിലും ഇടപെടുക. എന്നിട്ട് സംവിധായകന്‍ എന്നയാള്‍ക്ക് യാതൊരു സ്ഥാനവും കൊടുക്കാത്ത അവസ്ഥ ഇന്നുണ്ട്. നിര്‍മാതാവിന് കറിവേപ്പിലയുടെ അവസ്ഥയാണ്. ഇതൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ ദിലീപ് എന്റെ സിനിമാ ജീവിതം തകര്‍ത്തെന്നോ അങ്ങനൊന്നും ഞാന്‍ എങ്ങും പറഞ്ഞിട്ടില്ല. കാരണം എന്റെ ജീവിതം തകര്‍ക്കാന്‍ വേറെ ആര്‍ക്കും സാധിക്കില്ല. ഞാനങ്ങനെ തകര്‍ക്കാന്‍ വേണ്ടി വേറൊരു ആളുടെ മുമ്ബില്‍ ചെന്ന് കൊടുക്കില്ല. എന്റെ ചിലസിനിമകള്‍ മോശമായിട്ടുണ്ട്. അതില്‍ ഒരു സംശയവുമില്ല. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്ക് തന്നെയാണ്. അതുകൊണ്ട് ട്രോള്‍ ചെയ്യുന്നവരോട്, നിങ്ങളുടെ കഴിവുകളെ അംഗീകരിച്ചുകൊണ്ട് തന്നെ പറയുന്നു, കളിയാക്കാം, പക്ഷെ ഒത്തിരി നോവിക്കരുത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക